എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് പൊതുമേഖലാ കമ്പനികളില്‍ ജോലി നല്‍കിയേക്കും

എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് പൊതുമേഖലാ കമ്പനികളില്‍ ജോലി നല്‍കിയേക്കും

എയര്‍ ഇന്ത്യയിലും അനുബന്ധ സ്ഥാപനങ്ങളിലുമായി കരാര്‍ അടിസ്ഥാനത്തിലുള്ളതടക്കം ഏകദേശം 29,000ത്തോളം ജീവനക്കാരാണുള്ളത്.

ന്യൂഡെല്‍ഹി: എയര്‍ ഇന്ത്യയുടെ ഓഹരികള്‍ സ്വകാര്യമേഖലയ്ക്ക് വിറ്റൊഴിയാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി മുന്നോട്ടുപോകവേ കമ്പനിയിലെ ജീവനക്കാര്‍ക്ക് മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി നല്‍കുന്നതിനുള്ള അവസരങ്ങള്‍ സര്‍ക്കാര്‍ തേടുന്നു. വോളണ്ടറി റിട്ടയര്‍മെന്റ് പാക്കേജ് (സ്വമേധയ എയര്‍ ഇന്ത്യയില്‍ നിന്നും വിരമിക്കുന്നതിനുള്ള പാക്കേജ്) നല്‍കുന്നതിനുള്ള പദ്ധതിയും സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നാണ് ഇതുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.

എയര്‍ ഇന്ത്യയുടെ ഓഹരികള്‍ സ്വകാര്യമേഖലയ്ക്ക് വില്‍ക്കാനുള്ള നീക്കത്തില്‍ ജീവനക്കാരുടെ സംഘടനകള്‍ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ഇവരെ മറ്റ് പൊതുമേഖലാ കമ്പനികളിലേക്ക് ആകര്‍ഷിക്കുന്നതിന് സര്‍ക്കാര്‍ ശ്രമം നടത്തുന്നത്. ജീവനക്കാരുടെ ജോലി സുരക്ഷിതമാക്കി സ്വകാര്യവല്‍ക്കരണ നടപടികള്‍ വേഗത്തിലാക്കാനാണ് സര്‍ക്കാരിന്റെ നീക്കം. തൊഴിലാളികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് എയര്‍ ഇന്ത്യ സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നതിനുള്ള നിരവധി പദ്ധതികള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് കേന്ദ്ര വ്യോമയാന വകുപ്പ് സെക്രട്ടറി ആര്‍ എന്‍ ചൗബെ അറിയിച്ചു.

എയര്‍ ഇന്ത്യയിലും അനുബന്ധ സ്ഥാപനങ്ങളിലുമായി കരാര്‍ അടിസ്ഥാനത്തിലുള്ളതടക്കം ഏകദേശം 29,000ത്തോളം ജീവനക്കാരാണുള്ളത്. ഇവരെ പ്രതിനിധീകരിക്കുന്ന മിക്ക സംഘടനകളും കമ്പനി സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള നീക്കത്തിനെതിരാണ്. ഓഹരി വിറ്റഴിക്കല്‍ നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി എയര്‍ ഇന്ത്യയില്‍ 49 ശതമാനം വരെ നേരിട്ട് വിദേശ നിക്ഷേപം നടത്തുന്നതിനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

വിദേശ വിമാനക്കമ്പനികള്‍ക്കടക്കം ഓട്ടോമാറ്റിക് റൂട്ട് വഴി എയര്‍ ഇന്ത്യയില്‍ 49 ശതമാനം വരെ ഓഹരികള്‍ സ്വന്തമാക്കുന്നതിന് ഈ മാസം പത്താം തിയതിയാണ് കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കിയത്. കമ്പനിയുടെ ഉടമസ്ഥതയും നിയന്ത്രണവും ഇന്ത്യക്കാര്‍ക്കായിരിക്കണം എന്ന നിബന്ധനയും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മുന്നോട്ടുവച്ചിട്ടുണ്ട്. എന്നാല്‍ സെന്റര്‍ ഓഫ് ഇന്ത്യന്‍ ട്രേഡ് യൂണിയന്‍സ് (സിഐടിയു), സ്വദേശി ജാഗരണ്‍ മഞ്ച് തുടങ്ങിയ സംഘടനകള്‍ നീക്കത്തിനെത്തിരെ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചുണ്ട്.
എയര്‍ ഇന്ത്യക്ക് രാജ്യത്തിനകത്തും പുറത്തുമായി വന്‍ ആസ്തിയുണ്ട്. അവ നിസാര വിലയ്ക്ക് വിദേശ കമ്പനികള്‍ കൈക്കലാക്കുമെന്നാണ് സ്വകാര്യവല്‍ക്കരണത്തെ എതിര്‍ക്കുന്നവരുടെ വാദം. എയര്‍ ഇന്ത്യയുടെ പുനരുജ്ജീവനത്തിന് കുറഞ്ഞത് അഞ്ചുവര്‍ഷം സമയം നല്‍കണമെന്ന് പാര്‍ലമെന്ററി സമിതി ശുപാര്‍ശ ചെയ്യാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

 

Comments

comments

Categories: Business & Economy