2018 ഇസുസു ഡി-മാക്‌സ് വി-ക്രോസ് അവതരിപ്പിച്ചു

2018 ഇസുസു ഡി-മാക്‌സ് വി-ക്രോസ് അവതരിപ്പിച്ചു

ചെന്നൈ എക്‌സ് ഷോറൂം വില 14.26 ലക്ഷം രൂപ മുതല്‍

ചെന്നൈ : ഇസുസു ഡി-മാക്‌സ് വി-ക്രോസിന്റെ പരിഷ്‌കരിച്ച 2018 മോഡല്‍ പുറത്തിറക്കി. ഒരു കൂട്ടം പുതിയ ഫീച്ചറുകള്‍ വാഹനത്തില്‍ കാണാം. സ്റ്റാന്‍ഡേഡ്, ഹൈ എന്നീ രണ്ട് വേരിയന്റുകളിലാണ് അപ്‌ഡേറ്റഡ് ഡി-മാക്‌സ് വി-ക്രോസ് ലഭിക്കുന്നത്. 15,76,240 രൂപ, 14,26,241 രൂപ എന്നിങ്ങനെയാണ് യഥാക്രമം ചെന്നൈ എക്‌സ് ഷോറൂം വില. ഇസുസു ഡി-മാക്‌സ് വി-ക്രോസ് എന്ന ഓഫ്-റോഡറിന് ഇന്ത്യയില്‍ വളരെ ഇഷ്ടക്കാരുണ്ട്.

2018 മോഡലിന്റെ ഹുഡിനടിയിലെ പവര്‍ട്രെയ്‌നിന് മാറ്റമില്ല. അതേസമയം മുന്‍ഗാമിയേക്കാള്‍ അല്‍പ്പം വില കൂടുതലാണ്. 2016 മെയ് മാസത്തിലാണ് പ്രീമിയം പിക്ക്-അപ് ഇന്ത്യയില്‍ ആദ്യം അവതരിപ്പിച്ചത്. തുടര്‍ന്ന് ലഭിച്ച ആദ്യ പ്രധാന അപ്‌ഡേറ്റാണ് ഇപ്പോഴത്തേത്. നിലവിലെ ഓര്‍ക്കിഡ് ബ്രൗണ്‍, കോസ്മിക് ബ്ലാക്ക്, ടൈറ്റാനിയം സില്‍വര്‍, ഒബ്‌സിഡിയന്‍ ഗ്രേ, സ്പ്ലാഷ് വൈറ്റ് എന്നീ നിറങ്ങള്‍ കൂടാതെ റൂബി റെഡ് കളര്‍ സ്‌കീമില്‍ക്കൂടി ഇനി വി-ക്രോസ് ലഭിക്കും.

നിലവിലെ അതേ ഡിസൈന്‍ ഭാഷ നിലനിര്‍ത്തിയെങ്കിലും 2018 ഇസുസു ഡി-മാക്‌സ് വി-ക്രോസിന്റെ എക്‌സ്റ്റീരിയറില്‍ ചില പരിഷ്‌കാരങ്ങള്‍ കാണാം. ഫോഗ് ലാംപുകള്‍ക്ക് പകരം എല്‍ഇഡി ഡിആര്‍എല്ലുകള്‍, എല്‍ഇഡി ടെയ്ല്‍ലൈറ്റുകള്‍, റീ-ഡിസൈന്‍ ചെയ്ത ടെയ്ല്‍ഗെയ്റ്റ് എന്നിവ ഉദാഹരണങ്ങളാണ്. പുതിയ ക്രോം ബംപര്‍, സൈഡ് സ്റ്റെപ്പുകള്‍ എന്നിവയും നല്‍കിയിരിക്കുന്നു.

കാബിനില്‍ മാറ്റങ്ങള്‍ കുറച്ച് കൂടുതലാണ്. കറുപ്പ് തുകല്‍ സീറ്റുകളോടെ ഡുവല്‍-ടോണ്‍ കാബിന്‍, ആറ് തരത്തില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, റിയര്‍ വ്യൂ കാമറ, 2-ഡിന്‍ എന്റര്‍ടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയാണ് കാബിനില്‍ കാണുന്നത്. കൂടുതല്‍ കംഫര്‍ട്ട് ലഭിക്കുന്നതിന് ഓട്ടോ ക്രൂസ് കണ്‍ട്രോളുമായാണ് ഓഫ്-റോഡര്‍ ഇപ്പോള്‍ വരുന്നത്.

2018 ഇസുസു ഡി-മാക്‌സ് വി-ക്രോസിന് ലഭിച്ച പ്രധാന പരിഷ്‌കാരമെന്നത് സേഫ്റ്റി പാക്കാണ്. ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍ (ഇഎസ്‌സി), ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം (ടിസിഎസ്) എന്നിവ സുരക്ഷാ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ഇഎസ്‌സി, ടിസിഎസ് എന്നിവ ‘ഹൈ’ എന്ന ടോപ് വേരിയന്റില്‍ മാത്രമേ ലഭിക്കൂ.

നിലവിലെ നിറങ്ങള്‍ കൂടാതെ റൂബി റെഡ് കളര്‍ സ്‌കീമില്‍ക്കൂടി ഇനി വി-ക്രോസ് ലഭിക്കും

2.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഇസുസു ഡി-മാക്‌സ് വി-ക്രോസ് തുടര്‍ന്നും ഉപയോഗിക്കുന്നത്. ഈ എന്‍ജിന്‍ പരമാവധി 132 ബിഎച്ച്പി കരുത്തും 320 എന്‍എം പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് നാല് ചക്രങ്ങളിലേക്കും കരുത്ത് പകരും.

Comments

comments

Categories: Auto