കൊച്ചിയുടെ ഐടി രംഗത്തേക്ക് മെഡിക്കല്‍ കോഡിംഗുമായി വിപിഎസ് ഹെല്‍ത്ത്‌കെയര്‍

കൊച്ചിയുടെ ഐടി രംഗത്തേക്ക് മെഡിക്കല്‍ കോഡിംഗുമായി വിപിഎസ് ഹെല്‍ത്ത്‌കെയര്‍

ഗ്രൂപ്പ് കമ്പനിയായ ഡൈനാമെഡ് ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തനമാരംഭിച്ചു. പ്രമുഖ പ്രവാസി സംരംഭകനായ ഡോ. ഷംഷീര്‍ വയലില്‍ ആണ് വിപിഎസ് ഹെല്‍ത്ത്‌കെയറിന് നേതൃത്വം നല്‍കുന്നത്

കൊച്ചി/ദുബായ്: വന്‍കിട ആശുപത്രി ശൃംഖലകളുള്‍പ്പെടെ ഗള്‍ഫ്, ഇന്ത്യ മേഖലകളിലെ മുന്‍നിര ഹെല്‍ത്ത്‌കെയര്‍ സേവനദാതാക്കളായ വിപിഎസ് ഹെല്‍ത്ത്‌കെയര്‍ മെഡിക്കല്‍ കോഡിംഗ് രംഗത്തേയ്ക്ക് പ്രവേശിച്ചു. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ഗ്രൂപ്പ് കമ്പനിയായ ഡൈനാമെഡ് ഹെല്‍ത്ത്‌കെയര്‍ സൊലൂഷന്‍സ് പ്രവര്‍ത്തനമാരംഭിച്ചു. യുഎസിന്റേയും മറ്റ് പാശ്ചാത്യരാജ്യങ്ങളുടേയും മാതൃകയില്‍ യുഎഇയും മെഡിക്കല്‍ കോഡിംഗ് നിര്‍ബന്ധമാക്കിയിരിക്കയാണെന്നും സൗദി അറേബ്യയും ഖത്തറും ഇതിനുള്ള തയ്യാറെടുപ്പിലാണെന്നും ഉദ്ഘാടനച്ചടങ്ങില്‍ സംസാരിച്ച വിപിഎസ് ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു.

ഈ പശ്ചാത്തലത്തില്‍ വന്‍അവസരങ്ങളാണ് മെഡിക്കല്‍ കോഡിംഗ് തുറന്നിടുന്നത്. വര്‍ഷം തോറും 30 ലക്ഷത്തോളം രോഗികള്‍ക്ക് സേവനം നല്‍കുന്ന വിപിഎസ് ഹെല്‍ത്ത്‌കെയറിന്റെ സ്വന്തം ആശുപത്രികള്‍ക്കു വേണ്ടിയായിരിക്കും ആദ്യഘട്ടത്തില്‍ ഡൈനാമെഡിന്റെ പ്രവര്‍ത്തനം. നിലവില്‍ പതിനൊന്ന് ആശുപത്രികളും ചെറുകിട ശസ്ത്രക്രിയകളുള്‍പ്പെടെ ചെയ്യുന്ന ഒരു ഡേ കെയര്‍ സെന്ററും പതിനൊന്ന് മെഡിക്കല്‍ സെന്ററുകളുമാണ് ഗ്രൂപ്പിലുള്ളത്. ഘട്ടം ഘട്ടമായി പാശ്ചാത്യരാജ്യങ്ങളില്‍ നിന്നുള്ള കോഡിംഗ് ആവശ്യങ്ങളും ഡൈനാമെഡ് നിറവേറ്റുമെന്നും ഡോ. ഷംഷീര്‍ പറഞ്ഞു.

യുഎസിന്റേയും മറ്റ് പാശ്ചാത്യരാജ്യങ്ങളുടേയും മാതൃകയില്‍ യുഎഇയും മെഡിക്കല്‍ കോഡിംഗ് നിര്‍ബന്ധമാക്കിയിരിക്കയാണ്. സൗദി അറേബ്യയും ഖത്തറും ഇതിനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍-വിപിഎസ് ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലില്‍

രോഗനിര്‍ണയം, ചികിത്സാപ്രക്രിയകള്‍, സേവനങ്ങള്‍, ഉപകരണങ്ങളുടെ വിനിയോഗം തുടങ്ങിയവയെല്ലാം ആല്‍ഫാന്യൂമെറിക് കോഡുകളാക്കുന്ന റവന്യു സൈക്കിള്‍ മാനേജ്‌മെന്റ് പ്രക്രിയയാണ് മെഡിക്കല്‍ കോഡിംഗ്. ചികിത്സകന്റെ കുറിപ്പുകള്‍, ലബോറട്ടറി, റേഡിയോളജി ഫലങ്ങള്‍ തുടങ്ങിയ എല്ലാവിധ രോഗനിര്‍ണയ, ചികിത്സാപ്രക്രിയകളുടെ വിശദാംശങ്ങളും ഇങ്ങനെ ലഭ്യമാക്കും. ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ നല്‍കുന്നതിന് ഈയിടെയാണ് യുഎഇ കോഡിംഗ് നിര്‍ബന്ധമാക്കിയത്. ഇന്ത്യപോലുള്ള രാജ്യങ്ങളും ഈ മാര്‍ഗം പിന്തുടരുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ആരോഗ്യരക്ഷാ മാനേജ്‌മെന്റ് കാര്യക്ഷമമാക്കുന്നതോടൊപ്പം ഈ മേഖലയെ പേപ്പര്‍രഹിതമാക്കുന്നതിലൂടെ പരിസ്ഥിതിസൗഹാര്‍ദവും സുതാര്യതയും കൊണ്ടുവരാനും കോഡിംഗ് സഹായിക്കും.

റവന്യു സൈക്ക്ള്‍ മാനേജ്‌മെന്റ് രംഗത്തെ കോഡിംഗ്, ക്ലെയിംസ് പ്രോസസ്സിംഗ്, സബ്മിഷന്‍, നിഷേധിക്കപ്പെട്ട ക്ലെയിമുകളുടെ റീസബ്മിഷന്‍ എന്നീ മുഴുവന്‍ സേവനങ്ങളും ഡൈനാമെഡ് ലഭ്യമാക്കുമെന്ന് ക്ലെയിംസ് കെയര്‍ യുഎഇ സിഇഒയുംെൈ ഡനാമെഡിന്റെ ഉപദേശകനുമായ വെയ്ന്‍ കെല്ലര്‍ പറഞ്ഞു.

17,500 ച. അടി വിസ്തൃതിയുള്ള ഡൈനാമെഡിന്റെ കൊച്ചിയിലെ പുതിയ ഓഫീസില്‍ 85 പേര്‍ ജോലി ചെയ്യുന്നുണ്ട്. ഇത് മൂന്നു മാസത്തിനകം 250 ആയി വര്‍ധിക്കുമെന്നും ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു. നഴ്‌സിംഗ്, ബയോടെക്‌നോളജി, ഫാര്‍മസി, മൈക്രോബയോളജി തുടങ്ങിയ മെഡിക്കല്‍ പശ്ചാത്തലമുള്ള ചെറുപ്പക്കാരെയാണ് ഞങ്ങള്‍ തേടുന്നത്. ബിഎഎംസ്, ബിഎച്ച്എംസ്‌കാരും കൊച്ചിയിലെ ടീമിലുണ്ട്. കൊച്ചിയിലേയ്ക്ക് വന്‍തോതില്‍ മെഡിക്കല്‍ കോഡിംഗ് കൊണ്ടുവരാനായതില്‍ സന്തോഷമുണ്ടെന്നും ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു.

ചെന്നൈയിലും ഹൈദ്രാബാദിലും 50,000ത്തോളം പേര്‍ വീതം മെഡിക്കല്‍ കോഡിംഗ് രംഗത്ത് ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ബംഗളൂരുവില്‍ ഏതാണ്ട് 20,000 കോഡര്‍മാരും കോയമ്പത്തൂരില്‍ 10,000 പേരും തിരുവനന്തപുരത്ത് 3000 കോഡര്‍മാരും ജോലി ചെയ്യുന്നുണ്ടെന്നും കണക്കാക്കപ്പെടുന്നു. പശ്ചാത്യരാജ്യങ്ങള്‍ക്കാണ് ഇവര്‍ സേവനം നല്‍കുന്നത്.

ഗള്‍ഫിലുള്ള തങ്ങളുടെ സുസ്ഥാപിത സാന്നിധ്യത്തിലൂടെ ആ മേഖലയില്‍ വരുന്ന കോഡിംഗ് അവസരങ്ങള്‍ വന്‍തോതില്‍ ഉപയോഗപ്പെടുത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു.

Comments

comments

Categories: Arabia, Business & Economy