പേടിഎമ്മുമായി സഹകരിച്ച് ഓഫോ ഇന്ത്യയില്‍

പേടിഎമ്മുമായി സഹകരിച്ച് ഓഫോ ഇന്ത്യയില്‍

ബെംഗളൂരു : ബൈസൈക്കിള്‍ ഷെയറിംഗ് സ്റ്റാര്‍ട്ടപ്പായ ഓഫോ പേടിഎമ്മുമായി സഹകരിച്ച് രാജ്യത്ത് സര്‍വീസ് ആരംഭിക്കാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. അതേസമയം ഓഫോ ഈ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞയാഴ്ച പൂനെ മുന്‍സിപ്പല്‍ കോര്‍പ്പറേഷനുമായി (പിഎംസി) ഓഫോ ധാരണയില്‍ ഒപ്പുവച്ചിരുന്നു. ഇതനുസരിച്ച് നഗരത്തിലുടനീളം ബൈസൈക്കിള്‍ ശൃംഖല സൃഷ്ടിക്കാന്‍ ഓഫോയ്ക്ക് പദ്ധതിയുണ്ട്. രാജ്യത്ത് മറ്റ് മെട്രോ നഗരങ്ങളിലേക്കും ഈ സേവനം വിപുലീകരിക്കാന്‍ തയ്യാറാണെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. അതോടൊപ്പം ചെന്നൈ, ഇന്‍ഡോര്‍, അഹമ്മദാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലും സര്‍വീസ് ആരംഭിക്കാനുള്ള ശ്രമത്തിലാണ് ഓഫോ. ഇന്ത്യയിലേക്ക് സൈക്കിളുകള്‍ ഇറക്കുമതി ചെയ്യുന്നതിനായി ഓഫോ പണം നിക്ഷേപിക്കുമെന്ന് ചൈനീസ് ന്യൂസ് ഏജന്‍സി വ്യക്തമാക്കുന്നു.

പൂനെ നഗരവുമായി സഹകരിക്കുന്നതില്‍ കമ്പനിയ്ക്ക് അതിയായ സന്തോഷമുണ്ട്. ഇന്ത്യയിലെ നഗരപ്രദേശത്തെ ലാസ്റ്റ് മൈല്‍ ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഓഫോയുടെ സുതാര്യവും താങ്ങാവുന്ന ചെലവിലുള്ളതുമായ യാത്രയ്ക്ക് പൂനെയില്‍ വിശാലമായ അവസരങ്ങള്‍ കാണുന്നുണ്ടെന്ന് ഓഫോയുടെ പബ്ലിക് പോളിസി ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഡയറക്റ്ററായ രാജര്‍ഷി സഹായ് പറഞ്ഞു.

2014 ല്‍ ആരംഭിച്ച ഓഫോ 20 രാജ്യങ്ങളിലായി 250 ലധികം നഗരങ്ങളില്‍ പ്രവര്‍ത്തനം നടത്തുന്നുണ്ട്. 200 ദശലക്ഷക്കണക്കിന് ആഗോള ഉപയോക്താക്കളും കമ്പനിയ്ക്കുണ്ട്. 2017 ജൂലൈയില്‍ സിരീസ് ഇ റൗണ്ട് ഫണ്ടിംഗിന്റെ ഭാഗമായി ആലിബാബ, ഹണി കാപ്പിറ്റല്‍, സിഐടിഐസി എന്നിവയില്‍ നിന്ന ്ഓഫോ 700 മില്ല്യണ്‍ ഡോളര്‍ സമാഹരിച്ചിരുന്നു. 30 മില്ല്യണ്‍ പുതിയ സൈക്കിളുകള്‍ ഉള്‍പ്പെടുത്തികൊണ്ട് കൂടുതല്‍ നഗരങ്ങളിലേക്ക് സേവനം വിപുലീകരിക്കാനുള്ള പദ്ധതിയിലാണ് ഓഫോയെന്ന് അധികൃതര്‍ വെളിപ്പെടുത്തി.

Comments

comments