മെയ്ഡ് ഇന്‍ കുന്നംകുളം ; വിലയോ തുശ്ചം ഗുണമോ മെച്ചം

മെയ്ഡ് ഇന്‍ കുന്നംകുളം ; വിലയോ തുശ്ചം ഗുണമോ മെച്ചം

കേരളത്തിലെ നോട്ട്ബുക്ക് അച്ചടിയിലും ബുക്ക് ബൈന്റിംഗിലും നൂറ്റാണ്ടുകളുടെ പ്രശസ്തിയാണ് കുന്നംകുളത്തിനുള്ളത്. അച്ചടിരംഗത്തെ വ്യാജന്‍ എന്നൊരു ദുഷ്‌പേര് കൂടി അവര്‍ക്കു കാലങ്ങളായി ചാര്‍ത്തപ്പെട്ടിട്ടുണ്ടെങ്കിലും ആഗോള കമ്പനികളെ കേരളത്തില്‍ വേരുറപ്പിക്കാതെ വിലക്കുറവില്‍, ഗുണമേന്‍മയുള്ള ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാന്‍ അവര്‍ക്കു കഴിഞ്ഞിട്ടുണ്ട്. മുന്നൂറിലധികം അച്ചടി, പുസ്തക നിര്‍മാണ യൂണിറ്റുകളുമായി അച്ചടി സംരംഭക രംഗത്ത് തങ്ങളുടേതായ സ്ഥാനം കെട്ടിപ്പടുത്തിരിക്കുകയാണ് കുന്നംകുളത്തുകാര്‍

കുന്നോളം വൈവിധ്യങ്ങള്‍ വിവിധ മേഖലകളിലായി വിന്യസിപ്പിച്ചപ്പോഴും ഡൂപ്ലിക്കേറ്റ് സിറ്റി എന്ന് പേരില്‍ കുപ്രസിദ്ധി ആര്‍ജ്ജിച്ചയിടമാണ് കുന്നംകുളം. സംസ്ഥാന ഖജനാവിലേക്ക് ലക്ഷങ്ങളുടെ വരുമാനം കൊണ്ടെത്തിച്ചപ്പോഴും പേരിനൊപ്പം ചേര്‍ന്ന ‘ചീത്തപ്പേര്’ മാറിയിട്ടില്ലെന്നതാണ് വാസ്തവം. കുന്നാണോ കുളമാണോ എന്ന കാര്യത്തില്‍ വ്യക്തമായ ഉത്തരം ലഭിക്കണമെങ്കില്‍ കുന്നംകുളത്തിന്റെ ചരിത്രത്തിലേക്ക് ഒന്നു കണ്ണോടിച്ചാല്‍ മതി. ഒരു നൂറ്റാണ്ടിലധികമായി സംസ്ഥാനത്തെ ഏറ്റവും വലിയ അച്ചടി, പുസ്തക നിര്‍മാണ മേഖലയാണ് കുന്നംകുളം. കേരളത്തിലെ 85 ശതമാനത്തോളം നോട്ട്ബുക്കുകള്‍ അച്ചടിക്കപ്പെടുന്നതും കുന്നംകുളത്തിന്റെ മണ്ണില്‍ തന്നെ. ഡൂപ്ലിക്കേറ്റ് നിര്‍മാണത്തിന്റെ പേരില്‍ ദുഷ്‌പേര് പതിഞ്ഞ മുംബൈയിലെ ഉല്ലാസ് നഗറിന് സമമാണ് കേരളത്തിന് കുന്നംകുളം. എന്നാല്‍ കുന്നംകുളം സ്വന്തം പരിഷ്‌കാരങ്ങള്‍ ഏറ്റവുമധികം നടപ്പിലാക്കാന്‍ ശ്രമിച്ചത് അച്ചടി രംഗത്താണെന്നു പല പ്രമുഖരും വിലയിരുത്തുന്നുണ്ട്.

യൂറോപ്പിലും പിടിയുള്ള കുന്നംകുളം

പതിനാലാം നൂറ്റാണ്ട് മുതല്‍ തന്നെ കേരളത്തിലെ വലിയ അങ്ങാടികളില്‍ ഒന്നായിരുന്നു കുന്നംകുളം. കേരളത്തെ സംബന്ധിച്ചു പല യൂറോപ്യന്‍ ഗ്രന്ഥങ്ങളിലും കുന്നംകുളത്തെ രേഖപ്പെടുത്തിയിരിക്കുന്നത് കേരളത്തിലെ തന്നെ വലിയ അങ്ങാടിയായിട്ടാണ്. ബ്രിട്ടീഷ് അധിനിവേശ കാലഘട്ടത്തില്‍ അവരുടെ പ്രധാന കച്ചവട കേന്ദ്രം കൂടിയായിരുന്നു ഇവിടം. 3300ല്‍ അധികം വര്‍ഷങ്ങളുടെ പഴക്കം രേഖപ്പെടുത്തിയിട്ടുള്ള കുടക്കല്ലുകളും ഗുഹകളുമെല്ലാം കാലങ്ങള്‍ക്കപ്പുറത്തെ കണക്കുകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. 1880 കാലഘട്ടത്തിലാണ് പ്രിന്റിംഗ് രംഗത്തേക്ക് കുന്നംകുളം ഗതിമാറി സഞ്ചരിക്കാന്‍ ആരംഭിച്ചത്. കേരളത്തിലെ ഇതര പ്രദേശങ്ങള്‍ പ്രിന്റിംഗ് സാധ്യതകളെ കുറിച്ച് അറിഞ്ഞു വരുന്ന സമയത്തിനും ഏറെ മുന്നേയായിരുന്നു ഇത്. കുന്നംകുളത്തെ പ്രസിദ്ധമായ പാറേമ്മാന്‍ വീട്ടിലായിരുന്നു ആദ്യത്തെ പ്രസ് ഒരുങ്ങിയത്. വീടിന് ഉയരം കുറവായതിനാല്‍ അകം കുഴിച്ചായിരുന്നു പ്രിന്റിംഗിനായുള്ള ഉപകരണം സജ്ജമാക്കിയത്. കൈക്കുളങ്ങ രാമവാര്യരുടെ നേതൃത്വത്തിലായിരുന്നു പ്രിന്റിംഗ്. ഹിന്ദു പുരാണങ്ങളും മറ്റും അച്ചടിച്ച് ആരംഭിച്ച ആ ചരിത്രം ഇന്ന് കുന്നംകുളത്തിന്റെ തന്നെ ജീവചരിത്രമാണ്. ഇന്ന് മുന്നൂറിലധികം അച്ചടി, പുസ്തക നിര്‍മാണ യൂണിറ്റുകള്‍ കുന്നംകുളത്തുണ്ട്. കേരളത്തിനകത്ത് തന്നെ ഇത്രമേല്‍ സ്ഥാപനങ്ങള്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നത് ഇവിടെ മാത്രമാണ്.

ആഗോള കമ്പനികള്‍ പിടിമുറുക്കുന്നതിന് മുന്നേ തന്നെ കേരളത്തിലെ അച്ചടി രംഗം കൈക്കലാക്കിയ കുന്നംകുളം നിരവധി പരീക്ഷണങ്ങളിലൂടെയാണ് വ്യവസായത്തെ കാലത്തിനൊപ്പം മുന്നോട്ടു കൊണ്ടുപോയത്. കേരളത്തിലെ എല്ലാ മേഖലകളിലും ഇന്ന് വിദേശ കുത്തകകളുടെ സാന്നിധ്യം ശക്തമാണെങ്കിലും നോട്ട് ബുക്കിന്റെ പുറംപേജിനപ്പുറത്ത് അവര്‍ക്ക് നിയന്ത്രണ രേഖ തീര്‍ത്തത് കുന്നംകുളം തന്നെയാണ്

പ്രധാനമായും മൂന്ന് വ്യത്യസ്ത വലിപ്പത്തിലുള്ള നോട്ട് ബുക്കുകളുടെ അച്ചടിയാണ് ഇവിടെ നടക്കുന്നത്. പ്രദേശത്തെ ഒട്ടുമിക്ക വീടുകള്‍ കേന്ദ്രീകരിച്ചും നോട്ട്ബുക്ക് നിര്‍മാണ യൂണിറ്റുകള്‍ ഇന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ആന്ധ്ര, മധുര എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും നോട്ട്ബുക്ക് നിര്‍മാണത്തിന് ആവശ്യമായ പേപ്പറുകള്‍ എത്തിക്കുന്നത്. ശിവകാശിയില്‍ നിന്ന് പുറംചട്ടയും വാങ്ങുന്നു. ശേഷം ഇവിടുത്തെ യൂണിറ്റുകളില്‍ അവ ബുക്കുകളായി മാറുകയാണ് ചെയ്യുന്നത്. ഇതിനൊപ്പം ബയന്റിംഗിനും മറ്റുമായി വീടുകളില്‍ ഏല്‍പ്പിക്കുകയും ചെയ്യുന്നു. എല്ലാവരും ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബുക്ക് നിര്‍മാണവുമായി ബന്ധപ്പെട്ടാണ് ഇവിടെ നിലകൊള്ളുന്നത്. മാര്‍ച്ച് ആദ്യം മുതല്‍ ജൂണ്‍ അവസാനം വരെയാണ് നോട്ട് ബുക്ക് വിപണി കൂടുതല്‍ സജീവമാകുന്നത്. സ്‌കൂള്‍ വിപണി കേന്ദ്രീകരിച്ച് വന്‍ കച്ചവടം ഈ സമയങ്ങളില്‍ ഇവിടെ നടക്കുന്നുണ്ട്. കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും കുന്നംകുളം ബുക്കുകള്‍ എത്തുന്നുണ്ട്. നിരവധി ലോകോത്തര കമ്പനികള്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും വിലയിലെ കുറവും ഗുണമേന്മയിലെ മികവുമെല്ലാം കുന്നംകുളത്തിന്റെ പെരുമ വര്‍ധിപ്പിക്കുന്നു. വ്യാജ ഉല്‍പ്പന്നങ്ങളുടെ പേരില്‍ കുന്നംകുളത്തിന് ദുഷ്‌പേര് കേള്‍ക്കേണ്ടി വന്നിട്ടുണ്ടെങ്കിലും അതില്‍ ഏറെയും അവര്‍ പരീക്ഷിച്ച് നോക്കിയത് ബുക്ക് നിര്‍മാണ രംഗത്താണ്. അതിനാല്‍ തന്നെ ആഗോള ഭീമന്‍ കമ്പനികള്‍ കേരളത്തില്‍ നിരവധി എത്തിയിട്ടും പിടിച്ച് നില്‍പ്പ് ഉറപ്പിക്കാന്‍ സാധിക്കാതെ വരുന്നു. മനുഷ്യശേഷിയില്‍ പ്രവര്‍ത്തിച്ചിരുന്ന യന്ത്രങ്ങളില്‍ നിന്ന് ഓട്ടോമാറ്റിക് സംവിധാനങ്ങളിലേക്ക് കാലഘട്ടം എത്തിയപ്പോഴും കുന്നംകുളം മികച്ച തുടര്‍ച്ചയുമായി നിലകൊള്ളുകയായിരുന്നു.

അച്ചടി രംഗത്തെ കുത്തക

ഒരു തരത്തില്‍ പേറ്റന്റിനും അച്ചടി രംഗത്തെ വിദേശ കുത്തകകള്‍ക്കും സാങ്കേതിക വിദ്യയുടെ നാടന്‍ വികാസവുമായി തിരിച്ചടി നല്‍കുകയായിരുന്നു കുന്നംകുളം. ആഗോള കമ്പനികള്‍ പിടിമുറുക്കുന്നതിന് മുന്നേ തന്നെ കേരളത്തിലെ അച്ചടി രംഗം കൈക്കലാക്കിയ കുന്നംകുളം നിരവധി പരീക്ഷണങ്ങളിലൂടെയാണ് വ്യവസായത്തെ കാലത്തിനൊപ്പം മുന്നോട്ടു കൊണ്ടുപോയത്. കേരളത്തിലെ എല്ലാ മേഖലകളിലും ഇന്ന് വിദേശ കുത്തകകളുടെ സാന്നിധ്യം ശക്തമാണെങ്കിലും നോട്ട് ബുക്കിന്റെ പുറംപേജിനപ്പുറത്ത് അവര്‍ക്ക് നിയന്ത്രണ രേഖ തീര്‍ത്തത് കുന്നംകുളം തന്നെയാണ്. ഒരു കാലഘട്ടത്തിന്റെ വിദ്യാഭ്യാസ സാമൂഹിക ആവശ്യകതകളിന്മേല്‍ കുന്നംകുളം നടത്തിയത് വിപ്ലവകരമായ ഇടപെടലായിരുന്നുവെങ്കിലും വ്യാജന്‍ എന്ന വിളിപ്പേരാണ് സമൂഹം അവര്‍ക്ക് ചാര്‍ത്തിക്കൊടുത്തത്. പ്രാദേശിക ഇടപെടലുമായി കുന്നംകുളം നോട്ട്ബുക്ക് നിര്‍മാണ രംഗത്തേക്ക് കടന്നുവന്നില്ലായിരുന്നുവെങ്കില്‍ നോട്ട്ബുക്കില്‍ ഇന്ന് വിദേശ കുത്തകകളുടെയും മറ്റും കത്തിവെപ്പിന് കേരളം സാക്ഷ്യം വഹിച്ചേനെ. ഇതിനു പുറമെ കച്ചവടങ്ങളും വിവിധ സംരംഭങ്ങളുമായി കുന്നംകുളം ഇന്നും കേരളത്തിലെ വലിയ പട്ടണങ്ങളുടെ പട്ടികയില്‍ തന്നെയാണ് സ്ഥാനം ഉറപ്പിച്ചിരിക്കുന്നത്. കൊച്ചിയിലെ ബ്രോഡ്‌വേയിലെയും കോഴിക്കോട് മിഠായി തെരുവിലെയുമെല്ലാം ഒരു ഭാഗം ഇന്നും കുന്നംകുളത്തുകാരുടെ കീഴില്‍ തന്നെയാണ്. ആദ്യകാലം മുതല്‍ക്കെ ഇതിനായി ശക്തമായ സഞ്ചാര പഥങ്ങളും കുന്നംകുളത്തേക്ക് സജ്ജമായിരുന്നു. തിരുവനന്തപുരത്തേക്കും വടക്കോട്ടും സഞ്ചരിക്കാവുന്ന നദീപാതകളെല്ലാം ഇതിന്റെ ഉദാഹരണങ്ങളാണ്. വെട്ടിക്കടവ് ഇത്തരത്തിലുള്ള ജലഗതാഗതത്തിന്റെ പ്രധാന കേന്ദ്രമായിട്ടായിരുന്നു അന്ന് പ്രവര്‍ത്തിച്ചിരുന്നത്. അക്കാലത്ത് ഇത്തരം പട്ടണങ്ങള്‍ കേരളത്തില്‍ വിരലില്‍ എണ്ണാവുന്നതു മാത്രമേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ടുതന്നെ പട്ടണത്തിന്റെ പ്രാധാന്യവും വളരെ വിലപ്പെട്ടതായിരുന്നു.

മാര്‍ച്ച് ആദ്യം മുതല്‍ ജൂണ്‍ അവസാനം വരെയാണ് നോട്ട് ബുക്ക് വിപണി കൂടുതല്‍ സജീവമാകുന്നത്. സ്‌കൂള്‍ വിപണി കേന്ദ്രീകരിച്ച് വന്‍ കച്ചവടം ഈ സമയങ്ങളില്‍ ഇവിടെ നടക്കുന്നുണ്ട്. കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും കുന്നംകുളം ബുക്കുകള്‍ എത്തുന്നുണ്ട്. നിരവധി ലോകോത്തര കമ്പനികള്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും വിലയിലെ കുറവും ഗുണമേന്മയിലെ മികവുമെല്ലാം കുന്നംകുളത്തിന്റെ പെരുമ വര്‍ധിപ്പിക്കുന്നു

കായികക്കരുത്തിന്റെ കുന്നംകുളം

ബാസ്‌കറ്റ് ബോള്‍ മല്‍സരങ്ങളില്‍ കുന്നംകുളത്തിന്റെ പങ്ക് വളരെ വലുതാണ്. കാല്‍പ്പന്തുകളിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന കേരളത്തിന്റെ മണ്ണില്‍ 1937ല്‍ ആദ്യ ബാസ്‌കറ്റ് ബോള്‍ കോര്‍ട്ട് തന്നെ പണിതുകൊണ്ടാണ് കായികരംഗത്ത് കുന്നംകുളം ശ്രദ്ധിക്കപ്പടുന്നത്. ചുവന്ന മണ്ണ് നിരന്ന കോര്‍ട്ടിന് ചുറ്റും മുളംകമ്പുകൊണ്ട് തീര്‍ത്ത വേലിക്കകത്ത് പിന്നീട് പിറന്നത് ഒരു സംസ്ഥാനത്തിന്റെ തന്നെ കായിക രംഗത്തെ നവ സാധ്യതകളായിരുന്നു. 1976ല്‍ കോര്‍ട്ട് കോണ്‍ക്രീറ്റ് ചെയ്ത് പുതിയ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ഇന്ന് കേരളത്തിലെ തന്നെ പ്രധാന ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ട് ആയാണ് കുന്നംകുളം പോലീസ് സ്‌റ്റേഷന് സമീപത്തായി സ്ഥിതി ചെയ്യുന്ന ജവഹര്‍ സ്റ്റേഡിയം അറിയപ്പെടുന്നത്. സംസ്ഥാനത്ത് ആദ്യമായി പവര്‍ റിലീസ് സംവിധാനം അവതരിപ്പിക്കപ്പെട്ടതും ഇവിടെയാണ്. ഇന്ത്യന്‍ ബാസ്‌കറ്റ് ബോള്‍ ടീമീലെ ആദ്യ മലയാളിയായ സിഐ വര്‍ഗീസ് കുന്നംകുളം സ്വദേശിയാണ്.

സംരംഭക, വ്യവസായ, രാഷ്ട്രീയ രംഗങ്ങളില്‍ സംഭാവനകള്‍ ഏറെ നല്‍കിയ പ്രദേശമാണ് കുന്നംകുളം. കുളമായി കിടക്കുന്ന തകര്‍ന്നടിഞ്ഞ വ്യാജ നിര്‍മാണ മേഖലയല്ലിതെന്ന് അടുത്തറിയുന്ന ആര്‍ക്കും മനസിലാക്കാവുന്നതേയുള്ളു. കച്ചവട രംഗത്തേക്ക് കേരളത്തെ പറിച്ചുനട്ട ആദ്യ പ്രദേശങ്ങളില്‍ കരുത്തുറ്റ സാന്നിധ്യമായി നിന്ന കുന്നംകുളം കുപ്രസിദ്ധിക്കിടയിലും സംരംഭകക്കരുത്തിന്റെ മികവുമായാണ് നിലകൊള്ളുന്നത്.

Comments

comments