വിര്‍ച്വല്‍ കറന്‍സി ഗേള്‍സ്

വിര്‍ച്വല്‍ കറന്‍സി ഗേള്‍സ്

ജപ്പാനില്‍ ക്രിപ്‌റ്റോ കറന്‍സിയുടെ പേരില്‍ ഗായകസംഘം

ക്രിക്കറ്റും ഫുട്‌ബോളും വാശിയോടെ കാണാന്‍ മാത്രമല്ല, കുളിരോടെ ആസ്വദിക്കാനുമുള്ളതാണെന്നു മനസിലാക്കാന്‍ നമുക്ക് ഐപിഎല്‍, ഐഎസ്എല്‍ മല്‍സരങ്ങള്‍ വേണ്ടി വന്നു. മൈതാനത്ത് അണിനിരക്കുന്ന ചിയര്‍ ഗേള്‍സ്, കായികപ്രേമികള്‍ക്കു പുറമെ വിനോദം കാംക്ഷിക്കുന്ന ജനങ്ങളെക്കൂടി കളി കാണുന്നതിലേക്ക് ആകര്‍ഷിച്ചു. മാറിവരുന്ന കാഴ്ചയുടെ ശീലത്തിനൊപ്പം വിവരസാങ്കേതികവിദ്യയുടെ മുന്നേറ്റം കൂടിയാകുമ്പോള്‍ ഇത്തരം കെട്ടുകാഴ്ചകളും സ്ഥാനം കൈവരിക്കുന്നതാണ് വര്‍ത്തമാനകാല പ്രവണത. ജപ്പാനില്‍ ഉദയമെടുത്ത പുതിയൊരു ഗായകസംഘം ഇത്തരത്തിലുള്ള പ്രവണതയ്ക്കു മകുടോദാഹരണമാണ്. ക്രിപ്‌റ്റോകറന്‍സികളുടെ അംഗീകാരം സംബന്ധിച്ച വിവാദങ്ങള്‍ ലോകമെമ്പാടും കൊഴുക്കുമ്പോള്‍ അതിന്റെ പേരില്‍ ഒരു ഗായകസംഘം തന്നെ ഇറങ്ങിയിരിക്കുകയാണിവിടെ.

ക്രിപ്‌റ്റോകറന്‍സികളെ ബാങ്കുകളും ഭൂരിഭാഗം രാജ്യങ്ങളും അംഗീകരിക്കാന്‍ സന്നദ്ധരായിട്ടില്ലെങ്കില്‍ കൂടി അവ ഭാവിയുടെ സമ്പത്താണെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. വളരെ വേഗമുയര്‍ന്നു കൊണ്ടിരിക്കുന്ന ഇവയുടെ ജനപ്രീതി ഇതാണു സൂചിപ്പിക്കുന്നത്. ഈ ജനപ്രീതി നേടുകയെന്ന ഉദ്ദേശ്യത്തോടു കൂടിയാണ് ഒരു സംഘം ജാപ്പനീസ് തരുണീമണികള്‍ വിര്‍ച്വല്‍ കറന്‍സി ഗേള്‍സ് എന്നര്‍ത്ഥം വരുന്ന കസോട്‌സുക ഷോജോ എന്ന പേരില്‍ മ്യൂസിക് ബാന്‍ഡ് ആരംഭിച്ചത്. എട്ടംഗ സംഗീതസംഘത്തിലെ ഓരോ അംഗവും റിപ്പിള്‍, ബിറ്റ്‌കോയിന്‍, ഇഥേറിയം എന്നിങ്ങനെ വ്യത്യസ്ത ക്രിപ്‌റ്റോകറന്‍സികളെ പ്രതിനിധീകരിക്കുന്നു. വസ്ത്രധാരണത്തിലും ഇതേ തീമാണ് ഇവര്‍ പിന്തുടരുന്നത്. ഞൊറിവുള്ള കുട്ടിയുടുപ്പുകളും ഏപ്രണുകളും മെക്‌സിക്കന്‍ ഗുസ്തിക്കാരുപയോഗിക്കുന്ന മുഖംമൂടികളും ധരിച്ചാണ് ഇവര്‍ വേദിയില്‍ പ്രത്യക്ഷപ്പെടുന്നത്. ടോക്കിയോയില്‍ കഴിഞ്ഞ ദിവസമായിരുന്നു അരങ്ങേറ്റം.

എട്ടംഗ സംഗീതസംഘത്തിലെ ഓരോ അംഗവും റിപ്പിള്‍, ബിറ്റ്‌കോയിന്‍, ഇഥേറിയം എന്നിങ്ങനെ വ്യത്യസ്ത ക്രിപ്‌റ്റോകറന്‍സികളെ പ്രതിനിധീകരിക്കുന്നു. വസ്ത്രധാരണത്തിലും ഇതേ തീമാണ് ഇവര്‍ പിന്തുടരുന്നത്. ഞൊറിവുള്ള കുട്ടിയുടുപ്പുകളും ഏപ്രണുകളും മെക്‌സിക്കന്‍ ഗുസ്തിക്കാരുപയോഗിക്കുന്ന മുഖംമൂടികളും ധരിച്ചാണ് ഇവര്‍ വേദിയില്‍ പ്രത്യക്ഷപ്പെടുന്നത്

തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന പ്രമേയത്തെ അനുകൂലിക്കുന്ന രീതിയില്‍ പരിപാടി കാണുന്നവരില്‍ നിന്ന് ക്രിപ്‌റ്റോകറന്‍സി രൂപത്തിലാണ് കസോട്‌സുക ഷോജോ പ്രതിഫലം വാങ്ങുന്നത്. ക്രിപ്‌റ്റോകറന്‍സി എന്ന ആശയത്തെ കലാരൂപത്തില്‍ പ്രോല്‍സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഗായകസംഘ നേതാവായ രാരാ നര്യുസ് വ്യക്തമാക്കി. വിര്‍ച്വല്‍ കറന്‍സി ഊഹക്കച്ചവടത്തിനുള്ള ഉപകരണമല്ല, മറിച്ച് ഭാവിയെ രൂപപ്പെടുത്തുന്ന ഒരു ശ്രേഷ്ഠ സാങ്കേതിവിദ്യയാണെന്ന സന്ദേശം ഉയര്‍ത്തുന്നതിനാണ് ശ്രമിക്കുന്നതെന്ന് അവര്‍ പറയുന്നു. ക്രിപ്‌റ്റോകറന്‍സി ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഗാനങ്ങളുടെ വരികളിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇരട്ടസ്ഥിരീകരണം നടത്താന്‍ മറക്കരുതേ, ഒരേ പാസ്‌വേഡ് ആവര്‍ത്തിക്കാതിരിക്കൂ, വലിയ തുക മുടക്കുന്നത് നാശത്തിന് തുടങ്ങിയ ഗാനങ്ങളിലൂടെ ശക്തമായ മുന്നറിയിപ്പാണ് ബാന്‍ഡ് നല്‍കുന്നത്.

ക്രിപ്‌റ്റോകറന്‍സികളെ അംഗീകരിച്ച രാജ്യമാണ് ജപ്പാന്‍. ബിറ്റ്‌കോയിന്‍ വ്യവഹാരങ്ങള്‍ക്ക് നിയമപരമായ അംഗീകാരം രാജ്യം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബറില്‍ ആഗോളതലത്തില്‍ നടന്ന ബിറ്റ്‌കോയിന്‍ ഇടപാടുകളുടെ മൂന്നിലൊന്ന് ജാപ്പനീസ് കറന്‍സിയായ യെന്നിലാണെന്ന് സ്ഥിരീകരിക്കാനായിട്ടുണ്ട്.

 

Comments

comments

Categories: FK Special, Slider, Trending, World