വസ്ത്ര സങ്കല്‍പങ്ങള്‍ ബൊട്ടീകിന് വഴിമാറുമ്പോള്‍

വസ്ത്ര സങ്കല്‍പങ്ങള്‍ ബൊട്ടീകിന് വഴിമാറുമ്പോള്‍

ഫാഷന്‍ തരംഗം ഏറ്റവും കൂടുതല്‍ പ്രതിഫലിക്കുന്നത് വസ്ത്ര വിപണിയിലാണ്. ഈ സാധ്യതകള്‍ മനസിലാക്കിയാണ് ബൊട്ടിക്കുകളുടെ വളര്‍ച്ച. പുതുതലമുറയ്‌ക്കൊപ്പമുള്ള കാലോചിതമായ മാറ്റം അവയ്ക്ക് ഊര്‍ജ്ജം പകരുന്നു. അതിനൊപ്പം മികച്ച തെരഞ്ഞെടുക്കല്‍ സംസ്‌കാരത്തിലേക്ക് ആളുകളെ എത്തിക്കുന്നതിലും ബൊട്ടീക് ചെറുതല്ലാത്ത പങ്ക് വഹിക്കുന്നുണ്ട്. വിപണിയില്‍ ലഭ്യമായവ ധരിക്കാനല്ല, മറിച്ച് നമുക്കിഷ്ടമുള്ള രീതിയില്‍ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്ത് ട്രെന്‍ഡ് നിര്‍മിക്കാന്‍ കഴിയുമെന്ന് പഠിപ്പിക്കുകയാണ് ബൊട്ടീക്കുകള്‍

അനുദിനം മാറുന്ന ഫാഷന്‍ ലോകത്ത് കാലയളവുകള്‍ വസ്ത്ര സങ്കല്‍പങ്ങളിലും വസ്ത്ര ധാരണത്തിലും വരുത്തുന്ന മാറ്റങ്ങള്‍ വളരെ വലുതാണ്. വസ്ത്രം ഒരു പ്രാഥമിക ആവശ്യത്തില്‍ തുടങ്ങി ഫാഷന്‍ ലോകത്തെ ഹരമായും വിപണിയിലെ അതിശക്ത സാന്നിധ്യവുമായി മാറിയിട്ടുണ്ടെങ്കില്‍ മേഖലയുടെ വളര്‍ച്ച അത്രകണ്ട് ദ്രുതഗതിയിലാണെന്ന് മനസിലാക്കാം. നാം ഓരോരുത്തരും ആഗ്രഹിക്കുന്ന രൂപത്തിലും ഭാവത്തിലും വസ്ത്രങ്ങള്‍ മെനഞ്ഞെടുക്കുക വളരെ ബുദ്ധിമുട്ടുള്ള ഒന്നായിരുന്നു. മാത്രമല്ല പണ്ടു കാലത്ത് ഇത്തരം സാധ്യതകള്‍ക്കും പരിമിതികളുണ്ട്. എന്നാല്‍ ബൊട്ടീക്കുകളുടെ കടന്നു വരവോടെ ഈ വിഭാഗത്തില്‍ അനന്ത സാധ്യതകള്‍ക്കാണ് വഴി തുറക്കപ്പെട്ടത്. മുക്കിലും മൂലയിലും ബൊട്ടീക്കുകള്‍ മുളച്ച് പൊന്തുകയാണ്. ഇന്ന് വസ്ത്ര ബിസിനസ് രംഗത്തേക്കു ചുവടുവെക്കുന്ന ഒട്ടുമിക്ക സ്ത്രീകളും ചിന്തിച്ച് തുടങ്ങുന്നത് ബൊട്ടീകിനെ കുറിച്ചാണ്. വസ്ത്രങ്ങളോടുള്ള സ്ത്രീകളുടെ ഭ്രമം തന്നെയാവാം അതിനു കാരണം. വസ്ത്രങ്ങളില്‍ എന്നും വൈവിധ്യം ആഗ്രഹിക്കുന്ന കൂട്ടരാണിവര്‍. ഒരു സംരംഭം എന്ന നിലയില്‍ തുടങ്ങുന്ന ബൊട്ടീക്കുകളില്‍ എത്രയെണ്ണം വിജയിക്കുന്നുണ്ട് ? ട്രെന്‍ഡിനനുസരിച്ച് മാറുന്ന ഡിസൈനേഴ്‌സിനു മാത്രമേ ഈ മേഖലയില്‍ നിലനില്‍ക്കാനാകൂ എന്നാണ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബൊട്ടീക് സംരംഭകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.

ടെക്‌സ്‌റ്റൈലില്‍ നിന്നും ബൊട്ടീക് സംസ്‌കാരത്തിലേക്ക്

ടെക്‌സ്‌റ്റൈല്‍ സംസ്‌കാരം മാത്രം അറിയാവുന്ന മലയാളികള്‍ ഇന്ന് പുതിയൊരു വസ്ത്ര സംസ്‌കാരത്തിലേക്ക് രംഗപ്രവേശം ചെയ്തിരിക്കുകയാണ്. വസ്ത്ര വിപണിയിലെ ഹരമാണ് ഇന്നു ബൊട്ടീക് സംസ്‌കാരം. പുതുതലമുറക്കാര്‍ക്ക് പരിചിതമായ പേരു പോലും അതുതന്നെ. സെലക്ഷന്‍കൊണ്ടും കളക്ഷന്‍കൊണ്ടും വൈവിധ്യമാണ് ബൊട്ടീക്കുകള്‍. മനസിന് ഇണങ്ങിയവ കണ്ടെത്താന്‍ പല കടകള്‍ കയറി ഇറങ്ങേണ്ട കാര്യമില്ല എന്നതും ഇത്തരക്കാരെ പുതിയ സംസ്‌കാരത്തിലേക്ക് നയിക്കുന്നു. കൊച്ചി പോലുള്ള മെട്രോ നഗരങ്ങളില്‍ മാത്രം തുടക്കത്തില്‍ ഏറെ സാധ്യതകള്‍ കണ്ടിരുന്ന ബൊട്ടീക്കുകള്‍ ഇന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സജീവമായിട്ടുണ്ട്. അവരവര്‍ക്ക് ഇണങ്ങുന്ന വസ്ത്രങ്ങള്‍ സ്വയം ഡിസൈന്‍ ചെയ്യുകയാണ് പലരും. ഈ ഉദ്യമത്തിലേക്ക് ഇറങ്ങിയ പലരും ഇന്ന് പ്രധാന ഡിസൈനര്‍മാരായി മാറിയിരിക്കുന്നു. ബൊട്ടീക്കുകള്‍ തുടങ്ങി വിജയം വരിച്ചവരില്‍ ഭൂരിഭാഗവും പ്രൊഫഷണലായി ഡിസൈനിംഗ് പഠിച്ച് ഇറങ്ങിയവരല്ല. നവീന ഫാഷനോടും ഡിസൈനിംഗിനോടുമുള്ള പാഷനാണ് അവരെ ഈ മേഖലയില്‍ എത്തിച്ചത്. ഫാബ്രിക് പെയിന്റിംഗ് , മ്യൂറല്‍ പെയിന്റിംഗ് എന്നു വേണ്ട പരീക്ഷണങ്ങള്‍ പലവിധമാണിവിടെ.

പുതുതലമുറയുടെ വേറിട്ട വസ്ത്രധാരണ ശൈലി

കണ്ടു പരിചയിച്ച ഡിസൈനുകളില്‍ നിന്നും വ്യത്യസ്തമായി വേറിട്ട രീതിയില്‍ എന്തു ധരിക്കാം എന്നാണ് പലരുടെയും ചിന്ത. 80 ശതമാനത്തോളം യുവനിര ആഗ്രഹിക്കുന്നതും അതുതന്നെ. ഒരു വ്യക്തിയെ വ്യത്യസ്തനാക്കാനും കാഴ്ചക്കാരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കാനും വസ്ത്രങ്ങള്‍ക്കു കഴിയും. ആ ചിന്തയിലാണ് ബൊട്ടിക്കുകളുടെ വളര്‍ച്ച. വേറിട്ട വസ്ത്ര സങ്കല്‍പ്പങ്ങള്‍ ഒരുക്കുന്നതിലാണ് ബൊട്ടീക് ശ്രദ്ധ പതിപ്പിക്കുന്നത്. ഫാഷനു വേണ്ടി പണം ചെലവഴിക്കാന്‍ മടി കാട്ടാത്തവരാണ് ഇന്നത്തെ തലമുറ. താന്‍ ഇടുന്ന വസ്ത്രങ്ങള്‍ എല്ലാവരാലും ശ്രദ്ധിക്കപ്പെടണമെന്നും അത് മറ്റുള്ളവരില്‍ പുതുമ തോന്നിപ്പിക്കുന്നതുമാകണം എന്ന ആഗ്രഹമാണ് ഭൂരിഭാഗം ആളുകളും ആഗ്രഹിക്കുന്നത്. അനുദിനം മാറുന്ന ഫാഷന്‍ ഉള്‍ക്കൊള്ളാനും അവര്‍ തയാറാണ്.

ദിനംപ്രതി മാറി വരുന്ന ഫാഷന്‍ മാത്രം മുന്‍നിര്‍ത്തിയല്ല ബൊട്ടിക്കുകളുടെ വളര്‍ച്ച. ഒരു കാലത്തും വിപണിയില്‍ നിന്നും ഉപേക്ഷിക്കപ്പെടാത്ത, പാരമ്പര്യ തനിമ നിലനിര്‍ത്തുന്ന വസ്ത്രങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയുണ്ട്

അഞ്ജലി ചന്ദ്രന്‍, ഇംപ്രസ

മ്യൂറല്‍ ആര്‍ട്ടില്‍ വസ്ത്ര വിസ്മയങ്ങള്‍ ചാലിച്ചു തുടങ്ങിയ കോഴിക്കോട് പയ്യോളിയില്‍ പ്രവര്‍ത്തിക്കുന്ന യുവേഴ്‌സ് ഡ്രസ് ഡിസൈനേഴ്‌സ് ഈ സംസ്‌കാരത്തിന് ഉത്തമ ഉദാഹരണമാണ്. പണ്ട് ഉപയോഗിച്ച് വന്നതും ഇന്നത്തെ തലമുറ അറിയാതെ പോയതുമായ കോറ, ജൂട്ട് തുടങ്ങിയ തുണികളിലും ഫാഷന്‍ പരീക്ഷണം നടത്തുകയാണ് യുവേഴ്‌സ് ഡ്രസ് ഡിസൈനേഴ്‌സ്. ഭൂരിഭാഗം ആളുകളും ഡിസൈനിംഗ് ആവശ്യപ്പെടുന്നത് കോട്ടണ്‍ വസ്ത്രങ്ങളിലാണ്. കോട്ടണിലാണ് കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തുന്നതും. സാധാരണ ടെക്‌സ്‌റ്റൈലുകളില്‍ ലഭിക്കുന്ന വസ്ത്രങ്ങളേക്കാള്‍ ഓരോരുത്തരും അവരുടെ ശരീരത്തിനും നിറത്തിനും അനുയോജ്യമായ രീതിയില്‍ വസ്ത്രങ്ങള്‍ രൂപപ്പെടുത്തി എടുക്കുന്നതില്‍ താല്‍പര്യം കാണിക്കുന്നതായി യുവേഴ്‌സ് ഡ്രസ് ഡിസൈനര്‍മാരായ അമ്പിളി വിജയനും ലത മുരളീധരനും പറയുന്നു. ചെറുപ്പം മുതല്‍ മ്യൂറല്‍ പെയിന്റിംഗില്‍ താല്‍പര്യമുണ്ടായിരുന്ന ഇരുവരും വസ്ത്രങ്ങളിലുള്ള ഡിസൈനിംഗ് സ്വയം പരിശീലനത്തിലൂടെ സ്വായത്തമാക്കിയവരാണ്. പിന്നീട് വസ്ത്രങ്ങള്‍ സ്വയം ഡിസൈന്‍ ചെയ്ത് ഉപയോഗിച്ചു തുടങ്ങിയതോടെയാണ് ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. കാലക്രമേണ സുഹൃത്തുകള്‍ വഴിയും ഓണ്‍ലൈന്‍ വഴിയും ബിസിനസിലേക്ക് ചുവടുവെച്ചു. ഇന്ന് മികച്ച വരുമാനം നേടാന്‍ കഴിയുന്ന സംരംഭമായി അതിനെ വളര്‍ത്തിയെടുക്കാനും ഇരുവര്‍ക്കും കഴിഞ്ഞിട്ടുണ്ട്.

കണ്ടു പരിചയിച്ച ഡിസൈനുകളില്‍ നിന്നും മാറി, വേറിട്ട രീതിയില്‍ എന്തു ധരിക്കാം എന്നാണ് പലരുടെയും ചിന്ത. 80 ശതമാനത്തോളം യുവനിര ആഗ്രഹിക്കുന്നതും അതുതന്നെ. ആ ചിന്തയിലാണ് ബൊട്ടിക്കുകളുടെ വളര്‍ച്ച. വേറിട്ട വസ്ത്ര സങ്കല്‍പ്പങ്ങള്‍ ഒരുക്കുന്നതിലാണ് ബൊട്ടീക് ശ്രദ്ധ പതിപ്പിക്കുന്നത്

ഇന്ന് ഷോപ്പുകളില്‍ അല്ലാതെ വീടുകളില്‍ ഇരുന്നുതന്നെ പലരും ഉപഭോക്താക്കള്‍ക്ക് ആവശ്യാനുസരണം ഡ്രസ് ഡിസൈന്‍ ചെയ്തു നല്‍കുന്നുണ്ട്. ഓണ്‍ലൈനിലൂടെയാണ് ഇത്തരക്കാര്‍ വിപണി സാധ്യതകള്‍ കണ്ടെത്തുന്നത്. ആളുകള്‍ക്ക് പുതിയ ഡിസൈനുകള്‍ പരിചയപ്പെടുന്നതിനും മറ്റും സോഷ്യല്‍ മീഡിയ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. ഈ പ്രവണത ആദ്യകാലത്തെ ടെക്‌സ്‌റ്റൈല്‍ പരസ്യ ബോര്‍ഡുകളുടെ എണ്ണം കുറയ്ക്കുകയാണ്.

ബൊട്ടീക്കുകളുടെ എണ്ണം കൂടുന്നത് ടെക്‌സ്‌റ്റൈലുകളിലേക്കുള്ള ആളുകളുടെ വരവ് കുറയ്ക്കില്ല. ഫാഷനോടുള്ള ആളുകളുടെ പ്രിയം കൂടുന്നതനുസരിച്ച് ബൊട്ടീക്കുകളുടെ എണ്ണം കൂടിവരികയാണ്

നാന മുഹമ്മദ്, ദി ബി നാന സ്റ്റോര്‍

ഫാഷന്‍ മാത്രമല്ല ബൊട്ടീക്കുകള്‍

ദിനംപ്രതി മാറി വരുന്ന ഫാഷന്‍ മാത്രം മുന്‍നിര്‍ത്തിയല്ല ബൊട്ടീക്കുകളുടെ വളര്‍ച്ച എന്നാണ് കോഴിക്കോട് ഇംപ്രസയുടെ സ്ഥാപകയായ അഞ്ജലി ചന്ദ്രന്‍ അഭിപ്രായപ്പെടുന്നത്. പണ്ടുകാലത്ത് നമ്മുടെ നാട്ടിലേക്ക് ഒരു പുതിയ ഫാഷന്‍ വസ്ത്രം എത്തുന്നത് മുംബൈ പോലുള്ള വന്‍ നഗരങ്ങളില്‍ ഇറങ്ങിയതിനു ശേഷമാണ്. എന്നാല്‍ ഇന്ന് സ്ഥിതി മാറി. വിപണിയില്‍ ഇറങ്ങുന്ന ട്രെന്‍ഡുകള്‍ വളറെ വേഗം ഓണ്‍ലൈന്‍ വഴി എല്ലായിടത്തേക്കും വ്യാപിക്കും. സാധാരണ വസ്ത്രങ്ങള്‍ക്ക് പൊതുവെ ബൊട്ടീക്കുകളെ ആശ്രയിക്കുന്ന രീതി ഇവിടെയില്ല. മറിച്ച് കല്ല്യാണ വസ്ത്രങ്ങളിലാണ് ആളുകള്‍ കൂടുതല്‍ വ്യത്യസ്തത പ്രതീക്ഷിക്കുന്നതെന്ന് അഞ്ജലി പറയുന്നു. ഇംപ്രസ കൂടുതലും ഫോക്കസ് ചെയ്യുന്നത് ഒരു കാലത്തും വിപണിയില്‍ നിന്നും ഉപേക്ഷിക്കപ്പെടാത്ത, പാരമ്പര്യ തനിമ നിലനിര്‍ത്തുന്ന വസ്ത്രങ്ങള്‍ക്കാണ്. അവയ്ക്ക് പൊതുവെ ഡിമാന്‍ഡും കൂടുതലാണ്. ഇത്തരം വസ്ത്രങ്ങളില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തുകയാണ് ഇംപ്രസ. ഒപ്പം മറ്റു പല സംസ്ഥാനങ്ങളില്‍ നിന്നുള്ള ഫ്യൂഷന്‍ വസ്ത്രങ്ങളും ഇപ്പോഴത്തെ ട്രെന്‍ഡുകളില്‍ ഉള്‍പ്പെടും. ഇന്ന് പുരുഷന്‍മാര്‍ക്കു വേണ്ടിയുളള ബൊട്ടീക്കുകളേക്കാള്‍ കൂടുതല്‍ സ്ത്രീകളുടേതാണ്. സ്ത്രീ സൗന്ദര്യം വര്‍ധിപ്പിക്കുന്നതില്‍ ഇന്ന് പ്രധാന പങ്ക് വഹിക്കുന്നത് ഫാഷന്‍ ഡിസൈനേഴ്‌സും ബൊട്ടിക്കുകളുമാണെന്ന് അഞ്ജലി വ്യക്തമാക്കുന്നു. പുതിയ ട്രെന്‍ഡുകള്‍ക്ക് ഒപ്പം നില്‍ക്കുന്നതു മാത്രമല്ല ബൊട്ടീക്കുകളുടെ വിജയത്തിനു പിന്നില്‍, അന്യം നിന്നുപോകുന്ന നമ്മുടെ വസ്ത്ര സംസ്‌കാരത്തെ ഓര്‍മിപ്പിക്കാനും ചിലര്‍ ബൊട്ടീക്കുകള്‍ വഴി ശ്രമിക്കുന്നുണ്ടെന്ന് യുവേഴ്‌സ് ഡ്രസ് ഡിസൈനേഴ്‌സിലെ അമ്പിളി വിജയന്‍ അഭിപ്രായപ്പെടുന്നു.

സാധാരണ ടെക്‌സ്‌റ്റൈലുകളില്‍ ലഭിക്കുന്ന വസ്ത്രങ്ങളേക്കാള്‍, ഓരോരുത്തരും അവരുടെ ശരീരത്തിനും നിറത്തിനും അനുയോജ്യമായ രീതിയില്‍ വസ്ത്രങ്ങള്‍ രൂപപ്പെടുത്തി എടുക്കുന്നതില്‍ താല്‍പര്യം കാണിക്കുന്നു. മ്യൂറല്‍ ആര്‍ട്ടില്‍ ഡിസൈന്‍ ചെയ്ത വസത്രങ്ങള്‍ക്ക് യുവനിരയില്‍ പ്രിയമേറുന്നു

അമ്പിളി വിജയന്‍, ലത മുരളീധരന്‍ യുവേഴ്‌സ് ഡ്രസ് ഡിസൈനേഴ്‌സ്

ബൊട്ടീക് അനുദിനം പെരുകുന്നുണ്ടെങ്കിലും സാധാരണ ടെക്‌സ്‌റ്റൈലുകളിലേക്ക് എത്തുന്നവരുടെ എണ്ണത്തില്‍ വലിയ കുറവില്ലെന്നാണ് കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റീല്‍ പ്രവര്‍ത്തിക്കുന്ന ദി ബി നാന സ്റ്റോര്‍ ഡിസൈനര്‍ നാന മുഹമ്മദിന്റെ അഭിപ്രായം. ബൊട്ടീക്കുകളുടെ സാധ്യതകള്‍ക്കൊപ്പം തന്നെ സാധാരണ ടെക്‌സ്‌റ്റൈല്‍ മേഖലയിലും വളര്‍ച്ച പ്രകടമാണ്. ഇവയുടെ എണ്ണം കൂടുന്നത് ടെക്‌സ്‌റ്റൈലുകളിലേക്കുള്ള ആളുകളുടെ വരവ് കുറയ്ക്കില്ല. മെറ്റീരിയലുകള്‍ എടുക്കാന്‍ ആളുകള്‍ ഇപ്പോഴും എത്തുന്നത് സാധാരണ ടെക്‌സ്‌റ്റൈലുകളിലേക്കാണ്. ബി നാന സ്റ്റോര്‍ കൂടുതലും പുതിയ പരീക്ഷണങ്ങള്‍ നടത്തി വരുന്നത് സല്‍വാറുകളിലും കുര്‍ത്തീസുകളിലുമാണ്. കൊച്ചി പോലുള്ള നഗരങ്ങളില്‍ മാത്രമായിരുന്നു ബൊട്ടീക്കുകളെ ആളുകള്‍ക്ക് ആവശ്യം, എന്നാല്‍ ഫാഷനോടുള്ള ആളുകളുടെ പ്രിയം കൂടുന്നതനുസരിച്ച് എല്ലാ സ്ഥലങ്ങളിലും ബൊട്ടീക്കുകളുടെ എണ്ണം കൂടിവരികയാണ് നാന ചൂണ്ടിക്കാണിക്കുന്നു. ആളുകളുടെ താല്‍പര്യത്തിനനുസരിച്ച് വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്ത് നല്‍കുന്നതോടൊപ്പം നവീന ഫാഷനോടൊപ്പം സഞ്ചരിക്കാനും കഴിഞ്ഞാല്‍ നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയുന്ന സംരംഭമാണ് ബൊട്ടിക്കുകള്‍.

വസ്ത്രങ്ങളിലെ പുത്തന്‍ ട്രെന്‍ഡുകളാണ് വിപണിയെ എക്കാലവും പിടിച്ചു നിര്‍ത്തുന്നത്. ഫാഷന്‍ തരംഗം ഏറ്റവും കൂടുതല്‍ പ്രതിഫലിക്കുന്ന വസ്ത്ര വിപണിയിലെ കാലത്തിന് അനുസരിച്ചുള്ള മാറ്റമാണ് ബൊട്ടീക് മുന്നോട്ടു വെക്കുന്നത്. ആളുകളെ മികച്ച തെരഞ്ഞെടുക്കല്‍ സംസ്‌കാരത്തിലേക്ക് നയിക്കാനും അവയ്ക്കു കഴിയുന്നുണ്ട്. വിപണിയില്‍ ലഭ്യമായവ ധരിക്കാനല്ല, മറിച്ച് നമുക്കിഷ്ടമുള്ള രീതിയില്‍ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്ത് പുതിയ ട്രെന്‍ഡ് നിര്‍മിക്കാന്‍ കഴിയുമെന്ന് പഠിപ്പിക്കുകയാണ് ബൊട്ടീക്കുകള്‍.

 

Comments

comments

Categories: Branding, FK Special, Slider, Women