‘എല്ലാം ആകാം.. ഒന്നും അധികമാകരുത്….’

‘എല്ലാം ആകാം.. ഒന്നും അധികമാകരുത്….’

മദ്യപിക്കുമ്പോള്‍ ഒന്നോര്‍ക്കണം, കാത്തിരിക്കാനുണ്ട് നിങ്ങള്‍ക്ക് ചിലര്‍ എന്ന ഓര്‍മ്മപ്പെടുത്തലാണ് രണ്ട് മിനിട്ട് ദൈര്‍ഘ്യമുള്ള ‘ലഹരിക്കപ്പുറം’ എന്ന ഹ്രസ്വചിത്രം നമുക്ക് സമ്മാനിക്കുന്നത്. ആശയം ലഭിച്ച് വെറു പതിനെട്ടു മണിക്കൂറിനുള്ളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കി യൂടൂബില്‍ എത്തിയ വീഡിയോ ഒരൊറ്റ രാത്രി കൊണ്ട് വൈറലായി

മദ്യത്തിന്റെ ദോഷവശത്തെ ലളിതമായി ചിത്രീകരിച്ച ഒരു ഹ്രസ്വ ചലച്ചിത്രം ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ യൂടൂബില്‍ ഹിറ്റായി മാറിയിരിക്കുകയാണ്. മദ്യപാനത്തെ ആഘോഷമായി കാണുന്ന ചിലരുടെ മുന്നിലേക്ക് രണ്ടു മിനിട്ട് ദൈര്‍ഘ്യത്തില്‍ പുറത്തിറങ്ങിയ ‘ലഹരിക്കപ്പുറം’ എന്ന ഹ്രസ്വചിത്രം നല്‍കുന്ന സന്ദേശം ഒരു ചെറിയ ഓര്‍മപ്പെടുത്തല്‍ കൂടിയാണ്. നമ്മള്‍ മാത്രം ആഘോഷിക്കുമ്പോള്‍ നമുക്ക് വേണ്ടി കാത്തിരിക്കുന്നവരെ കുറിച്ചുള്ള ഓര്‍മപ്പെടുത്തല്‍. ഒരൊറ്റ രാത്രി കൊണ്ട് ലക്ഷത്തില്‍പരം കാഴ്ചക്കാരെയാണ് ഈ ഹ്രസ്വചിത്രം സൃഷ്ടിച്ചത്.

ചിത്രത്തിനു ചുക്കാന്‍ പിടിച്ചത് കോഴിക്കോട്ടുകാരനായ സി കെ പ്രഗ്‌നേഷ് ആണ്. മാധ്യമ രംഗത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന പ്രഗ്‌നേഷ് നിരവധി പരസ്യ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.

പുതുവല്‍സരം കാത്തിരിക്കുന്നതിന്റെ സന്തോഷത്തില്‍ രാത്രി ഏറെ വൈകിയിട്ടും മദ്യത്തിന് അടിമപ്പെട്ടു കിടക്കുന്ന വ്യക്തി സുഹൃത്തിനെയും സന്തോഷത്തില്‍ പങ്കുകൊള്ളാന്‍ വിളിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. എന്നാല്‍ ആ സന്തോഷത്തില്‍ ചെറുതായി പങ്കുകൊണ്ട് കൂടുതല്‍ നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങാതെ മടങ്ങുന്ന സുഹൃത്ത് എല്ലാം ആകാം എന്നാല്‍ ഒന്നും അധികമാവരുത്.. എന്ന ഓര്‍മ്മപ്പെടുത്തല്‍ നല്‍കുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്. ആശയം ലഭിച്ച് വെറു പതിനെട്ടു മണിക്കൂറിനുള്ളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കി വീഡിയോ യൂടൂബില്‍ എത്തുകയായിരുന്നുവെന്ന് സംവിധായകന്‍ പ്രഗ്‌നേഷ് പറയുന്നു.

ആഘോഷമേതായാലും മദ്യപാനം നിര്‍ബന്ധമായ സമൂഹത്തിന് നല്ലൊരു ഓര്‍മപ്പെടുത്തലും പുനര്‍ചിന്തനവുമാണ് ഈ ഹ്രസ്വചിത്രം നല്‍കുന്നത്. എല്ലാവരും മദ്യപാനം നിര്‍ത്തണം എന്ന് പറയുമ്പോള്‍ ആകാം എന്നാല്‍ ഒന്നും അധികമാകരുത് എന്ന സന്ദേശമാണ് ഇവര്‍ ആളുകളിലേക്ക് എത്തിക്കുന്നത്

അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരുമടക്കം 5 പേരാണ് ചിത്രത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. ഡിസംബര്‍ 30ാം തിയതി നടന്ന ചെറിയൊരു സൗഹൃദ സംഭാഷണമാണ് ലഹരിക്കപ്പുറം എന്ന ചിത്രത്തിലേക്കുള്ള വഴിത്തിരിവായത്. വലിയ ടെക്‌നോളജി ഒന്നുമില്ലാതെ ഷൂട്ട് ചെയ്ത ചിത്രത്തിന് യാതൊരുവിധ ചെലവുകളും ഉണ്ടായിട്ടില്ലെന്ന് പ്രഗ്‌നേഷ് പറയുന്നു. ആദ്യം ഐഫോണില്‍ ഷൂട്ട് ചെയ്യാമെന്നു കരുതിയതെങ്കിലും പിന്നീട് സുഹൃത്തുക്കളുടെ കാമറയില്‍ ഷൂട്ട് ചെയ്യുകയാണുണ്ടായത്. കാര്‍ ലൈറ്റിന്റെ വെളിച്ചത്തിലായിരുന്നു ഷൂട്ടിംഗ്. ഡിസംബര്‍ മുപ്പതാം തിയതി ഷൂട്ട് ചെയ്ത് 31 ന് രാത്രിയോടെ ചിത്രം യൂടൂബിലൂടെ ആളുകളിലേക്ക് എത്തി. നിമിഷനേരം കൊണ്ടു തന്നെ ചിത്രം വൈറലാവുകയും ചെയ്തു.

കല്ല്യാണമോ മരണമോ എന്തുതന്നെയോ ആയിക്കോട്ടെ മദ്യപാനം നിര്‍ബന്ധമാണെന്ന ചുറ്റുപാടിലാണ് നാം ഇന്നു ജീവിക്കുന്നത്. ആ രീതിയില്‍ നിന്നും ചിലരെയെങ്കിലും മാറി ചിന്തിപ്പിക്കണമെന്ന തീരുമാനമായിരുന്നു ഈ ഹ്രസ്വ ചിത്രത്തിനു പിന്നില്‍. എല്ലാം ആകാം എന്നാല്‍ ഒന്നും അധികമാകരുത് എന്ന ടാഗ് ലൈനോടുകൂടിയാണ് ചിത്രം അവസാനിക്കുന്നത്. കോപ്പിറൈറ്റ് പ്രൊഡക്ഷന്‍ ബാനറില്‍ നിര്‍മിച്ച ചിത്രത്തില്‍ ആസാദ് കണ്ണാടിക്കല്‍, കിരണ്‍ നാണു മഠത്തില്‍ എന്നിവരാണ് അഭിനയിച്ചിട്ടുള്ളത്.

നിരവധി ഷോര്‍ട്ട് ഫിലിമുകളും മുപ്പതോളം പരസ്യചിത്രങ്ങളും ചെയ്ത പ്രഗ്‌നേഷ് അമൃത ടിവി കാമറ അസിസ്റ്ററ്റ് ആയാണ് മേഖലയിലെ കടന്നുവന്നത്. റെഡ് എഫ്എംലും കുറച്ച് കാലം ജോലി ചെയ്തു. കോക്കനട്ട് നീര, പ്രീമിയര്‍ ഫുട്‌വെയര്‍, ചെന്നൈ സാരീസ് എന്നിവയാണ് പ്രഗ്‌നേഷിന്റെ പ്രധാന പരസ്യ ചിത്രങ്ങള്‍.

Comments

comments

Categories: FK News, Life, Movies, Slider