എണ്ണ വിപണിയുടെ സ്ഥിരത; ഒപെക്കിന്റെ വിജയം

എണ്ണ വിപണിയുടെ സ്ഥിരത; ഒപെക്കിന്റെ വിജയം

എണ്ണ വില 70 ഡോളറിന് മുകളിലെത്തിയതാണ് കഴിഞ്ഞയാഴ്ച്ചത്തെ പ്രധാന വിശേഷങ്ങളിലൊന്ന്. എണ്ണ ഉല്‍പ്പാദനം വെട്ടിച്ചുരുക്കിയ കരാര്‍ നീട്ടിയ ഒപെക് രാജ്യങ്ങളുടെ തന്ത്രമാണ് ഫലം കണ്ടത്

2014ന് ശേഷം ആദ്യമായിട്ടാണ് കഴിഞ്ഞയാഴ്ച്ച എണ്ണ വില ബാരലിന് 70 ഡോളര്‍ കടന്നത്. എണ്ണ വിപണിയുടെ തിരിച്ചുവരവിന്റെ പ്രതിഫലനം കൂടിയായിരുന്നു അത്. എണ്ണ വിലയിലെ തകര്‍ച്ച എണ്ണ ഉല്‍പ്പാദക രാജ്യങ്ങളില്‍(ഒപെക്) ഉണ്ടാക്കിയ അസ്വസ്ഥത ചെറിയ തോതിലൊന്നുമല്ല സമ്പദ് വ്യവസ്ഥയെ ബാധിച്ചത്. സൗദി അറേബ്യ പോലുള്ള രാജ്യങ്ങള്‍ എണ്ണയെ വരുമാന സ്രോതസ്സായി കാണുന്നതില്‍ മാറ്റം വരുത്താന്‍ വരെ തീരുമാനമെടുത്തു. എണ്ണ ഇതര സ്രോതസ്സുകളിലേക്ക് വരുമാനത്തെ വൈവിധ്യവല്‍ക്കരിക്കുന്ന വമ്പന്‍ പദ്ധതികള്‍ക്കു തുടക്കമിടുകയും ചെയ്തു. അതേസമയം, എണ്ണ വിപണിയെ തിരിച്ചുകൊണ്ടുവരാന്‍ കൃത്യമായ പദ്ധതിയും തയാറാക്കി ഒപെക്. അതിന്റെ വിജയമാണ് ഇപ്പോള്‍ എണ്ണ വിലയിലുണ്ടാകുന്ന വര്‍ധന.

എണ്ണ ഉല്‍പ്പാദനം വന്‍തോതില്‍ വെട്ടിച്ചുരുക്കി വിപണിയില്‍ വില വര്‍ധിപ്പിക്കാനുള്ള നീക്കമാണ് ഒപെക് നടത്തിയത്. തുടക്കത്തില്‍ ഇത് ഫലം കണ്ടില്ലെങ്കിലും പിന്നീട് കരാര്‍ വീണ്ടും പുതുക്കി. പ്രധാനപ്പെട്ട ഗള്‍ഫ് രാജ്യങ്ങള്‍ ഉത്തരവാദിത്തത്തോടെ പെരുമാറിയതോടെ ഉല്‍പ്പാദനം വെട്ടിച്ചുരുക്കിയ നടപടി ഫലം കാണാനും തുടങ്ങി. എണ്ണ വില ഈ വര്‍ഷം ബാരലിന് 80 ഡോളര്‍ വരെ എത്തിയേക്കുമെന്ന് ചില വിദഗ്ധര്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ട്. എന്തായാലും എണ്ണയ്ക്ക് ഇനി അത്ര ആയുസ്സില്ല എന്നത് വാസ്തവമാണ്. തങ്ങളുടെ സമ്പദ് വ്യവസ്ഥ പൂര്‍ണമായും എണ്ണ മുക്തമാക്കുന്ന ദിവസത്തെക്കുറിച്ചാണ് എണ്ണയില്‍ മാത്രം ഒരു കാലത്ത് വിശ്വാസമര്‍പ്പിച്ചിരുന്ന സൗദി സ്വപ്‌നം കാണുന്നതും പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നതും.

എണ്ണ വില ഇടിഞ്ഞതോടെ വിപണിയെ പിടിച്ചു നിര്‍ത്തുന്നതിനായി കഴിഞ്ഞ വര്‍ഷം ആദ്യമാണ് ഒപെക് രാജ്യങ്ങളും ഒപെക് ഇതര രാജ്യങ്ങളും ചേര്‍ന്ന് കരാറില്‍ എത്തിയത്. കരാര്‍ അനുസരിച്ച് പ്രതിദിന ഉല്‍പ്പാദനം 1.8 മില്യണ്‍ ബാരലായാണ് വെട്ടിക്കുറച്ചത്. ആദ്യം ആറ് മാസത്തേക്കാണ് കരാര്‍ അവതരിപ്പിച്ചത്. പിന്നീട് ഇത് 2018 മാര്‍ച്ച് വരെ നീട്ടുകയായിരുന്നു.
ഇപ്പോള്‍ എണ്ണ വിലയിലുണ്ടാകുന്ന വര്‍ധനയുടെ അടിസ്ഥാനത്തില്‍ ഉല്‍പ്പാദനം വെട്ടിച്ചുരുക്കുന്ന കരാറില്‍ മാറ്റമൊന്നു വരുത്താതിരിക്കുകയാണ് നല്ലത്. ചുരുങ്ങിയത് നാല് മാസത്തേക്കെങ്കിലും കരാര്‍ ഇതേപടി നിലനില്‍ക്കുന്നതാകും വിപണിക്ക് ഗുണകരം.

Comments

comments

Categories: Editorial