തകര്‍ന്ന തീരത്തിന് തോമസ് ഐസകിനോട് പറയാനുള്ളത്

തകര്‍ന്ന തീരത്തിന് തോമസ് ഐസകിനോട് പറയാനുള്ളത്

ജീവിതത്തിന്റെ നല്ലകാലം മുഴുവന്‍ സാഹസികമായി കടലിനോട് പടവെട്ടി സമൂദത്തിന്റെ തീന്‍മേശയിലേക്ക് ഗുണമേന്‍മയുള്ള ഭക്ഷണമെത്തിക്കുന്ന മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി മുന്‍കാലങ്ങളില്‍ സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച പദ്ധതികള്‍ക്ക് പഞ്ഞമില്ല. മത്സ്യത്തൊഴിലാളികള്‍ക്ക് വീടുകള്‍ പണിയാനും കടല്‍തീരങ്ങള്‍ സംരക്ഷിക്കാനുമെല്ലാം കോടികളുടെ പദ്ധതികള്‍ നടപ്പിലാക്കിയിട്ടും എല്ലാം കടലില്‍ കായം കലക്കിയത് പോലെ അദൃശ്യമായിരിക്കുന്നു. സംസ്ഥാന ബജറ്റിലേക്ക് മൂന്നാഴ്ച മാത്രം അവശേഷിക്കെ എന്താണ് ധനമന്ത്രി തോമസ് ഐസക്കില്‍ നിന്ന് മത്സ്യമേഖല പ്രതീക്ഷിക്കേണ്ടത്?

ഓഖി ദുരന്തമുണ്ടായി മാസമൊന്ന് കഴിഞ്ഞിട്ടും കാണാതായ 90 പ്രിയപ്പെട്ടവര്‍ക്കായി തീരഗ്രാമങ്ങള്‍ കണ്ണീരും പ്രാര്‍ഥനയുമായി കഴിയുകയാണ് ഇപ്പോഴും. പ്രതീക്ഷയുടെ ചെറുവെളിച്ചമെങ്കിലും കടലില്‍ പ്രത്യക്ഷപ്പെടുന്നുണ്ടോയെന്ന്, ഒരു കൂക്കുവിളിയെങ്കിലും കേള്‍ക്കുന്നുണ്ടോയെന്ന് അവര്‍ കാത്തിരിക്കുന്നു. സംസ്ഥാനത്തെ മത്സ്യമേഖലയും മത്സ്യത്തൊഴിലാളികളും നേരിടുന്ന അവഗണനയുടെ നേര്‍ചിത്രം മറ്റാര്‍ക്കും കഴിയാത്ത രീതിയില്‍ ഒരു ചുഴലിക്കാറ്റ് വളരെ വ്യക്തമായി സമൂഹത്തിന്റെ മുന്നിലവതരിപ്പിച്ചിരിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. സംസ്ഥാനത്തെ പരമ്പരാഗത തൊഴില്‍ മേഖലകളില്‍ ഏറ്റവും അപകടകരമായ കടലില്‍ മത്സ്യത്തൊഴിലാളികള്‍ ആരെ വിശ്വസിച്ച് തൊഴിലിലിറങ്ങണമെന്ന ചോദ്യമാണ് ചുഴലിക്കാറ്റ് സമൂഹത്തിന്റെ മുന്നില്‍ തുറന്നിട്ടിരിക്കുന്നത്.

ഫെബ്രുവരി രണ്ടിന് ധനമന്ത്രി ഡോ. തോമസ് ഐസക് അടുത്ത വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കൊനൊരുങ്ങുമ്പോള്‍ തീരമേഖലക്കായുളള അദ്ദേഹത്തിന്റെ പ്രസ്താവനകളാവും ഏറ്റവും ശ്രദ്ധിക്കപ്പെടുകയെന്ന് വ്യക്തമാണ്. ഓഖി ദുരന്തം ഇത്തരമൊരു ബൃഹത്തായ പ്രഖ്യാപനത്തിന്റെ സാധ്യതകള്‍ തുറന്നിട്ടിരിക്കുന്നു. സംസ്ഥാനത്തെ മൂന്നിലൊന്ന് ജനങ്ങള്‍ വസിക്കുന്ന തീരമേഖലയില്‍ അടിയന്തരപ്രാധാന്യത്തോടെ നടപ്പാക്കാനുള്ള പരിപാടികള്‍ ഏറെയുണ്ട്. ദീര്‍ഘവീക്ഷണത്തോടെ ഇത്തരം പദ്ധതികള്‍ പ്രഖ്യാപിക്കാനും തീരമേഖലയിലെ ജനങ്ങളുടെ ജീവിതസാഹചര്യങ്ങളും സുരക്ഷയും മെച്ചപ്പെടുത്താനും വരും വര്‍ഷങ്ങളില്‍ ഇതിന്റെ നടത്തിപ്പ് എങ്ങനെ മുന്നോട്ടു കൊണ്ടുപോകാനാവുമെന്നതിന് മതിയായ മാര്‍ഗനിര്‍ദേശങ്ങളും ബജറ്റില്‍ ഉണ്ടാവുമെന്നാണ് മത്സ്യത്തൊഴിലാളികളും തീരദേശത്തെ ജനങ്ങളും പ്രതീക്ഷിക്കുന്നത്.

ശിലുവമ്മയെ മറന്നോ?

തിരുവന്തപുരത്ത് പുല്ലുവിളയിലെ കടല്‍തീരത്ത് പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ പോയ വൃദ്ധയെ തെരുവുനായ്ക്കള്‍ കടിച്ചു കീറി കൊന്നത് കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു. സമ്പൂര്‍ണ വെളിയിട വിസര്‍ജ്ജന സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചതിന്റെ നിര്‍വൃതിയിലിരുന്ന അധികാരികളുടെ മുഖത്തേറ്റ അടിയായിരുന്നു ഈ സംഭവം. വീട്ടില്‍ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ സൗകര്യമില്ലാത്ത ശിലുവമ്മയെപ്പോലെ ആയിരങ്ങളാണ് കേരളത്തിന്റെ തീരദേശത്തുള്ളത്. അടച്ചുറപ്പുള്ള വീടോ മറ്റ് സൗകര്യങ്ങളോ ഇവര്‍ക്കില്ല. വീടുകളുടെയും ജനങ്ങളുടെയും സാന്ദ്രത കൂടുതലായതിനാല്‍ മാലിന്യ നിര്‍മാര്‍ജനത്തിനും മതിയായ സൗകര്യങ്ങളില്ല. ജൈവമാലിന്യവും അറവു മാലിന്യവും മറ്റ് നാഗരിക അവശിഷ്ടങ്ങളുമെല്ലാം പേറാന്‍ കടല്‍തീരങ്ങള്‍ നിര്‍ബന്ധിതമാവുന്നു. തീരദേശത്തെ ജനങ്ങളുടെ ജീവനെ ദുരിതത്തിലാക്കുന്ന ഈ കാഴ്ചകള്‍ രാജ്യാന്തര വിനോദസഞ്ചാര ഭൂപടത്തില്‍ അടയാളപ്പെടുത്തപ്പെട്ട കേരളത്തിന്റെ ബീച്ചുകളുടെ ആകര്‍ഷണീയതും കുറച്ചിരിക്കുന്നു. വിഴിഞ്ഞവും ആലപ്പുഴുമെല്ലാം മാലിന്യക്കൂമ്പാരങ്ങളാവുന്നത് തടഞ്ഞില്ലെങ്കില്‍ സംസ്ഥാനത്തിന്റെ വിനോദസഞ്ചാര മേഖലക്ക് ഏറെ അപഖ്യാതിയാവുമത്. ഭൂരഹിതരായവര്‍ക്ക് സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി നടപ്പാക്കാനും ശൗചാലയങ്ങളില്ലാത്ത വീടുകളില്‍ അത് സൗജന്യമായി നിര്‍മിച്ചു കൊടുക്കാനും ഭൂമി ലഭ്യമല്ലാത്ത കോളനികളില്‍ പൊതു ശൗചാലയങ്ങള്‍ നിര്‍മിച്ചു നല്‍കാനുമുള്ള പദ്ധതി ബജറ്റില്‍ അടിയന്തരമായി പ്രഖ്യാപിക്കുകയും സമയപരിധിക്കുള്ളില്‍ നടപ്പാകുന്നെന്ന് ഉറപ്പാക്കേണ്ടതാണ്.

ബജറ്റുകള്‍ ബാക്കിവെച്ചത്

തീരദേശ മേഖലയുടെ സമഗ്ര വികസനത്തിന് ഏറെ പ്രഖ്യാപനങ്ങള്‍ നടത്തിയ ബജറ്റാണ് കഴിഞ്ഞ വര്‍ഷം ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചത്. 576 കോടി രൂപയാണ് വിവിധ വികസന, ക്ഷേമ പദ്ധതികള്‍ക്കായി നീക്കിവെച്ചത്. എന്നാല്‍ പ്രഖ്യാപനങ്ങള്‍ കടലാസിലൊതുങ്ങിയെന്ന് ഈ മേഖലയില്‍ നിന്നുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. സമുദ്രതീരത്ത് 50 മീറ്റര്‍ ദൂരപരിധിയില്‍ താമസിക്കുന്ന 24,581 കുടുംബങ്ങളുണ്ട് കേരളത്തില്‍. കടലാക്രമണത്തിന്റെ കെടുതി വര്‍ഷങ്ങളായി അനുഭവിച്ച് കഴിയുന്ന ജനങ്ങളുടെ ദുരിതം പരിഹരിക്കാനും അവരെ സുരക്ഷിത സ്ഥാനങ്ങളില്‍ പുനരധിവസിപ്പിക്കാനും കൊണ്ടുവന്നത് 150 കോടി രൂപയുടെ പദ്ധതിയാണ്. എന്നാല്‍ അടുത്ത ബജറ്റ് പ്രഖ്യാപിക്കാനൊരുങ്ങുന്ന ഘട്ടത്തിലും ഇവര്‍ ദുരിതതീരത്തു തന്നെയാണ്. പുനരധിവാസ പദ്ധതി നടപ്പായില്ലെന്ന് മത്സ്യത്തൊഴിലാൡള്‍ ചൂണ്ടിക്കാട്ടുന്നു. അമ്പലപ്പുഴയില്‍ 140 കുടുംബങ്ങളാണ് കടലാക്രമണത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട് ഷെല്‍ട്ടറുകളില്‍ കഴിയുന്നത്.

ടിഎന്‍ പ്രതാപന്‍, ഫിഷര്‍മെന്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്, മുന്‍ എംഎല്‍എ

കടലാക്രമണത്തില്‍ നിന്ന് മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാനും ദുരിതബാധിതരെ സഹായിക്കാനുമുള്ള പദ്ധതി ബജറ്റില്‍ വേണം. ജീവനും സ്വത്തിനും ജീവനോപാധികള്‍ക്കും വരുന്ന നാശനഷ്ടങ്ങള്‍ പരിഹരിക്കാനുള്ള സഹായധനം ബജറ്റില്‍ പ്രഖ്യാപിക്കണം. ക്ഷേമപദ്ധതികള്‍ നടപ്പാക്കാന്‍ മത്സ്യഫെഡിന് ആവശ്യമായ തുക സര്‍ക്കാര്‍ കൈമാറണം. ഓഖി, സുനാമി ദുരന്തങ്ങള്‍ നല്‍കുന് പാഠം നാം ഉള്‍ക്കൊള്ളുകയാണ് വേണ്ടത്. തീരമേഖലയില്‍ ദുരന്തങ്ങളുണ്ടാവുമ്പോള്‍ ഏകോപനം നടത്താന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്ഥിരം കണ്‍ട്രോള്‍ റൂം സംവിധാനം സ്ഥാപിക്കണം. ഫിഷറീസ് വകുപ്പിന്റെയോ ഹാര്‍ബര്‍ എഞ്ചിനീയറിംഗിന്റെയോ റവന്യൂ വകുപ്പിന്റെയോ ഭൂമി ഇതിനായി ഉപയോഗിക്കാവുന്നതാണ്. മത്സ്യത്തൊഴിലാൡളെ ദുരന്തളില്‍ നിന്ന് രക്ഷിക്കാന്‍ പ്രത്യേക റെസ്‌ക്യൂ ഓപ്പറേഷന്‍ ടീം രൂപീകരിക്കണം. 10 മുതല്‍ 15 ദിവസങ്ങള്‍ വരെ കടലില്‍ ചെലവഴിച്ച് മടങ്ങുന്നവരാണ് നമ്മുടെ മത്സ്യത്തൊഴിലാൡള്‍. വാര്‍ത്താവിനിമയ സൗകര്യങ്ങളോ കാലാവസ്ഥാ വ്യതിയാനങ്ങളെ കുറിച്ച് വിവരങ്ങള്‍ നല്‍കാനുള്ള സംവിധാനങ്ങളോ ഇവര്‍ക്ക് ലഭ്യമല്ല. ഇത് പരിഹരിക്കാനുളള സംവിധാനം എല്ലാ വള്ളങ്ങള്‍ക്കും സര്‍ക്കാര്‍ സൗജന്യമായി ഏര്‍പ്പെടുത്തമം. ക്ഷേമപദ്ധതികള്‍ പരിഷ്‌കരിക്കപ്പെടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ക്ഷേമനിധി ബോര്‍ഡിന്റെ വിഹിതം വര്‍ധിപ്പിക്കുകയും പുതിയ പദ്ധതികള്‍ ആരംഭിക്കുകയും ചെയ്യാന്‍ സര്‍ക്കാര്‍ തയാറാവണം. ഓഖി ദുരന്തത്തില്‍ തകര്‍ന്ന തീരമേഖലയിലെ മത്സ്യത്തൊഴിലാളികള്‍ ബാങ്കുകളില്‍ നിന്നും ഹൗസിംഗ് സൊസൈറ്റികളില്‍ നിന്നും മറ്റും എടുത്ത വായ്പകള്‍ മത്സ്യത്തൊഴിലാളി കടാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എഴുതി തള്ളാന്‍ തീരുമാനം ഉണ്ടാവണം. റേഷന്‍ മുന്‍ഗണനാ പട്ടികയില്‍ എല്ലാ മത്സ്യത്തൊഴിലാളി കുടുംബങ്ങളെയും ഉള്‍പ്പെടുത്തണം. തീരപ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരവും സൗകര്യങ്ങളും മെച്ചപ്പെടേണ്ടതുണ്ട്. ഏറ്റവും ആധുനികമായ സൗകര്യങ്ങള്‍ മത്സ്യത്തൊഴിലാളികളുടെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകളില്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയാറാവണം. ഉള്‍നാടന്‍ മത്സ്യമേഖലയിലും പ്രശ്‌നങ്ങള്‍ രൂക്ഷമാണ്. വേമ്പനാട് കായലിലടക്കം പോള നിറഞ്ഞത് യാനങ്ങളുടെ സഞ്ചാരത്തിന് തടസമുണ്ടാക്കിയിരിക്കുന്നു. പോളയും മാലിന്യവും വലിയ പാരിസ്ഥിതിക പ്രശ്‌നമായി മാറിയിട്ടുണ്ട്. പോള നീക്കം ചെയ്ത് ഉപോത്പന്നങ്ങളുണ്ടാക്കാനുള്ള പദ്ധതി തയാറാക്കണം. വന്‍കിട കയ്യേറ്റങ്ങളില്‍ നിന്നും കായലുകള്‍ സംരക്ഷിക്കാനും മത്സ്യസമ്പത്ത് കുറയുന്നതിന് പരിഹാരം കാണാനും ബജറ്റില്‍ ക്രിയാത്മകമായ നീക്കങ്ങളുണ്ടാവണം.

കടല്‍ തീരവും വീടുകളും സംരക്ഷിക്കാന്‍ പുലിമുട്ടുകളിടുന്നതും കടല്‍ഭിത്തി കെട്ടുന്നതുമാണ് പരിഹാര മാര്‍ഗം. ഇതിനാവശ്യമായ കോടിക്കണക്കിന് പണം വിവിധ ബജറ്റുകളില്‍ വകയിരുത്തുകയും 20ഓളം പുലിമുട്ടുകള്‍ കേരള തീരത്ത് സ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ അശാസ്ത്രീയമായ നിര്‍മാണം മൂലം ഇതില്‍ വിരലിലെണ്ണാവുന്നവ മാത്രമാണ് പ്രയോജനം നല്‍കിയത്. പുലിമുട്ടുകളോരോന്നും ശരാശരി 10 കിലോമീറ്ററോളം കടല്‍ത്തീരം നശിപ്പിക്കുകയും ചിലയിടത്ത് തീരം തന്നെ ഇല്ലാതാക്കുകയും ചെയ്തു. ഇവിടങ്ങളിലൊക്കെ മത്സ്യത്തൊഴിലാളികളുടെ ഉപജീവമാര്‍ഗം മുടങ്ങിയെന്ന് മാത്രമല്ല പരിസ്ഥിതിക്ക് കനത്ത ആഘാതമാണ് ഉണ്ടായത്. മുതലപ്പൊഴിയില്‍ മത്സ്യബന്ധനത്തിനായി നിര്‍മിച്ച പുലിമുട്ട് അഞ്ചുതെങ്ങ് വരെയുള്ള തീരത്തെ കവര്‍ന്ന് 300ല്‍ ഏറെ മത്സ്യത്തൊഴിലാൡളെ ഭവന രഹിതരാക്കി. അമ്പലപ്പുഴ, ആറാട്ടുപുഴ തീരങ്ങളില്‍ ഈ വര്‍ഷം കടലാക്രമണം തടയാന്‍ മണല്‍ ചാക്കുകളാണ് ഇട്ടത്. ഏതാനും ദിവസം കൊണ്ട് ചാക്കുകളൊക്കെ തിരയടിച്ച് ഒഴുകി പോയതോടെ തീരവാസികള്‍ ദുരിതത്തിലായി.

മത്സ്യബന്ധനത്തിന് സഹായകരമാകാന്‍ തുറമുഖങ്ങള്‍ നിര്‍മിക്കാന്‍ വലിയ പദ്ധതിയാണ് കഴിഞ്ഞ ബജറ്റില്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയത്. അര്‍ത്തുങ്കല്‍,വെള്ളയില്‍,താനൂര്‍, പരപ്പനങ്ങാടി തുടങ്ങി തലായി വരെ ഡസനോളം സ്ഥലങ്ങളില്‍ തുറമുഖ നിര്‍മാണത്തിന് 39 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. എന്നാല്‍ ധനവിനിയോഗം നടന്നില്ലെന്ന് ചൂണ്ടിക്കാട്ടപ്പടുന്നു. തുറമുഖങ്ങളില്‍ മണലടിഞ്ഞ് പ്രവര്‍ത്തനം തടസപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്തു നിന്ന് അനക്കമില്ല. തോട്ടപ്പള്ളി മത്സ്യബന്ധന തുറമുഖമടക്കം മണല്‍ നിറഞ്ഞ് ഉപയോഗശൂന്യമായി മാറിയിരിക്കുന്നു.

വി ദിനകരന്‍, മുന്‍ എംഎല്‍എ, ധീവരസഭ ജനറല്‍ സെക്രട്ടറി

മത്സ്യത്തൊഴിലാളികളുടെയും തീരത്തിന്റയും സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളൊന്നും മാറിമാറി വരുന്ന സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ലെന്നത് ദൗര്‍ഭാഗ്യകരമാണ്. ഓഖി ദുരന്തമുണ്ടായപ്പോള്‍ ഇതൊക്കെ നാം നേരിട്ട് കണ്ടു. മത്സ്യത്തൊഴിലാളികളെ എങ്ങനെ രക്ഷിക്കണമെന്നറിയാതെ സര്‍ക്കാര്‍ സംവിധാനം പരക്കം പായുകയായിരുന്നു. മത്സ്യത്തൊഴിലാളികള്‍ അപകടത്തില്‍ പെട്ടാല്‍ അടിയന്തര സഹായം നല്‍കുന്നതിന് മറൈന്‍ ആംബുലന്‍സ് ഉണ്ടാക്കുന്നതിനായി 2 കോടി രൂപ കഴിഞ്ഞ ബജറ്റില്‍ വകയിരുത്തി. എന്നാല്‍ ഒരു നടപടിും ഉണ്ടായില്ലെന്ന് നാം കണ്ടു. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന് സ്വന്തമായി ബോട്ടുകളില്ല. വാടകക്കെടുത്ത ബോട്ടുകളിലാണ് തീരസുരക്ഷയില്‍ അതീവ പ്രാധാന്യമുള്ള എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പ്രവര്‍ത്തിക്കുന്നത്. ചൈനയുമായും പാകിസ്ഥാനുമായും പങ്കുവെക്കുന്ന അതിര്‍ത്തി പോലെ തന്നെ പ്രധാനമാണ് നമ്മുടെ കടല്‍ തീരവും. ഭീകരാക്രമണ ഭീഷണിയും മറ്റും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കേരളത്തിന്റെ തീരവും പ്രതിരോധ മന്ത്രാലയത്തിന്റെ കീഴില്‍ കൊണ്ടുവന്ന് സംരക്ഷിക്കണം. കടലില്‍ നിരീക്ഷണത്തിന് സംസ്ഥാന സര്‍ക്കാരിന്റെ സ്വന്തം ഹെലികോപ്ടറുകള്‍ വേണം. കാലാവസ്ഥാ വ്യതിയാനങ്ങള്‍ കടലില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളും പ്രകൃതി ദുരന്തങ്ങളുടെ സാധ്യതയും വിശദമായി പഠിച്ച് നടപടികളെടുക്കാന്‍ സര്‍ക്കാര്‍ തയാറാവണം. ആഗോളതാപനം മൂലം കടല്‍ നിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. അമ്പലപ്പുഴയിലും ആലപ്പുഴയിലും കടല്‍ തീരത്തേക്ക് കയറി വന്നിരിക്കുന്നു. ചിലയിടങ്ങളില്‍ ഉള്‍വലിയുന്ന പ്രതിഭാസമാണ് കാണുന്നത്. ഭാവിയില്‍ കൊച്ചി നഗരമടക്കം വെള്ളത്തിനടിയിലായിപ്പോയേക്കാം. ഈ മോശം സൂചനകളെല്ലാം ശാസ്ത്രീയമായി വിലയിരുത്തി പരിഹാര മാര്‍ഗം കാണണം. ഓഖി ദുരന്തത്തിനെക്കുറിച്ച് വ്യക്തമായ മുന്നറിയിപ്പ് ആവശ്യമായ സമയത്ത് നല്‍കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജപ്പെട്ടു. ഇപ്പോഴാവട്ടെ ചുഴലി കാറ്റടിക്കും എന്ന് ഭീഷണിപ്പെടുത്തി കടലില്‍ പോകാന്‍ അനുവദിക്കാത്ത സാഹചര്യവുമുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കുകയോ വിവരം നല്‍കാതിരിക്കുകയോ ചെയ്യുന്ന ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരെ കര്‍ശനമായ നടപടി സര്‍ക്കാര്‍ എടുക്കണം. ഓഖി ദുരിതത്തിന്റെ കെടുതി അനുഭവിക്കുന്നവര്‍ക്കായി പിരിച്ച ഫണ്ട് വകമാറ്റരുതെന്നാണ് സര്‍ക്കാരിനോട് അഭ്യര്‍ഥിക്കാനുള്ളത്. മുന്‍പ് സുനാമി ദുരിതാശ്വാസത്തിന് വേണ്ടി പിരിച്ചതും കേന്ദ്രത്തില്‍ നിന്ന് ലഭിച്ചതുമായ ഫണ്ട് കിഴക്കന്‍ മലയോരമേഖലയുടെ വികസനത്തിനായി വകമാറ്റുകയാണ് ഉണ്ടായത്. തീരപ്രദേശത്തെ ദുരിതബാധിതര്‍ക്കായി ഓടുവില്‍ വീട് നിര്‍മിച്ചു നല്‍കിയത് അമൃതാനന്ദമയി മഠം അടക്കം സന്നദ്ധ സംഘടനകളാണ്. തീരപ്രദേശത്തുണ്ടാവുന്ന ദുരന്തങ്ങള്‍ക്ക് പ്രത്യേക ഫണ്ടോ അക്കൗണ്ടോ ഉണ്ടാക്കാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. ഇത് ഫണ്ട് വകമാറ്റാന്‍ സൗകര്യമൊരുക്കുന്നു.

തീരദേശത്തെ റോഡുകളുടെയും പാലങ്ങളുടെയും വികസനത്തിനും അറ്റകുറ്റപ്പണിക്കും കഴിഞ്ഞ ബജറ്റില്‍ വകയിരുത്തപ്പെട്ടത് 35 കോടി രൂപയാണ്. റോഡ് ഒഴികെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 56 കോടി രൂപയും പ്രഖ്യാപിച്ചു. ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വിഭാഗത്തിന് റോഡ് നിര്‍മാണത്തിനായി 100 കോടി രൂപ അനുവദിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനമുണ്ടായി. എന്നാല്‍ വര്‍ഷമൊന്ന് കഴിയുമ്പോള്‍ ഇത്തരം പ്രവര്‍ത്തികളൊന്നും തങ്ങളുടെ തീരമേഖലയില്‍ കാണാനായില്ലെന്നാണ് മത്സ്യത്തൊഴിലാളികളുടെ പരാതി.

മണ്ണെണ്ണ സബ്‌സിഡിയായി ബജറ്റില്‍ അനുവദിച്ചത് 25 കോടി രൂപയായിരുന്നു. സബ്‌സിഡി തുക മത്സ്യത്തൊഴിലാളികളിലേക്ക് എത്താന്‍ വൈകിയിരിക്കുന്നു. പുതിയ മണ്ണെണ്ണ പെര്‍മിറ്റുകളുടെ വിതരണവും കാര്യക്ഷമമായി നടന്നിട്ടില്ല. 10 കുതിര ശക്തിയില്‍ കുറഞ്ഞ എഞ്ചിന്‍ ഘടിപ്പിച്ച വള്ളങ്ങള്‍ക്ക് സബ്‌സിഡിയോടെ നല്‍കിയിരുന്ന 129 കിലോലിറ്റര്‍ മണ്ണെണ്ണ 50 കിലോലിറ്ററിലേക്ക് വെട്ടിക്കുറച്ചു. 10 കുതിരശക്തിക്ക് മുകളിലുള്ള വള്ളങ്ങള്‍ക്കും ആനുപാതികമായി മണ്ണെണ്ണ വിഹിതം കുറഞ്ഞത് പ്രതിസന്ധിക്കിടയാക്കിയിരിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ വിഹിതം വെട്ടിക്കുറച്ചതാണ് കാരണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കുറ്റപ്പെടുത്തുന്നു.

ടി പീറ്റര്‍, നാഷണല്‍ ഫിഷ് വര്‍ക്കേഴ്‌സ് ഫോറം ദേശീയ ജനറല്‍ സെക്രട്ടറി

ഓഖി ചുഴലിക്കാറ്റ് തീരത്തും കടലിലും തകര്‍ത്താടിയപ്പോള്‍ ഭരണസംവിധാനവും കോസ്്റ്റ് ഗാര്‍ഡും പകച്ചു നില്‍ക്കുന്നത് കേരളം കണ്ടു. നാവികസേന രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയിട്ടും ജനങ്ങളുടെ പരാതി തീര്‍ന്നില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിഷേധത്തിന്റെ ചൂടറിഞ്ഞു. കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷിക്കാന്‍ ഒടുവില്‍ മത്സ്യത്തൊഴിലാളികള്‍ തന്നെ കടലില്‍ പോകാന്‍ സന്നദ്ധരായി. ഉള്ളംകൈപോലെ കടല്‍ പരിചയമുള്ള മത്സ്യത്തൊളിലാളികള്‍ കേരള തീരത്തുണ്ട്. പതിറ്റാണ്ടുകളുടെ അനുഭവ പരിചയമുള്ള അവരെ രക്ഷാപ്രവര്‍ത്തനത്തില്‍ സഹകരിപ്പിക്കാന്‍ അധികൃതര്‍ തയാറായില്ല. കടലിന്റെ ഒഴുക്കും കാറ്റിന്റെ ഗതിയും വടക്കോട്ടായിരുന്നെന്ന വിവരം അതുകൊണ്ടുതന്നെ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ സര്‍ക്കാര്‍ സംവിധാനത്തിന് ലഭിക്കാന്‍ വൈകി. തീരരക്ഷാ സേനക്ക് കൂടുതല്‍ ബോട്ടുകള്‍ നല്‍കുകയും അഭ്യസ്തവിദ്യരും കടലിന്റെ പ്രകൃതി അറിയാവുന്നവരുമായ യുവാക്കളെ കൂടി ഉള്‍പ്പെടുത്തി രക്ഷാ സംവിധാനം വിപുലപ്പെടുത്തുകയുമാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

ജിഎസ്ടി നടപ്പാക്കിയത് പരമ്പരാഗത മത്സ്യത്തൊഴിവാൡള്‍ക്ക് സഹായകരമായില്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.വള്ളങ്ങളില്‍ ഘടിപ്പിക്കേണ്ട എഞ്ചിനും ഫ്‌ളോട്ടിനും 28 ശതമാനവും വലയ്ക്കും നൂലിനും 12 ശതമാനവുമാണ് ജിഎസ്ടി. ഇത് വിലക്കയറ്റത്തിന് കാരണമായിരിക്കുന്നു. ജിഎസ്ടി കൊണ്‍സില്‍ യോഗത്തില്‍ റസ്റ്ററന്റുകളുടെ നികുതി ഇളവ് ചെയ്തു കൊടുക്കാന്‍ കേരളം ശക്തമായി വാദിച്ചെങ്കിലും മത്സ്യത്തൊഴിലാളികളുടെ കാര്യം അവഗണിച്ചതില്‍ തീരമേഖലക്ക് പ്രതിഷേധമുണ്ട്.

പ്രതീക്ഷകളും ആവശ്യങ്ങളും

കാലാവസ്ഥാ വ്യതിയാനവും മറ്റും മൂലം കേരള തീരത്ത് രൂക്ഷമായ കടല്‍ക്ഷോഭത്തില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാനുള്ള ബൃഹദ്പദ്ധതിയാണ് തീരമേഖല പ്രതീക്ഷിക്കുന്നത്. ശാസ്ത്രീയമായി വിലയിരുത്തി തിരയൊടിയുന്നതിനപ്പുറം പുവിമുട്ടുംമ കടല്‍ഭിത്തിയും കെട്ടിയാലേ ഗുണം കിട്ടൂ എന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. തീരമേഖലയില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവരെ പൂര്‍ണമായും പുനരധിവസിപ്പിക്കുമെന്ന ഉറപ്പും ഇതിനായുള്ള പദ്ധതിയും പ്രതീക്ഷിക്കപ്പെടുന്നു. സമീപകാല ദുരന്തങ്ങളില്‍ മത്സ്യബന്ധന ഉപകരണങ്ങള്‍ നഷ്യപ്പെട്ടവര്‍ക്ക് ധനസഹായം വേണം. 300 കിലോമീറ്റര്‍ വരെ കടലില്‍ സഞ്ചരിച്ച് മത്സ്യബന്ധനം നടത്തുന്ന മലയാളി മത്സ്യത്തൊഴിലാളികളുണ്ട്. മൊബൈല്‍ നെറ്റ്‌വര്‍ക്ക് കവറേജ് ലഭിക്കാത്ത ഈ ഭാഗങ്ങളിലെത്തുന്ന മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെടാന്‍ വയര്‍ലെസ് സംവിധാനം ഒരുക്കണം. ഓഖി ദുരന്ത്ം വന്നത് മുതല്‍ കടലില്‍ പോകാത്ത മത്സ്യത്തൊഴിലാളികള്‍ക്ക് 2000 രൂപ മാത്രമാണ് നഷ്ടപരിഹാരമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കുറഞ്ഞച് 5000 രൂപയെങ്കിലും ഇത്തരം സന്ദര്‍ഭങ്ങളില്‍ കിട്ടിയാലേ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രയോജനം ഉണ്ടാകുകയുള്ളൂ. തുറമുഖങ്ങളുടെ നവീകരണം അടിന്തരമായി ആരംഭിക്കുന്നതിന് സഹായകരമാവുന്ന പ്രഖ്യാപനത്തിനായും തീരമേഖല കാതോര്‍ക്കുന്നു. തീരമേഖലയില്‍ നടപ്പാക്കാനുദ്ദേശിച്ച ഗ്രീന്‍ കോറിഡോര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കുടിയിറക്കപ്പെടുമോയെന്നും തൊഴില്‍ ചെയ്യുന്നതിന് തടസമുണ്ടാകുമോ എന്നുമുള്ള ആശങ്കകള്‍ ജനങ്ങള്‍ക്കുണ്ട്. തീരമേഖലയെ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിയെ കുറിച്ച് ജനങ്ങളുടെ ആശങ്ക ദൂരികരിക്കാനുള്ള ഉറപ്പുകളാണ് പ്രതീക്ഷിക്കപ്പെടുന്നത്. കടലോര ടൂറിസം മേഖലക്ക് കൂടുതല്‍ ഊര്‍ജം പകരുന്ന പദ്ധതി വിവാദരഹിതമായി മുന്നോട്ടുകൊണ്ടുപോകാനുള്ള പ്രഖ്യാപനങ്ങളാണ് പ്രതീക്ഷിക്കപ്പെടുന്നത്. തീരദേശത്ത് കൂടുതല്‍ മെച്ചപ്പെട്ട റോഡുകളും യാനങ്ങളുടെ സഞ്ചാരം തടയാത്ത പാലങ്ങളും നിര്‍മിക്കാനുള്ള പ്രഖ്യാപനങ്ങള്‍ ഇത്തവണയും ഉണ്ടാവുമെന്നാണ് പ്രതീക്ഷ.

 

Comments

comments

Categories: FK Special, Slider, Top Stories