സംസ്‌കൃതം സംസാരിക്കുന്ന കര്‍ണാടകയിലെ ഒരു ഗ്രാമത്തെക്കുറിച്ച് അറിയാം

സംസ്‌കൃതം സംസാരിക്കുന്ന കര്‍ണാടകയിലെ ഒരു ഗ്രാമത്തെക്കുറിച്ച് അറിയാം

ഒരു ഭാഷയോടുള്ള സ്‌നേഹം ഒരു ഗ്രാമത്തെ എത്രമാത്രം സ്വാധീനിച്ചെന്നതിനുള്ള തെളിവാണു കര്‍ണാടകയിലെ മറ്റൂര്‍ ഗ്രാമം. മക്കളെ വിദേശഭാഷ പഠിപ്പിക്കാന്‍ വാശി കാണിക്കുന്ന മാതാപിതാക്കളാണ് ഇന്നു ഭൂരിഭാഗവും. എന്നാല്‍ മറ്റൂരില്‍ കാര്യങ്ങള്‍ നേര്‍വിപരീതമാണ്. അവിടെ മാതാപിതാക്കള്‍ മക്കളെ സംസ്‌കൃതം പഠിപ്പിക്കാനാണ് ശ്രമിക്കുന്നത്. അതൊരു വാശിപ്പുറത്ത് ചെയ്യുന്നതല്ല, പകരം ഒരു സംസ്‌കാരത്തെ ചേര്‍ത്തുപിടിക്കാനുള്ള ആഗ്രഹത്തിന്റെ ഭാഗമായി ചെയ്യുന്നതാണ്.

ഭവത നാം കിം ?
(പേര് എന്താണ് )
കത്തം അസ്തി ?
(സുഖമാണോ )
കോഫി വാ ചായം കിം ഇച്ഛാത്തി ഭവന്‍ ?
(എന്താണ് ഇഷ്ടം. കാപ്പിയോ ചായയോ)

കര്‍ണാടകയിലെ ഷിമോഗ ജില്ലയിലുള്ള മറ്റൂര്‍ എന്ന കൊച്ചുഗ്രാമത്തിലുള്ള ഒരു വീട്ടിലേക്കു നിങ്ങള്‍ അതിഥിയായെത്തുകയാണെന്നു കരുതുക. വാക്ചാതുരി നിറഞ്ഞതും, കാവ്യാത്മകവുമായ സംസ്‌കൃത ഭാഷയിലുള്ള ഈ ചോദ്യങ്ങള്‍ നിങ്ങള്‍ക്കു നേരിടേണ്ടി വരും. സംസ്‌കൃത ഭാഷ സംസാരിക്കുന്ന ലോകത്തിലെ അപൂര്‍വ്വം ചില സ്ഥലങ്ങളില്‍ ഒന്നാണു മറ്റൂര്‍. വേദകാലഘട്ടത്തിലും, 21-ാം നൂറ്റാണ്ടിലും ഒരേ സമയം ചുവടുവച്ചിരിക്കുകയാണ് ഈ ഗ്രാമം. വേദകാലത്തെ ജീവിതശൈലി നയിക്കുന്നവരാണു മറ്റൂര്‍ ഗ്രാമനിവാസികള്‍. പുരാതനഗ്രന്ഥങ്ങള്‍ ഉച്ചരിക്കുന്നതും, സംസ്‌കൃതത്തില്‍ സംസാരിക്കുന്നതും ഇവിടെ പതിവാണ്. ഇതിലൂടെ പുരാതന ഭാഷ അവരുടെ ഗ്രാമത്തില്‍ വളരുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ്.

മറ്റൂര്‍ ഗ്രാമത്തിന്റെ വേദകാലഘട്ടത്തിലേക്കുള്ള സഞ്ചാരം ആരംഭിച്ചത് 1981-ലാണ്. അന്നു ക്ലാസിക്ക് ഭാഷയായ സംസ്‌കൃതത്തെ പ്രോത്സാഹിപ്പിക്കുന്ന സംസ്‌കൃത ഭാരതിയെന്ന സംഘടന പത്തു ദിവസം നീണ്ടുനില്‍ക്കുന്ന ഒരു വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുകയുണ്ടായി. ഈ പരിപാടിയില്‍ നാട്ടുകാര്‍ക്കൊപ്പം ഉടുപ്പിക്കു സമീപമുള്ള പേജാവര്‍ മഠത്തിലെ ഒരു സന്ന്യാസിയും പങ്കെടുത്തു. സംസ്‌കൃത ഭാഷയെ സംരക്ഷിക്കാന്‍ വേണ്ടി വര്‍ക്ക്‌ഷോപ്പില്‍ ഗ്രാമവാസികള്‍ ആവേശത്തോടെ പങ്കെടുത്തത് സന്ന്യാസിയെ അത്ഭുതപ്പെടുത്തി.

കര്‍ണാടകയിലെ ഷിമോഗ ജില്ലയിലെ മികച്ച അക്കാദമിക റെക്കോര്‍ഡുകള്‍ കൈവശമുള്ള സ്‌കൂളുകള്‍ സ്ഥിതി ചെയ്യുന്നതു സംസ്‌കൃത ഭാഷ പിന്തുടരുന്ന മറ്റൂരിലാണ്. അതിനുള്ള കാരണമായി അധ്യാപകര്‍ പറയുന്നത്, കണക്ക്, ലോജിക് തുടങ്ങിയ വിഷയങ്ങളില്‍ അഭിരുചി വളര്‍ത്താന്‍ സംസ്‌കൃതത്തിനു സാധിക്കുമെന്നാണ്.ഇന്നു മറ്റൂര്‍ ഗ്രാമത്തിലെ ഓരോ കുടുംബത്തിലും ചുരുങ്ങിയത് ഒരു സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറെങ്കിലുമുണ്ട്.

‘ഓരോ വ്യക്തികളും സംസ്‌കൃതം സംസാരിക്കുന്ന, എല്ലാ വീടുകളിലും സംസ്‌കൃതം സംസാരിക്കുന്നെന്ന പ്രത്യേകതയുള്ള സ്ഥലം, ഇനി വേണ്ടതു സംസ്‌കൃതം സംസാരിക്കുന്ന ഗ്രാമമെന്ന വിശേഷമാണ് ‘ സന്ന്യാസി ആശ്ചര്യത്തോടെ പറഞ്ഞു. സന്ന്യാസി ആഗ്രഹം നിറവേറ്റാനുള്ള ശ്രമങ്ങള്‍ അന്നു മുതല്‍ ഗ്രാമവാസികള്‍ ആരംഭിച്ചു. മൂന്നര പതിറ്റാണ്ട് മുമ്പ് ആരംഭിച്ച പരിശ്രമത്തിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ മറ്റൂര്‍ സംസ്‌കൃത ഗ്രാമമെന്ന വിശേഷണത്തിന് അര്‍ഹമായി തീര്‍ന്നിരിക്കുന്നത്.

മറ്റൂര്‍ ഒരു കാര്‍ഷികഗ്രാമമാണ്. ഇവിടെ പ്രധാനമായും കൃഷി ചെയ്യുന്നത് കവുങ്ങ്, നെല്‍ തുടങ്ങിയവയാണ്. ഏകദേശം 600 വര്‍ഷങ്ങള്‍ക്കു മുമ്പു കേരളത്തില്‍ നിന്നും കുടിയേറിയ പുരാതന ബ്രാഹ്മണ സമുദായക്കാരായ സങ്കേതിസാണു മറ്റൂര്‍ ഗ്രാമത്തില്‍ അധിവസിക്കുന്നത്. ഇവിടെ സംസ്‌കൃതത്തിനു പുറമേ തമിഴ്, കന്നഡ, തെലുങ്ക്, സംസ്‌കൃതം തുടങ്ങിയ ഭാഷകളുടെ സങ്കലനമായ സങ്കേതി എന്ന അപൂര്‍വ ഗ്രാമ്യഭാഷയും ഉപയോഗിക്കുന്നുണ്ട്. സങ്കേതി ഭാഷയ്ക്ക് എഴുതുന്ന ലിപി ഇല്ല. ദേവനാഗരി ലിപിയിലാണു വായിക്കുന്നത്. നടുഭാഗത്തു ക്ഷേത്രവും, പാഠശാലയുമടങ്ങുന്ന തനി അഗ്രഹാരം മാതൃകയിലുള്ള, ചതുരാകൃതിയിലുള്ള ഗ്രാമമാണു മറ്റൂര്‍. പരമ്പരാഗത രീതിയിലാണ് ഇവിടെ പാഠശാലയില്‍ കുട്ടികള്‍ ഉച്ചരിക്കുന്നത്. ഗ്രാമത്തിലെ മുതിര്‍ന്നവരുടെ ശ്രദ്ധാപൂര്‍വകമായ മേല്‍നോട്ടത്തില്‍ കുട്ടികള്‍ അവരുടെ അഞ്ച് വര്‍ഷത്തെ പരിശീലനം സൂക്ഷ്മതയോടെ അഭ്യസിക്കുന്നു. പാഠശാലയിലെ വിദ്യാര്‍ഥികള്‍ സംസ്‌കൃതം എഴുതിവച്ചിരിക്കുന്ന പഴയ പനയോലകള്‍ ശേഖരിക്കുകയും അവയിലുള്ള ലിപികള്‍ അഥവാ കയ്യെഴുത്ത് കമ്പ്യൂട്ടറില്‍ വിപുലീകരിക്കുകയും ഇപ്പോള്‍ പ്രചാരത്തിലുള്ള സംസ്‌കൃത ഭാഷയിലാക്കുകയും ചെയ്യുകയാണ്. ഇതിലൂടെ സാധാരണക്കാര്‍ക്കു സംസ്‌കൃതം കൂടുതല്‍ മനസിലാക്കുവാനും പഠിക്കുവാനും സാധിക്കുകയും ചെയ്യുന്നു. വര്‍ഷങ്ങളായി വിദേശത്തുനിന്നുള്ള നിരവധി വിദ്യാര്‍ഥികള്‍ ഭാഷ പഠിക്കാന്‍ മറ്റൂരിലെ പാഠശാലയിലെത്തുന്നു. ഇവിടെ ക്രാഷ് കോഴ്‌സില്‍ പങ്കെടുക്കുകയും ചെയ്യുന്നു.

മറ്റൂരിലെ വീടുകളുടെ മതിലുകളില്‍ സംസ്‌കൃത ഭാഷയിലുള്ള ചുവരെഴുത്തുകള്‍ കാണാമെന്നതാണ് ഒരു പ്രത്യേകത. ഇത്തരത്തില്‍ ചുവരുകളില്‍ മുദ്രണം ചെയ്ത മുദ്രാവാക്യങ്ങളില്‍ ഭൂരിഭാഗവും പുരാതന ഉദ്ധരണികളുമാണ്. ‘ ഈ വീട്ടില്‍ സംസ്‌കൃതം സംസാരിക്കാം’ എന്ന് അഭിമാനത്തോടെ എഴുതിയിരിക്കുന്നതും കാണാനാകും.

മറ്റൂരില്‍ ഇന്നു പച്ചക്കറി കച്ചവടക്കാരന്‍ മുതല്‍ പുരോഹിതന്‍ വരെ സംസ്‌കൃതം അറിയുന്നവരാണ്. ഭൂരിഭാഗം പേരും സംസ്‌കൃതം ഒഴുക്കോടെ സംസാരിക്കുന്നവരുമാണ്. ഗ്രാമത്തില്‍ പതിവ് കാഴ്ചകളാണല്ലോ നദീ തീരത്ത് ഒത്തുകൂടിയിരുന്ന് വര്‍ത്തമാനം പറയുകയെന്നത്. മറ്റൂരും ഇതില്‍നിന്നും വ്യത്യസ്തമല്ല. ഈ ഗ്രാമത്തില്‍ നദീ തീരത്തിരുന്നു മുതിര്‍ന്നവര്‍ ദേവസ്തുതികളും പാരായണവുമൊക്കെ നടത്തുമ്പോള്‍, ചെറുപ്പക്കാര്‍ അവരുടെ ബൈക്കില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ടു പോകുന്നു. ഈ രണ്ട് കൂട്ടരെയും ഒരുമിപ്പിക്കുന്ന ഘടകമെന്തെന്നു വച്ചാല്‍ ഇവര്‍ ഉപയോഗിക്കുന്ന ഭാഷ സംസ്‌കൃതമാണെന്നതാണ്.

മറ്റൂരിലെ വീടുകളുടെ മതിലുകളില്‍ സംസ്‌കൃത ഭാഷയിലുള്ള ചുവരെഴുത്തുകള്‍ കാണാമെന്നതാണു മറ്റൊരു പ്രത്യേകത. ഇത്തരത്തില്‍ ചുവരുകളില്‍ മുദ്രണം ചെയ്ത മുദ്രാവാക്യങ്ങളില്‍ ഭൂരിഭാഗവും പുരാതന ഉദ്ധരണികള്‍ ആണ്. ‘ ഈ വീട്ടില്‍ സംസ്‌കൃതം സംസാരിക്കാം’ എന്ന് അഭിമാനത്തോടെ എഴുതിയിരിക്കുന്നതും കാണാനാകും.

ഷിമോഗ ജില്ലയിലെ മികച്ച അക്കാദമിക റെക്കോര്‍ഡുകള്‍ കൈവശമുള്ള സ്‌കൂളുകള്‍ സ്ഥിതി ചെയ്യുന്നത് സംസ്‌കൃത ഭാഷ പിന്തുടരുന്ന മറ്റൂരിലാണ്. അതിനുള്ള കാരണമായി അധ്യാപകര്‍ പറയുന്നത്, കണക്ക്, ലോജിക് തുടങ്ങിയ വിഷയങ്ങളില്‍ അഭിരുചി വളര്‍ത്താന്‍ സംസ്‌കൃതത്തിനു സാധിക്കുമെന്നാണ്.ഇന്നു മറ്റൂര്‍ ഗ്രാമത്തിലെ ഓരോ കുടുംബത്തിലും ചുരുങ്ങിയത് ഒരു സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറെങ്കിലുമുണ്ട്. തീര്‍ന്നില്ല, ഇന്ന് ബംഗളുരു, മൈസൂര്‍, മംഗലാപുരം, കൂവെമ്പു സര്‍വകലാശാലകളില്‍ പഠിപ്പിക്കുന്ന 30-ഓളം സംസ്‌കൃത അധ്യാപകര്‍ മറ്റൂര്‍ ഗ്രാമത്തിന്റെ സംഭാവനയാണ്. അക്കാദമിക രംഗത്തു മാത്രമല്ല, സംഗീത, കലാരംഗത്തുമുണ്ട് മറ്റൂരിന്റെ സംഭാവന. പ്രശസ്ത വയലിനിസ്റ്റ് വെങ്കട്ടരാമന്‍, ഗമക വിദ്വാന്‍ എച്ച് ആര്‍ കേശവമൂര്‍ത്തി തുടങ്ങിയവര്‍ മറ്റൂരില്‍നിന്നുള്ളവരാണ്.

 

സംസ്‌കൃതം, ഇന്ത്യന്‍ സംസ്‌കാരത്തിന്റെ അടിത്തറയെന്നാണു പറയപ്പെടുന്നത്. എല്ലാ ഭാഷകളുടെയും അമ്മ എന്നറിയപ്പെടുന്ന സംസ്‌കൃതം ആര്യഭട്ട എന്ന ഗണിതശാസ്ത്രജ്ഞന്റെയും, ഭാസ്‌കര എന്ന ജ്യോതിശാസ്ത്രജ്ഞന്റെയും ഭാഷയാണ്. ഇന്ത്യന്‍ വൈദ്യശാസ്ത്ര രംഗത്തെ പരിചിത നാമമായ ശുശ്രുത, ചരക, പണ്ഡിതന്മാരായിരുന്ന പാണിനി, പതഞ്ജലി, കവികളായിരുന്ന വ്യാസ, വാല്‍മീകി, കാളിദാസ തുടങ്ങിയവരൊക്കെ ഉപയോഗിച്ചിരുന്നതും സംസ്‌കൃത ഭാഷയായിരുന്നു. സംസ്‌കൃതം ദേവഭാഷയെന്നും (ദൈവങ്ങള്‍ ഉപയോഗിച്ചിരുന്ന ഭാഷ) അറിയപ്പെടുന്നു.

മറ്റൂര്‍ ഗ്രാമം

ബംഗളുരു നഗരത്തില്‍നിന്നും 300 കി.മി. ദൂരമുണ്ട് മറ്റൂര്‍ ഗ്രാമത്തിലേക്ക്. ഷിമോഗയില്‍നിന്നും വെറും എട്ട് കി.മി. ദൂരവും. മറ്റൂരിനോട് ഏറ്റവുമടുത്തുള്ള എയര്‍പോര്‍ട്ട് മംഗലൂരാണ്. ഷിമോഗയില്‍നിന്നും മറ്റൂരില്‍ എപ്പോഴും ബസ് സര്‍വീസുണ്ട്.

ഒരേയൊരു സംസ്‌കൃത പത്രം

ഇന്ന് ഇന്ത്യയില്‍ സംസ്‌കൃത ഭാഷയില്‍ പ്രസിദ്ധീകരിക്കുന്ന ഒരേയൊരു ദിനപത്രമാണ് സുധര്‍മ. മൈസൂരില്‍നിന്നുമാണ് ഈ പത്രം പ്രസിദ്ധീകരിക്കുന്നത്. ഇതിന്റെ സര്‍ക്കുലേഷന്‍ 2,000 കോപ്പികളാണ്.ഇവ സര്‍ക്കുലേറ്റ് ചെയ്യുന്നത് ഭൂരിഭാഗവും തപാലിലൂടെയാണ്. പത്രത്തിന്റെ വരിക്കാരില്‍ ഭൂരിഭാഗവും സംസ്‌കൃത പണ്ഡിതന്മാരും, ഗവേഷകരുമാണ്. പിന്നെ അക്കാദമിക സ്ഥാപനങ്ങളും, പബ്ലിക് ലൈബ്രറികളും. വാര്‍ഷിക വരിസംഖ്യ ഇപ്പോള്‍ 500 രൂപയാണ്. ഇന്ത്യയ്ക്കു പുറമേ, അമേരിക്കയിലും ജപ്പാനിലും പത്രത്തിന്റെ കോപ്പികള്‍ പ്രചരിക്കുന്നുണ്ട്. ഇ-പേപ്പറും ഇപ്പോള്‍ ലഭ്യമാണ്. 1970 ജുലൈ 14-നാണു പത്രം പ്രസിദ്ധീകരണം ആരംഭിച്ചത്. കെ.എന്‍. വരദരാജ അയ്യങ്കാരാണു സ്ഥാപകന്‍. സംസ്‌കൃത ഭാഷ പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം പ്രസിദ്ധീകരണം ആരംഭിച്ചത്. എഡിറ്റര്‍ കെ.വി. സമ്പത്ത്കുമാറാണ്.

 

Comments

comments

Categories: Education, FK News, Slider