സോമാറ്റോയുടെ മൂല്യം 2.5 ബില്ല്യണ്‍ ഡോളറായി

സോമാറ്റോയുടെ മൂല്യം  2.5 ബില്ല്യണ്‍ ഡോളറായി

ഗുരുഗ്രാം: ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമായ സൊമാറ്റോയുടെ മൂല്യം 2.5 ബില്ല്യണ്‍ ഡോളറിലേക്ക് ഉയര്‍ന്നുവെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ ഗവേഷണ ശാഖയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇ-കൊമേഴ്‌സ് കമ്പനിയായ ആലിബാബയില്‍ നിന്നും പേമെന്റ്‌സ് കമ്പനിയായ എഎന്‍ടി ഫിനാന്‍ഷ്യലില്‍ നിന്നും 200 മില്ല്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ സൊമാറ്റോ വിപുലമായ ചര്‍ച്ച നടത്തുമ്പോഴാണ് മൂല്യം ഉയര്‍ന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതെന്നത് ശ്രദ്ധേയമാണ്.

കമ്പനിയുടെ അവസാന ഫണ്ടിംഗ് റൗണ്ടിലെ മൂല്യത്തെക്കാള്‍ മൂന്നുമടങ്ങ് അധികമാണ് നിലവിലെ കണക്ക്. മാത്രമല്ല സ്‌നാപ്ഡീല്‍, ക്വിക്കര്‍, ഷോപ്പ്ക്ലൂസ് പോലുള്ള ഇന്ത്യയിലെ മറ്റ് ബില്ല്യണ്‍ ഡോളര്‍ സ്റ്റാര്‍ട്ടപ്പുകളെ പുതിയ മൂല്യത്തോടെ സൊമാറ്റോ പിന്നിലാക്കി. വിതരണ നിരക്ക് ഉള്‍പ്പെടെയുള്ള വരുമാനത്തില്‍ സൊമാറ്റോ 1.3 ബില്ല്യണ്‍ ഡോളറിലെത്തും. നികുതി ഒഴികെയുള്ള വരുമാന ഇനത്തില്‍ 27 ശതമാനം വര്‍ധനവും കമ്പനി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

യുബര്‍ഈറ്റ്‌സ് പോലുള്ള പുതിയ കമ്പനികള്‍ ഇന്ത്യയിലെ ഭക്ഷണ വിതരണ വിഭാഗത്തില്‍ ചുവട്പിടിക്കാന്‍ ശ്രമിക്കുന്ന സമയത്താണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഇന്ത്യയിലെ ഭക്ഷണ വിതരണ ബിസിനസ് പങ്കാളിത്തത്തിനായി 200 മില്ല്യണ്‍ ഡോളര്‍ അധികം നിക്ഷേപിക്കാന്‍ ഒലയും തയ്യാറായിട്ടുണ്ട്. അതോടൊപ്പം ബ്രിട്ടീഷ് ഭക്ഷണ വിതരണ സ്റ്റാര്‍ട്ടപ്പായ ഡെലിവെറോ ഇന്ത്യന്‍ വിപണിയിലേക്ക് പ്രവേശിച്ചിട്ടുണ്ട്. സൊമാറ്റോയും സ്വിഗ്ഗിയുമായുള്ള ലയനം സംബന്ധിച്ച് കഴിഞ്ഞവര്‍ഷം നവംബറില്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാലിപ്പോള്‍ ദക്ഷിണാഫ്രിക്ക ആസ്ഥാനമാക്കിയ നാസ്‌പേഴ്‌സില്‍ നിന്ന് ഏതാണ്ട് 100 മില്ല്യണ്‍ ഡോളര്‍ സമാഹരിക്കാനുള്ള ശ്രമത്തിലാണ് സ്വിഗ്ഗി.

കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ ഓണ്‍ ഡിമാന്റ് ലോജിസ്റ്റിക്‌സ്, ഭക്ഷണ വിതരണ സ്റ്റാര്‍ട്ടപ്പായ റണ്ണറിനെ സൊമാറ്റോ ഏറ്റെടുത്തിരുന്നു. ഇതേ കാലയളവില്‍ തന്നെ ഹോം- കുക്കിംഡ് ഭക്ഷണ വിതരണ സ്റ്റാര്‍ട്ടപ്പായ ടിന്‍മെന്നിലും കമ്പനി നിക്ഷേപിച്ചിരുന്നു.

Comments

comments

Related Articles