ടെലിസര്‍വീസസിന്റെ ഭൂരിഭാഗം ബാധ്യതയും ടാറ്റ ഗ്രൂപ്പ് പരിഹരിച്ചു

ടെലിസര്‍വീസസിന്റെ  ഭൂരിഭാഗം ബാധ്യതയും  ടാറ്റ ഗ്രൂപ്പ് പരിഹരിച്ചു

കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ രേഖകള്‍ പ്രകാരം ടാറ്റ ടെലിസര്‍വീസസിന് ഏതാണ്ട് 22000 കോടിയോളം രൂപയുടെ ബാധ്യതയുണ്ടായിരുന്നു

മുംബൈ: ടാറ്റ ടെലിസര്‍വീസസിന്റെ കടബാധ്യതയില്‍ 17000 കോടിയോളം രൂപയും ടാറ്റ ഗ്രൂപ്പ് വായ്പാദാതാക്കള്‍ക്ക് തിരിച്ച് നല്‍കി. കമ്പനിയുടെ ബാധ്യതയില്‍ ഏറെക്കുറെ ഇതോടെ പരിഹരിക്കപ്പെട്ടു. നിലവില്‍ 6000 കോടി രൂപയുടെ കടം മാത്രമാണ് ടാറ്റ ടെലിസര്‍വീസസിനുള്ളതെന്ന് കമ്പനിയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ രേഖകള്‍ പ്രകാരം ടാറ്റ ടെലിസര്‍വീസസിന് ഏതാണ്ട് 22000 കോടിയോളം രൂപയുടെ ബാധ്യതയുണ്ടായിരുന്നു.

മൊബീല്‍ ബിസിനസ് ഭാരതി എയര്‍ടെല്ലിന് കൈമാറുന്നതിന് കഴിഞ്ഞ ഒക്‌റ്റോബറില്‍ ടാറ്റടെലിസര്‍വീസസ് തീരുമാനിക്കുകയുണ്ടായി.ഏതാനും വര്‍ഷങ്ങളായി വന്‍ കടബാധ്യതയും വ്യവസായ മേഖലയില്‍ നിന്നുള്ള സമ്മര്‍ദ്ദവും കമ്പനിയെ ബാധിച്ചുകഴിഞ്ഞു

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയു(എസ്ബിഐ)ടെ നേതൃത്വത്തിലെ വായ്പാദാതാക്കളുടെ കണ്‍സോര്‍ഷ്യത്തിനാണ് ടാറ്റ ഗ്രൂപ്പ് പണം തിരികെ നല്‍കിയിരിക്കുന്നത്. ജനുവരി അവസാനം രണ്ടാം ഘട്ട തുക നല്‍കാമെന്ന് ടാറ്റ ഗ്രൂപ്പ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് അറിയുന്നത്. ടെലികോം, മീഡിയ വ്യവസായങ്ങളുടെ ലയനത്തെ ടാറ്റ ഗ്രൂപ്പ് ഗൗരവമായി വീക്ഷിക്കുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണ് ഇപ്പോഴത്തെ നടപടികളെന്ന് കരുതപ്പെടുന്നു. നിക്ഷേപം സമാഹരിക്കുന്നതിനും ബാങ്കുകള്‍ക്ക് വായ്പ തിരിച്ചടയ്ക്കുന്നതിനും ടാറ്റ സണ്‍സ് കോര്‍പ്പറേറ്റ് ബോണ്ടുകള്‍ പുറത്തിറക്കിയിരുന്നു.

കഴിഞ്ഞ ഒക്‌റ്റോബറില്‍ ടാറ്റടെലിസര്‍വീസസ് കമ്പനിയുടെ മൊബീല്‍ ബിസിനസ് ഭാരതി എയര്‍ടെല്ലിന് കൈമാറുന്നതിന് തീരുമാനിക്കുകയുണ്ടായി. ടാറ്റ ടെലിസര്‍വീസസിന്റെ കടബാധ്യതകള്‍ പെട്ടെന്ന് പരിഹരിക്കുന്നതിനുള്ള കാരണം ഇതാണെന്ന് വിലയിരുത്തപ്പെടുന്നു. അതേസമയം, ഏറെ ആവശ്യകതയുള്ള എന്റര്‍പ്രൈസസ് ബിസിനസ് നിലനിര്‍ത്താനാണ് ടാറ്റയുടെ തീരുമാനം. ഓഫീസുകള്‍ വയര്‍ലലൈനുകള്‍ നല്‍കല്‍, ഇന്റര്‍നെറ്റിന് വാടകയുടെ അടിസ്ഥാനത്തില്‍ ലൈനുകള്‍ നല്‍കല്‍ എന്നിവ ഈ ബിസിനസിന് കീഴിലുണ്ട്. എന്റര്‍പ്രൈസസ് ബിസിനസിനെ ടാറ്റ കമ്യൂണിക്കേഷന്‍സുമായും ലാന്‍ഡ്‌ലൈന്‍, ബ്രോഡ്ബാന്‍ഡ് ബിസിനസുകളെ ടാറ്റ സ്‌കൈയുമായും സംയോജിപ്പിക്കുന്നതിന്റെ സാധ്യതകളും കമ്പനി പരിശോധിച്ചുവരുന്നു.
ഏതാനും വര്‍ഷങ്ങളായി വന്‍ കടബാധ്യതയും വ്യവസായ മേഖലയില്‍ നിന്നുള്ള സമ്മര്‍ദ്ദവും ടാറ്റ ടെലിസര്‍വീസസിന്റെ സന്തുലിതാവസ്ഥയെ ബാധിച്ചുകഴിഞ്ഞു. 2014 ല്‍ ടാറ്റ ടെലിസര്‍വീസസിന്റെ മൂല്യം ഇല്ലാതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Comments

comments