അഷ്‌റഫ് ഹൈദ്രോസിന്റെ സൂഫി സംഗീതയാത്ര

അഷ്‌റഫ് ഹൈദ്രോസിന്റെ സൂഫി സംഗീതയാത്ര

ദക്ഷിണേന്ത്യയില്‍ ട്രെഡീഷനല്‍ സൂഫി സംഗീതപരിപാടികള്‍ അവതരിപ്പിക്കുന്ന ആദ്യത്തെ ഗായകനാണ് ബാംഗ്ലൂരില്‍ താമസിക്കുന്ന ഫോര്‍ട്ട് കൊച്ചി സ്വദേശിയായ അഷ്‌റഫ് ഹൈദ്രോസ്. ട്രെഡീഷനല്‍ സൂഫിയുടെ മാസ്മരികതയാണ് ഈ ഗായകന്റെ ഉള്‍ക്കരുത്ത്. കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണാടകയിലും ആന്ധ്രാപ്രദേശിലുമായി 150ലേറെ വേദികളില്‍ സൂഫി സംഗീത പരിപാടി അവതരിപ്പിച്ചു കഴിഞ്ഞ അഷ്‌റഫ് ഹൈദ്രോസ് കേരളത്തില്‍ സൂഫി സംഗീതത്തിന് ജനപ്രിയത നേടിക്കൊടുക്കുവാനുള്ള പരിശ്രമത്തിലാണ്.

കേരളത്തിന് അത്ര പരിചിതമല്ല സൂഫി സംഗീത ധാര. മാപ്പിളപ്പാട്ടുകളുടെ മറ്റൊരു വേര്‍ഷന്‍ എന്നതിനപ്പുറം സൂഫി പാട്ടുകളെ മലയാളത്തില്‍ ആദ്യമായി സമീപിച്ചത് ഗസല്‍ ഗായകനായ ഷഹ്ബാസ് അമനാണ്. അദ്ദേഹമാകട്ടെ സൂഫി സംഗീതത്തെ തന്റേതായ രീതിയില്‍ പരീക്ഷണാത്മകമായി അവതരിപ്പിക്കുകയാണ് ചെയ്തത്. ഹിന്ദുസ്ഥാനിയുടെ ചുവടു പിടിച്ച് ഗസലും ഖയാലും മലയാളികളുടെ ഹൃദയങ്ങളില്‍ ചേക്കേറിയെങ്കിലും സൂഫി സംഗീതം ബോളിവുഡിലെ ജനപ്രിയ ഖവ്വാലി ഗാനങ്ങളുടെ ഈണങ്ങള്‍ക്കടിയില്‍ മാത്രമാണ് നമ്മള്‍ കൂടുതലും കേള്‍ക്കുന്നത്. ഈ അപരിചിതത്വത്തിന്റെ പുറന്തോട് പൊട്ടിച്ചാണ് ട്രെഡീഷനല്‍ സൂഫി സംഗീതത്തിന്റെ അനിര്‍വചനീയമായ ആത്മീയാനുഭൂതി ആസ്വാദകനിലേക്ക് പകര്‍ന്നു കൊണ്ട് അഷ്‌റഫ് ഹൈദ്രോസ് എന്ന സൂഫി ഗായകന്‍ കേരളത്തിലെ മുഖ്യധാരാ സംഗീത സദസുകളില്‍ രംഗപ്രവേശം ചെയ്തത്. ദക്ഷിണേന്ത്യയിലെ തന്നെ ട്രെഡിഷനല്‍ സൂഫി സംഗീതം അവതരിപ്പിക്കുന്ന ആദ്യഗായകനായ അഷ്‌റഫ് ഹൈദ്രോസ് വിവിധ സംസ്ഥാനങ്ങളിലായി 150 വേദികളില്‍ സൂഫി സംഗീത പരിപാടികള്‍ ഇതിനോടകം അവതരിപ്പിച്ചു. കേരളത്തില്‍ സൂഫി സംഗീതത്തിന് ലഭിക്കുന്ന സ്വീകരണം ബാംഗ്ലൂരില്‍ സ്ഥിരതാമസമാക്കിയ മലയാളി എന്ന നിലയില്‍ അഷ്‌റഫ് ഹൈദ്രോസിനെ ഏറെ ആഹ്ലാദിപ്പിക്കുന്നു.

ഫോര്‍ട്ട്‌കൊച്ചിയില്‍ ജനിച്ച് ഡല്‍ഹിയിലും ഹൈദ്രാബാദിലും കര്‍ണാടകയിലും സംഗീതം അഭ്യസിച്ച അഷ്‌റഫ് ഹൈദ്രോസ് പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞനായ ഉസ്താദ് ഫയാസ് ഖാന്റെ ശിഷ്യനാണ്. ഡല്‍ഹിയിലെ ദര്‍ഗകളില്‍ നിന്നുമാണ് അഷ്‌റഫ് ഹൈദ്രോസിന്റെ ഹൃദയത്തില്‍ സൂഫി സംഗീതം കുടിയേറിയത്. ഹിന്ദുസ്ഥാനി സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിട്ടുള്ള അഷ്‌റഫ് ഹൈദ്രോസിന് ഏത് സംഗീത ശാഖയും വഴങ്ങും. പക്ഷെ സൂഫി സംഗീതവും ഖവ്വാലിയുമാണ് അദ്ദേഹം ഹൃദയത്തോട് ചേര്‍ത്തു പിടിക്കുന്നത്. അമീര്‍ഖുസ്രു, റൂമി, തുക്കാറാം, ജ്ഞാനേശ്വര്‍ തുടങ്ങി നൂറ്റാണ്ടുകള്‍ക്കപ്പുറത്ത് ജീവിച്ച മഹാരഥന്‍മാരുടെ ദാര്‍ശനികത ഭംഗിയുള്ള കാവ്യങ്ങള്‍ അഷ്‌റഫ് ഹൈദ്രോസ് വേദികളില്‍ ആലപിക്കുമ്പോള്‍ ഉറുദു വരികളുടെ അര്‍ഥമറിയാത്തവരും ആ സൂഫി നാദധാരയില്‍ ലയിക്കുന്നു.

ബാങ്ക് മാനേജറായിരുന്ന അഷ്‌റഫ് ഹൈദ്രോസ് ഹിന്ദുസ്ഥാനി ആഴത്തില്‍ പഠിക്കുന്നതിന് കേരളത്തില്‍ സാഹചര്യമില്ലാത്തതിനാലാണ് 1988ല്‍ സ്ഥലം മാറ്റം വാങ്ങി ഡല്‍ഹിക്കുപോയത്. ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ മ്യൂസിക് ഫാക്കല്‍ട്ടിയില്‍ ചേര്‍ന്ന് ഹിന്ദുസ്ഥാനിയിലും കര്‍ണാട്ടിക്കിലും പഠനം തുടങ്ങി. ഹിന്ദുസ്ഥാനി സംഗീതത്തില്‍ എം എ, എം ഫില്‍, സംഗീത ശിരോമണി ബിരുദങ്ങള്‍ നേടി. ഡല്‍ഹിയില്‍ വെച്ച് പ്രശസ്ത സൂഫി ഗായകരായ സാബ്രി ബ്രദേഴ്‌സിന്റെ പരിപാടിയില്‍ പങ്കെടുത്തതാണ് സൂഫി സംഗീതത്തിലേക്ക് വഴി തിരിയാന്‍ പ്രേരണയായത്. സൂഫി സംഗീതം പഠിക്കാനായി ഡല്‍ഹിയിലെ ദര്‍ഗകളില്‍ ഒരുപാട് കാലം അലഞ്ഞു. അവിടെ സൂഫി സംഗീതം പഠിപ്പിച്ചു കൊടുക്കില്ല. സൂഫി ഗായകരുടെ കൂടെ താമസിച്ചു വേണം സംഗീതം അഭ്യസിക്കാന്‍. അവരുടെ പാട്ടുകള്‍ പതിവായി കേട്ടുകൊണ്ടിരുന്ന അഷ്‌റഫ് ഹൈദ്രോസ് ക്രമേണ അവര്‍ക്കൊപ്പം പാടാന്‍ തുടങ്ങി. അക്കാദമിക് പഠനവും പാരമ്പര്യ സൂഫി സംഗീതപഠനവും സമന്വയിച്ചതോടെ അഷ്‌റഫ് ഹൈദ്രോസിലെ സംഗീതത്തിന് വ്യതിരിക്തത കൈവന്നു.

സൂഫി സംഗീതം ഒരു മതവിഭാഗത്തിന്റേത് മാത്രമാണെന്ന് കരുതുന്നവരെ അഷ്‌റഫ് ഹൈദ്രോസ് തിരുത്തും. മനുഷ്യനാണ് ആദ്യം ഉണ്ടായത്. മതങ്ങള്‍ പിന്നീടാണ് ഉണ്ടായത്. സൂഫിസം നേരത്തെയുള്ള കാര്യമാണ്. ഓരോരുത്തരും വന്നാണ് ഇസങ്ങള്‍ ഉണ്ടായത്. പ്രവാചകന്റെ കാലം മുതലേ സൂഫികളും സൂഫി സംഗീതമുണ്ട്. സ്വയം കഴിച്ചില്ലെങ്കിലും മറ്റുള്ളവര്‍ക്ക് വാങ്ങി നല്‍കുന്നവരാണ് സൂഫികള്‍. മതമെന്നും ദൈവമെന്നും പറഞ്ഞുകൊണ്ട് ഇവിടെ നടക്കുന്ന കാട്ടിക്കൂട്ടലുകള്‍ യഥാര്‍ഥ ഭക്തിയല്ല. പരസ്പരം സ്‌നേഹിച്ചും സാന്ത്വനപ്പെടുത്തിയും വേണം മനുഷ്യന്‍ ജീവിക്കാന്‍.

ആറ് വര്‍ഷത്തെ ഡല്‍ഹി വാസം കഴിഞ്ഞ് സ്ഥലം മാറ്റം കിട്ടി ഹൈദ്രാബാദില്‍ എത്തിയതോടെ ഉറുദു ഭാഷ ആഴത്തില്‍ പഠിച്ചു. ഹൈദ്രാബാദിലും ഡല്‍ഹിയിലും പരിപാടികള്‍ നടത്താന്‍ തുടങ്ങി. ബാങ്ക് മാനേജര്‍ എന്ന നിലയില്‍ പല സ്ഥലങ്ങളിലേക്കുള്ള മാറ്റങ്ങള്‍ക്കൊടുവില്‍ 18 വര്‍ഷം മുമ്പാണ് ബാംഗളൂരില്‍ എത്തുന്നത്. അവിടെ വച്ച് ഉസ്താദ് ഫയാസ് ഖാന്റെ ശിഷ്യനായി. അദ്ദേഹത്തിന്റെ കൂടെയാണ് ഉന്നത പഠനം പൂര്‍ത്തീകരിച്ചത്. ഹിന്ദുസ്ഥാനി കൂടുതല്‍ ആഴത്തില്‍ പഠിക്കാന്‍ ഈ കാലഘട്ടത്തില്‍ സാധിച്ചു. അതോടെ ദക്ഷിണേന്ത്യയിലാകെ സൂഫി സംഗീതപരിപാടി അവതരിപ്പിക്കാന്‍ തുടങ്ങി. കൊച്ചി ബിനാലെയിലും ഫൈന്‍ ആര്‍ട്‌സ് ഹാളിലും സൂഫി സംഗീതപരിപാടി അവതരിപ്പിച്ചത് അവിസ്മരണീയ അനുഭവമായിരുന്നു.

എക്കാലത്തും പ്രസക്തമായ സൂഫി കവിതകളില്‍ സ്‌നേഹത്തിന്റെ സന്ദേശമാണുള്ളത്. ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ബന്ധവും പ്രപഞ്ച സ്‌നേഹവുമാണ് സൂഫി പറയുന്നത്. വരികളിലെ ആശയം വിശദീകരിച്ചുകൊണ്ടാണ് സംഗീതപരിപാടി മുന്നോട്ടു പോകുന്നത്. ഗാനമേളയുടെ ഫോര്‍മാറ്റിലല്ല, വേദിയില്‍ തോന്നുന്ന വെളിപാടിനനുസരിച്ചുള്ള വൈബ്രേഷനിലാണ് പാട്ടുകള്‍ ഉണ്ടാകുന്നത്. അത് ശ്രോതാവിലേക്ക് പടരുന്നു. ഒരു ധ്യാനം പോലെയാണ് സൂഫി സംഗീതം. പാട്ടിലെ ചില സംഗതികള്‍ അനുവാചകനെയും ഗായകനെയും സ്ഥലകാലബോധമില്ലാത്ത അവസ്ഥയിലേക്ക് ഗായകനെയും അനുവാചകനെയും എത്തിക്കുന്നു.

സൂഫി സംഗീതം ഒരു മതവിഭാഗത്തിന്റേത് മാത്രമാണെന്ന് കരുതുന്നവരെ അഷ്‌റഫ് ഹൈദ്രോസ് തിരുത്തും. മനുഷ്യനാണ് ആദ്യം ഉണ്ടായത്. മതങ്ങള്‍ പിന്നീടാണ് ഉണ്ടായത്. സൂഫിസം നേരത്തെയുള്ള കാര്യമാണ്. ഓരോരുത്തരും വന്നാണ് ഇസങ്ങള്‍ ഉണ്ടായത്. പ്രവാചകന്റെ കാലം മുതലേ സൂഫികളും സൂഫി സംഗീതവുമുണ്ട്. സ്വയം കഴിച്ചില്ലെങ്കിലും മറ്റുള്ളവര്‍ക്ക് വാങ്ങി നല്‍കുന്നവരാണ് സൂഫികള്‍. സൂഫികള്‍ സംഗീതത്തിലൂടെയാണ് പുറം ലോകത്തോട് സംവദിക്കുക. മതമെന്നും ദൈവമെന്നും പറഞ്ഞുകൊണ്ട് ഇവിടെ നടക്കുന്ന കാട്ടിക്കൂട്ടലുകള്‍ യഥാര്‍ഥ ഭക്തിയല്ല. പരസ്പരം സ്‌നേഹിച്ചും സാന്ത്വനപ്പെടുത്തിയും വേണം മനുഷ്യന്‍ ജീവിക്കാന്‍. ഈ ആശയവുമായി നടത്തുന്ന സൂഫി യാത്രയാണ് എന്റെ സംഗീതപരിപാടികള്‍. ഈ സന്ദേശം ആളുകള്‍ക്ക് മനസിലാക്കിക്കൊടുക്കുകയാണ് ലക്ഷ്യം. എറണാകുളം കരയോഗത്തില്‍ സൂഫി സംഗീത പരിപാടി അവതരിപ്പിക്കുമ്പോള്‍ ഹിന്ദു ഭക്തിഗാനങ്ങള്‍ സൂഫി ശൈലിയില്‍ ആലപിച്ചപ്പോള്‍ ശ്രോതാക്കളുടെ മുഖത്ത് കണ്ട അത്ഭുതം ഇന്നും ഓര്‍മയിലുണ്ട്.

യുവഗായകനായ തൃപ്പൂണിത്തുറ സ്വദേശി വിവേകാണ് വേദികളില്‍ അഷ്‌റഫ് ഹൈദ്രോസിന് ശബ്ദപിന്തുണ നല്‍കുന്നത്. തബലയില്‍ രത്‌നശ്രീ അയ്യരും ഹര്‍മോണിയത്തില്‍ ഹംസയുമാണ് കൂട്ട്. എല്ലായിടത്തും എല്ലാവരുമായി പോകാന്‍ പ്രായോഗികമായി ബുദ്ധിമുട്ടുള്ളതിനാല്‍ ഓരോ സ്ഥലത്തുമുള്ള ഉപകരണ സംഗീതജ്ഞരെ ഉപയോഗപ്പെടുത്തും. ബാംഗളൂരില്‍ കുടുംബ സമേതം താമസിക്കുന്ന അഷ്‌റഫ് ഹൈദ്രോസ് കേരളത്തില്‍ പരിപാടികളുള്ളപ്പോള്‍ കൊച്ചിയിലെ വീട്ടിലുണ്ടാകും.

Comments

comments

Categories: FK Special, Motivation, Slider