സ്വന്തം ക്രിപ്‌റ്റോകറന്‍സി പുറത്തിറക്കാനൊരുങ്ങി റിലയന്‍സ് ജിയോ

സ്വന്തം ക്രിപ്‌റ്റോകറന്‍സി പുറത്തിറക്കാനൊരുങ്ങി റിലയന്‍സ് ജിയോ

ഐഒടിയുടെ സുരക്ഷാ വെല്ലുവിളികളെ നേരിടാന്‍ ബ്ലോക്ക് ചെയ്ന്‍ സാങ്കേതിക വിദ്യ കമ്പനിക്ക് ഗുണം ചെയ്യും

ന്യൂഡെല്‍ഹി: രാജ്യത്തെ ടെലികോം മേഖലയില്‍ സൗജന്യ ഡാറ്റ, കോള്‍ ഓഫറുകളുമായി വിപ്ലവം സൃഷ്ടിച്ചതിന് പിന്നാലെ ക്രിപ്‌റ്റോകറന്‍സിയിലേക്കും പ്രവേശിക്കാനൊരുങ്ങി റിലയന്‍സ് ജിയോ ഇന്‍ഫൊകോം ലിമിറ്റഡ്. ജിയോകോയിന്‍ എന്ന പേരില്‍ സ്വന്തമായി ക്രിപ്‌റ്റോകറന്‍സി പുറത്തിറക്കാനാണ് ജിയോയുടെ നീക്കം. മുകേഷ് അംബാനിയുടെ മൂത്ത മകന്‍ ആകാശ് അംബാനിയാണ് ജിയോകോയിന്‍ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. ബ്ലോക്ക്‌ചെയ്ന്‍ പദ്ധതിക്കായി 50 അംഗങ്ങളുടങ്ങുന്ന യുവ പ്രൊഫഷണലുകളുടെ സംഘത്തെ രൂപീകരിക്കും. ക്രിപ്‌റ്റോകറന്‍സിുടെ വിതരണത്തിനും കരാറിനുമായുള്ള ആപ്ലിക്കേഷന്‍ ഈ സംഘം വികസിപ്പിക്കുമെന്നും കമ്പനിയോടടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

ഡാറ്റ സംഭരണം അടക്കമുള്ളവയ്ക്ക് വേണ്ടി ഉപയോഗിക്കുന്ന ബ്ലോക്ക്‌ചെയ്‌നെ ഒരു ഡിജിറ്റല്‍ ലെഡ്ജറായാണ് കണക്കാക്കുന്നത്. ഇതില്‍ സാമ്പത്തിക ഇടപാടുകള്‍ക്ക് പരിധിയില്ല. കോപ്പി ചെയ്യാതെ തന്നെ വിവരങ്ങളുടെ വീകേന്ദ്രീകരണം ഇതില്‍ സാധ്യമാണ്. ഡാറ്റാബേസ് ഫിസിക്കല്‍ സര്‍വറുകളിലല്ല മറിച്ച് ക്ലൗഡിലാണ് സൂക്ഷിക്കുന്നത് എന്നതിനാല്‍ പരിമിതികളില്ലാതെ ഡാറ്റ സൂക്ഷിക്കാന്‍ സാധിക്കുന്നു. ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സി(ഐഒടി)ന്റെ കൂടുതല്‍ മേഖലകളിലേക്ക് കടക്കുന്നതിനും ജിയോ പദ്ധതിയിടുന്നുണ്ടെന്നാണ് കമ്പനിയോടടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഐഒടിയുടെ സുരക്ഷാ വെല്ലുവിളികളെ നേരിടാന്‍ ബ്ലോക്ക് ചെയ്ന്‍ സാങ്കേതിക വിദ്യ കമ്പനിക്ക് ഗുണം ചെയ്യും.

ക്രിപ്‌റ്റോകറന്‍സികളിലൂടെയുള്ള ഇടപാടുകളില്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഇതിനകം തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇവ ആസ്തി പിന്തുണയില്ലാത്ത ഇടപാടുകളാണെന്നും കള്ളപ്പണം വെളുപ്പിക്കല്‍ പോലുള്ള അനധികൃത പ്രവര്‍ത്തനങ്ങളെ വര്‍ധിപ്പിക്കുന്നതാണെന്നും ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിനേരത്തേ പറഞ്ഞിരുന്നു. ക്രിപ്‌റ്റോ കറന്‍സി സംബന്ധിച്ച് സ്വീകരിക്കേണ്ട നയത്തില്‍ കൂടുതല്‍ വ്യക്തതയുണ്ടാക്കുന്നതിന് സര്‍ക്കാര്‍ പരിശോധനകള്‍ നടത്തിവരികയാണ്. സാമ്പത്തികകാര്യ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റിക്കാണ് ഇതിന്റെ ചുമതല.

Comments

comments