രാജ്യത്ത് ആദ്യമായി അഗ്രി ഓപ്ഷന്‍സുമായി എന്‍സിഡിഇഎക്‌സ്

രാജ്യത്ത്  ആദ്യമായി അഗ്രി ഓപ്ഷന്‍സുമായി  എന്‍സിഡിഇഎക്‌സ്

മുംബൈ: ഗ്വാര്‍ വിത്തുകളില്‍ ഓപ്ഷന്‍ ട്രേഡിന് തുടക്കം കുറിച്ച് നാഷണല്‍ കമോഡിറ്റി ആന്റ് ഡെറിവേറ്റീവ്‌സ് എക്‌സ്‌ചേഞ്ച് ലിമിറ്റഡ്. വരുന്ന പതിനാലാം തിയതി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പുതിയ ട്രേഡിംഗ് ഉദ്ഘാടനം ചെയ്യും. ഇതാദ്യമായാണ് രാജ്യത്തെ അഗ്രി കമോഡിറ്റി ഓപ്ഷനാണിത്. കര്‍ഷകര്‍ക്ക് മികച്ച വില ലഭിക്കാന്‍ ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷ.

കര്‍ഷകരെ സംബന്ധിച്ചിടത്തോളം എന്‍സിഡിഇഎക്‌സ് ഓപ്ഷന്‍ ഒരു നിര്‍ണായക വഴിത്തിരിവാകും. എന്‍സിഡിഇഎക്‌സ് തയ്യാറാക്കിയ ട്രേഡ് ഓപ്ഷന് സെബിയുടെ അംഗീകാരവുമുണ്ട്.

പുതിയ ഓപ്ഷന് അംഗീകാരം നല്‍കിയതില്‍ സെബിയോട് ഏറെ നന്ദിയുണ്ടെന്ന് എന്‍സിഡിഇഎക്‌സ് എംഡിയും സിഇഒയുമായ സമീര്‍ ഷാ പറഞ്ഞു. കര്‍ഷകര്‍ക്ക് മികച്ച വില ലഭ്യമാക്കുന്നതിനും നഷ്ട സാധ്യത കുറക്കുന്നതിനും ഇത് സഹായകരമാകും. ഉല്‍പ്പന്നങ്ങള്‍ക്ക് വില തകര്‍ച്ച ഉണ്ടാകുമ്പോള്‍ അതില്‍ നിന്നും കര്‍ഷകരെ രക്ഷിക്കാനും വില ഉയരുകയാണെങ്കില്‍ ഏറ്റവും ഉയര്‍ന്ന വില തന്നെ നേടുന്നതിനും പുതിയ ട്രേഡിംഗ് സഹായിക്കും, അദ്ദേഹം വ്യക്തമാക്കി. കര്‍ഷകര്‍ക്ക് ഏറെ ഗുണം ചെയ്യുന്നതാണ് എന്‍സിഡിഇഎക്‌സിന്റെ പുതിയ സംരംഭമെന്ന് അഗ്രികള്‍ച്ചര്‍ അറ്റ് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ ഇന്റര്‍നാഷ്ണല്‍ ഇകണോമിക് റിലേഷന്‍സ് ചെയര്‍ പ്രൊഫസര്‍ ഡോ. അശോക് ഗുലാത്തി അഭിപ്രായപ്പെട്ടു.

പുതിയ ട്രേഡിംഗുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ഇടയില്‍ അവബോധം സൃഷ്ടിക്കാനുള്ള പ്രചാരണപരിപാടികള്‍ക്കും എന്‍സിഡിഇഎക്‌സ് തുടക്കമിട്ടിട്ടുണ്ട്. അഗ്രി ഓപ്ഷനുകളുമായി ബന്ധപ്പെട്ട് കൂടുതല്‍ അറിയുന്നതിനായി ഒരു മൊബീല്‍ ആപ്പ് പുറത്തിറക്കാനും എക്‌സ്‌ചേഞ്ചിന് പദ്ധതിയുണ്ട്. ഫെബ്രുവരി, മാര്‍ച്ച്. ഏപ്രില്‍ എന്നീ മാസങ്ങളിലായിരിക്കും ഓപ്ഷന്‍ കോണ്‍ട്രാക്റ്റുകളുടെ കാലാവധി അവസാനിക്കുക. ഇന്നലെ മുതല്‍ ട്രേഡിംഗ് പ്രാബല്യത്തിലായി.

Comments

comments