പതിനായിരം തൊഴിലവസരങ്ങളുമായി മെറീന ഗ്രൂപ്പ്

പതിനായിരം തൊഴിലവസരങ്ങളുമായി മെറീന ഗ്രൂപ്പ്

ഓഖി ദുരിതബാധിതരെ സഹായിക്കാനും പദ്ധതി

കൊച്ചി: പതിനായിരത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് തൊഴില്‍ മേഖലയില്‍ പുതിയ മുന്നേറ്റത്തിന് തുടക്കം കുറിച്ച് മെറീന ഗ്രൂപ്പ്. മെറീന ഗ്രൂപ്പിലെ പേള്‍ലാക് പെയിന്റ്‌സ് വഴി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മെറീന ഗ്രൂപ്പ് സിഇഒയും പേള്‍ലാക് പെയിന്റ്്‌സ് ഉടമയുമായ സേവ്യര്‍കുട്ടി പുത്തേത്ത് അറിയിച്ചു. 22 വര്‍ഷമായി വൈവിധ്യമാര്‍ന്ന പെയിന്റുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന പേള്‍ലാക് വഴി വര്‍ക്ക്‌സൈറ്റുകള്‍ നേരിട്ട് കണ്ടെത്തി പെയിന്റിംഗ് മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാനാണ് മെറീന ഗ്രൂപ്പ് പദ്ധതിയിടുന്നത്. വീടുകളും ബഹുനില കെട്ടിടങ്ങളും ഓട്ടോമൊബീല്‍ വര്‍ക്ക്‌ഷോപ്പുകളും വുഡ് വര്‍ക്ക്‌ഷോപ്പുകളും മറൈന്‍ യാഡുകളും ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന മേഖലകളില്‍ പെയിന്റിംഗിന് ഡിമാന്‍ഡുണ്ട്. ഇത്തരം പെയിന്റിംഗ് ജോലികള്‍ ഏറ്റെടുത്ത് പെയിന്റര്‍മാര്‍ക്കും കോണ്‍ട്രാക്റ്റര്‍മാര്‍ക്കും നല്‍കുക വഴി ഒട്ടേറെ തൊഴിലവസരം സൃഷ്ടിക്കപ്പെടുമെന്ന് സേവ്യര്‍കുട്ടി പുത്തേത്ത് പറഞ്ഞു. സൗദി അറേബ്യ ഒമാന്‍, യുഎഇ, ബഹ്‌റിന്‍, ഖത്തര്‍, കുവൈറ്റ് തുടങ്ങി പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ പെയിന്റിംഗ് കോണ്‍ട്രാക്റ്റ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഓഖി ദുരന്തത്തിനിരയായ ആയിരത്തോളം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നും സേവ്യര്‍കുട്ടി പുത്തേത്ത് അറിയിച്ചു.ഇക്കാര്യങ്ങള്‍ ബിഷപ്പ് സൂസപാക്യവുമായി സംസാരിച്ചതായും ദുരിതബാധിതര്‍ക്ക് തൊഴില്‍ നല്‍കാമെന്ന വാഗ്ദാനം ബിഷപ്പിനെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.ദുരന്തമേഖലയില്‍ പുനര്‍നിര്‍മിക്കുന്ന വീടുകള്‍ക്ക് പെയിന്റിംഗിന് ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ പേള്‍ലാക് പെയിന്റ്‌സ് സൗജന്യമായി നല്‍കാമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.

ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് വളരാനും വികസിക്കാനുമായി പുതിയൊരു പദ്ധതിക്ക് മെറീന ഗ്രൂപ്പ് രൂപം നല്‍കി വരികയാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, ഇന്‍ഡസ്ട്രിയല്‍ കെമിക്കല്‍സ് എന്നിവയുടെ മൊത്ത, ചില്ലറ വ്യാപാരത്തില്‍ ഊന്നുന്ന കമ്പനി വിദേശത്ത് നിന്ന് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്ത് വിപണനം നടത്താനും ഉദ്ദേശിക്കുന്നു. വിവിധ ഏഷ്യന്‍ രാജ്യങ്ങളിലും അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ കമ്പനികളുമായി വ്യാപാര കരാറുകളില്‍ ഒപ്പുവച്ചു കഴിഞ്ഞു. വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി ഭക്ഷ്യ സംസ്‌കരണ മേഖലയിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി മെറീന ആഗ്രോ പ്രോഡക്റ്റ്‌സ് എന്ന ഉപവിഭാഗവും ആരംഭിച്ചിട്ടുണ്ട്. തേങ്ങ, കപ്പ, ചക്ക, കുടമ്പുളി എന്നിവയില്‍ നിന്ന് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കും. വിവിധ സ്ഥലങ്ങളില്‍ ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകളും സ്ഥാപിക്കും. ഇത് വഴി കൂടുതല്‍ തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കും. നടപ്പ് വര്‍ഷം 200 കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമിടുന്ന കമ്പനി ഭാവിയില്‍ പബ്ലിക് ഇഷ്യുവിനും ഉദ്ദേശിക്കുന്നു. അയ്യായിരം കോടി രൂപ വിറ്റുവരവുള്ള ഗ്രൂപ്പാക്കി മെറീനയെ വളര്‍ത്തുകയാണ് ലക്ഷ്യമെന്ന് സേവ്യര്‍കുട്ടി പുത്തേത്ത് പറഞ്ഞു.

Comments

comments