ഇന്ത്യന്‍ നഗരങ്ങള്‍ക്കാവശ്യം സംയോജിത വികസന അജണ്ട

ഇന്ത്യന്‍ നഗരങ്ങള്‍ക്കാവശ്യം  സംയോജിത വികസന അജണ്ട

മല്‍സരക്ഷമത വിലയിരുത്തിക്കൊണ്ട് നോക്കിക്കാണുകയാണെങ്കില്‍ നമ്മുടെ നഗരങ്ങള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും

ലോകത്തില്‍ ഏറ്റവും വേഗം വളരുന്ന സമ്പദ് വ്യവസ്ഥകളിലൊന്നായ ഇന്ത്യ കഴിഞ്ഞ ദശകത്തില്‍ ഏഴ് ശതമാനത്തിനു മുകളില്‍ വളര്‍ച്ചാ നിരക്ക് നേടിയിട്ടുണ്ട്. നഗരങ്ങളുടെ വളര്‍ച്ചയെ മുന്‍നിര്‍ത്തി ഈ വളര്‍ച്ചയില്‍ അധികവും വിശദീകരിക്കാം. രാജ്യത്തിനകത്തെ തൊഴില്‍ വളര്‍ച്ചയെ വ്യാഖ്യാനിക്കുന്ന സാമ്പത്തിക ശക്തികേന്ദ്രങ്ങളായി നഗരങ്ങള്‍ ഉയര്‍ന്നുവന്നിരിക്കുന്നു.

സമൃദ്ധി വര്‍ധിച്ചതിനൊപ്പം തന്നെ നഗരങ്ങള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികളും കൂടി. അസമത്വം, ആസൂത്രണമില്ലാത്ത നഗരവല്‍ക്കരണം, വന്‍തോതിലുള്ള കുടിയേറ്റം, ദാരിദ്ര്യം, തൊഴിലില്ലായ്മ എന്നിവയെല്ലാമാണ് പ്രധാന വെല്ലുവിളികള്‍. ചില നഗരങ്ങളില്‍ ജീവിത നിലവാരത്തില്‍ ഇടിവുണ്ടാകുന്നതിനും സാക്ഷ്യം വഹിച്ചു.

മല്‍സരക്ഷമത വിലയിരുത്തിക്കൊണ്ട് നോക്കിക്കാണുകയാണെങ്കില്‍ നമ്മുടെ നഗരങ്ങള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും. മല്‍സരശേഷി ഒരു മേഖലയിലെ ദീര്‍ഘകാല ഉല്‍പ്പാദനക്ഷമതയെ ആശ്രയിച്ചിരിക്കുന്നു. മല്‍സരക്ഷമതയുള്ള ഒരു നഗരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും പൗരന്‍മാരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനുമായി സ്വന്തം സ്ഥാപനങ്ങളെയും വ്യവസായങ്ങളെയും മികച്ച രീതിയില്‍ മുന്നോട്ട് നയിക്കും.

വികസനത്തിന്റെ ചില അളവുകോലുകളില്‍ മാത്രമേ നമ്മുടെ നഗരങ്ങള്‍ ശ്രദ്ധയൂന്നുന്നുള്ളു. മറ്റുള്ളവയെ മറക്കുന്നു. ഉദാഹരണത്തിന്, രാജ്യത്തെ ഏറ്റവും മല്‍സരക്ഷമമായ നഗരങ്ങളാണെങ്കിലും ചില മേഖലകളിലെ (പരിസ്ഥിതി, ശുചിത്വം, ഭരണം) നമ്മുടെ നഗരങ്ങളുടെ പ്രകടനം മികച്ചതല്ല. സംയോജിതമായ ഒരു വികസന അജണ്ടയില്ലാത്തതും വ്യക്തമായ കാഴ്ചപ്പാടിന്റെ അഭാവവുമാണ് ഇത് സൂചിപ്പിക്കുന്നത്

വ്യത്യസ്തമായ അളവുകോലുകളില്‍ 50 ഇന്ത്യന്‍ നഗരങ്ങളുടെ മല്‍സരപ്രകടനത്തെയാണ് ദി സിറ്റി കോംപറ്റിറ്റീവ്‌നസ് റിപ്പോര്‍ട്ട് 2017 വിലയിരുത്തുന്നത്. ഫാക്റ്റര്‍ കണ്ടീഷന്‍ (ചില ഘടകങ്ങളെ അടിസ്ഥാനമാക്കി രാജ്യങ്ങളുടേയോ പ്രത്യേക ഗ്രൂപ്പുകളുടേയോ മത്സരക്ഷമതയെ അളക്കുന്ന രീതി), ഡിമാന്‍ഡ് കണ്ടീഷന്‍ (പ്രാദേശിക വിപണിയിലെ ആഭ്യന്തര ഉല്‍പ്പന്ന ആവശ്യകതയെ അടിസ്ഥാനമാക്കി മത്സരക്ഷമത നിശ്ചയിക്കല്‍), കോണ്ടെക്‌സ്റ്റ് ഫോര്‍ ഫേം സ്ട്രാറ്റജി ആന്‍ഡ് റൈവല്‍റി (കമ്പനികളുടെ ഘടനയെയും മത്സരാഭിമുഖ്യത്തെയും അടിസ്ഥാനമാക്കുന്ന മാതൃക), റിലേറ്റഡ് ആന്‍ഡ് സപ്പോര്‍ട്ടിംഗ് ഇന്‍ഡസ്ട്രീസ് (ഒരു രാജ്യത്തെ ആഗോള നിലവാരമുള്ള ചരക്ക്, സേവന കമ്പനികളുടെ സാന്നിധ്യവും അസാന്നിധ്യവും അടിസ്ഥാനമാക്കിയുള്ള മാതൃക) എന്നിവയുടെ ആകെത്തുകയായി മല്‍സരക്ഷമതയെ വ്യാഖ്യാനിക്കുന്ന മൈക്കല്‍ പോര്‍ട്ടറിന്റെ ഡയമണ്ട് മോഡല്‍ ചട്ടക്കൂടാണ് ഇതിന്് ഉപയോഗിക്കുന്നത്.

പട്ടികയില്‍ ഇന്ത്യയിലെ ഏറ്റവും മല്‍സരക്ഷമതയുള്ള നഗരമായി ഉയര്‍ന്നുവന്നത് ബെംഗളൂരുവാണ്. മുംബൈയും പൂനെയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. പാറ്റ്‌നയാണ് ഏറ്റവും കുറഞ്ഞ മല്‍സരക്ഷമത പ്രകടിപ്പിച്ച ഇന്ത്യന്‍ നഗരം.

ഇതുമായി ബന്ധപ്പെട്ട വിശകലനം താല്‍പര്യമുണര്‍ത്തുന്ന ചില ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നുണ്ട്. ഒരു നഗരത്തിലെ ജനസംഖ്യ അതിന്റെ മല്‍സരാധിഷ്ഠിത നിലവാരത്തില്‍ നേരിട്ട് പങ്കുവഹിക്കുന്നുണ്ടെന്നതാണ് ഇതില്‍ ആദ്യത്തേത്. അതായത്, ഇന്ത്യയിലെ വമ്പന്‍ നഗരങ്ങള്‍ ഏറ്റവും മല്‍സരക്ഷമതയുള്ളതുമായിരിക്കും. ഉല്‍പ്പാദനത്തെ നിര്‍ണയിക്കുന്ന ഘടകം എന്ന നിലയില്‍ ജനസംഖ്യ പ്രവര്‍ത്തിക്കുകയും നഗരത്തിന്റെ മല്‍സരക്ഷമതയില്‍ അനുകൂലമായ പ്രതിഫലനങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. അല്ലെങ്കില്‍ മല്‍സരക്ഷമതയുള്ള നഗരങ്ങള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ ആകര്‍ഷണീയമാകുന്നു.

ഈ നഗരങ്ങളിലെ സാക്ഷരതാ നിരക്ക് ഇന്ത്യയുടെ ദേശീയ ശരാശരിയേക്കാള്‍ വളരെ ഉയര്‍ന്നതാണ്. ഇതോടൊപ്പം ഉയര്‍ന്ന ജനസാന്ദ്രത രാജ്യത്ത് മികച്ച ഡിമാന്‍ഡ് കണ്ടീഷന്‍ സൃഷ്ടിക്കുകയും മല്‍സരക്ഷമതാ നിരക്ക് മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാന്നിധ്യം രാജ്യമെമ്പാടു നിന്നുമുള്ള മികച്ച പ്രതിഭകളെ ആകര്‍ഷിക്കാന്‍ വന്‍കിട നഗരങ്ങളെ സഹായിക്കുന്നു. ഇതിനൊപ്പം ഈ പട്ടണങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന തൊഴിലവസരങ്ങള്‍ കൂടി ചേരുമ്പോള്‍ പ്രതിഭാ സമ്പത്ത് നിലനിര്‍ത്താനും ഇവര്‍ക്ക് സാധിക്കും. ഈ പ്രതിഭാ വൈവിധ്യം നഗരങ്ങളുടെ വളര്‍ച്ച, ഉല്‍പ്പാദനക്ഷമത, സമ്പദ് വ്യവസ്ഥ എന്നിവയെ സുസ്ഥിരമാക്കുന്നു. മികച്ച സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങളും താരതമ്യേന ഉന്നതമായ സാമ്പത്തിക സാക്ഷരതയും അവരുടെ മല്‍സരക്ഷമതയിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടുന്നു.

വലിയ ജനസംഖ്യ എന്നത് ഒരു അനുഗ്രഹമല്ല. ജനങ്ങളുടെയും ചരക്കുകളുടെയും നീക്കത്തിലും അടിസ്ഥാന സേവനങ്ങളുടെ കാര്യത്തിലും ഇത് വെല്ലുവിളി സൃഷ്ടിക്കുന്നു. സേവന വിതരണം മെച്ചപ്പെടുത്തിയും അടിസ്ഥാന സൗകര്യത്തില്‍ കൂടുതല്‍ ചെലവിട്ടും സര്‍ക്കാര്‍ ഇത്തരം പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യണം. പട്ടികയില്‍ മുന്നിലുള്ള നഗരങ്ങളിലെല്ലാം പ്രവര്‍ത്തനക്ഷമമായ മെട്രോ റെയ്ല്‍ ശൃംഖലകളും രാജ്യത്തെ തന്നെ ഏറ്റവും മികച്ച ആശുപത്രികളും വിമാനത്താവളങ്ങളുമുണ്ടെന്നത് യാദൃശ്ചികമല്ല. ഈ ഘടകങ്ങള്‍ നഗരങ്ങളുടെ മല്‍സരക്ഷമതയെ ഗണ്യമായി സ്വാധീനിക്കുന്നു.

രണ്ടാമതായി, നിലവിലുള്ള പാരിസ്ഥിതിക സാഹചര്യങ്ങള്‍ തൊഴിലാളികളുടെ ഉല്‍പ്പാദനക്ഷമതയെ ബാധിച്ചുകൊണ്ട് നഗരത്തിന്റെ മല്‍സരക്ഷമതയെ സ്വാധീനിക്കുന്നുണ്ട്. മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ് പോലുള്ള മറ്റു നഗരങ്ങള്‍ക്ക് അവരുടെ മല്‍സരക്ഷമത നിലനിര്‍ത്താന്‍ സാധിച്ചപ്പോള്‍, ഡെല്‍ഹിക്ക് ഇത് നഷ്ടപ്പെടുന്നതായാണ് കാണാന്‍ കഴിഞ്ഞത്. വഷളായിക്കൊണ്ടിരിക്കുന്ന പാരിസ്ഥിതിക സാഹചര്യമാണ് ഡെല്‍ഹിയുടെ ഈ വീഴ്ചയ്ക്കുള്ള കാരണം. അയല്‍ നഗരങ്ങളായ നോയിഡ, ഗുരുഗ്രാം എന്നിവയും സമാനമായ നഷ്ടങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്.

മൂന്നാമത്, വ്യാവസായികവല്‍ക്കരണത്തിന്റെ തോതും നഗരങ്ങളുടെ മല്‍സരക്ഷമതയെ സ്വാധീനിക്കുന്നുണ്ട്. ഇന്ത്യയില്‍ മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, കര്‍ണാടക എന്നിവയുള്‍പ്പെടെയുള്ള ചെറിയ വിഭാഗം വരുന്ന വ്യാവസായികവല്‍ക്കൃത സംസ്ഥാനങ്ങളിലാണ് ഉയര്‍ന്ന തോതില്‍ മല്‍സരക്ഷമതയുള്ള നഗരങ്ങള്‍ സ്ഥിതി ചെയ്യുന്നത്. മല്‍സരക്ഷമത കുറഞ്ഞ നഗരങ്ങളുള്ളത് ഝാര്‍ഖണ്ഡ്, ബിഹാര്‍, ഛത്തീസ്ഗഡ്, ജമ്മു കശ്മീര്‍ എന്നിവ പോലെ വ്യവസായവല്‍ക്കരണം കുറഞ്ഞ സംസ്ഥാനങ്ങളിലുമാണ്. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, കുറഞ്ഞ തോതില്‍ വ്യവസായവല്‍ക്കൃതമായ സംസ്ഥാനങ്ങളെ കൂടുതല്‍ മല്‍സരക്ഷമമാക്കണമെങ്കില്‍ ഒരു പോളിസി ടൂള്‍ എന്ന നിലയില്‍ വ്യാവസായികവല്‍ക്കരണം ആവശ്യമാണ്.

ഇന്ത്യയില്‍ മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, കര്‍ണാടക എന്നിവയുള്‍പ്പെടെയുള്ള ചെറിയ വിഭാഗം വരുന്ന വ്യാവസായികവല്‍ക്കൃത സംസ്ഥാനങ്ങളിലാണ് ഉയര്‍ന്ന തോതില്‍ മല്‍സരക്ഷമതയുള്ള നഗരങ്ങള്‍ സ്ഥിതി ചെയ്യുന്നത്. മല്‍സരക്ഷമത കുറഞ്ഞ നഗരങ്ങളുള്ളത് ഝാര്‍ഖണ്ഡ്, ബിഹാര്‍, ഛത്തീസ്ഗഡ്, ജമ്മു കശ്മീര്‍ എന്നിവ പോലെ വ്യവസായവല്‍ക്കരണം കുറഞ്ഞ സംസ്ഥാനങ്ങളിലുമാണ്.

ചുരുങ്ങിയ കാലത്തില്‍ ചില നഗരങ്ങള്‍ തങ്ങളുടെ മല്‍സരക്ഷമതാ തോതില്‍ ഗണ്യമായ പുരോഗതിക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. അവരുടെ ഫാക്റ്റര്‍ കണ്ടീഷനും ഡിമാന്‍ഡ് കണ്ടീഷനും മെച്ചപ്പെട്ടതാകാം ഇതിന് കാരണം. എന്നാല്‍ ഈ മല്‍സരക്ഷമത നിലനിര്‍ത്താനും മെച്ചപ്പെടുത്താനും പോര്‍ട്ടര്‍ ഡയമണ്ട് മോഡലിലെ രണ്ട് പ്രധാന ഘടകങ്ങളായ കോണ്ടെസ്റ്റ് ഫോര്‍ സ്ട്രാറ്റജി ആന്‍ഡ് റൈവല്‍റി, റിലേറ്റഡ് ആന്‍ഡ് സപ്പോര്‍ട്ടിംഗ് ഇന്‍ഡസ്ട്രീസ് എന്നിവ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കണം. ഈ രണ്ടു ഘടകങ്ങളും വ്യവസായവല്‍ക്കരണത്തിന്റെ തോതുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. ഒരൊറ്റ രാത്രികൊണ്ട് ഇത് വര്‍ധിപ്പിക്കാനും സാധ്യമല്ല.

അതുകൊണ്ടുതന്നെ വ്യാവസായികവല്‍ക്കരണം കുറഞ്ഞ ഈ നഗരങ്ങളിലെ നയരൂപകര്‍ത്താക്കള്‍ മല്‍സരക്ഷമത വര്‍ധിപ്പിക്കുന്നതിനുള്ള ദീര്‍ഘകാലാടിസ്ഥാനത്തിലെ പരിഹാര മാര്‍ഗമായി വ്യവസായവല്‍ക്കരണത്തെ കാണണം. ഗുജറാത്ത്, കര്‍ണാടക, മഹാരാഷ്ട്ര, ഡെല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ നഗരങ്ങള്‍ ഈ ഘടകങ്ങളില്‍ നന്നായി പ്രവര്‍ത്തിക്കണം. നഗരതലത്തില്‍ പഴയ വ്യാവസായിക – വാണിജ്യ ഹബ്ബുകളായ സൂറത്ത്, മുംബൈ, അഹമ്മദാബാദ്, ഡെല്‍ഹി എന്നിവയും ഇതില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണം.

അവസാനമായി, ശുചിത്വത്തിന്റെയും പൊതുജനാരോഗ്യ സംരക്ഷണത്തിന്റെയും തോതും മല്‍സരക്ഷമതയും അനുകൂലമായി ബന്ധപ്പെട്ടിരിക്കുന്നു. മധ്യപ്രദേശ് പോലെ മികച്ച ശുചിത്വമുള്ള സംസ്ഥാനങ്ങളിലെ നഗരങ്ങളില്‍ മല്‍സരക്ഷമതയുടെ തോത് ഉയര്‍ന്നതായി കാണാം. റോഡില്‍ തുപ്പുന്ന ആളുകളുടെ പേരുകള്‍ പ്രാദേശിക പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച് അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ഇന്‍ഡോര്‍ അടുത്തിടെ നിര്‍ബന്ധിതരായിരുന്നു. രണ്ടാം നിര, മൂന്നാം നിര നഗരങ്ങളായ ചണ്ഡീഗഡ്, വഡോദര, സൂറത്ത്, മൈസൂര്‍, രാജ്‌കോട്ട് എന്നിവയും സമാനമായ അവസ്ഥയാണ് അഭിമുഖീകരിക്കുന്നത്. ഡെല്‍ഹി, ബെംഗളൂരു എന്നിവ പോലുള്ള വന്‍ നഗരങ്ങളും ഇക്കാര്യത്തില്‍ മികച്ച പ്രകടനമല്ല കാഴ്ചവയ്ക്കുന്നത്. വന്‍തോതിലുള്ള ജനസംഖ്യയും പരിമിതമായ പൊതു അടിസ്ഥാന സൗകര്യങ്ങളുമെല്ലാമാകാം ഇതിനുള്ള കാരണം.

വികസനത്തിന്റെ ചില അളവുകോലുകളില്‍ മാത്രമേ നമ്മുടെ നഗരങ്ങള്‍ ശ്രദ്ധയൂന്നുന്നുള്ളു. മറ്റുള്ളവയെ മറക്കുന്നു. ഉദാഹരണത്തിന്, രാജ്യത്തെ ഏറ്റവും മല്‍സരക്ഷമമായ നഗരങ്ങളാണെങ്കിലും ചില മേഖലകളിലെ (പരിസ്ഥിതി, ശുചിത്വം, ഭരണം) നമ്മുടെ നഗരങ്ങളുടെ പ്രകടനം മികച്ചതല്ല. സംയോജിതമായ ഒരു വികസന അജണ്ടയില്ലാത്തതും വ്യക്തമായ കാഴ്ചപ്പാടിന്റെ അഭാവവുമാണ് ഇത് സൂചിപ്പിക്കുന്നത്. ആസൂത്രണവും വികസനവും വ്യക്തമായ മുന്‍ഗണനകളുടെ അടിസ്ഥാനത്തിലാണ് നടത്തേണ്ടത്. രാഷ്ട്രീയവും സാമ്പത്തികവുമായി കൂടുതല്‍ അധികാരങ്ങള്‍ നല്‍കി മുനിസിപ്പാലിറ്റികളെ ശക്തിപ്പെടുത്തുകയാണ് ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള പ്രധാന മാര്‍ഗം. ലോകത്തിലെ തന്നെ ഏറ്റവും മല്‍സരക്ഷമതയുള്ള നഗരങ്ങള്‍ സ്ഥിതി ചെയ്യുന്ന ചൈന ഇത്തരത്തിലുള്ള അധികാര കൈമാറ്റത്തിലൂടെയാണ് വിജയം കണ്ടെത്തിയത്. ആസൂത്രണവും വികസനവുമായി ബന്ധപ്പെട്ട പ്രക്രിയയില്‍ പ്രാദേശിക ജനതയുടെ പങ്കാളിത്തമാണ് ഇന്ത്യ അവഗണിക്കുന്ന മറ്റൊരു പ്രധാന ഘടകം. എങ്ങനെ നഗരങ്ങളെ ശക്തിപ്പെടുത്തുന്നുവെന്നതാണ് ഇന്ത്യയുടെ ഭാവി വളര്‍ച്ചയെ നിശ്ചയിക്കുക.

(ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോംപറ്റിറ്റീവ്‌നസിന്റെ അധ്യക്ഷനാണ് ലേഖകന്‍)

കടപ്പാട്: ഐഎഎന്‍എസ്

 

Comments

comments