മൊബീല്‍ നെറ്റ്‌വര്‍ക്ക് വേഗതയില്‍ ഇന്ത്യ വീണ്ടും പിന്നില്‍: ഊക്ക്‌ല റിപ്പോര്‍ട്ട്

മൊബീല്‍ നെറ്റ്‌വര്‍ക്ക് വേഗതയില്‍ ഇന്ത്യ വീണ്ടും പിന്നില്‍: ഊക്ക്‌ല റിപ്പോര്‍ട്ട്

ഡാറ്റാ വേഗതയില്‍ ഇപ്പോഴും മുന്നില്‍ എയര്‍ടെല്‍ തന്നെയെന്ന് ഊക്ക്‌ല

മുംബൈ: ഡിസംബറില്‍ മൊബീല്‍ ബ്രോഡ്ബാന്‍ഡ് വേഗതയില്‍ ഇന്ത്യ 111-ാം സ്ഥാനത്ത്. രണ്ട് മാസത്തിനുള്ളില്‍ നാല് സ്ഥാനങ്ങളാണ് ഇന്ത്യ പിന്നിലേക്ക് പോയത്. കസാഖിസ്ഥാന്‍ (64), മ്യാന്‍മര്‍ (84),പാക്കിസ്ഥാന്‍ (88),ശ്രീലങ്ക (101),ഘാന (110) എന്നീ രാജ്യങ്ങള്‍ ഇന്ത്യയെ അപേക്ഷിച്ച് നില മെച്ചപ്പെടുത്തിയെന്നും യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഊക്ക്‌ല പുറത്തുവിട്ട ഏറ്റവും പുതിയ സ്പീഡ്‌ടെസ്റ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

രാജ്യത്തെ ഏറ്റവും വേഗതയുള്ള മൊബില്‍ നെറ്റ്‌വര്‍ക്കെന്ന സ്ഥാനം ഭാരതി എയര്‍ടെല്‍ നിലനിര്‍ത്തിയിട്ടുണ്ട്. നില മെച്ചപ്പെടുത്തിയ വോഡഫോണ്‍ നാലാം സ്ഥാനത്ത് നിന്നും രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. റിലയന്‍സ് ജിയോ വേഗത മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്തെ ഏറ്റവും വേഗതയുള്ള 4ജി നെറ്റ്‌വര്‍ക്ക് ജിയോയുടേതാണെന്നാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ സ്ഥിരമായി വിലയിരുത്തുന്നത്. എന്നാല്‍ 3.7 മില്യണോളം ഡിവൈസുകളില്‍ നടത്തിയ 25 മില്യണിലധികം പരിശോധനകളെ അടിസ്ഥാനമാക്കിയാണ് ഊക്ക്‌ല റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

രാജ്യത്തെ അതിവേഗ നെറ്റ്‌വര്‍ക്ക് എയര്‍ടെലിന്റേതാണെന്ന ഊക്ക്‌ലയുടെ വിലയിരുത്തലിനെതിരെ കഴിഞ്ഞ വര്‍ഷം ജിയോ കോടതിയില്‍ പരാതി സമര്‍പ്പിച്ചിരുന്നു. ഈ വിലയിരുത്തല്‍ ശരിയല്ലെന്നും എയര്‍ടെല്‍ ഇത് പരസ്യങ്ങള്‍ക്കായി ഉപയോഗിച്ചത് മൂലം തങ്ങളെ ദോഷകരമായി ബാധിക്കുന്നുവെന്നും ജിയോ ആരോപിച്ചിരുന്നു. പരസ്യം തെറ്റിദ്ധാരണാജനകവും ഊക്ക്‌ലയുമായി ചേര്‍ന്നുള്ള തെറ്റായ കൂട്ടുകെട്ടിന്റെ ഫലവുമാണെന്നായിരുന്നു ജിയോയടെ വാദം. എന്നാല്‍ ജിയോയുടെ പരാതി കോടതി തള്ളിക്കളഞ്ഞിരുന്നു.

ഇന്ത്യയിലെ ശരാശരി മൊബീല്‍ ഡൗണ്‍ലോഡ് വേഗത 9.14 എംബിപിഎസാണ്. ഒരു സെക്കന്റില്‍ ശരാശരി രണ്ട് പാട്ടുകള്‍ ഡൗണ്‍ലോഡ് ചെയ്യാനാകുന്ന വേഗതയാണിതെന്ന് ഊക്ക്‌ല സഹസ്ഥാപകന്‍ ഡൗഗ് സട്ട്ല്‍സ് പറയുന്നു. ഇന്ത്യയില്‍ നഗര,ഗ്രാമീണ മേഖലകളില്‍ മൊബീല്‍ നെറ്റ്‌വര്‍ക്ക് വിതരണ വേഗത ഏകദേശം സമാനമായ രീതിയിലാണ്. അപ്രതീക്ഷിതമായ ഏകീകരണ പ്രവര്‍ത്തനങ്ങള്‍ മൂലം ഇന്ത്യയിലെ നെറ്റ്‌വര്‍ക്കുകളിലെ നിക്ഷേപം കുറഞ്ഞുവെന്നും ഊക്ക്‌ല വിലയിരുത്തുന്നു.

Comments

comments