ജിഎസ്ടിയില്‍ പ്രധാനപ്പെട്ട പരിഷ്‌കരണങ്ങള്‍ ഉണ്ടായേക്കും

ജിഎസ്ടിയില്‍ പ്രധാനപ്പെട്ട പരിഷ്‌കരണങ്ങള്‍ ഉണ്ടായേക്കും

റിട്ടേണ്‍ ഫോമുകള്‍ മൂന്നില്‍ നിന്ന് ഒന്നാക്കി ചുരുക്കും

ന്യൂഡെല്‍ഹി: ഏകീകൃത ചരക്ക് സേവന നികുതി(ജിഎസ്ടി) നടത്തിപ്പ് സുഗമമാക്കുന്നതിനുള്ള പരിഷ്‌കരണങ്ങള്‍ ഈ മാസം 18ന് ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ പരിഗണിച്ചേക്കുമെന്ന് സൂചന. ജിഎസ്ടി സംവിധാനം ലളിതമാക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി സപ്ലൈ, കരകൗശലം തുടങ്ങിയ പദങ്ങളുടെ നിര്‍വചനത്തില്‍ കൗണ്‍സില്‍ മാറ്റം വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുകൂടാതെ ജിഎസ്ടിക്കു കീഴില്‍ റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള ജിഎസ്ടിആര്‍-1, 2, 3 എന്നീ മൂന്ന് ഫോമുകള്‍ക്ക് പകരം ഒറ്റ ഫോം സംവിധാനം നടപ്പാക്കുന്ന കാര്യവും യോഗം പരിഗണിച്ചേക്കുമെന്നാണ് ഇതുമായി അടുത്ത സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. മുന്‍കൂര്‍ ഇന്‍വോയ്‌സ് പൊരുത്തപ്പെടുത്തേണ്ടതുണ്ടെന്ന നിര്‍ദേശവും ജിഎസ്ടി കൗണ്‍സില്‍ ഉപേക്ഷിച്ചേക്കും.

നവംബറില്‍ 178ഓളം ഉല്‍പ്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് കുറച്ചതിനു ശേഷം പുതിയ നികുതി സംവിധാനത്തില്‍ വരുത്തുന്ന രണ്ടാമത്തെ പ്രധാനപ്പെട്ട അഴിച്ചുപണിയായിരിക്കും അടുത്തയാഴ്ച നടക്കാന്‍ പോകുന്നത്. ഇതിന്റെ ഭാഗമായി രണ്ട് സമിതികളും കൗണ്‍സില്‍ രൂപീകരിച്ചിട്ടുണ്ട്. ജിഎസ്ടി നിയമങ്ങളും നടപടിക്രമങ്ങളും പരിശേധിക്കുന്നതിനുള്ളതാണ് ഒരു സമിതി. കരകൗശലം എന്ന പദം സംബന്ധിച്ച് നിര്‍വചനം തയാറാക്കുന്നതിനായാണ് മറ്റൊരു സമിതി രൂപീകരിത്. രണ്ട് സമിതികളും തങ്ങളുടെ റിപ്പോര്‍ട്ടുകള്‍ കൗണ്‍സില്‍ സെക്രട്ടേറിയറ്റില്‍ സമര്‍പ്പിച്ചതായാണ് വിവരം. സമിതികളുടെ ശുപാര്‍ശകള്‍ പരിശോധിച്ചതിനു ശേഷം കൗണ്‍സില്‍ അന്തിമ തീരുമാനമെടുക്കും.

കൂടുതല്‍ വ്യക്തത വരുത്തുന്നതിന് കയറ്റുമതിയുമായും പ്രത്യേക സാമ്പത്തിക മേഖലകളുമായും ബന്ധപ്പെട്ട നിരവധി വ്യവസ്ഥകളിലും ഭേദഗതിക്ക് സാധ്യതയുണ്ട്. കരകൗശല വസ്തുക്കളുടെ നിര്‍മാണജോലിക്ക് ജിഎസ്ടി നിരക്ക് അഞ്ച് ശതമാനമാക്കി കുറയ്ക്കണമെന്നും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
മൂന്ന് ഫോമുകള്‍ ഒറ്റ ഫോമാക്കി ചുരുക്കുന്നത് ജിഎസ്ടി സംവിധാനം തീര്‍ച്ചയായും ലളിതമാക്കുമെന്ന് പിഡബ്ല്യുസിയില്‍ നിന്നുള്ള ഇന്‍ഡയറക്റ്റ് ടാക്‌സ് വിഭാഗം മേധാവി പ്രതീക് ജെയ്ന്‍ പറഞ്ഞു. ഇത് അന്താരാഷ്ട്രതലത്തിലെ നികുതി സംവിധാനങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന ശരിയായ തീരുമാനമാണെന്നും ജിഎസ്ടിക്കു കീഴില്‍ മൂന്ന് പ്രതിമാസ റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള വ്യവസ്ഥ മറ്റൊരു രാജ്യത്തും ഇല്ലെന്നും കെപിഎംജി പാര്‍ട്ണര്‍ ഹര്‍പ്രീത് സിംഗും പറഞ്ഞു.

 

Comments

comments