ഫെഡറല്‍ ബാങ്ക് ഹെഡ്ജ് ഇക്വിറ്റീസുമായി ധാരണയില്‍

ഫെഡറല്‍ ബാങ്ക്  ഹെഡ്ജ് ഇക്വിറ്റീസുമായി ധാരണയില്‍

കൊച്ചി: പ്രവാസികളുടെ പോര്‍ട്ട്‌ഫോളിയോ നിക്ഷേപങ്ങള്‍ക്കായി ഫെഡറല്‍ ബാങ്ക് ഹെഡ്ജ് ഇക്വിറ്റീസുമായി തന്ത്രപ്രധാനമായ പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു. മറൈന്‍ ഡ്രൈവിലെ ഫെഡറല്‍ ടവേഴ്‌സില്‍ നടന്ന ചടങ്ങില്‍ ഫെഡറല്‍ ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും റീട്ടെയില്‍ ബിസിനസ് മേധാവിയുമായ ജോസ് കെ മാത്യു, ഹെഡ്ജ് ഇക്വിറ്റീസ് ലിമിറ്റഡ് എംഡി അലക്‌സ് ബാബു എന്നിവര്‍ ധാരണാപത്രം കൈമാറി.

സെക്കന്ററി മാര്‍ക്കറ്റില്‍ ക്രയവിക്രയം നടത്താന്‍ പ്രവാസികള്‍ക്ക് അനുമതി പത്രം നല്‍കാന്‍ ഫെഡറല്‍ ബാങ്കിനെ ആര്‍ബിഐ അധികാരപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ഫെഡറല്‍ ബാങ്കിന് എട്ട് പങ്കാളികളുമായി പോര്‍ട്ട്‌ഫോളിയോ നിക്ഷേപ പദ്ധതികള്‍ നിലവിലുണ്ട്. ഇന്ത്യന്‍ കമ്പനികളുടെ ഓഹരിയില്‍ ഇത് വഴി നിക്ഷേപം നടത്താനും ഓഹരി വാങ്ങാനും വില്‍ക്കാനുമുള്ള സൗകര്യങ്ങളും ലഭ്യമാണ്.

ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപം നടത്താന്‍ പ്രവാസികള്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സൗകര്യങ്ങളും ഒരുക്കാന്‍ ബാങ്ക് പ്രാപ്തമാണെന്നും മികച്ച പോര്‍ട്ട്‌ഫോളിയോ സേവനങ്ങള്‍ ലഭ്യമാക്കുമെന്നും ജോസ് കെ മാത്യു പറഞ്ഞു. ഈ മേഖലയില്‍ ആകെ ബിസിനസിലും എക്കൗണ്ടുകളുടെ എണ്ണത്തിലും ഇരട്ടിയോളം വര്‍ധന വരുത്തി പോര്‍ട്ട്‌ഫോളിയോ ബിസിനസ് ഇരട്ടിയാക്കാനാണ് ബാങ്ക് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഹെഡ്ജ് ക്രമാനുഗതമായി ഒരു വെല്‍ത്ത് മാനേജ്‌മെന്റ് കമ്പനിയായി ഉടന്‍ മാറുമെന്ന് അലക്‌സ് ബാബു വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം എന്‍ആര്‍ഐ ബിസിനസിന്റെ പിന്തുണയോടുകൂടി നൂറുശതമാനം വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞു. ഫെഡറല്‍ ബാങ്കുമായുള്ള ഈ പങ്കാളിത്തം തങ്ങളുടെ ബിസിനസ് വര്‍ധിക്കാന്‍ കാരണമാകുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

Comments

comments