ഇലക്ട്രിക് കാറുകളെ ഷെഡ്ഡിലൊതുക്കിയ ഗൂഢാലോചകര്‍

ഇലക്ട്രിക് കാറുകളെ  ഷെഡ്ഡിലൊതുക്കിയ  ഗൂഢാലോചകര്‍

അന്തരീക്ഷ മലിനീകരണവും അതിന്റെ ഫലമായുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനവും ഇന്ന് ആഗോള തലത്തില്‍ ഗൗരവമേറിയ ചര്‍ച്ചകള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. അതിനു പരിഹാരമായി നിര്‍ദേശിക്കപ്പെടുന്നത് ഇലക്ട്രിക് കാറുകളും. എന്നാല്‍ രണ്ടര പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ ഇലക്ട്രിക് കാറുകളെ കുറിച്ച് ലോകം ചിന്തിച്ചിരുന്നു. അമേരിക്കയിലെ ജനറല്‍ മോട്ടോഴ്‌സു പോലുള്ള വമ്പന്‍ കമ്പനികള്‍ ഇലക്ട്രിക് വാഹനം പുറത്തിറക്കുക പോലുമുണ്ടായി. എന്നാല്‍ പതിയെ വാഹന നിര്‍മാതാക്കളെല്ലാം അതില്‍ നിന്നു പിന്തിരിഞ്ഞു. 1990 കളിലാണ് കമ്പനികള്‍ പരിസ്ഥിതി സൗഹൃദമായ ഇലക്ട്രിക് കാറുകളെ കുറിച്ച് ആലോചനയാരംഭിച്ചത്. 96ല്‍ ജനറല്‍ മോട്ടോഴ്‌സ് ഇ വി 1 എന്ന പേരില്‍ ആദ്യ ഇലക്ട്രിക് കാര്‍ പുറത്തിറക്കി. അരിസോണ, കാലിഫോര്‍ണിയ എന്നീ രണ്ടു യുഎസ് സ്റ്റേറ്റുകളില്‍ മാത്രമേ ഇ വി 1 ലഭ്യമായിരുന്നുള്ളു, അതും വാടകയ്ക്ക് മാത്രം. മൂന്നു വര്‍ഷം കൊണ്ട് 2500 ഇലക്ട്രിക് വാഹനങ്ങള്‍ ജിഎം പുറത്തിറക്കി. എന്നാല്‍ 2003ന്റെ അവസാനം ഇലക്ട്രിക് വാഹന നിര്‍മാണം ജനറല്‍ മോട്ടോഴ്‌സ് നിര്‍ത്തലാക്കി. ഇത്തരം വാഹനങ്ങള്‍ നിര്‍മിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള വലിയ ചെലവ് കണക്കിലെടുത്താണ് നടപടിയെന്നായിരുന്നു ജനറല്‍ മോട്ടോഴ്‌സിന്റെ വിശദീകരണം. എന്നാല്‍ കാലിഫോര്‍ണിയ എയര്‍ റിസോഴ്‌സ് ബോര്‍ഡ് പുക രഹിത വാഹനങ്ങള്‍ നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്നാണ് ജനറല്‍ മോട്ടോഴ്‌സ് ഇലക്ട്രിക് വാഹന നിര്‍മാണത്തിലേക്ക് കടന്നതെന്ന് പറയപ്പെടുന്നു. പിന്നീട് നിബന്ധനകളില്‍ ഇളവു നേടിയെടുക്കുന്നതില്‍ ജിഎമ്മും മറ്റു കമ്പികളും വിജയിച്ചു. ഇതോടെയാണ് ഇലക്ട്രിക് വാഹന പദ്ധതി പാളിയതെന്ന് കരുതപ്പെടുന്നു. ഓയില്‍ കമ്പനികളും വാഹന നിര്‍മാതാക്കളും ഭരണകൂടവും ചേര്‍ന്ന് നടത്തിയ ഗൂഢാലോചന ഇലക്ട്രിക് കാറുകളുടെ പ്രയാണത്തെ തടയുകയായിരുന്നെന്നും ആരോപണമുണ്ട്. ഇതിനെ ആധാരമാക്കി 2006ല്‍ ഹു കില്‍ഡ് ദ ഇലക്ട്രിക് കാര്‍ എന്ന പേരില്‍ ഡോക്യുമെന്ററിയും പുറത്തിറങ്ങിയിരുന്നു.

Comments

comments

Categories: Auto, FK News, World