അന്ന് വരുമാനം 14 രൂപ, ഇന്ന് സെലിബ്രിറ്റികളുടെ നൃത്തപരിശീലകന്‍

അന്ന് വരുമാനം 14 രൂപ, ഇന്ന് സെലിബ്രിറ്റികളുടെ നൃത്തപരിശീലകന്‍

ജീവിതം പച്ചപിടിപ്പിക്കാന്‍ മുംബൈയ്ക്കു വണ്ടി കയറിയ യുവാവിനെ കാത്തിരുന്നത് ജൂഹു ബീച്ചിലെ ജിംനാസ്റ്റിക് മുറകളാണ്. സ്വയം പരിശീലനത്തിനൊപ്പം സ്വപ്‌നങ്ങളും മുറുകെ പിടിച്ച വിക്രം സൈ്വന്‍ ഇന്ന് ബോളിവുഡിലെ അറിയപ്പെടുന്ന കൊറിയോഗ്രാഫറായി വളരുകയാണ്

സ്വപ്‌നങ്ങളുമായി മുംബൈയ്ക്കു വണ്ടി കയറിയ ആരെയും നിരാശരാക്കിയ ചരിത്രം ആ നാടിനില്ല. ഒരു പുതിയ ജീവിതം തുടങ്ങാന്‍ കച്ച കെട്ടി ഇറങ്ങണമെന്നു മാത്രം. ഇത്തരത്തില്‍ വിജയ കഥകള്‍ ധാരാളമുണ്ട് മുംബൈ നഗരത്തിനു പറയാന്‍. സ്വപ്‌ന ഭൂമികയായ ബോളിവുഡിലും ബിസിനസിലും എന്നുവേണ്ട ഒട്ടുമിക്ക മേഖലയിലെ ആളുകളേയും നെഞ്ചേറ്റി വിജയിപ്പിച്ച ചരിത്ര ഭൂമിയാണ് മുംബൈ.

ബോളിവുഡ്‌ലോകം കൈപിടിച്ച് ഉയര്‍ത്തിയ ജീവിതമാണ് വിക്രം സൈ്വനിന്റേത്. ഒഡിഷയിലെ ഗഞ്ചം ജില്ലയില്‍ അന്തരിഗം ആണ് സ്വദേശം. അനാഥാലയത്തില്‍ ജീവിതം കഴിച്ചുകൂട്ടിയ വിക്രം ഇന്ന് ബോളിവുഡിലെ മുന്‍നിര യുവ താരങ്ങളുടെ ഡാന്‍സ്, ജിംനാസ്റ്റിക് പരിശീലക പദവിയിലേക്കു ഉയര്‍ന്നിരിക്കുന്നു. ഇതോടൊപ്പം യുവ നടന്‍ ടൈഗര്‍ ഷ്‌റോഫിന്റെ ഔദ്യോഗിക പരിശീലകന്‍ കൂടിയാണ് ഈ യുവാവ്. ഒഡീഷയിലെ നക്‌സല്‍ ബാധിത പ്രദേശങ്ങളില്‍ നിന്നുള്ള ഒരു ചെറുപ്പക്കാരന്‍ ബോളിവുഡ് താരങ്ങള്‍ക്കൊപ്പം ആഗോള രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന കാഴ്ച ഒരുപക്ഷേ ആദ്യത്തേതാകാം. ഒന്നു നേരം ഇരുട്ടി വെളുത്തപ്പോള്‍ ഉണ്ടായ അസുലഭ നേട്ടമല്ലിത്, വര്‍ഷങ്ങളുടെ അശ്രാന്ത പരിശ്രമമുണ്ട് ഈ യാത്രയ്ക്കു പിന്നില്‍.

ആദ്യ വരുമാനം ദിവസം 14 രൂപ

യാതനകള്‍ നിറഞ്ഞതായിരുന്നു വിക്രമിന്റെ കുട്ടിക്കാലം. അച്ഛന്‍ ജീവിച്ചിരുന്നിട്ടും അനാഥാലയത്തിന്റെ വാതിലുകളാണ് വിക്രമിനെയും സഹോദരനെയും ജീവിതത്തിലേക്ക് വരവേറ്റത്. മൂന്നു വയസുകാരനായ സഹോദരന് പാലിനും ഭക്ഷണത്തിനും മറ്റുമായി ഒമ്പതാം വയസില്‍ ജോലിക്കു പോകേണ്ടി വന്നു. ഒരു പാര്‍ക്കിലാണ് ആദ്യമായി ജോലിക്കു കയറിയത്. ദിവസ വേതനം 14 രൂപ. കുറച്ചു വര്‍ഷത്തെ ജോലിക്കു ശേഷം എംബ്രോയ്ഡറി പഠിക്കാന്‍ സൂററ്റിലേക്കു വണ്ടി കയറി. അവിടെ 1300 രൂപ വേതനത്തില്‍ ജോലി നേടിയപ്പോഴും ശമ്പളത്തിന്റെ പകുതി തുക സഹോദരനു വേണ്ടി നീക്കിവെക്കാന്‍ വിക്രം മറന്നില്ല. ജോലികള്‍ അത്തരത്തില്‍ പലത് മാറി മറിയുമ്പോഴും അവിടങ്ങളില്‍ ഒതുങ്ങിപ്പോകാനായിരുന്നില്ല വിക്രമിന്റെ തലവര.

ജീവിതത്തിലെ ടേണിംഗ് പോയിന്റായി ജൂഹു ബീച്ച്

2009ലാണ് വിക്രം മുംബൈയ്ക്കു വണ്ടി കയറുന്നത്. അവിടെ കാര്‍ ക്ലീനിംഗ് ജോലിയിലൂടെ മുന്നോട്ടു പോകവെ പരിചയക്കാരനായ ഒരു ഡ്രൈവര്‍ക്കൊപ്പം ജൂഹൂ ബീച്ച് സന്ദര്‍ശിക്കാനിടയായി. ജൂഹു ബീച്ചില്‍ പതിവായി കണ്ടുവന്ന ഒരു കാഴ്ച വിക്രമിന്റെ ഭാവിയിലേക്കുള്ള ചവിട്ടുപടിയായി എന്നു പറയാം. ഞായറാഴ്ചകളില്‍ ബീച്ചില്‍ സ്ഥിരമായി കാണുന്ന കുട്ടികളുടെ ജിംനാസ്റ്റിക് പരിശീലനത്തില്‍ ആകൃഷ്ടനായ വിക്രം അതു കണ്ടു പഠിച്ചു സ്വയം പരിശീലിച്ചു തുടങ്ങി. പിന്നീട് ഞായറാഴ്ചകളിലും ആഘോഷ ദിവസങ്ങളിലും ഇതൊരു ദിനചര്യയായി മാറി. ശരീരം വഴങ്ങിയതുകൊണ്ടു മാത്രമല്ല, ജിംനാസ്റ്റിക്‌സിലെ തന്റെ കഴിവിനെ ഏറ്റവും നന്നായി വിനിയോഗിക്കാനും വളരെ പെട്ടെന്നു പരിശീലന മുറകള്‍ സ്വായത്തമാക്കാനും കഴിഞ്ഞതിനാല്‍ വിക്രം സ്വയം അറിയാതെ തന്നെ ഒരു മികച്ച ജിംനാസ്റ്റിക് താരമായി മാറുകയായിരുന്നു. ഈ ജിംനാസ്റ്റിക്‌സ് മുറകളാണ് ഈ യുവാവിന്റെ വിധി മാറ്റിയെഴുതിയത്.

ഞായറാഴ്ചകളില്‍ ബീച്ചില്‍ സ്ഥിരമായി കാണുന്ന കുട്ടികളുടെ ജിംനാസ്റ്റിക് പരിശീലനത്തില്‍ ആകൃഷ്ടനായ വിക്രം അതു കണ്ടു പഠിച്ചു സ്വയം പരിശീലിച്ചു തുടങ്ങി. പിന്നീട് ഞായറാഴ്ചകളിലും ആഘോഷ ദിവസങ്ങളിലും ഇതൊരു ദിനചര്യയായി. ശരീരം വഴങ്ങിയതുകൊണ്ടു മാത്രമല്ല, ജിംനാസ്റ്റിക്‌സിലെ തന്റെ കഴിവിനെ നന്നായി വിനിയോഗിക്കാനും പരിശീലന മുറകള്‍ പെട്ടെന്നു സ്വായത്തമാക്കാനും കഴിഞ്ഞതിനാല്‍ വിക്രം ഒരു മികച്ച ജിംനാസ്റ്റിക് താരമായി മാറുകയായിരുന്നു

ടൈഗര്‍ ഷ്‌റോഫിലൂടെ ബോളിവുഡിലേക്ക്

വിക്രമിന്റെ ജൂഹു ബീച്ചിലെ പ്രകടനങ്ങള്‍ ഒരിക്കല്‍ യുവ ബോളിവുഡ് നടന്‍ ടൈഗര്‍ ഷ്‌റോഫ് കാണാന്‍ ഇടയായതോടെ, ഒരു നൃത്ത പരിശീലകന്‍ എന്ന പദവിയിലൂടെ ബോളിവുഡിലേക്കുള്ള വഴി തുറക്കപ്പെടുകയായിരുന്നു. ബീച്ചിലെ പ്രകടനങ്ങള്‍ കണ്ട മാത്രയില്‍ തനിക്കൊപ്പം വന്നു പരിശീലന മുറകള്‍ ചെയ്ത ടൈഗറിനെ വിക്രമിന് മറക്കാന്‍ കഴിയില്ല. അന്നു തന്നെ ആ നടന്റെ പരിശീലകനായി ജോലിയും ലഭിച്ചു. ടൈഗറിന്റെ ആദ്യ സിനിമയായ ഹീറോപാന്റിയിലൂടെയാണ് പരിശീലക വേഷത്തില്‍ വിക്രമിന്റെ ബോളിവുഡിലേക്കുള്ള അരങ്ങേറ്റം. തുടര്‍ന്ന് നിരവധി ബോളിവുഡ് സിനിമകളില്‍ അസിസ്റ്റന്റ് കൊറിയോഗ്രാഫര്‍ പദവിയും ഈ യുവാവിനെ തേടിയെത്തുകയുണ്ടായി. കിക്ക്, ഫാന്റം, ഹീറോ, ഓള്‍ ഈസ് വെല്‍ എന്നിവയെല്ലാം അവയില്‍ ചിലതാണ്.

ടൈഗര്‍ ഷ്‌റോഫിനെ തന്റെ ഗോഡ്ഫാദര്‍ ആയാണ് വിക്രം വിശേഷിപ്പിക്കുന്നത്. ആദ്യകാലത്ത് യൂടൂബ് വീഡിയോ വഴി പരിശീലന മുറകള്‍ അഭ്യസിപ്പിക്കാന്‍ പഠിപ്പിച്ചതും ടൈഗറാണ്. ജീവിതവും സ്വപ്‌നവും മാറ്റിമറിച്ച ഈ ബോളിവുഡ് നടനൊപ്പം ക്രിസ് ബ്രൗണിനെയും ആരാധിക്കുന്ന വിക്രമിന് ന്യത്തവും ജിംനാസ്റ്റിക്‌സും മാത്രമാണിപ്പോള്‍ ലോകം. ഭാവിയില്‍ ബോളിവുഡിലെ മികച്ച കൊറിയാഗ്രാഫറായി അറിയപ്പെടാനാണ് ആഗ്രഹം. ഇന്ന് വിക്രമിന്റെ സഹോദരന്‍ എംബിഎ പഠനം കഴിഞ്ഞിരിക്കുന്നു. ഒഡിഷയില്‍ സ്വന്തമായി സ്ഥലം വാങ്ങിയ ഈ താര പരിശീലകന്‍ ഇനി ബോളിവുഡിന് സ്വന്തമാണ്. യുവനിരയിലെ ബോളിവുഡ് നടീനടന്‍മാരുടെ ഇഷ്ട കൊറിയോഗ്രാഫര്‍മാരില്‍ ഒരാളായി വിക്രം അറിയപ്പെട്ടു തുടങ്ങിയിരിക്കുന്നു.

 

Comments

comments

Categories: FK News, Life, Motivation, Movies, Slider