റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ സ്ലീറ്റ് എഡിഷന്‍ അവതരിപ്പിച്ചു

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ സ്ലീറ്റ് എഡിഷന്‍ അവതരിപ്പിച്ചു

എക്‌സ്‌പ്ലോറര്‍ കിറ്റ്, ‘കാമോ’ പെയിന്റ് സ്‌കീം നല്‍കിയിരിക്കുന്ന സ്ലീറ്റ് എഡിഷന് 2,12,666 രൂപയാണ് ചെന്നൈ ഓണ്‍-റോഡ് വില

ചെന്നൈ : റോയല്‍ എന്‍ഫീല്‍ഡിന്റെ എന്‍ട്രി-ലെവല്‍ അഡ്വഞ്ചര്‍ ടൂററായ ഹിമാലയന്റെ സ്ലീറ്റ് എഡിഷന്‍ പുറത്തിറക്കി. ‘കാമോ’ പെയിന്റ് സ്‌കീം നല്‍കിയിരിക്കുന്ന സ്ലീറ്റ് എഡിഷന് 2,12,666 രൂപയാണ് ചെന്നൈ ഓണ്‍-റോഡ് വില. സ്ലീറ്റ് എഡിഷന്റെ 500 യൂണിറ്റ് മാത്രം പുറത്തിറക്കാനാണ് റോയല്‍ എന്‍ഫീല്‍ഡ് തീരുമാനിച്ചിരിക്കുന്നത്. ഓണ്‍ലൈനിലൂടെ മാത്രമേ ബൈക്ക് വാങ്ങാന്‍ കഴിയൂ. 5,000 രൂപ ടോക്കണ്‍ തുക നല്‍കി ഹിമാലയന്‍ സ്ലീറ്റ് എഡിഷന്‍ ബുക്ക് ചെയ്യാം. മോട്ടോര്‍സൈക്കിള്‍ വാങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് ഈ മാസം 30 വരെ ഓണ്‍ലൈനില്‍ രജിസ്‌ട്രേഷന്‍ നടത്താം. ജനുവരി 30 ന് വില്‍പ്പന തുടങ്ങും. ആദ്യം ബുക്കിംഗ് നടത്തുന്നവര്‍ക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് വില്‍പ്പന.

ഹിമാലയന്‍ സ്ലീറ്റ് എഡിഷനില്‍ കോസ്‌മെറ്റിക് അപ്‌ഗ്രേഡ് മാത്രമല്ല കാണാനാകുന്നത്. മോട്ടോര്‍സൈക്കിളിന് എക്‌സ്‌പ്ലോറര്‍ കിറ്റ് നല്‍കിയിരിക്കുന്നു. ഹിമാലയ പര്‍വ്വതത്തെ അനുസ്മരിപ്പിക്കുന്നതാണ് ചാര നിറത്തോടുകൂടിയ പുതിയ ‘കാമോ’ പെയിന്റ് സ്‌കീം.

26 ലിറ്റര്‍ വാട്ടര്‍ റെസിസ്റ്റന്റ് അലുമിനിയം പാനിയറുകള്‍, ഓഫ്-റോഡ് സ്‌റ്റൈല്‍ അലുമിനിയം ഹാന്‍ഡില്‍ ബാര്‍, ബാര്‍-എന്‍ഡ് വെയ്റ്റുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് സ്ലീറ്റ് എഡിഷനിലെ എക്‌സ്‌പ്ലോറര്‍ കിറ്റ്. പൗഡര്‍ കോട്ടിംഗ് ഫിനിഷോടുകൂടിയ എന്‍ജിന്‍ ഗാര്‍ഡും നല്‍കിയിട്ടുണ്ട്. നിശ്ചിത കാലയളവില്‍ ഹിമാലയന്‍ സ്ലീറ്റ് എഡിഷന്‍ വാങ്ങുന്നവര്‍ക്ക് രണ്ട് വര്‍ഷത്തെ മാനുഫാക്ച്ചറര്‍ വാറണ്ടി ലഭിക്കും. എക്‌സ്‌പ്ലോറര്‍ കിറ്റ് നല്‍കിയതോടെ സ്റ്റാന്‍ഡേഡ് വേര്‍ഷനേക്കാള്‍ സ്ലീറ്റ് എഡിഷന് ഏകദേശം 28,000 രൂപ കൂടുതലാണ്.

സ്ലീറ്റ് എഡിഷന്റെ 500 യൂണിറ്റ് മാത്രം പുറത്തിറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഓണ്‍ലൈനിലൂടെ മാത്രമേ വാങ്ങാന്‍ കഴിയൂ

മെക്കാനിക്കല്‍ കാര്യങ്ങളില്‍ മാറ്റമില്ല. 411 സിസി, സിംഗിള്‍ സിലിണ്ടര്‍, ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് എന്‍ജിന്‍ 6,500 ആര്‍പിഎമ്മില്‍ 24 ബിഎച്ച്പി കരുത്തും 4,500 ആര്‍പിഎമ്മില്‍ 32 എന്‍എം പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കും. ലോംഗ്-ട്രാവല്‍ സസ്‌പെന്‍ഷന്‍ സെറ്റപ്പ്, മുന്‍, പിന്‍ ചക്രങ്ങളില്‍ ഡിസ്‌ക് ബ്രേക്ക് എന്നിവ സവിശേഷതകളാണ്. മുന്നില്‍ 21 ഇഞ്ച് സ്‌പോക് വീലിലും പിന്നില്‍ 18 ഇഞ്ച് വീലിലുമാണ് ഈ അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ വരുന്നത്. ഡുവല്‍-പര്‍പസ് ടയറുകളാണ് രണ്ട് ചക്രങ്ങളിലും നല്‍കിയിരിക്കുന്നത്.

Comments

comments

Categories: Auto