ചോറ്v/sചപ്പാത്തി, ശരീരഭാരം കുറയ്ക്കാന്‍ ഏതാണ് ഉത്തമം?

ചോറ്v/sചപ്പാത്തി, ശരീരഭാരം കുറയ്ക്കാന്‍ ഏതാണ് ഉത്തമം?

ചോറിനും ചപ്പാത്തിക്കും അതിന്റേതായ ഗുണവും ദോഷങ്ങളുമുണ്ട്. എന്നാല്‍ ശരീരഭാരം കുറയ്ക്കാന്‍ ഇവയില്‍ ഏതാണ് മികച്ച ആഹാരം, ഏത് ആഹാരം ഒഴിവാക്കണം

ശരീരഭാരം അല്‍പമൊന്നു കൂടിയാല്‍ ആഹാരത്തില്‍ നിയന്ത്രണം വരുത്തുന്നവരാണ് ഇന്നത്തെ തലമുറ. ഈ ചിന്തയില്‍ ആദ്യമായെത്തുന്നത്, അരിയാഹാരം കുറച്ച് ചപ്പാത്തിയിലേക്കു കടക്കാം എന്ന തീരുമാനമാകും. കാര്യം നല്ലതു തന്നെ, എന്നാല്‍ ഭാരം കുറയ്ക്കുമ്പോള്‍ ഒന്ന് ചിന്തിക്കാം ചോറ്, ചപ്പാത്തി ഇവയില്‍ ആരോഗ്യകരമായ ഭക്ഷണം ഏതാണ് ? ശരീരഭാരം കുറയ്ക്കാന്‍ ഇവയില്‍ ഏത് ഒഴിവാക്കണം?

ചോറും ചപ്പാത്തിയും കാലങ്ങളായി നമ്മുടെ ഭക്ഷണത്തില്‍ കടന്നുകൂടിയ ആഹാരങ്ങളാണ്. ഇവ രണ്ടിലും അടങ്ങിയിരിക്കുന്ന കാര്‍ബോ ഹൈഡ്രേറ്റിന്റെയും കലോറിയുടേയും അളവ് ഏകദേശം സമാനമാണ്. എന്നാല്‍ ചോറിലും ചപ്പാത്തിയിലും അടങ്ങിയിരിക്കുന്ന പോഷകാഹാര ഘടകങ്ങളില്‍ വ്യത്യാസം ഉണ്ട്. പ്രോട്ടീന്‍, ഫൈബര്‍ എന്നിവയാല്‍ സമ്പുഷ്ടമായ ചപ്പാത്തി കഴിച്ചാല്‍ ദീര്‍ഘനേരം വയറ് നിറഞ്ഞതായി അനുഭവപ്പെടും. എന്നാല്‍ സ്റ്റാര്‍ച്ച് അടങ്ങിയിരിക്കുന്നതിനാല്‍ ചോറ് ചപ്പാത്തിയേക്കാള്‍ മുന്നേ ദഹിക്കും.

പോഷകാഹാരത്തിന്റെ കാര്യം എടുത്താല്‍ ചപ്പാത്തിയാണ് മുന്നില്‍. എന്നാല്‍ ഇതില്‍ കൂടുതല്‍ അളവില്‍ സോഡിയം അടങ്ങിയിട്ടുണ്ട്. ഓരോ 120ഗ്രാം ഗോതമ്പിലും 190ഗ്രാം സോഡിയം അടങ്ങിയിട്ടുണ്ട്. അതിനാല്‍ സോഡിയം ഒഴിവാക്കേണ്ടവര്‍ ചപ്പാത്തിയോട് മുഖം തിരിക്കുന്നതാവും ഉത്തമം. ഇത്തരം പ്രശ്‌നങ്ങളൊന്നും നിങ്ങളെ അലട്ടുന്നില്ലെങ്കില്‍ ഏറ്റവും നല്ല ചോയ്‌സാണ് ചപ്പാത്തി.

* അരി ഭക്ഷണത്തില്‍ നാരുകള്‍ കുറവാണ്. നാരിന്റെ അളവും പ്രോട്ടീനും ചപ്പാത്തിയില്‍ കൂടുതലുണ്ട്.

* നാരുകള്‍ കൂടുതലായി അടങ്ങിയിരിക്കുന്നതിനാല്‍ ദഹനം വൈകും, വിശപ്പു പെട്ടെന്ന് ഉണ്ടാകില്ല എന്നതാണ് പ്രധാന വിഷയം. ഇത് ശരീര ഭാരം കുറയാന്‍ കാരണമാകും.

* ഉയര്‍ന്ന കലോറിയുള്ള അരി ഭക്ഷണം ചപ്പാത്തിയോളം നിങ്ങളെ സംതൃപ്തരാക്കിയേക്കില്ല.

* ചപ്പാത്തിയില്‍ കാല്‍സ്യം, പൊട്ടാസ്യം, അയണ്‍, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്. എന്നാല്‍ അരിയില്‍ കാല്‍സ്യം ഇല്ല, മാത്രമല്ല പൊട്ടാസ്യത്തിന്റെയും ഫോസ്ഫറസിന്റെയും അളവ് കുറവുമാണ്.

* ചപ്പാത്തി ദഹിക്കാന്‍ ഏറെ സമയം എടുക്കുന്നതിനാല്‍ നിങ്ങളുടെ ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്താന്‍ സഹായിക്കും.

ചോറിനെ അപേക്ഷിച്ച് ചപ്പാത്തി ആരോഗ്യകരമാണെന്നു മനസിലാക്കി കഴിക്കുന്ന ചപ്പാത്തിയുടെ എണ്ണം കൂട്ടാമെന്നു വെക്കുന്നതും ആരോഗ്യത്തിന് ബുദ്ധിമുട്ടുണ്ടാക്കും. രാത്രി ഭക്ഷണം ചപ്പാത്തിയാക്കാന്‍ തീരുമാനിച്ചാല്‍ 7.30 ക്കു മുമ്പായി കഴിച്ചിരിക്കണം, മാത്രമല്ല നാല് ചപ്പാത്തിയില്‍ കൂടുതലാകാനും പാടില്ല. അങ്ങനെയായാല്‍ അരിഭക്ഷണം ഒഴിവാക്കുന്നതു കൊണ്ടുള്ള പ്രയോജനം ലഭിക്കില്ലെന്നും ഗവേഷകര്‍ പറയുന്നു.

 

Comments

comments

Categories: FK News, Life, Slider