ശാസ്ത്രഗവേഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍

ശാസ്ത്രഗവേഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍

വ്യാജവാര്‍ത്തകളുടെ കാലത്ത് പ്രസിദ്ധീകരിക്കുന്ന റിപ്പോര്‍ട്ടുകള്‍ സത്യമാണെന്ന് ഉറപ്പു വരുത്തേണ്ട ചുമതല പത്രപ്രവര്‍ത്തകര്‍ക്കുണ്ട്. ശാസ്ത്രത്തെയും ഗവേഷണത്തെയും കുറിച്ചാകുമ്പോള്‍ ചുമതലാബോധം കൂടുന്നു

ഗവേഷകര്‍ക്ക് അവരുടെ കണ്ടുപിടിത്തങ്ങള്‍ വലിയ ആള്‍ക്കൂട്ടവുമായി പങ്കുവെക്കാന്‍ ഏറ്റവും നല്ല മാര്‍ഗം ഇന്നും മാധ്യമ റിപ്പോര്‍ട്ടുകളാണ്. പത്രം, റേഡിയോ, ടെലിവിഷന്‍ തുടങ്ങിയ പരമ്പരാഗത മാര്‍ഗങ്ങളെ തന്നെയാണ് അവര്‍ ഇതിന് ആശ്രയിക്കുന്നതും. വിവരസാങ്കേതികവിദ്യയുടെ കടന്നുവരവോടെ ഇതിനുള്ള സൗകര്യം ഒന്നുകൂടി വര്‍ധിച്ചിരിക്കുന്നു. ഗവേഷകര്‍ പരസ്പരവും നിക്ഷേപകരും പ്രസാധകരും തമ്മിലും ശാസ്ത്രജ്ഞരും സാധാരണക്കാരും തമ്മിലുമുള്ള ചര്‍ച്ചകള്‍ വളരാന്‍ ഇത് വളരെയേറെ സഹായിച്ചു. എന്നാല്‍ മിക്കവാറും ശാസ്ത്രഗവേഷണ സംബന്ധിയായ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഗവേഷകര്‍ക്കോ സ്ഥാപനത്തിനോ പ്രാധാന്യം കൊടുത്തതായി കാണാറില്ല. ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട് എന്ന മട്ടില്‍ വളരെ അവ്യക്തത നിറഞ്ഞ റിപ്പോര്‍ട്ടുകളാണ് സാധാരണ പ്രസിദ്ധീകരിക്കാറ്. ഇതിന്റെ പ്രശ്‌നമെന്തെന്നു വെച്ചാല്‍ ഇത്തരം റിപ്പോര്‍ട്ടിംഗിലൂടെ ഗവേഷണവിഭാഗവും ഗവേഷകരും ദന്തഗോപുരവാസികളാണെന്ന, സാധാരണക്കാര്‍ക്കിടയില്‍ രൂഢമൂലമായ പ്രതിച്ഛായ നിലനിര്‍ത്തുന്ന, സാഹചര്യമുണ്ടാകുന്നു. വെളുത്ത ലാബ് കോട്ട് ധരിച്ച് നടക്കുന്നവരെന്ന കാഴ്ചപ്പാടോടെയാണ് സാധാരണക്കാര്‍ ഇവരെ എന്നും കാണുന്നത്.

മാറിമറിയുന്ന വാര്‍ത്തകള്‍

വാര്‍ത്താലോകത്ത് പത്രങ്ങള്‍ക്ക് മാത്രം പ്രാധാന്യമുണ്ടായിരുന്ന മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി ഇന്ന് 24 മണിക്കൂറും ഉണ്ടാകുന്ന വാര്‍ത്തകളുടെ പ്രളയത്തിനു നടുവിലാണ് നാം. ഓരോ മിനുറ്റിലും ഉല്‍പ്പാദിപ്പിക്കപ്പെടുന്ന പുതുവാര്‍ത്തകള്‍ക്കു വേണ്ടി പത്രപ്രവര്‍ത്തകര്‍ അവരുടെ പ്രവര്‍ത്തനസമയം ക്രമീകരിക്കേണ്ടി വരുന്ന അവസ്ഥയാണ് ഇന്നുള്ളത്. എന്നാല്‍ സുപ്രധാന വിവരങ്ങള്‍ ലഭ്യമാകാത്തതിന് ഈ തിരക്ക് ഒരു ഒഴിവുകഴിവാകാന്‍ പാടില്ല. സമൂഹത്തെ ദൂരവ്യാപകമായി ബാധിക്കാനിടയുള്ള ആരോഗ്യരംഗത്തെ ഒരു ഗവേഷണത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യേണ്ടി വരുന്ന അവസരത്തില്‍ വാര്‍ത്തയ്ക്ക് ഉപോല്‍ബലകമായ തെളിവുകളെയും ബന്ധിപ്പിക്കുന്ന കണ്ണികളെയും പങ്കെടുത്ത ഗവേഷകരെയും കുറിച്ച് വ്യക്തമാക്കുന്നത് റിപ്പോര്‍ട്ടിന് വിശ്വാസ്യതയും ആധികാരികതയും നല്‍കും. വ്യാജവാര്‍ത്തകള്‍ വര്‍ധിച്ചുവരുന്ന കാലത്ത് യഥാര്‍ത്ഥ ഗവേഷണഫലങ്ങളും വസ്തുതകളും ജനങ്ങളെ അറിയിക്കേണ്ടത് ഒരു പ്രതിബദ്ധതയായി മാറിയിരിക്കുന്നു. ഒരു ഗവേഷണഫലം പ്രസിദ്ധീകരിക്കുന്നതിനു മുമ്പുതന്നെ അതേ രംഗത്തുള്ള വിദഗ്ധരുടെ വിമര്‍ശനാത്മകമായ സൂക്ഷ്മപരിശോധന ഉണ്ടാകേണ്ടത് എന്തുകൊണ്ടും അഭികാമ്യമാണ്. ഒന്നാംപേജ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന അതേ കണിശതയോടെ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ് ശാസ്ത്രഗവേഷണ വാര്‍ത്തകളും.

മിക്കവാറും ശാസ്ത്രഗവേഷണ സംബന്ധിയായ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഗവേഷകര്‍ക്കോ സ്ഥാപനത്തിനോ പ്രാധാന്യം കൊടുത്തതായി കാണാറില്ല.

റിപ്പോര്‍ട്ടിംഗിലെ കൃത്യത

ഗവേഷണശാലകളിലെ പ്രവര്‍ത്തനങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനുള്ള നീക്കം നടക്കുന്നുണ്ട്. ഗവേഷണ സ്ഥാപനങ്ങള്‍ പൊതു ഇടപെടലിനും ശാസ്ത്രാവബോധത്തിനും വേണ്ടി വലിയ ചുവടുവെപ്പുകള്‍ നടത്തുന്നുണ്ടെങ്കിലും മാധ്യമസ്ഥാപനങ്ങള്‍ ഇപ്പോഴും യാന്ത്രികമായാണ് പ്രവര്‍ത്തിക്കുന്നത്. വിദഗ്ധരെക്കൊണ്ടു തോറ്റുവെന്ന് ജനങ്ങള്‍ പറയാറുണ്ടെങ്കിലും നമ്മുടെ നിലനില്‍പ്പിന് അവരുടെ മൗലികമായ പങ്ക് നിഷേധിക്കാനാകില്ല. എന്നാല്‍ മോശവും അപൂര്‍ണവുമായ റിപ്പോര്‍ട്ടിംഗ് വിദഗ്ധരോടുള്ള ബഹുമാനം ഇല്ലാതാക്കുന്നു. പ്രത്യേകിച്ച്, ഗവേഷണത്തെ നിസാരവല്‍ക്കരിച്ചോ വിവാദകരമായോ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍. ഗവേഷണ ഫലം സംബന്ധിച്ച് വിദഗ്ധരുടെ പ്രതികരണങ്ങള്‍ തെറ്റിദ്ധാരണജനകമായോ അശ്രദ്ധമായോ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അത് സമൂഹത്തിന് ഗുണത്തിനു പകരം ദോഷമായി മാറുന്നു. ഇത് ഗവേഷകര്‍ക്കെതിരേയുള്ള അധിക്ഷേപത്തിനു വഴിതെളിക്കുന്നു. എന്തോ മറയ്ക്കാനുള്ളതിനാലാണ് അവര്‍ ഇങ്ങനെ അവ്യക്തമായി പ്രതികരിക്കുന്നതെന്ന ധാരണ ഉളവാക്കുന്നു. അനുചിതമായ തലക്കെട്ടുകളും ഹരംപിടിപ്പിക്കാന്‍ മുന്‍വിധിയോടെ നല്‍കുന്ന കണക്കുകളും സാധാരണക്കാരില്‍ അനാവശ്യ ഉല്‍ക്കണ്ഠയും സമ്മര്‍ദ്ദവുമുണ്ടാക്കുന്നു.

ജനനന്മ

ഗവേഷണഫലങ്ങളും ഉദ്ധരണികളും എല്ലാവരും പരിശോധിക്കണമെന്ന് നിര്‍ബന്ധമില്ല. ഒരു കണ്ടുപിടിത്തത്തെ വിമര്‍ശനാത്മകമായി വിലയിരുത്താനുള്ള പാണ്ഡിത്യവും എല്ലാവര്‍ക്കുമുണ്ടാകണമെന്നുമില്ല. എങ്കിലും അവര്‍ക്കെല്ലാം അവസരം കിട്ടിയാല്‍ ഗവേഷണവിഷയത്തെക്കുറിച്ച് വായിച്ചാല്‍ കൊള്ളാമെന്നുണ്ടായിരിക്കും. മാധ്യമറിപ്പോര്‍ട്ടുകള്‍ ജനാധിപത്യപരമായ സംവാദങ്ങള്‍ക്ക് അവസരം തുറക്കുന്നു. നേട്ടങ്ങളുണ്ടാക്കിയ ഗവേഷകന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയാനും ശാസ്ത്രാവബോധമുണ്ടാക്കാനും അത് ജനങ്ങളെ സഹായിക്കുന്നു. ഇത്തരത്തില്‍ മികച്ച, കൃത്യതയാര്‍ന്ന ഗവേഷണറിപ്പോര്‍ട്ടിംഗ് ശാസ്ത്രജ്ഞരെ മാധ്യമങ്ങളുമായി കൂടുതല്‍ സഹകരിക്കാന്‍ പ്രേരിപ്പിക്കും. ഇരു വിഭാഗവും തമ്മില്‍ മികച്ച അന്തരീക്ഷത്തിലുള്ള പ്രവര്‍ത്തനത്തിനും ഇത് അവസരമൊരുക്കും. മാത്രമല്ല, ശാസ്ത്രത്തെക്കുറിച്ചുള്ള കൃത്യതയാര്‍ന്ന ആശയവിനിമയം ഭരണകൂടവും പൗരന്മാരുമുള്‍പ്പെടെ, സമൂഹത്തിനാകെ ഗുണകരമാണ്. അതിനാല്‍ വ്യാജവാര്‍ത്തകള്‍ നിറയുന്ന വര്‍ത്തമാനകാലത്ത് പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ സത്യം തന്നെയെന്നുറപ്പിക്കാന്‍ മാധ്യമങ്ങള്‍ക്കു കഴിയണം.

Comments

comments

Categories: Education, FK News, World

Related Articles