നിസ്സാന്‍ ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിച്ചേക്കും

നിസ്സാന്‍ ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിച്ചേക്കും

ഏകദേശം ഏഴ് ലക്ഷം രൂപ വില വരുന്ന ചെറിയ ഇലക്ട്രിക് കാറാണ് നിസ്സാന്‍ ഉദ്ദേശിക്കുന്നത്

ലാസ് വെഗാസ് : ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിക്കുന്ന കാര്യം നിസ്സാന്‍ ആലോചിക്കുന്നു. ഓള്‍-ഇലക്ട്രിക് ബജറ്റ് കാറായിരിക്കും നിര്‍മ്മിക്കുന്നത്. ആഗോളതലത്തില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭിക്കുന്ന നിസ്സാന്‍ ഇലക്ട്രിക് കാറായിരിക്കും ഇത്. എന്നാല്‍ ഇതുസംബന്ധിച്ച് കാര്‍ലോസ് ഘോസന്‍ നേതൃത്വം നല്‍കുന്ന നിസ്സാന്‍ മോട്ടോര്‍ കമ്പനി കേന്ദ്ര സര്‍ക്കാരില്‍നിന്ന് ഇളവുകള്‍ തേടി.

ഏകദേശം ഏഴ് ലക്ഷം രൂപ വില വരുന്ന ചെറിയ ഇലക്ട്രിക് കാറാണ് നിസ്സാന്‍ ഉദ്ദേശിക്കുന്നത്. ഒരുപക്ഷേ ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭിക്കുന്ന ഇലക്ട്രിക് പാസഞ്ചര്‍ വാഹനമായിരിക്കും ഈ നിസ്സാന്‍ കാര്‍. ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ ചൂടപ്പം പോലെ വിറ്റുപോകണമെങ്കില്‍ ആ രാജ്യത്തുതന്നെ നിര്‍മ്മിക്കണമെന്ന് നിസ്സാന്റെ ഇലക്ട്രിക് വെഹിക്കിള്‍സ് (ഇവി) ഗ്ലോബല്‍ ഡയറക്റ്റര്‍ നിക്കോളാസ് തോമസ് പറഞ്ഞു. ഇന്ത്യയില്‍ ഇലക്ട്രിക് കാര്‍ നിര്‍മ്മിക്കുന്നത് പരിഗണിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

കാര്‍ലോസ് ഘോസന്‍ നേതൃത്വം നല്‍കുന്ന കമ്പനി കേന്ദ്ര സര്‍ക്കാരില്‍നിന്ന് ഇളവുകള്‍ തേടി

ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഇലക്ട്രിക് കാറുകള്‍ കയറ്റുമതി ചെയ്യുന്ന കാര്യവും നിസ്സാന്‍ ആലോചിക്കുന്നു. മറ്റ് ഏഷ്യന്‍ രാജ്യങ്ങളാണ് ലക്ഷ്യം. ഇന്ത്യയില്‍ കുറഞ്ഞ ചെലവില്‍ കാറുകള്‍ നിര്‍മ്മിക്കാന്‍ കഴിയുന്നത് അനുഗ്രഹമാകുമെന്ന് നിസ്സാന്‍ കണക്കുകൂട്ടുന്നു. എന്നാല്‍ കാര്യങ്ങള്‍ക്ക് എന്ന് തീര്‍പ്പുണ്ടാകുമെന്ന് നിക്കോളാസ് തോമസ് വ്യക്തമാക്കിയില്ല. ഇന്ത്യയുടെ ഇലക്ട്രിക് കാര്‍ വിപണിയുടെ വികാസത്തിന് അനുസരിച്ചിരിക്കുമെന്ന് മറുപടി പറഞ്ഞു.

Comments

comments

Categories: Auto