ഉന്നത വിദ്യാഭ്യാസ രംഗത്ത് മാറ്റം വേണം

ഉന്നത വിദ്യാഭ്യാസ രംഗത്ത് മാറ്റം വേണം

ഇന്ത്യന്‍ കോളെജുകളില്‍ വിദ്യാര്‍ത്ഥികളേക്കാള്‍ കൂടുതല്‍ സീറ്റുകളുണ്ട്. അതുപോലെതന്നെ തൊഴിലുകളേക്കാള്‍ ഏറെ ബിരുദധാരികളും ഇവിടെയുണ്ട്

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍മാരുടെ തുടക്ക ശമ്പളം ആറ്-ഏഴ് വര്‍ഷങ്ങളായി മാറ്റമില്ലാതെ തുടരുന്ന പ്രവണത ഉത്കണ്ഠയുണര്‍ത്തുന്നുവെന്ന് ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ ആര്‍ നാരായണ മൂര്‍ത്തി പറയുമ്പോള്‍, നാം ആശങ്കപ്പെടേണ്ടതായിത്തന്നെ വരും. ഇത് തൊഴില്‍ വിപണിയെ കുറിച്ച് എന്തു സൂചനയാണ് നല്‍കുന്നത് ? ഒരുപിടി എന്‍ജിനീയറിംഗ് ബിരുദധാരികള്‍ക്ക് മാത്രമേ ആറക്ക ഡോളര്‍ വാഗ്ദാനങ്ങള്‍ ലഭിക്കുന്നുള്ളു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പ്ലേസ്‌മെന്റുകളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് ഇന്ത്യയിലെ മികച്ച 200 കോളെജുകള്‍ക്കപ്പുറത്തേക്ക് കണ്ണോടിച്ചാല്‍ നമുക്ക് മനസിലാകും. ഇന്ത്യന്‍ കോളെജുകളില്‍ വിദ്യാര്‍ത്ഥികളേക്കാള്‍ കൂടുതല്‍ സീറ്റുകളുണ്ട്. അതുപോലെതന്നെ തൊഴിലുകളേക്കാള്‍ ഏറെ ബിരുദധാരികളും ഇവിടെയുണ്ട്.

രണ്ടാം നിര, മൂന്നാം നിര നഗരങ്ങളില്‍ എന്‍ജിനീയറിംഗ് സ്‌കൂളുകളില്‍ ഡിമാന്‍ഡും സപ്ലൈയും തമ്മിലെ വിടവ് വളരെ മോശം അവസ്ഥയിലാണ്. ദൂരെ ദേശത്തു സ്ഥിതി ചെയ്യുന്നുവെന്നതിനാലും മികച്ച പ്രതിഭകളുടെ അഭാവം ഇവിടെയുണ്ടെന്ന് അറിയുന്നതിനാലും ഏതാനും ചില റിക്രൂട്ടര്‍മാര്‍ മാത്രമേ ഈ കോളെജുകളെ സമീപിക്കുന്നുള്ളു.

ആഗോളതലത്തില്‍ മേന്മ നേടാന്‍ കഴിവുള്ള 20 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ തിരിച്ചറിയാനും അന്താരാഷ്ട്ര നിലവാരമുള്ള സ്ഥാപനങ്ങളുമായി മല്‍സരിക്കാന്‍ അവയെ പ്രാപ്തമാക്കുന്നതിനു സഹായിക്കാനും സര്‍ക്കാരും പ്രതിജ്ഞാബദ്ധരാണ്. ലോകത്തിലെ 500 മികച്ച സ്ഥാപനങ്ങളുമായി അക്കാദമിക പങ്കാളിത്തത്തിലേര്‍പ്പെടാനും ഇഷ്ടാനുസരണം പ്രവര്‍ത്തിക്കാനും, കോഴ്‌സ് ഘടന, കരിക്കുലം, സിലബസ് എന്നിവ നിശ്ചയിക്കാനും ഈ സ്ഥാപനങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കണം

സാമ്പത്തിക സൂചികകളുടെ തിരിച്ചുവരവിന്റെ വാര്‍ത്തകളാണ് കേള്‍ക്കുന്നത്. നിര്‍മാണ മേഖല വിപുലീകരണത്തിന്റെ പാതയിലാണ്. അടിസ്ഥാന സൗകര്യ പദ്ധതികള്‍ അതിവേഗ പാതയിലായതോടെ ടാറ്റ സ്റ്റീലിനെയും ഇന്‍ഫ്രാസ്ട്രക്ചര്‍ ഭീമനായ എല്‍ ആന്‍ഡി ടിയുടെയും ഡിമാന്‍ഡ് വര്‍ധിച്ചത് ഈ മാറ്റം അടിവരയിടുന്നു. വെള്ളത്തെ സ്‌പോഞ്ച് ആഗിരണം ചെയ്യുന്നതുപോലെ ഒരുകാലത്ത് എന്‍ജിനീയര്‍മാരെ ഉള്‍ക്കൊണ്ടിരുന്ന ഐടി മേഖല 2018ല്‍ 200,000 പുതിയ തൊഴിലവസരങ്ങള്‍ മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ. 150 ബില്യണ്‍ ഡോളറിന്റെ ഐടി വിപണിയില്‍ അമേരിക്ക കൊണ്ടുവന്ന സംരക്ഷണവാദപരമായ നീക്കങ്ങളുടെ പശ്ചാത്തലത്തിലാണിത്.

പ്രതിവര്‍ഷം ഒരു മില്യണ്‍ എന്‍ജിനീയര്‍മാരെ സൃഷ്ടിക്കുന്ന രാജ്യത്ത് ആഭ്യന്തര ഐടി മേഖലയില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യ, ഇ-കൊമേഴ്‌സ്, കൃത്രിമബുദ്ധി എന്നിവയിലെ പുതിയ തൊഴിലവസരങ്ങളില്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്നത് 50000നും 100000നും ഇടയില്‍ മാത്രമാണെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു.

വിദ്യാര്‍ത്ഥികള്‍, രക്ഷകര്‍ത്താക്കള്‍, എന്‍ജിനീയറിംഗ് ഉള്‍പ്പെടെയുള്ള കോളെജ് മാനേജ്‌മെന്റുകള്‍, മാനേജ്‌മെന്റ് എജുക്കേഷന്‍ അക്രെഡിറ്റിംഗ് ബോഡിയായ ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജുക്കേഷന്‍ (എഐസിടിഇ) തുടങ്ങിയ എല്ലാവരും ആശങ്കയിലാണ്. എല്ലാ എന്‍ജിനീയറിംഗ് കോളെജുകളും അവരുടെ വിദ്യാര്‍ത്ഥികളെ ഒരു സെമസ്റ്റര്‍ ദൈര്‍ഘ്യമുള്ള തൊഴില്‍ പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് കഴിഞ്ഞ വര്‍ഷം എഐസിടിഇ ഉത്തരവു പുറപ്പെടുവിച്ചിരുന്നു.

എന്‍ജിനീയറിംഗ് മാനേജ്‌മെന്റ് കോളെജുകളുടെ ദ്രുതഗതിയിലെ വര്‍ധന മിക്ക പഠന ശാഖകളിലും അമിത സീറ്റുകള്‍ സൃഷ്ടിച്ചിരുന്നു. വേണ്ടത്ര വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാത്ത പഠന ശാഖകള്‍ നിര്‍ത്തലാക്കാനും സമാനമായ സൗകര്യങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ഉയര്‍ന്നുവരുന്ന സാങ്കേതിക വിദ്യകളെ അധികരിച്ചുള്ള പുതിയ പ്രോഗ്രാമുകള്‍ തുടങ്ങാനുമുള്ള വഴക്കം ഇന്ന് കോളെജുകള്‍ക്കുണ്ട്.

എന്‍ജിനീയറിംഗ് കോളെജുകള്‍ മതിയായ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നില്ലെന്നും പഠനഫലത്തിന്റെ അടിസ്ഥാനത്തില്‍ അവയുടെ നിലവാരം സംശയകരമാണെന്നും എഐസിടിഇ നിരീക്ഷിക്കുന്നു. ഇത്തരത്തിലുള്ള 300 കോളെജുകള്‍ അടച്ചുപൂട്ടുന്നത് ഇപ്പോള്‍ തന്നെ പരിഗണനയിലാണ്. രാജ്യത്തെ എന്‍ജിനീയറിംഗ് സീറ്റുകളുടെ അമിത വിതരണം നിയന്ത്രിക്കാന്‍ ഈ നീക്കംവഴി സാധിക്കും. അതേസമയം തന്നെ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളിലെ അഭിരുചി, വിവേചനബുദ്ധി, ആശയവിനിമയശേഷി, മറ്റു സാങ്കേതിക നൈപുണ്യങ്ങള്‍ എന്നിവ കണ്ടെത്തുന്നതിന് ഹയര്‍ മീ പോലുള്ള അസസ്‌മെന്റ് പ്ലാറ്റ്‌ഫോമുകളും എഐസിടിഇ മുന്നോട്ടുവയ്ക്കുന്നുണ്ട്. കൂടുതല്‍ അറിയപ്പെടാത്ത എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ള എന്‍ജിനീയറിംഗ് കോളെജുകളില്‍ നിന്ന് അനുയോജ്യരായ വിദ്യാര്‍ത്ഥികളെ കണ്ടെത്താന്‍ ഇത് തൊഴില്‍ദാതാക്കളെ സഹായിക്കും. ചെലവ്, വിദ്യാര്‍ത്ഥികള്‍, കോളെജുകള്‍ എന്നിവയൊന്നും പരിഗണിക്കാത്തതുകൊണ്ടു തന്നെ സാമൂഹ്യ നന്മയ്ക്ക് വേണ്ടിയുള്ള ഈ പദ്ധതി തൊഴിലവസരങ്ങളുടെ ജനാധിപത്യവല്‍ക്കരണത്തിന് ഇടയാക്കും. ഹയര്‍മീ നടത്തുന്ന അസസ്‌മെന്റ് ടെസ്റ്റിന്റെ ഫലങ്ങള്‍ വിവിധ റിക്രൂട്ടര്‍മാര്‍ക്കു മുന്നില്‍ അവതരിപ്പിക്കും.

ആഗോളതലത്തില്‍ മേന്മ നേടാന്‍ കഴിവുള്ള 20 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ തിരിച്ചറിയാനും അന്താരാഷ്ട്ര നിലവാരമുള്ള സ്ഥാപനങ്ങളുമായി മല്‍സരിക്കാന്‍ അവയെ പ്രാപ്തമാക്കുന്നതിനു സഹായിക്കാനും സര്‍ക്കാരും പ്രതിജ്ഞാബദ്ധരാണ്. ലോകത്തിലെ 500 മികച്ച സ്ഥാപനങ്ങളുമായി അക്കാദമിക പങ്കാളിത്തത്തിലേര്‍പ്പെടാനും ഇഷ്ടാനുസരണം പ്രവര്‍ത്തിക്കാനും, കോഴ്‌സ് ഘടന, കരിക്കുലം, സിലബസ് എന്നിവ നിശ്ചയിക്കാനും ഈ സ്ഥാപനങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കണം. രാജ്യത്തിനകത്തുതന്നെ ലോകോത്തര നിലവാരത്തിലെ വിദ്യാഭ്യാസവും ഗവേഷണ സൗകര്യങ്ങളും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു ലഭിക്കാന്‍ ഈ പദ്ധതി സഹായിക്കും.

പുതിയതിനെ സ്വീകരിക്കാനും മാറ്റങ്ങള്‍ അംഗീകരിക്കാനുമുള്ള സന്നദ്ധത വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തുന്ന തരത്തിലേതാകണം വിദ്യാഭ്യാസ സമ്പ്രദായത്തില്‍ അവതരിപ്പിക്കേണ്ട മാറ്റം. വിദ്യാഭ്യാസ സംവിധാനത്തിനു പുറത്തേക്ക് പോയി ജോലി നേടിയെടുത്താലും പുതിയ സാങ്കേതികവിദ്യകള്‍ നിരീക്ഷിക്കാനും അതില്‍ വൈദഗ്ധ്യം നേടാനുമുള്ള ആഗ്രഹം കുട്ടികളില്‍ ഉണ്ടാക്കിയെടുക്കണം. ഇന്ത്യന്‍ ഉന്നത വിദ്യാഭ്യാസ സംവിധാനത്തെ യുക്തിസഹമാക്കുന്നതിനും പുനര്‍നിര്‍മിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും കുറുക്കുവഴികളൊന്നും തന്നെയില്ല

തൊഴില്‍ വിപണിയുടെ ആവശ്യകതയ്ക്കുതകുന്ന തരത്തില്‍ കരിക്കുലമുണ്ടാക്കണമെന്ന കാര്യത്തില്‍ നയരൂപകര്‍ത്താക്കള്‍ക്കും ബോധ്യമുണ്ട്. ഇന്ന് ആവശ്യമായ നൈപുണ്യം, വിഷയങ്ങള്‍, പുതിയ സാങ്കേതികവിദ്യകള്‍ എന്നിവയ്ക്കനുസരിച്ച് വേണം കരിക്കുലത്തില്‍ മാറ്റങ്ങള്‍ വരാന്‍. ജോലികള്‍ക്കുള്ള അനുയോജ്യത പരിശോധിക്കുന്നതില്‍ ബിഹേവിയറല്‍ അസസ്‌മെന്റിന് വലിയ പങ്കു വഹിക്കാന്‍ സാധിക്കുക ഇവിടെയാണ്.

ഇന്ത്യയില്‍ തൊഴിലുകളുടെ ഭാവി എന്ന വിഷയത്തില്‍ ഫിക്കി, ഇവൈ, നാസ്‌കോം എന്നിവ സംയുക്തമായി തയാറാക്കിയ റിപ്പോര്‍ട്ടില്‍ 2022ഓടെ ഇന്ത്യയിലെ 600 മില്യണ്‍ തൊഴില്‍ശക്തിയില്‍ ഒന്‍പത് ശതമാനവും ഇന്നു നിലവിലില്ലാത്ത പുതിയ ജോലികളിലാണ് നിയോഗിക്കപ്പെടുകയെന്ന് പറയുന്നുണ്ട്. പഠനം പൂര്‍ത്തിയാക്കിയിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ പുതിയ വൈദഗ്ധ്യം ഉള്‍ക്കൊള്ളുകയും നൂതന സാങ്കേതികവിദ്യകളില്‍ മേന്മ നേടുകയും വേണമെന്നാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. സാങ്കേതിക രംഗത്തെ മാറിവരുന്ന പ്രവണതകള്‍ ഉദ്യോഗാര്‍ത്ഥികള്‍ നിരീക്ഷിക്കുകയും അവയില്‍ വൈദഗ്ധ്യം നേടുകയും വേണം. എന്നാല്‍ മാത്രമേ ആദ്യം അവസരം മുതലെടുക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള ആനുകൂല്യം അവര്‍ക്ക് ലഭിക്കുകയുള്ളു.

പുതിയതിനെ സ്വീകരിക്കാനും മാറ്റങ്ങള്‍ അംഗീകരിക്കാനുമുള്ള സന്നദ്ധത വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തുന്ന തരത്തിലേതാകണം വിദ്യാഭ്യാസ സമ്പ്രദായത്തില്‍ അവതരിപ്പിക്കേണ്ട മാറ്റം. വിദ്യാഭ്യാസ സംവിധാനത്തിനു പുറത്തേക്ക് പോയി ജോലി നേടിയെടുത്താലും പുതിയ സാങ്കേതികവിദ്യകള്‍ നിരീക്ഷിക്കാനും അതില്‍ വൈദഗ്ധ്യം നേടാനുമുള്ള ആഗ്രഹം കുട്ടികളില്‍ ഉണ്ടാക്കിയെടുക്കണം. ഇന്ത്യന്‍ ഉന്നത വിദ്യാഭ്യാസ സംവിധാനത്തെ യുക്തിസഹമാക്കുന്നതിനും പുനര്‍നിര്‍മിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും കുറുക്കുവഴികളൊന്നും തന്നെയില്ല. കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ടും പ്രതിജ്ഞാബദ്ധതയോടെയും നാം മുന്നോട്ടുപോയാല്‍ തന്നെയും വിദ്യാഭ്യാസത്തില്‍ ലോകോത്തര നിലവാരം നേടിയെടുക്കുക എന്ന ലക്ഷ്യത്തിലേക്കെത്താന്‍ പതിറ്റാണ്ടുകള്‍ വേണ്ടിവരും.

(രണ്ട് ദശാബ്ദങ്ങളായി എന്‍ഐടിയുടെ ബ്രാന്‍ഡ് കസ്റ്റോഡിയനാണ് ലേഖകന്‍)

കടപ്പാട്: ഐഎഎന്‍എസ്

Comments

comments

Categories: Education, FK News, Slider