കെടിഎം 390 ഡ്യൂക്കിന് വെളുത്ത നിറം ; ബുക്കിംഗ് തുടങ്ങി

കെടിഎം 390 ഡ്യൂക്കിന് വെളുത്ത നിറം ; ബുക്കിംഗ് തുടങ്ങി

വൈറ്റ് കളര്‍ ഓപ്ഷന് നിലവിലെ വില തന്നെ ആയിരിക്കും

ന്യൂഡെല്‍ഹി : ജനപ്രീതിയാര്‍ജ്ജിച്ച കെടിഎം 390 ഡ്യൂക്കിന്റെ വൈറ്റ് കളര്‍ ഓപ്ഷന്‍ പുറത്തിറക്കുന്നു. ബൈക്ക് ഡീലര്‍ഷിപ്പുകളിലെത്തിതുടങ്ങി. പുതിയ കളര്‍ ഓപ്ഷന് നിലവിലെ വില തന്നെ ആയിരിക്കുമെന്ന് ഡീലര്‍മാരില്‍ ചിലര്‍ അറിയിച്ചു. തെരഞ്ഞെടുത്ത ഡീലര്‍മാര്‍ വെളുത്ത നിറത്തിലുള്ള 390 ഡ്യൂക്കിന്റെ ബുക്കിംഗ് സ്വീകരിച്ചുതുടങ്ങി. 5,000 രൂപ ടോക്കണ്‍ തുക നല്‍കി ബൈക്ക് ബുക്ക് ചെയ്യാം. ഈ മാസം അവസാനമോ ഫെബ്രുവരി ആദ്യ വാരമോ ഡെലിവറി ആരംഭിക്കും.

2.29 ലക്ഷം രൂപയാണ് 2017 കെടിഎം 390 ഡ്യൂക്കിന്റെ ഡെല്‍ഹി എക്‌സ് ഷോറൂം വില

വെളുത്ത നിറത്തിലുള്ള കെടിഎം 390 ഡ്യൂക്ക് ഇതാദ്യമല്ല ഡീലര്‍ഷിപ്പുകളിലെത്തുന്നത്. ഇന്ത്യയില്‍ 2017 കെടിഎം 390 ഡ്യൂക്ക് പുറത്തിറക്കി ദിവസങ്ങള്‍ക്കുശേഷം ഡീലര്‍ഷിപ്പുകളിലേക്ക് കമ്പനി വെളുത്ത നിറത്തിലുള്ള കുറച്ച് 390 ഡ്യൂക്ക് ബൈക്കുകള്‍ അയച്ചിരുന്നു. കയറ്റുമതി വിപണികളിലേക്കുള്ള ബൈക്കുകള്‍ മാറി അയച്ചതായിരുന്നു. എന്നാല്‍ ഇവ തിരിച്ചുവിളിക്കാത്തതിനെതുടര്‍ന്ന് ചില ഭാഗ്യവാന്‍മാര്‍ക്ക് വെളുത്ത കെടിഎം 390 ഡ്യൂക്ക് അന്നേ ലഭിച്ചു. എന്നാല്‍ ഇപ്പോള്‍ ഔദ്യോഗികമായി വൈറ്റ് കളര്‍ ഓപ്ഷന്‍ പുറത്തിറക്കാന്‍ കെടിഎം തീരുമാനിച്ചിരിക്കുകയാണ്.

373 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് കെടിഎം 390 ഡ്യൂക്കിന് കരുത്ത് പകരുന്നത്. 6 സ്പീഡാണ് ട്രാന്‍സ്മിഷന്‍. ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് മോട്ടോര്‍ 43 എച്ച്പി കരുത്തും 37 എന്‍എം പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കും. സ്ലിപ്പര്‍ ക്ലച്ചുമായി ട്രാന്‍സ്മിഷന്‍ ബന്ധിപ്പിച്ചിരിക്കുന്നു. ഫുള്‍ എല്‍ഇഡി ഹെഡ്‌ലാംപ്, അഗ്രസീവ് ആന്‍ഡ് ഷാര്‍പ്പ് സ്ട്രീറ്റ്‌ഫൈറ്റര്‍ സ്റ്റൈലിംഗ്, കളേര്‍ഡ് ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ സവിശേഷതകളാണ്. 2.29 ലക്ഷം രൂപയാണ് 2017 കെടിഎം 390 ഡ്യൂക്കിന്റെ ഡെല്‍ഹി എക്‌സ് ഷോറൂം വില.

 

Comments

comments

Categories: Auto, FK News