രാജ്യത്തിന്റെ അഭിമാനമുയര്‍ത്തി പി എസ് എല്‍ വിയുടെ ബഹിരാകാശ വിജയം, 31 സാറ്റലൈറ്റുകള്‍ ഭ്രമണപഥത്തില്‍

രാജ്യത്തിന്റെ അഭിമാനമുയര്‍ത്തി പി എസ് എല്‍ വിയുടെ ബഹിരാകാശ വിജയം, 31 സാറ്റലൈറ്റുകള്‍ ഭ്രമണപഥത്തില്‍

രാജ്യത്തിന് പുതുവല്‍സര സമ്മാനമായി ബഹിരാകാശത്ത് വീണ്ടും ഐ എസ് ആര്‍ ഒയുടെ വിജയഗാഥ. 31 ഉപഗ്രഹങ്ങളുമായി ആന്ധ്രാ പ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്ന് ഇന്ന് രാവിലെ പി എസ് എല്‍ വി -സി 40 റോക്കറ്റ് വെള്ളിയാഴ്ച രാവിലെ 9.29ന് കുതിച്ചുയര്‍ന്നു. വിക്ഷേപിച്ച് 17 മിനിറ്റ് 18 സെക്കന്‍ഡിനുള്ളില്‍ പി എസ് എല്‍ വി മൂന്ന് ഇന്ത്യന്‍ ഉപഗ്രഹങ്ങളെയും 28 വിദേശ ഉപഗ്രഹങ്ങളെയും നിശ്ചിത ഭ്രമണ പഥത്തില്‍ എത്തിച്ചു. ദൗത്യം വിജയിപ്പിച്ച ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പി എസ് എല്‍ വി -സി 39 ന്റെ പരാജയം നല്‍കിയ തിരിച്ചടിക്കുള്ള മധുരതരമായ മറുപടിയായി ഐ എസ് ആര്‍ ഒയുടെ വിക്ഷേപണ വിജയം.

ഇന്ത്യയുടെ ഭൂതലനിരീക്ഷണത്തിനുള്ള 710 കിലോഗ്രാം ഭാരമുള്ള കാര്‍ടോസാറ്റ് 2, 100 കിലോഗ്രാമിന്റെ മൈക്രോസാറ്റലൈറ്റ്, 5 കിലോഗ്രാമിന്റെ നാനോ സാറ്റലൈറ്റ് എന്നിവയും കാനഡ, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ദക്ഷിണ കൊറിയ, യു കെ, യു എസ് എന്നീ രാജ്യങ്ങളുടെ 28 സാറ്റലൈറ്റുകളുമാണ് പി എസ് എല്‍ വി -സി 40 ഭ്രമണപഥത്തിലെത്തിച്ചത്. ഇന്ത്യ ബഹിരാകാശത്തെത്തിക്കുന്ന 100-ാമത്തെ ഉപഗ്രഹമാണ് മൈക്രോ സാറ്റലൈറ്റ്.
44.4 മീറ്റര്‍ ഉയരവും 320 ടണ്‍ ഭാരവുമുള്ള പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍(പി എസ് എല്‍ വി) 1,323 കിലോഗ്രാം ഭാരമുള്ള സാറ്റലൈറ്റുകളാണ് കൃത്യതയോടെ ഭ്രമണപഥത്തിച്ചത്.

9.29ന് വിക്ഷേപിച്ച റോക്കറ്റില്‍ നിന്ന് 9.31ന് ഹീറ്റ് ഷീല്‍ഡ് വേര്‍പെട്ടു. ആഗസ്റ്റിലെ വിക്ഷേപണം പരാജയപ്പെട്ടത് ഹീറ്റ് ഷീല്‍ഡ് വേര്‍പെടുന്നതിലുണ്ടായ തകാരാറ് മൂലമായിരുന്നു. 9.32ന് മൂന്നാം ഘട്ടം കൃത്യതയോടെ വേര്‍പെട്ടു. നാലാം ഘട്ടത്തിന്റെ എഞ്ചിന്‍ പ്രവര്‍ത്തിച്ചു തുടങ്ങുകയും ചെയ്തു. 9.52ന് കാര്‍ടോസാറ്റ് 2 റോക്കറ്റില്‍ നിന്ന് വിജയകരമായി വേര്‍പെട്ടു. 10.15ന് എല്ലാ നാനോ ഉപഗ്രഹങ്ങളും വേര്‍പെട്ടു.

രണ്ടു മണിക്കൂര്‍ 21 സെക്കന്‍ഡിനകം ദൗത്യം പൂര്‍ണമായതോടെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ ആ്ഹ്ലാദം അലതല്ലി. നിലവിലെ ചെയര്‍മാന്‍ എ എസ് കിരണും ഇന്ന് പുതിയ ചെയര്‍മാനായി സ്ഥാനമേല്‍ക്കുന്ന കെ ശിവനും വിക്ഷേപണ വിജയത്തില്‍ ആഹ്ലാദം അറിയിച്ചു. പി എസ് എല്‍ വി സി 39 വിക്ഷേപണത്തില്‍ നമുക്ക് ചില പ്രശ്‌നങ്ങളുണ്ടായി. ഈ പ്രശ്‌നങ്ങളെ ശരിയായ രീതിയില്‍ അഭിമുഖീകരിക്കുകയും തിരുത്തുകയും ചെയ്തുവെന്നാണ് ഇന്നത്തെ വിക്ഷേപണ വിജയം കാണിച്ചു തന്നിരിക്കുന്നതെന്ന് ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ എ എസ് കിരണ്‍ പറഞ്ഞു.

രാജ്യത്തെങ്ങുമുള്ള ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞരുടെ ആത്മാര്‍പ്പണത്തിന്റെ വിജയമാണ് ഇതെന്നും നാല് മാസമായി അവര്‍ പി എസ് എല്‍ വി വിക്ഷേപണത്തിനുള്ള ഒരുക്കങ്ങളില്‍ മുഴുകിക്കഴിയുകയായിരുന്നുവെന്നും വിക്ഷേപണത്തിന്റെ ശില്‍പി കൂടിയായ കെ ശിവന്‍ പറഞ്ഞു. 2018ലെ ഐ എസ് ആര്‍ ഒയുടെ വരാനിരിക്കുന്ന ബഹിരാകാശ ദൗത്യങ്ങള്‍ക്കുള്ള പച്ചക്കൊടിയാണ് പി എസ് എല്‍ വി -സി 40ന്റെ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിന് ഇങ്ങനെയൊരു പുതുവല്‍സര സമ്മാനം നല്‍കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതുവല്‍സര വേളയില്‍ ഐ എസ് ആര്‍ ഒ നേടിയ വിജയം സ്‌പേസ് ടെക്‌നോളജിയില്‍ രാജ്യത്തിന്റെ ത്വരിത വികസനത്തിനും പൗരന്‍മാര്‍ക്കും കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും പ്രയോജനം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.

നഗരങ്ങള്‍ക്കും ഗ്ര്ാമങ്ങള്‍ക്കും ഒരുപോലെ പ്രയോജനകരമായ സാങ്കേതിക വിദ്യകളാണ് കാര്‍ടോസാറ്റ് 2 ഉപഗ്രഹത്തിലുള്ളത്. തീരദേശപരിപാലനം, റോഡ് ശൃംഖല, ജലവിതരണം, ഭൂമിശാസ്ത്രപരമായ മാറ്റങ്ങള്‍, ഭൂവിനയോഗം എന്നിവയെല്ലാം ഈ ഉപഗ്രഹത്തിന്റെ നിരീക്ഷണ പരിധിയില്‍ വരും. അഞ്ച് വര്‍ഷത്തെ ആയുസാണ് ഇതിനുള്ളത്.

ബഹിരാകാശ സാങ്കേതിക വിദ്യയുടെ വിപുലമായ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് ബഹിരാകാശ ശാസ്ത്രജ്ഞരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും തമ്മില്‍ ബ്രെയിന്‍ സ്‌റ്റോമിംഗ് സെഷന്‍ പ്രധാനമന്ത്രി ഒരുക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു.

 

Comments

comments

Categories: FK News, Tech, Top Stories, Trending
Tags: Isro, PSLV, SATELLITE