എഫ്ഡിഐ നയം കൂടുതല്‍ ഉദാരമാകുമ്പോള്‍

എഫ്ഡിഐ നയം കൂടുതല്‍ ഉദാരമാകുമ്പോള്‍

നേരിട്ടുള്ള വിദേശ നിക്ഷേപം ആകര്‍ഷിക്കാനായി ഇന്ത്യന്‍ വിപണി കൂടുതല്‍ തുറന്നു കൊടുക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമാണ്

നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) ആകര്‍ഷിക്കുന്നതിന് സുപ്രധാന തീരുമാനമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. ചില്ലറ വില്‍പ്പന മേഖലയിലും നിര്‍മാണ മേഖലയിലും നൂറ് ശതമാനം വിദേശ നിക്ഷേപത്തിന് അനുമതി നല്‍കിയത് മികച്ച തീരുമാനമായി. അതിനേക്കാളുപരി, എയര്‍ ഇന്ത്യയില്‍ വിദേശ നിക്ഷേപത്തിന്റെ പരിധി 49 ശതമാനമാക്കി ഉയര്‍ത്താന്‍ തീരുമാനിച്ചത് ദേശീയ വിമാന കമ്പനിയുടെ സ്വകാര്യവല്‍ക്കരണത്തില്‍ നിര്‍ണായകമായി തീരും.

ഇന്ത്യയിലെ സിംഗിള്‍ ബ്രാന്‍ഡ് ചില്ലറ വില്‍പ്പന മേഖലയില്‍ സര്‍ക്കാരിന്റെ അനുമതി കൂടാതെ തന്നെ വിദേശ നിക്ഷേപകര്‍ക്ക് ഇടപെടാനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്. ഈ തീരുമാനത്തിന്റെ രണ്ട് വശങ്ങളുണ്ടെങ്കില്‍ കൂടി വിദേശ നിക്ഷേപത്തിന്റെ ഒഴുക്കും അത് മൂലം സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങളിലെ വര്‍ധനയും കണക്കിലെടുക്കുകയാണ് ഇപ്പോള്‍ അനുയോജ്യം. ചില്ലറ വില്‍പ്പന മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപത്തിന് മുമ്പ് അനുമതി ഉണ്ടായിരുന്നെങ്കിലും അതിന് സര്‍ക്കാരിന്റെ കൂടി അംഗീകാരം വേണമായിരുന്നു. പുതിയ സാഹചര്യത്തില്‍ അത് വേണ്ടിവരില്ല. ബഹുബ്രാന്‍ഡ് ചില്ലറ വില്‍പ്പന രംഗത്തും സര്‍ക്കാര്‍ ഇതുപോലൊരു ഉദാരീകരണം കൊണ്ടുവരുമോയെന്നതാണ് ബിസിനസ് ലോകം ഉറ്റു നോക്കുന്നത്. അത് വലിയ മാറ്റമായിരിക്കും വിപണിയിലുണ്ടാക്കുക. പ്രത്യേകിച്ച് തൊഴിലവസരങ്ങളുടെ കാര്യത്തിലും വിപണിയിലെ മത്സരക്ഷമതയുടെ കാര്യത്തിലും.

നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ എയര്‍ ഇന്ത്യയെ സംബന്ധിച്ച് സുപ്രധാനമായ വഴിത്തിരിവാകും വിദേശ നിക്ഷേപം ഉയര്‍ത്താനുള്ള നടപടി. 49 ശതമാനമെന്ന തലത്തിലേക്ക് പരിധി ഉയര്‍ത്തിയത് ആഗോള കമ്പനികള്‍ക്ക് എയര്‍ലൈനിലുള്ള താല്‍പ്പര്യം ഇതിനോടകം തന്നെ വര്‍ധിപ്പിച്ചിട്ടുണ്ട്.

എയര്‍ ഇന്ത്യയുടെ ഉടമസ്ഥാവകാശം ഇന്ത്യക്കാരില്‍ തന്നെ നിലനിര്‍ത്തിക്കൊണ്ട് കമ്പനിയെ കൂടുതല്‍ പ്രൊഫഷണല്‍വല്‍ക്കരിക്കാനും ലാഭകരമായ ഒരു സംരംഭമാക്കി മാറ്റാനും തീരുമാനം സഹായകമാകും. ലോക ബാങ്കിന്റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് പട്ടികയില്‍ സ്ഥാനം മെച്ചപ്പെടുത്തി ലോക സാമ്പത്തിക ഫോറം പോലുള്ള പ്രസ്ഥാനങ്ങളുടെ ഗുഡ്ബുക്ക് ലിസ്റ്റില്‍ ഇടം നേടാനുള്ള കാര്യമായ ശ്രമമാണ് നരേന്ദ്ര മോദി നടത്തുന്നത്. നയപരമായ തീരുമാനങ്ങള്‍ക്ക് ശേഷം ഇതു പ്രാവര്‍ത്തികമാക്കുന്നതില്‍ എത്രമാത്രം വിജയിക്കാന്‍ സര്‍ക്കാരിന് സാധിക്കും എന്നതിനെ ആശ്രയിച്ചിരിക്കും കാര്യങ്ങള്‍.

അതേസമയം, മോദിയുടെ എഫ്ഡിഐ ഉദാരവല്‍ക്കരണം അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയെ ബാധിക്കുമോയെന്നും സംശയിക്കേണ്ടതുണ്ട്. ആര്‍എസ്എസ് കേന്ദ്രീകൃതമായ പല സംഘടനകളും ചില്ലറവില്‍പ്പന രംഗത്തെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിനെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ച് പോരുന്നത്. വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്ത് സംഘവും സര്‍ക്കാരും തമ്മിലുള്ള അകല്‍ച്ച കൂട്ടുന്നതില്‍ ഉദാരവല്‍ക്കരണ നയങ്ങള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. സ്വദേശി ജാഗരണ്‍ മഞ്ച്, ഭാരതീയ മസ്ദൂര്‍ സംഘ് തുടങ്ങിയ സംഘടനകള്‍ സ്വദേശിവല്‍ക്കരണത്തില്‍ അധിഷ്ഠിതമായ ബിസിനസ് നയങ്ങളെയാണ് പിന്തുണയ്ക്കുന്നത്. മോദി അധികാരത്തിലേറിയ ശേഷം ഇത്തരം അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ വാജ്‌പേയിയുടെ കാലത്തില്‍ നിന്ന് വിഭിന്നമായി അത് സംഘത്തിനുള്ളില്‍ തന്നെ സമവായത്തോട് കൂടി ചര്‍ച്ച ചെയ്ത് പരിഹരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

ഭാരതത്തിന്റെ സാമ്പത്തിക പരമാധികാരം ബഹുരാഷ്ട്ര കമ്പനികള്‍ നിയന്ത്രിക്കുന്ന അവസ്ഥയിലേക്കെത്തുമോയെന്ന ഭയവും ആശങ്കയും സ്വദേശി ജാഗരണ്‍ മഞ്ചിനെപ്പോലുള്ള പ്രസ്ഥാനങ്ങള്‍ക്കുണ്ട്. അതുകൊണ്ടുതന്നെ എഫ്ഡിഐ നയത്തെക്കുറിച്ച് കൃത്യമായ ബോധ്യപ്പെടുത്തല്‍ സംഘത്തിനുള്ളില്‍ മോദിക്ക് നടത്താന്‍ സാധിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും തരത്തില്‍ അത് പ്രതിഫലിക്കാനാണ് സാധ്യത. അതുകൂടി കണക്കിലെടുത്ത് വേണം പരിഷ്‌കരണ നയങ്ങള്‍ക്ക് വേഗം കൂട്ടാന്‍.

Comments

comments

Categories: Editorial