ഈസ്റ്റേണ്‍ ഗ്ലോബല്‍ ഷോര്‍ട്ട് ഫിലിം അവാര്‍ഡുകള്‍ സമ്മാനിച്ചു

ഈസ്റ്റേണ്‍ ഗ്ലോബല്‍ ഷോര്‍ട്ട് ഫിലിം അവാര്‍ഡുകള്‍ സമ്മാനിച്ചു

കൊച്ചി : കഴിഞ്ഞ വര്‍ഷത്തെ ഈസ്റ്റേണ്‍ ഗ്ലോബല്‍ ഷോര്‍ട്ട് ഫിലിം പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. മറാത്തി ചിത്രമായ അനാഹട്ട്, മലയാള ചിത്രം പക്ഷികളുടെ മണം എന്നിവ രണ്ടാമത് ഈസ്റ്റേണ്‍ ഗ്ലോബല്‍ ഷോര്‍ട്ട് ഫിലിം അവാര്‍ഡില്‍ കൂടുതല്‍ പുരസ്‌കാരങ്ങള്‍ നേടി. ഉമേഷ് മോഹന്‍ ബെഗാഡെ സംവിധാനം ചെയ്ത അനാഹട്ട് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയപ്പോള്‍ നയന സൂര്യന്‍ സംവിധാനം ചെയ്ത പക്ഷികളുടെ മണം മികച്ച വനിതാധിഷ്ഠിത ചിത്രത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കി.

ഡോ. ബിജു കുമാറിന്റെ വിന്റെ നേതൃത്വത്തിലുള്ള ജൂറി അനാഹട്ട് സംവിധായകന്‍ ഉമേഷ് മോഹന്‍ ബഗാഡെയെ മികച്ച സംവിധായകനായും ആശിഷ് ചിന്നപ്പയുടെ തേന്‍വരിക്ക മികച്ച ജനപ്രിയ ചിത്രമായും തെരഞ്ഞെടുത്തു. വിമെന്‍സ് ജേര്‍ണി വിഭാഗത്തില്‍ അലമാരക്കുള്ളിലെ പെണ്‍കുട്ടി എന്ന ചിത്രത്തിന് കഥയെഴുതിയ അരുണ്‍ സുകുമാരന്‍ നായര്‍ മികച്ച തിരക്കഥാകൃത്തായി തെരഞ്ഞെടുക്കപ്പെട്ടു.

സമൂഹത്തിലെ സ്ത്രീകളുടെ മുന്നേറ്റം, സഞ്ചാരപഥം, വെല്ലുവിളികള്‍ എന്നീ മേഖലകള്‍ക്ക് പ്രാധാന്യം നല്‍കി വനിതാധിഷ്ഠിത ചിത്രത്തിന് ഇത്തവണ പ്രത്യേക പുരസ്‌കാരം ഏര്‍പ്പെടുത്തിയിരുന്നു. ഈസ്റ്റേണ്‍ ഗ്രൂപ്പ്, ഗ്ലോബല്‍ ഇനിഷ്യേറ്റിവ് ഫോര്‍ എക്‌സലന്‍സ് എന്നിവര്‍ ചേര്‍ന്നാണ് ഇത്തവണ അവാര്‍ഡ് നിശ സംഘടിപ്പിച്ചത്.

മുരളി റാം (വലിയ കണ്ണുള്ള മീന്‍) മികച്ച നടന്‍, വിവേക് ജോസഫ് വര്‍ഗീസ് (ഫ്യുഗ്) മികച്ച തിരക്കഥാകൃത്ത്, ഇ എസ് സൂരജ് (അപ്പൂപ്പന്‍താടി) മികച്ച എഡിറ്റര്‍, ഗൗതം ലെനിന്‍ (പക്ഷികളുടെ മാനം), രാകേഷ് ധരന്‍ (റാബിറ്റ് ഹോള്‍) എന്നിവര്‍ മികച്ച സിനിമാറ്റോഗ്രാഫര്‍ ആയും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച പശ്ചാത്തല സംഗീതത്തിന് മിഥുന്‍ (വലിയ കണ്ണുള്ള മീന്‍), മികച്ച സൗണ്ട് ഡിസൈനര്‍ അവാര്‍ഡിന് ശിശിര്‍ ചൗസല്‍ക്കര്‍ (അനാഹട്ട്), നിഖില്‍ വര്‍മ്മ (റാബിറ്റ് ഹോള്‍) എന്നിവര്‍ അര്‍ഹരായി. കെ ജയചന്ദ്ര ഹാഷ്മി (ടു ലെറ്റ്), ഐശ്വര്യ വാര്യര്‍ (നീലിമബിയോണ്ട് ദി ബ്ലൂ ആന്‍ എക്‌സ്‌പ്ലൊറേഷന്‍), സന്ധ്യ നവീന്‍ (നഷ്ടവസന്തം), സഫ്വാന്‍ കെ ബാവ (സമകാലികം) എന്നിവര്‍ ജൂറിയുടെ പ്രത്യേക അവാര്‍ഡിന് അര്‍ഹരായി. വിവേക് ജോസഫ് വര്‍ഗീസ് (ഫ്യുഗ്) മികച്ച ചിത്രം, അരുണ്‍സോള്‍ (മെമ്മറീസ് ഓഫ് മൊറാലിറ്റി) മികച്ച സംവിധായകന്‍, ദേവകി രാജേന്ദ്രന്‍ (പാര്‍വതി) മികച്ച താരം, മൈഥിലി (പക്ഷികളുടെ മാനം) മികച്ച താരം, കൃഷ്ണന്‍ ബാലകൃഷ്ണന്‍ (റാന്തല്‍) മികച്ച താരം, ആന്റണി വര്‍ഗീസ് (മൗസ് ട്രാപ്പ്) മികച്ച താരം, വിനു ജനാര്‍ദ്ദനന്‍ (റാബിറ്റ് ഹോള്‍) മികച്ച തിരക്കഥ, കണ്ണന്‍ പട്ടേരി (ബുഹാരി സലൂണ്‍) മികച്ച എഡിറ്റര്‍ എന്നിവര്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായി.

നടി എന്നതിനപ്പുറം സംവിധായിക ഉള്‍പ്പെടെയുള്ള മറ്റു റോളുകളില്‍ സ്ത്രീ സാന്നിധ്യം കാണാനാകില്ല. ഇറാന്‍ പോലെയുള്ള രാജ്യത്ത് നാല്‍പ്പതിലേറെ വനിതാ സംവിധായകര്‍ സജീവമാണെന്നത് അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും പ്രമുഖ സംവിധായകനും രാജ്യാന്തര ജൂറിയംഗവുമായ ബിജു കുമാര്‍ പറഞ്ഞു. ഗ്ലോബല്‍ ഇനിഷ്യേറ്റീവ് ഫോര്‍ എക്‌സലന്‍സ് ചെയര്‍മാന്‍ എം ഡി വര്‍ഗീസ്, എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ ജോ എ സ്‌കറിയ, ഡയറക്റ്റര്‍മാരായ ടി വിനയകുമാര്‍, യു എസ് കുട്ടി, ഈസ്റ്റേണ്‍ ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് ഹെഡ് ബിജു ജോബ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Comments

comments

Categories: FK News, Movies

Related Articles