ജിഷ്ണു പ്രണോയിയുടെ മരണം: സി ബി ഐ കേസെടുത്തു

ജിഷ്ണു പ്രണോയിയുടെ മരണം: സി ബി ഐ കേസെടുത്തു

കൊച്ചി: എഞ്ചിനീയറിംഗ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണം സംബന്ധിച്ച അന്വേഷണം സി ബി ഐ ഏറ്റെടുത്തു. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ സി ബി ഐ ഇന്ന് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. അസ്വാഭാവിക മരണത്തിന് സി ആര്‍ പി സി സെക്ഷന്‍ 174 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എഫ് ഐ ആറില്‍ ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ല.

നെഹ്‌റു കോളേജില്‍ ജിഷ്ണുവിന്റെ സഹപാഠിയായിരുന്ന അമലിന്റെ മൊഴിയിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എഫ് ഐ ആര്‍ തയ്യാറാക്കിയിട്ടുള്ളത്. 2017 ജനുവരി ആറിന് പരീക്ഷയില്‍ കോപ്പിയടിച്ചത് ഇന്‍വിജിലേറ്റര്‍ കണ്ടുപിടിച്ചതിനെ തുടര്‍ന്ന് മാനസിക വിഷമത്തിലായ ജിഷ്ണു അതേ ദിവസം മെന്‍സ് ഹോസ്റ്റലിലെ ബാത്ത് റൂമില്‍ തോര്‍ത്തു മുണ്ട് ഉപയോഗിച്ച് തൂങ്ങി മരിക്കാന്‍ ശ്രമിച്ചെന്നും കണ്ടുവന്ന താന്‍ കഴുത്തില്‍ കെട്ടിയിരുന്ന തോര്‍ത്തു മുണ്ട് അഴിച്ച് രക്ഷപ്പെടുത്തി ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും വഴി മധ്യേ മരണം സംഭവിച്ചെന്നുമാണ് അമലിന്റെ മൊഴി. കോളേജിന്റെ മുന്‍ വൈസ് പ്രിന്‍സിപ്പാല്‍ എന്‍ കെ ശക്തിവേല്‍, പി ആര്‍ ഒ സന്‍ജിത് വിശ്വനാഥ് എന്നിവരും മറ്റ് രണ്ടുപേരുമായിരുന്നു പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികള്‍.

പഴയന്നൂര്‍ പോലീസ് സ്‌റ്റേഷനില്‍ കേരള പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും ആദ്യത്തെ എഫ് ഐ ആറില്‍ പ്രതികള്‍ ഇല്ലായിരുന്നുവെന്നും സി ബി ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേസില്‍ പോലീസ് പിന്നീട് പ്രതി ചേര്‍ത്തവര്‍ക്ക് ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ പങ്കുണ്ടോ എന്ന അന്വേഷിക്കുമെന്നും തെളിവുണ്ടെങ്കില്‍ അവര്‍ പ്രതികളാകുമെന്നും സി ബി ഐ വ്യക്തമാക്കി. കേസന്വേഷണത്തിന്റെ ഫയല്‍ കേരള പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസ് ഇത് വൈകാതെ കൈമാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നത്. പോലീസ് ബന്ധപ്പെട്ട കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള രേഖകള്‍ എറണാകുളം സി ജെ എം കോടതിക്ക് കൈമാറുകയാകും ചെയ്യുക. അതിന് ശേഷമാകും കേസില്‍ ബന്ധപ്പെട്ടവരുടെ മൊഴിയെടുക്കുകയെന്നും സി ബി ഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

തിരുവനന്തപുരം സ്‌പെഷ്യല്‍ ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസില്‍ ജിഷ്ണുവിന്റെ അമ്മ മഹിജയുടെ പരാതിയില്‍ സുപ്രീംകോടതിയാണ് സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

Comments

comments

Categories: FK News, Politics