ഷോപ്പിംഗ് മികവില്‍ അതിര്‍ത്തി കടന്ന് ബൈഫി

ഷോപ്പിംഗ് മികവില്‍ അതിര്‍ത്തി കടന്ന് ബൈഫി

മൂന്ന് സഹോദരങ്ങള്‍ ചേര്‍ന്ന് ആരംഭിച്ച ഇ-കൊമേഴ്‌സ് സ്ഥാപനമായ ബൈഫി ചെറുകിട കച്ചവടങ്ങളെ സാങ്കേതികവിദ്യയിലേക്ക് സമന്വയിപ്പിക്കുന്നതിലാണ് ശ്രദ്ധ ചെലുത്തുന്നത്. ആഗോളതലത്തില്‍ 30 കമ്പനികള്‍ക്ക് മാത്രം ക്ഷണം ലഭിക്കുന്ന ഇന്‍ടുകൊറിയ പദ്ധതിയില്‍ പ്രവേശിക്കാന്‍ സാധിച്ചത് തന്നെ സ്ഥാപനത്തിന്റെ പ്രവര്‍ത്തന മികവ് കൊണ്ടുമാത്രമാണ്

ചെറുകിട കച്ചവടക്കാരെ ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ സാധ്യതകളിലേക്ക് കൈപിടിച്ചുയര്‍ത്തിയാണ് ഇ കൊമേഴ്‌സ് സ്റ്റാര്‍ട്ടപ്പായ ബൈഫിയുടെ തുടക്കം. ബാലരാമപുരം സ്വദേശികളായ മൂന്ന് സഹോദരങ്ങള്‍ ചേര്‍ന്ന് ആരംഭിച്ച സ്ഥാപനം ഇതിനോടകം തന്നെ ഇരുന്നൂറിലധികം കച്ചവടക്കാരെ തങ്ങള്‍ക്കൊപ്പം ചേര്‍ത്തുകഴിഞ്ഞു. ഇതിന് പുറമെ ദക്ഷിണ കൊറിയന്‍ ആക്‌സിലറേഷന്‍ പദ്ധതിയിലേക്കും ഇവര്‍ക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.

പ്രാദേശിക വ്യാപാരത്തെ ഇ കൊമേഴ്‌സ് തലങ്ങളിലേക്ക് പ്രതിഷ്ഠിക്കുന്നതിലൂടെ സാധാരണക്കാരനിലേക്ക് കടന്നുചെല്ലുന്ന സാങ്കേതികവിദ്യയ്ക്കാണ് ബൈഫി വഴിതുറന്നത്. സ്റ്റാര്‍ട്ടപ്പുകളുടെ അതിവേഗ വളര്‍ച്ച ലക്ഷ്യം വെച്ചുകൊണ്ട് ദക്ഷിണ കൊറിയന്‍ സര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതികവിദ്യാ മന്ത്രാലയം, കൊറിയയുടെ നാഷണല്‍ ഐടി ഇന്‍ഡസ്ട്രി പ്രൊമോഷന്‍ ഏജന്‍സി എന്നിവയുടെ നേതൃത്വത്തില്‍ നടത്തുന്ന പദ്ധതിയാണ് ഇന്‍ടുകൊറിയ ആക്‌സിലറേഷന്‍ പ്രോഗ്രാം. ഇതിന്റെ ഫലമായി ഇനി ബൈഫിയുടെ സേവനം ദക്ഷിണ കൊറിയയിലും വ്യാപിക്കും. തുടക്കക്കാരായ ഉപഭോക്താക്കള്‍ക്കായി അവശ്യഘടകങ്ങള്‍ എല്ലാ ഉള്‍പ്പെടുത്തിക്കൊണ്ട് വികസിപ്പിച്ച മിനിമം വയബിള്‍ പ്രൊജക്ട്‌സ് വിഭാഗത്തിലാണ് ബൈഫിക്ക് പങ്കാളിത്തത്തിനായി അനുമതി ലഭിച്ചത്. കൊറിയയിലെ പാംഗ്യോ സ്റ്റാര്‍ട്ടപ്പ് ക്യാംപസില്‍ സൗജന്യ ഓഫീസ് സ്‌പേസ്, കൊറിയന്‍ സ്റ്റാര്‍ട്ടപ്പ് വിസ ലഭിക്കുന്നതിനുള്ള സഹായങ്ങള്‍, മെന്റര്‍ഷിപ്പ്, വന്‍കിട കമ്പനികളിലെ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്താനുള്ള അവസരം, പ്രതിമാസ തൊഴില്‍ മേളകളില്‍ പ്രവേശനം, ഭാഷാപരിശീലനം എന്നിവയെല്ലാം ബൈഫിക്ക് ലഭിക്കും. പരിസ്ഥിതി സാങ്കേതികവിദ്യ, ധനകാര്യ സാങ്കേതികവിദ്യ, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 30 സാങ്കേതികവിദ്യാ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാത്രമാണ് ഇന്‍ടുകൊറിയയില്‍ പങ്കാളികളാവാനുള്ള ക്ഷണം ലഭിച്ചിട്ടുള്ളത്. ഇക്കൂട്ടത്തിലാണ് മലയാളികളുടെ ഈ നവസംരംഭം ഇടം നേടിയിരിക്കുന്നത്.

സഹോദരങ്ങളായ പ്രവീണ്‍, പ്രണവ്, പ്രബിന്‍ എന്നിവര്‍ ചേര്‍ന്ന് ആരംഭിച്ച സംരംഭം ഇന്ന് അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് യാത്ര തുടരുകയാണ്. കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി ചേര്‍ന്ന്, പട്ടികജാതി വികസന വകുപ്പിന്റെ സ്റ്റാര്‍ട്ടപ്പ് ഡ്രീംസിന് കീഴിലാണ് ബൈഫി പ്രവര്‍ത്തിക്കുന്നത്. പ്രാദേശിക കച്ചവടങ്ങളെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബൈഫി മേഖലയിലെ വിവിധ തലങ്ങളിലുള്ള സേവനങ്ങള്‍ കാഴ്ചവെക്കുന്നുണ്ട്. പ്രാദേശികമായി ലഭിക്കുന്ന ഉല്‍പ്പന്നങ്ങളും സേവനങ്ങളും സംബന്ധിച്ച ഓഫറുകളും ഇടപാടുകളും ഉപഭോക്താക്കള്‍ക്ക് ബൈഫിയിലൂടെ അറിയാം. പ്രാദേശിക വ്യാപാര സ്ഥാപനങ്ങളുടെ പേര്, വിലാസം എന്നിവ മനസിലാക്കാന്‍ സാധിക്കുന്ന തരത്തിലാണ് വെബ്‌സൈറ്റ് സജ്ജമാക്കിയിരിക്കുന്നത്. ഇതിനൊപ്പം എസ്എംഎസ് വഴി ആശയവിനിമയം നടത്താനും സാധിക്കും. ചുരുക്കത്തില്‍ ഇ കൊമേഴ്‌സ് രംഗത്തെ നൂതന സാങ്കേതികവിദ്യകളും സേവനങ്ങളും ചെറുകിട കച്ചവടങ്ങളിലേക്ക് എത്തിക്കുകയാണ് ഇവിടെ ചെയ്യുന്നത്. തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ആക്‌സന്‍ സോഫ്റ്റ്‌വെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ 2016ല്‍ തുടങ്ങിയ കമ്പനി ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ മികവിന്റെ ഉയരങ്ങള്‍ താണ്ടിക്കഴിഞ്ഞു.

Comments

comments