2018 യമഹ എഫ്ഇസഡ്-എസ് എഫ്‌ഐ റിയര്‍ ഡിസ്‌ക് ബ്രേക് വേരിയന്റ് പുറത്തിറക്കി

2018 യമഹ എഫ്ഇസഡ്-എസ് എഫ്‌ഐ റിയര്‍ ഡിസ്‌ക് ബ്രേക് വേരിയന്റ് പുറത്തിറക്കി

പുതിയ പെയിന്റ് സ്‌കീം, ബോഡി ഗ്രാഫിക്‌സ്, റിയര്‍ ഡിസ്‌ക് ബ്രേക്ക് സവിശേഷതകളുള്ള മോഡലിന് 86,042 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില

ന്യൂഡെല്‍ഹി : എഫ്ഇസഡ് സീരീസിന്റെ പത്താം വാര്‍ഷികം പ്രമാണിച്ച് ഇന്ത്യയില്‍ പരിഷ്‌കരിച്ച യമഹ എഫ്ഇസഡ്-എസ് എഫ്‌ഐ പുറത്തിറക്കി. പുതിയ പെയിന്റ് സ്‌കീം, ബോഡി ഗ്രാഫിക്‌സ്, റിയര്‍ ഡിസ്‌ക് ബ്രേക്ക് എന്നിവയാണ് 2018 മോഡലിന്റെ സവിശേഷതകള്‍. 86,042 രൂപയാണ് 2018 യമഹ എഫ്ഇസഡ്-എസ് എഫ്‌ഐ യുടെ ഡെല്‍ഹി എക്‌സ് ഷോറൂം വില.

150-160 സിസി സെഗ്‌മെന്റില്‍ നല്ല വില്‍പ്പനയുള്ള ജനപ്രിയ മോഡലുകളിലൊന്നാണ് എഫ്ഇസഡ്-എസ്. സുസുകി ജിക്‌സര്‍, ബജാജ് പള്‍സര്‍ എന്‍എസ് 160, ഹോണ്ട സിബി ഹോര്‍ണറ്റ് 160 ആര്‍ എന്നിവയെ എതിരിടാന്‍ ഇപ്പോള്‍ യമഹ എഫ്ഇസഡ്-എസ് എഫ്‌ഐ കൂടുതല്‍ സജ്ജമായി. ഓള്‍-ന്യൂ അര്‍മഡ ബ്ലൂ പെയിന്റ് സ്‌കീമിലും ഇപ്പോള്‍ ബൈക്ക് ലഭിക്കും.

മുന്‍ ചക്രത്തിലെ 282 എംഎം ഡിസ്‌ക് ബ്രേക്ക് കൂടാതെ കൂടുതല്‍ ഫലപ്രദമായ കണ്‍ട്രോള്‍ ലഭിക്കുന്നതിന് 220 എംഎം ഹൈഡ്രോളിക് സിംഗിള്‍ റിയര്‍ ഡിസ്‌ക് ബ്രേക്കാണ് 2018 യമഹ എഫ്ഇസഡ്-എസ് ഉപയോഗിക്കുന്നത്. അതേസമയം ബൈക്കിന്റെ മോടി കൂട്ടാന്‍ യമഹ അധികം മെനക്കെട്ടില്ല. എന്നാല്‍ സ്‌പോര്‍ടി അലോയ് വീല്‍ ഡിസൈന്‍, പൂര്‍ണ്ണമായും പുതിയ മിറര്‍ ഡിസൈന്‍ എന്നിവ കാണാം.

ബില്‍ഡ് ആന്‍ഡ് അപ്പിയറന്‍സ്, ഉയര്‍ന്ന എന്‍ജിന്‍ സാങ്കേതികവിദ്യ, ഇന്ധനക്ഷമത, സസ്‌പെന്‍ഷന്‍ എന്നിവ നിലനിര്‍ത്തിയതിനൊപ്പം യമഹ എഫ്ഇസഡ്-എസ് എഫ്‌ഐ യിലെ പുതിയ കൂട്ടിച്ചേര്‍ക്കലുകള്‍ യുവാക്കളെ ഹരം കൊള്ളിക്കുമെന്ന് യമഹ മോട്ടോര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് റോയ് കുര്യന്‍ പറഞ്ഞു.

എഫ്ഇസഡ് സീരീസിന്റെ പത്താം വാര്‍ഷികം പ്രമാണിച്ച് പുറത്തിറക്കിയ 2018 യമഹ എഫ്ഇസഡ്-എസ് എഫ്‌ഐ ഓള്‍-ന്യൂ അര്‍മഡ ബ്ലൂ പെയിന്റ് സ്‌കീമിലും ലഭിക്കും

നിലവിലെ 149 സിസി, എയര്‍ കൂള്‍ഡ്, ഫ്യൂവല്‍ ഇന്‍ജെക്റ്റഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് 2018 യമഹ എഫ്ഇസഡ്-എസ് ഉപയോഗിക്കുന്നത്. 8,000 ആര്‍പിഎമ്മില്‍ 13 ബിഎച്ച്പി കരുത്തും 6,000 ആര്‍പിഎമ്മില്‍ 12.8 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കാന്‍ ഈ എന്‍ജിന് കഴിയും. 5 സ്പീഡാണ് ട്രാന്‍സ്മിഷന്‍. ഉയര്‍ന്ന ഇന്ധനക്ഷമത ലഭിക്കുന്നതിന് യമഹ എന്‍ജിനില്‍ ബ്ലൂ കോര്‍ സാങ്കേതികവിദ്യ പ്രയോഗിച്ചിട്ടുണ്ട്.

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍ നിര്‍വ്വഹിക്കുന്നത്. എഫ്ഇസഡ്-എസ്സിന് വലിയ ആരാധകരെ സൃഷ്ടിച്ച മസ്‌കുലര്‍ ഡിസൈന്‍ തീം കൈമോശം വന്നിട്ടില്ല. സ്റ്റാന്‍ഡേഡായി ഫ്യൂവല്‍ ഇന്‍ജെക്ഷന്‍ സവിശേഷതയുള്ള 150-160 സിസി സെഗ്‌മെന്റിലെ ആദ്യ ബൈക്കുകളിലൊന്നാണ് യമഹ എഫ്ഇസഡ്-എസ്.

Comments

comments

Categories: Auto