2018 ട്രയംഫ് ടൈഗര്‍ 1200 ബുക്കിംഗ് ആരംഭിച്ചു

2018 ട്രയംഫ് ടൈഗര്‍ 1200 ബുക്കിംഗ് ആരംഭിച്ചു

ഫെബ്രുവരി അവസാനമോ മാര്‍ച്ച് തുടക്കത്തിലോ 2018 മോഡല്‍ പുറത്തിറക്കും

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ 2018 ട്രയംഫ് ടൈഗര്‍ 1200 ന്റെ ബുക്കിംഗ് സ്വീകരിച്ചുതുടങ്ങി. രണ്ട് ലക്ഷം രൂപ ടോക്കണ്‍ തുക നല്‍കി ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് ഡീലര്‍ഷിപ്പുകളില്‍ ബുക്കിംഗ് നടത്താം. ഫെബ്രുവരി അവസാനമോ മാര്‍ച്ച് മാസം തുടക്കത്തിലോ 2018 ട്രയംഫ് ടൈഗര്‍ 1200 പുറത്തിറക്കും. ബുക്കിംഗ് സ്വീകരിച്ചുതുടങ്ങിയതായി ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ വിമല്‍ സുംബ്ലി വ്യക്തമാക്കി. ദിവസങ്ങള്‍ക്കുമുമ്പ് ഗുരുഗ്രാമില്‍ ട്രയംഫ് മോട്ടോര്‍സൈക്കിള്‍സിന്റെ പുതിയ ഡീലര്‍ഷിപ്പ് പ്രവര്‍ത്തനം തുടങ്ങിയിരുന്നു.

നിരവധി പരിഷ്‌കാരങ്ങള്‍ വരുത്തിയാണ് ട്രയംഫ് ടൈഗര്‍ 1200 ന്റെ 2018 മോഡല്‍ അവതരിപ്പിക്കുന്നത്. ആഗോളതലത്തില്‍ ആകെയുള്ള ആറ് വേരിയന്റുകളില്‍ ബൈക്ക് ലഭിക്കും. നാല് എക്‌സ്ആര്‍ വേരിയന്റുകളും ഓഫ്-റോഡിംഗിന് സഹായിക്കുന്ന രണ്ട് എക്‌സ്‌സി വേരിയന്റുകളുമാണ് ഇവ. എന്നാല്‍ ഈ ആറ് വേരിയന്റുകളും ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള സാധ്യത വളരെ കുറവാണ്. 2018 മോഡല്‍ ട്രയംഫ് ടൈഗര്‍ 1200 ന്റെ ഭാരം നല്ല പോലെ കുറഞ്ഞിരിക്കുന്നു. രണ്ട് കിലോഗ്രാം മുതല്‍ പതിനൊന്ന് കിലോഗ്രാം വരെയാണ് വിവിധ വേരിയന്റുകളുടെ ഭാരം കുറഞ്ഞത്.

ട്രയംഫ് ടൈഗര്‍ എക്‌സ്‌പ്ലോറര്‍ 1200 എന്ന പേരിലെ എക്‌സ്‌പ്ലോറര്‍ എടുത്തുകളഞ്ഞ് ട്രയംഫ് ടൈഗര്‍ 1200 എന്നായി പേര് പരിഷ്‌കരിച്ചിട്ടുണ്ട്. പുതിയ അഡാപ്റ്റീവ് കോര്‍ണറിംഗ് ലൈറ്റുകള്‍, ഓള്‍-എല്‍ഇഡി ലൈറ്റുകള്‍, ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍എസ്സിലേതുപോലെ ക്രമീകരിക്കാവുന്ന ഫുള്‍-കളര്‍ ടിഎഫ്ടി സ്‌ക്രീന്‍, ഇല്യുമിനേറ്റഡ് സ്വിച്ച്ഗിയര്‍, പുതിയ റൈഡിംഗ് മോഡുകള്‍ എന്നിവ 2018 ട്രയംഫ് ടൈഗര്‍ 1200 ന്റെ സവിശേഷതകളാണ്. മിഡ്, ടോപ് വേരിയന്റുകളില്‍ ഹില്‍-ഹോള്‍ഡ് കണ്‍ട്രോള്‍ നല്‍കി. ചില വേരിയന്റുകളില്‍ ഇന്റഗ്രേറ്റഡ് ബ്രേക്കിംഗ് സിസ്റ്റം, കോര്‍ണറിംഗ് എബിഎസ്, ഷിഫ്റ്റ് അസ്സിസ്റ്റ്, കീലെസ് ഇഗ്നിഷന്‍, പരിഷ്‌കരിച്ച ക്രൂസ് കണ്‍ട്രോള്‍ എന്നിവയും സവിശേഷതകളാണ്.

രണ്ട് മുതല്‍ പതിനൊന്ന് കിലോഗ്രാം വരെയാണ് വിവിധ വേരിയന്റുകളുടെ ഭാരം കുറഞ്ഞിരിക്കുന്നത്

നിലവിലെ അതേ 1215 സിസി, ഇന്‍-ലൈന്‍ ട്രിപ്പിള്‍ സിലിണ്ടര്‍ മോട്ടോറാണ് പുതിയ ടൈഗര്‍ 1200 ന് കരുത്ത് പകരുന്നത്. എന്നാല്‍ ടോപ് വേരിയന്റുകളില്‍ ഭാരം കുറഞ്ഞ ഫ്‌ളൈവീല്‍ ആന്‍ഡ് ക്രാങ്ക്ഷാഫ്റ്റ്, പുതിയ മഗ്നീഷ്യം കാം കവര്‍, ഇറ്റാലിയന്‍ കമ്പനിയായ ‘ആരോ’യുടെ സ്റ്റാന്‍ഡേഡ് എക്‌സ്‌ഹോസ്റ്റ് എന്നീ അപ്‌ഡേറ്റുകള്‍ നല്‍കി. എന്‍ജിന്‍ ഇപ്പോള്‍ 9,350 ആര്‍പിഎമ്മില്‍ 141 ബിഎച്ച്പി കരുത്തും 7,600 ആര്‍പിഎമ്മില്‍ 122 എന്‍എം പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഇന്ത്യയില്‍ ഏതെല്ലാം വേരിയന്റുകള്‍ അവതരിപ്പിക്കുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. എന്നാല്‍ എല്ലാ വേരിയന്റുകളും പുറത്തിറക്കിയാല്‍ 17 ലക്ഷം (എക്‌സ്ആര്‍ ബേസ് വേരിയന്റ്) മുതല്‍ 21 ലക്ഷം രൂപ വരെയായിരിക്കും (എക്‌സ്‌സിഎ ടോപ് വേരിയന്റ്) എക്‌സ് ഷോറൂം വിലയെന്ന് പ്രതീക്ഷിക്കുന്നു.

Comments

comments

Categories: Auto