ആധാര്‍ പൂര്‍ണമായും സുരക്ഷിതം; മോശമാക്കി ചിത്രീകരിക്കാന്‍ ആസൂത്രിത പ്രചാരണമെന്ന് മുന്‍ യുഐഡിഎഐ ചെയര്‍മാന്‍ നന്ദന്‍ നിലേക്കനി

ആധാര്‍ പൂര്‍ണമായും സുരക്ഷിതം; മോശമാക്കി ചിത്രീകരിക്കാന്‍ ആസൂത്രിത പ്രചാരണമെന്ന് മുന്‍ യുഐഡിഎഐ ചെയര്‍മാന്‍ നന്ദന്‍ നിലേക്കനി

 

ബംഗലൂരു : ആധാറിനെതിരായി നടക്കുന്നത് ഊതി വീര്‍പ്പിച്ച പ്രചാരണങ്ങളെന്ന് മുന്‍ യുഐഡിഎഐ ചെയര്‍മാനും ആധാറിന്റെ സ്രഷ്ടാക്കളിലൊരാളുമായ നന്ദന്‍ നിലേക്കനി പറഞ്ഞു. ബംഗലൂരുവില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കവെയാണ് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിയുടെ മുന്‍ ചെയര്‍മാന്‍ സമീപകാല വിവാദങ്ങളോട് പ്രതികരിച്ചത്. ആധാറിനെ മോശമാക്കാനുള്ള ആസൂത്രിത പ്രചാരണമാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘ക്രിയാത്മകമല്ലാതെ നെഗറ്റീവായാണ് നിങ്ങള്‍ ചിന്തിക്കുന്നതെങ്കില്‍ അത്തരത്തിലുള്ള പ്രതികരണം മാത്രമാവും ലഭിക്കുക. ആധാര്‍ ഇവിടെത്തന്നെയുണ്ടാകുമെന്ന യാഥാര്‍ഥ്യത്തെ എല്ലാവരും അംഗീകരിക്കുകയാണ് വേണ്ടത്’- അദ്ദേഹം പറഞ്ഞു. രാജ്യത്തെ 119 കോടി ജനങ്ങള്‍ക്ക് ആധാറുണ്ട്. 55 കോടി ആളുകള്‍ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിച്ചു കഴിഞ്ഞു. ഈ അക്കൗണ്ടുകളിലേക്ക് സബ്‌സിഡിയായി 95,000 കോടി രൂപയാണ് ഇതുവരെ സര്‍ക്കാര്‍ കൈമാറിയത്. പൂര്‍ണമായും നിയമവിധേയമാണ് ആധാറെന്നും സുപ്രീം കോടതി ആധാറിന്റെ സ്വകാര്യത സംബന്ധിച്ച്് അനുകൂലമായി നിലപാടെടുക്കുമെന്ന ആത്മവിശ്വാസം തനിക്കുണ്ടെന്നും നന്ദന്‍ നിലേക്കനി പറഞ്ഞു. സുരക്ഷ വര്‍ധിപ്പിക്കാന്‍ വിര്‍ച്വല്‍ ഐഡി സംവിധാനം കൊണ്ടുവരാനുള്ള യുഐഡിഎഐയുടെ തീരുമാനത്തെയും മുന്‍ ചെയര്‍മാന്‍ സ്വാഗതം ചെയ്തു. വിര്‍ച്വല്‍ ഐഡി വരുന്നതോടെ വിവിധ ആവശ്യങ്ങള്‍ക്ക് ആധാര്‍ നമ്പറിന് പകരം ഈ സംവിധാനം ഉപയോഗിക്കാം.

 

Comments

comments

Categories: Banking, FK News, Politics