മന്നാ ഫുഡ്‌സിനെ പിന്തുണച്ച് മോര്‍ഗന്‍ സ്റ്റാന്‍ലി

മന്നാ ഫുഡ്‌സിനെ പിന്തുണച്ച്  മോര്‍ഗന്‍ സ്റ്റാന്‍ലി

ബെംഗളൂരു : സ്വകാര്യ ഓഹരി കമ്പനിയായ മോര്‍ഗന്‍ സ്റ്റാന്‍ലി റെഡി-ടു- കുക്ക് ഈറ്റബിള്‍ നിര്‍മാതാക്കളായ മന്നാ ഫുഡ്‌സിനെ പിന്തുണയ്ക്കുന്നു. ഇതിന്റെ ഭാഗമായി കമ്പനിയുടെ മാതൃസ്ഥാപനമായ സതേണ്‍ ഹെല്‍ത്ത് ഫുഡ്‌സില്‍ മൊര്‍ഗാന്‍ 152 കോടി രൂപ നിക്ഷേപിച്ചു.

നിലവിലെ നിക്ഷേപര്‍ക്ക് ഓഹരി നല്‍കുന്നതിനും പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനുമായി തുക വിനിയോഗിക്കുമെന്ന് കമ്പനിവൃത്തങ്ങള്‍ അറിയിച്ചു. 2015 ല്‍ പ്രാരംഭഘട്ട വളര്‍ച്ച നിക്ഷേപകരായ ഫല്‍ക്രമില്‍ നിന്ന് കമ്പനി 30 കോടി രൂപ സമാഹരിച്ചിരുന്നു. രാജ്യത്തെ ആരോഗ്യകരമായ ഭക്ഷണ വിഭാഗത്തില്‍ വിജയം നേടാന്‍ മോര്‍ഗന്‍ സ്റ്റാന്‍ലിയുമായുള്ള സഹകരണം മന്നാ ഫുഡ്‌സിന് സഹായകരമാകുമെന്ന് സ്ഥാപകനായ ഇസാക് നാസര്‍ പറഞ്ഞു.

2000 ലാണ് മന്നാ ഫുഡ്‌സ് തുടങ്ങിയത്. കുട്ടികളുടെ ഭക്ഷണം, ധാന്യങ്ങള്‍, സോയ നുഗേറ്റ്‌സ്, ഉണങ്ങിയ പഴങ്ങള്‍ എന്നിവയുടെ റെഡി-ടു- കുക്ക് ഇനങ്ങള്‍ കമ്പനി നല്‍കുന്നുണ്ട്. രാജ്യത്തുടനീളം 350 നഗരങ്ങളിലായി 60,000 ലധികം ഔട്ട്‌ലറ്റുകളില്‍ 500 ലധികം വിതരണക്കാരുടെ ശൃംഖലയുണ്ടെന്നാണ് മന്നാ ഫുഡ്‌സ് അവകാശപ്പെടുന്നത്.

2008 ലാണ് മോര്‍ഗന്‍ സ്റ്റാന്‍ലി ഇന്ത്യയില്‍ സ്വകാര്യ ഓഹരി ബിസിനസ് തുടക്കമിട്ടത്. കമ്പനി ഇന്ത്യയില്‍ ഏകദേശം 250-300 മില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം സാധ്യമാക്കിയിട്ടുണ്ടെന്ന് കമ്പനിയുടെ മാനേജിംഗ് ഡയറക്റ്ററായ അലുരി ശ്രീവാസ്തവ റാവു ചൂണ്ടിക്കാട്ടി.

Comments

comments