ലംബോര്‍ഗിനി ഉറുസ് ഇന്ത്യന്‍ മണ്ണില്‍

ലംബോര്‍ഗിനി ഉറുസ് ഇന്ത്യന്‍ മണ്ണില്‍

പെര്‍ഫോമന്‍സ് എസ്‌യുവിയുടെ ഇന്ത്യ എക്‌സ് ഷോറൂം വില 3 കോടി രൂപ

ന്യൂഡെല്‍ഹി : ലംബോര്‍ഗിനി ഉറുസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. മൂന്ന് കോടി രൂപയാണ് പെര്‍ഫോമന്‍സ് എസ്‌യുവിയുടെ ഇന്ത്യ എക്‌സ് ഷോറൂം വില. ഇറ്റാലിയന്‍ കാര്‍ നിര്‍മ്മാതാക്കളുടെ ചരിത്രത്തിലെ രണ്ടാമത്തെ മാത്രം എസ്‌യുവിയാണ് ഉറുസ്. സൂപ്പര്‍കാറുകള്‍ നിര്‍മ്മിക്കുന്നതിനാണ് ലംബോര്‍ഗിനി പ്രാധാന്യം നല്‍കുന്നത്. ലംബോര്‍ഗിനി ഉറുസിനെ പ്രാക്ടിക്കല്‍ കാര്‍ എന്ന് വിശേഷിപ്പിക്കാം. അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയും. പൊട്ടിപ്പൊളിഞ്ഞ ടാര്‍ റോഡിലും കൂസലില്ലാതെ പായും. ഗ്ലോബല്‍ പ്രീമിയറിനുശേഷം 38 ദിവസത്തിനുള്ളിലാണ് ലംബോര്‍ഗിനി ഉറുസ് ഇന്ത്യയിലേക്ക് കടല്‍ കടന്നെത്തുന്നത്. ബെന്റ്‌ലി ബെന്റായ്ഗ, പോര്‍ഷെ കായെന്‍, ഔഡി ക്യു7 എന്നിവ നിര്‍മ്മിച്ച എംഎല്‍ബി പ്ലാറ്റ്‌ഫോമാണ് ലംബോര്‍ഗിനി ഉറുസിന്റെയും അടിസ്ഥാനം.

ഫ്രണ്ട് എന്‍ജിന്‍ ലേഔട്ടില്‍ നിര്‍മ്മിച്ച ലംബോര്‍ഗിനി ഉറുസ് 4.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി8 എന്‍ജിനാണ് ഉപയോഗിക്കുന്നത്. ലംബോര്‍ഗിനി ചരിത്രത്തില്‍ ഇതാദ്യമായാണ് ടര്‍ബോ ഉപയോഗിക്കുന്നത്. അവെന്റഡോര്‍, ഹുറാകാന്‍ എന്നിവയില്‍ ടര്‍ബോ മാറ്റിനിര്‍ത്തപ്പെട്ടിരുന്നു. 641 ബിഎച്ച്പി കരുത്തും 850 എന്‍എം പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുംവിധമാണ് ലംബോര്‍ഗിനി ഉറുസിലെ എന്‍ജിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. 3.6 സെക്കന്‍ഡ് സമയത്തില്‍ പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കാനും 12.8 സെക്കന്‍ഡില്‍ 200 കിലോമീറ്റര്‍ വേഗം കൈവരിക്കാനും ഈ പെര്‍ഫോമന്‍സ് എസ്‌യുവിക്ക് കഴിയും. മണിക്കൂറില്‍ 305 കിലോമീറ്ററാണ് ടോപ് സ്പീഡ്. 2.2 ടണ്‍ ഭാരം വരുന്ന വാഹനത്തിന് ഈ ടോപ് സ്പീഡ് ഒട്ടും മോശമല്ല. ലോകത്തെ ഏറ്റവും വേഗമേറിയ എസ്‌യുവിയാണ് ഉറുസ്. 8 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടറുമായാണ് വി8 എന്‍ജിന്‍ ബന്ധിപ്പിച്ചിരിക്കുന്നത്. ടോര്‍ക്ക് വെക്ടറിംഗ് റിയര്‍ ഡിഫ്രന്‍ഷ്യല്‍ സഹിതം സെന്‍ട്രല്‍ ടോര്‍ഷന്‍ ഡിഫ്രന്‍ഷ്യല്‍ 4 വീല്‍ ഡ്രൈവിലാണ് പെര്‍ഫോമന്‍സ് എസ്‌യുവി വരുന്നത്.

ലംബോര്‍ഗിനി ഉറുസിലെ സസ്‌പെന്‍ഷന്‍ സംവിധാനം അഡാപ്റ്റീവ് ആണ്. റേസ് ട്രാക്ക് ആവശ്യങ്ങള്‍ക്കും ഏതുതരം റോഡുകള്‍ക്കുമായി ക്രമീകരിക്കാന്‍ കഴിയും. മുന്നില്‍ 440 എംഎം, പിന്നില്‍ 370 എംഎം കാര്‍ബണ്‍ സെറാമിക് ബ്രേക്കുകളാണ് നല്‍കിയിരിക്കുന്നത്. ഇവ ബ്രേക്കിംഗ് ജോലികള്‍ നിര്‍വ്വഹിക്കും. സ്റ്റാന്‍ഡേഡായി 21 ഇഞ്ച് വീലുകളിലാണ് ഇറ്റാലിയന്‍ എസ്‌യുവി വരുന്നത്. 23 ഇഞ്ച് വരെ സ്‌പെസിഫിക്കേഷനില്‍ ലഭിക്കും. കൂടുതല്‍ വേഗത്തിലും അനായാസവും കുതിക്കാന്‍ സഹായിക്കുന്ന പ്രത്യേക ടയറുകള്‍ ഉറുസിനുവേണ്ടി മാത്രം ലംബോര്‍ഗിനി നിര്‍മ്മിച്ചു.

ലംബോര്‍ഗിനിയുടെ ചരിത്രത്തിലെ രണ്ടാമത്തെ മാത്രം എസ്‌യുവിയാണ് ഉറുസ്. അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന ഉറുസിനെ പ്രാക്ടിക്കല്‍ കാര്‍ എന്ന് വിശേഷിപ്പിക്കാം

ഉറുസിലും തങ്ങളുടെ ധാരാളിത്തം ലംബോര്‍ഗിനി നിലനിര്‍ത്തിയിരിക്കുന്നു. എന്നാല്‍ പുതിയ വാഹനം തീര്‍ച്ചയായും കുറേക്കൂടി പ്രാക്ടിക്കലാണ്. മുന്നില്‍ വലിയ മെഷ് ഗ്രില്ല്, ലേസര്‍ മുനയുള്ള എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, പിന്നില്‍ കൂപ്പെ സമാനമായ റൂഫ്‌ലൈന്‍, ചെരിഞ്ഞ വിന്‍ഡ്‌സ്‌ക്രീന്‍ എന്നിവ ആകര്‍ഷകങ്ങളാണ്. ടെയ്ല്‍ഗെയ്റ്റിലേക്ക് നീളുന്നതാണ് എല്‍ഇഡി ടെയ്ല്‍ലൈറ്റുകള്‍. അഗ്രസീവ് സ്‌പോര്‍ടി പഞ്ച് കാഴ്ച്ചവെയ്ക്കുന്നതാണ് താഴെയുള്ള ഡിഫ്യൂസര്‍. കണ്‍സെപ്റ്റ് വാഹനത്തേക്കാള്‍ യഥാര്‍ത്ഥ ഉറുസിന്റെ പിന്‍ഭാഗത്തിന് വീതി കൂടുതലാണ്. കൂടുതല്‍ ഇറ്റാലിയനായിരിക്കുന്നു.

Comments

comments

Categories: Auto