കര്‍ണാടകയില്‍ കിറ്റെക്‌സ് വസ്ത്ര നിര്‍മാണ യൂണിറ്റ് ആരംഭിക്കും

കര്‍ണാടകയില്‍ കിറ്റെക്‌സ് വസ്ത്ര  നിര്‍മാണ യൂണിറ്റ് ആരംഭിക്കും

500 കോടിയുടെ നിക്ഷേപം

ബെംഗളൂരു: കേരളത്തിലെ പ്രമുഖ വസ്ത്ര നിര്‍മാണ കമ്പനിയായ കിറ്റെക്‌സ് കര്‍ണാടകയില്‍ വസ്ത്ര നിര്‍മാണ യൂണിറ്റ് ആരംഭിക്കുന്നതിന് ഏകദേശം 500 കോടി രൂപയുടെ നിക്ഷേപം നടത്തും. കര്‍ണാടകയിലെ ഹസനില്‍ കുട്ടികള്‍ക്കുള്ള റെഡി മെയ്ഡ് വസ്ത്രനിര്‍മാണ യൂണിറ്റ് ആരംഭിക്കുന്നതിനുള്ള പദ്ധതിക്ക് കര്‍ണാടക സര്‍ക്കാര്‍ അനുവാദം നല്‍കികഴിഞ്ഞു.സര്‍ക്കാരില്‍ നിന്ന് മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള അനുവാദങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് പ്രൊജക്റ്റ് ആരംഭിക്കുമെന്നും അടുത്ത വര്‍ഷം മാര്‍ച്ച് മാസത്തോടെ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മാണം ആരംഭിക്കാനാണ് പദ്ധതിയെന്നും കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് സിഎംഡി സാബു എ ജേക്കബ് പറഞ്ഞു.

ഗള്‍ഫില്‍ നിന്ന് ഇറക്കുമതി ചെയ്ത സ്റ്റീല്‍ ബില്‍ഡിംഗാണ് നിര്‍ദിഷ്ട നിര്‍മാണ യൂണിറ്റില്‍ സ്ഥാപിക്കുക. ആദ്യ ഘട്ടത്തില്‍ 1500 മുതല്‍ 2000 വരെ ജീവനക്കാരെ ഉള്‍ക്കൊള്ളാനാകുന്ന യൂണിറ്റില്‍ നിന്ന് രണ്ടു ലക്ഷത്തോളം കുട്ടികള്‍ക്കുള്ള വസ്ത്രങ്ങള്‍ നിര്‍മിക്കാന്‍ കഴിയും. പിന്നീട് 2021 വരെ ഓരോ ആറുമാസം കൂടുമ്പോഴും യൂണിറ്റ് വികസിപ്പിക്കും.
അതേസമയം ആന്ധ്രപ്രദേശ് സര്‍ക്കാരും കിറ്റെക്‌സിനെ അവിടേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ്. അതിനായി നിരവധി ആനുകൂല്ല്യങ്ങള്‍ സംസ്ഥാനം മുന്നോട്ടുവെച്ചിട്ടുമുണ്ട്. സൗജന്യ സ്ഥലം, ഒരുരൂപയ്ക്ക് വൈദ്യുതി, കെട്ടിട നിര്‍മാണത്തിന് പിന്തുണ, മൂന്നു വര്‍ഷത്തേക്കുള്ള ജീവനക്കാരുടെ ശമ്പളം തുടങ്ങി കമ്പനിക്ക് എല്ലാവിധ പിന്തുണയും അവര്‍ വാഗ്ദാനം ചെയതിട്ടുണ്ട്.

അടുത്തിടെ ചേര്‍ന്ന കര്‍ണാടകയുടെ സ്റ്റേറ്റ് ലെവല്‍ സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ് കമ്മിറ്റി 5,233.82 കോടി രൂപ ചെലവു വരുന്ന 52 പുതിയ പ്രോജക്റ്റുകള്‍ക്ക് അംഗീകാരം നല്‍കിയിരുന്നു.

Comments

comments