കൃഷിനാശം വിലയിരുത്താന്‍ ഐ എസ് ആര്‍ ഒ

കൃഷിനാശം വിലയിരുത്താന്‍ ഐ എസ് ആര്‍ ഒ

ഇന്ത്യയിലെ കാര്‍ഷികവിളകള്‍ ഇനി ഐ എസ് ആര്‍ ഒയുടെ ഉപഗ്രഹ നിരീക്ഷണത്തിലായിരിക്കും. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും കാര്‍ഷിക വിളകളുടെ ഡാറ്റ തയ്യാറാക്കാനാണ് ഐ എസ് ആര്‍ ഒയുടെ കീഴിലുള്ള സ്‌പേസ് അപ്ലിക്കേഷന്‍ സെന്ററിന്റെ തീരുമാനം. വിള നാശം സംഭവിക്കുന്നവര്‍ക്ക് വിള ഇന്‍ഷുറന്‍സിന്റെ ആനുകൂല്യം ലഭിക്കുന്നതിന് ഐ എസ് ആര്‍ ഒയുടെ ഡാറ്റാബേസ് ആയിരിക്കും കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ഇനി തെളിവായി സ്വീകരിക്കുക. ഐ എസ് ആര്‍ ഒയുടെ റിസോഴ്‌സ് സാറ്റ് ഉപഗ്രഹത്തില്‍ വെജിറ്റബിള്‍ ഇന്‍ഡെക്‌സ് തയ്യാറാക്കുന്നതിനാവശ്യമായ പ്രോഗ്രാമുകളുണ്ട്. നൂതനമായ വൈഡ് ഫീല്‍ഡ് സെന്‍സറുകളുപയോഗിച്ചാണ് കൃഷിയിടങ്ങളുടെ ഡാറ്റ ശേഖരിക്കുന്നത്.
വിള ഇന്‍ഷുറന്‍സിന്റെ ഭാഗമായി കാര്‍ഷിക വിളകളുടെ ഡാറ്റാ ബാങ്ക് തയ്യാറാക്കാന്‍ ഹരിയാന ഗവണ്‍മെന്റാണ് സ്‌പേസ് അപ്ലിക്കേഷന്‍ സെന്ററിന്റെ സഹായം ആദ്യമായി തേടിയത്. വിള ഇന്‍ഷുറന്‍സ് നടപ്പിലാക്കുന്നതിന് പ്രായോഗിക തടസങ്ങള്‍ വന്നതിനെ തുടര്‍ന്നായിരുന്നു ഇത്. ഹരിയാനയില്‍ നടപ്പാക്കിയ പൈലറ്റ് പ്രോജക്ട് വിജയകരമായതിനെ തുടര്‍ന്നാണ് രാജ്യ വ്യാപകമായി കാര്‍ഷിക വിളകളുടെ ഡാറ്റാ ബാങ്ക് ഉണ്ടാക്കാന്‍ സ്‌പേസ് അപ്ലിക്കേഷന്‍ സെന്റര്‍ മുന്നോട്ടു വരുന്നത്. ഇപ്പോള്‍ തൊട്ടടുത്ത പഞ്ചാബിലെ പച്ചക്കറി കൃഷിയുടെ ഡാറ്റാബേസ് ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്ന് അഹമ്മദാബാദിലെ സ്‌പേസ് അപ്ലിക്കേഷന്‍ സെന്റര്‍ ഡയറക്ടര്‍ തപന്‍ മിശ്ര പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിള ഇന്‍ഷുറന്‍സ് സ്‌കീമായ പ്രധാനമന്ത്രി ഫസല്‍ ബീമ യോജന പഞ്ചാബും ഹരിയാനയുമടക്കം ഏഴ് സംസ്ഥാനങ്ങളില്‍ നല്ല രീതിയില്‍ പ്രാവര്‍ത്തികമാകുന്നില്ലെന്ന് കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്ററിന്റെ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു. ഒരുഗ്രാമത്തില്‍ 40 ശതമാനം വിള നാശം സംഭവിക്കുമ്പോഴാണ് അതിന് വിള ഇന്‍ഷുറന്‍സിന്റെ പരിരക്ഷ ലഭിക്കുക. എന്നാല്‍ എത്ര ശതമാനം കൃഷി നശിച്ചുവെന്ന് കണക്കാക്കാന്‍ നിലവില്‍ ശാസ്ത്രീയ സംവിധാനങ്ങളില്ലാത്തതിനാല്‍ കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ടു. ഈ പ്രശ്‌നത്തിനാണ് ഐ എസ് ആര്‍ ഒയുടെ സഹായത്തോടെ പരിഹാരം കണ്ടിരിക്കുന്നത്. വിളകളുടെ മാത്രമല്ല, മണ്ണിന്റെ ഘടനയും കാലാവസ്ഥയും സംബന്ധിച്ച വിവരങ്ങളും ഇതോടൊപ്പം സ്‌പേസ് അപ്ലിക്കേന്‍ സെന്റര്‍ ശേഖരിക്കും.

 

Comments

comments