പി എസ് എല്‍ വി വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗണ്‍ തുടങ്ങി

പി എസ് എല്‍ വി വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗണ്‍ തുടങ്ങി

31 സാറ്റലൈറ്റുകളുമായി ഐ എസ് ആര്‍ ഒയുടെ പി എസ് എല്‍ വി സി 40 ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്ന് വെള്ളിയാഴ്ച രാവിലെ 9.28ന് കുതിച്ചുയരും. ഉപഗ്രഹ വിക്ഷേപണത്തിനുള്ള 28 മണിക്കൂര്‍ കൗണ്ട് ഡൗണ്‍ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 5.39ന് ആരംഭിച്ചതായി ഐ എസ് ആര്‍ ഒ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 31ന് രാജ്യത്തിന്റെ എട്ടാമത്തെ നാവിഗേഷന്‍ ഉപഗ്രഹത്തിന്റെ വിക്ഷേപണം പരാജയപ്പെട്ടതിന് ശേഷം ഐ എസ് ആര്‍ ഒ നടത്തുന്ന ആദ്യത്തെ ഉപഗ്രഹ വിക്ഷേപണമാണിത്.പി എസ് എല്‍ വി 39ന്റെ ഹീറ്റ് ഷീല്‍ഡ് വേര്‍പെടാതിരുന്നതിനെ തുടര്‍ന്നാണ് വിക്ഷേപണം പരാജയപ്പെട്ടത്.

ഇന്ത്യയുടെ ഭൂതലനിരീക്ഷണത്തിനുള്ള 710 കിലോഗ്രാം ഭാരമുള്ള കാര്‍ടോസാറ്റ് 2, 100 കിലോഗ്രാമിന്റെ മൈക്രോസാറ്റലൈറ്റ്, 5 കിലോഗ്രാമിന്റെ നാനോ സാറ്റലൈറ്റ് എന്നിവയും കാനഡ, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ദക്ഷിണ കൊറിയ, യു കെ, യു എസ് എന്നീ രാജ്യങ്ങളുടെ 28 സാറ്റലൈറ്റുകളുമാണ് പി എസ് എല്‍ വി സി 40 ഭ്രമണപഥത്തിലെത്തിക്കുക. 31 സാറ്റലൈറ്റുകള്‍ക്കും കൂടി 1,323 കിലോഗ്രാം ഭാരമുണ്ട്. മൈക്രോ സാറ്റലൈറ്റ് ഇന്ത്യ ബഹിരാകാശത്തെത്തിക്കുന്ന 100-ാമത്തെ ഉപഗ്രഹമാണ്. രണ്ടു മണിക്കൂര്‍ 21 സെക്കന്‍ഡിനുള്ളില്‍ വിക്ഷേപണ പ്രക്രിയ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ വര്‍ഷം മാസത്തില്‍ ഒരു റോക്കറ്റ് വിക്ഷേപണം നടത്താനാണ് ഐ എസ് ആര്‍ ഒ പ്ലാന്‍ ചെയ്തിരിക്കുന്നത്. ചന്ദ്രയാന്‍ 2, ജി സാറ്റ് 6എ, ജി സാറ്റ് 29 എന്നിവ ഇതിലുള്‍പ്പെടും. മാര്‍ച്ച് മാസത്തിലാണ് ചന്ദ്രയാന്‍ 2 വിക്ഷേപണം നടക്കുക.

Comments

comments

Categories: FK News, Tech, Trending