ഇന്‍മോബി ഏര്‍സര്‍വിനെ സ്വന്തമാക്കി

ഇന്‍മോബി ഏര്‍സര്‍വിനെ സ്വന്തമാക്കി

90 ദശലക്ഷം ഡോളറിന് നടന്ന ഇടപാട് കമ്പനിയുടെ ഏറ്റവും വലിയ ഏറ്റെടുക്കലാണ്

ബെംഗളൂരു: അഡ്വര്‍ടൈസിംഗ് ടെക്‌നോളജി കമ്പനിയായ ഇന്‍മൊബി ലോസ് ഏയ്ഞ്ചല്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍വെന്ററി ആന്‍ഡ് ഓഡിയന്‍സ് മോണറ്റൈസേഷന്‍ ടെക്‌നോളജി സ്റ്റാര്‍ട്ടപ്പ് ഏര്‍സര്‍വിനെ ഏറ്റെടുത്തു. 90 ദശലക്ഷം ഡോളറിനാണ് ഇടപാട് നടന്നത്. കമ്പനിയുടെ ഇതു വരെ നടത്തിയിട്ടുള്ള നാല് ഏറ്റെടുക്കലുകളില്‍ ഏറ്റവും വലിയ ഇടപാടാണിത്.

ഏറ്റെടുക്കല്‍ നിലവിലുള്ള ഉപഭോക്താക്കളില്‍ നിന്ന് 25-30 ശതമാനം വരെ അധിക വരുമാനം നേടാനും പുതിയ ഉപഭോക്താക്കളെ കണ്ടെത്താനും ഇന്‍മോബിയെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏര്‍സര്‍വിനെ സ്വന്തമാക്കിയതിലൂടെ ആഗോളതലത്തില്‍ കമ്പനിയുടെ വരുമാനം വര്‍ധിപ്പിക്കാനും യുണിഫൈഡ് പ്രോഗ്രാമിക് ഓക്ഷന്‍ സൗകര്യത്തോടു കൂടിയ ‘ഇന്‍മോബി എക്‌സ്‌ചേഞ്ച്’ പ്ലാറ്റ്‌ഫോം രൂപീകരിച്ചുകൊണ്ട് കമ്പനിയുടെ സേവനങ്ങള്‍ വര്‍ധിപ്പിക്കാനും കഴിയുമെന്ന് ഇന്‍മൊബി സിഇഒ നവീന്‍ തിവാരി പറഞ്ഞു. ഏറ്റെടുക്കലിലൂടെ അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ പ്രോഗ്രാമിക് വരുമാനം പത്ത് ശതമാനം വരെ വര്‍ധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതുവരെ ഇന്‍മോബി സാധാരണ വീഡിയോകളാണ് ഉപയോഗിച്ചിരുന്നത്. ഏറ്റെടുക്കല്‍ പ്രോഗ്രാമിക് വിഡിയോ ഉപയോഗിക്കുന്നതിനുള്ള ശേഷി കമ്പനിക്ക് നല്‍കും. ഇത് പ്രസാധകര്‍ക്ക് കൂടുതല്‍ ഓപ്ഷനുകള്‍ പ്രദാനം ചെയ്യും. ഈ മാധ്യമത്തിന് കമ്പനിയുടെ എന്‍ജിനീയറിംഗില്‍ നിന്നും ഉല്‍പ്പന്നങ്ങളില്‍ നിന്നും ലഭിക്കുന്ന ഫലങ്ങള്‍ വര്‍ധിപ്പിക്കാനുള്ള ശേഷിയുണ്ട്. യുഎസ്, ചൈന തുടങ്ങിയ വിപണികളിലെ ഉപഭോക്താക്കളുടെ എണ്ണം വര്‍ധിപ്പിക്കാനും ഇതു വഴി കഴിയും. കഴിഞ്ഞ വര്‍ഷം കൈവരിച്ച മികച്ച വളര്‍ച്ചാ നിരക്കും ഈ ഏറ്റെടുക്കല്‍ കൂടിയായതോടെ ഫേസ്ബുക്കും ഗൂഗിളും കഴിഞ്ഞാല്‍ ഏറ്റവും വലിയ അഡ്വര്‍ടൈസിംഗ് പ്ലാറ്റ്‌ഫോമാകാന്‍ ഇന്‍മൊബിക്കാകും.’ നവീന്‍ തിവാരി പറഞ്ഞു. ഇന്‍മോബിയുടെ വരുമാനത്തിന്റെ 35 ശതമാനം സംഭാവന ചെയ്യുന്നത് വിഡിയോ, പ്രോഗ്രാമിക് ബിസിനസാണ്. കഴിഞ്ഞ വര്‍ഷം മുതല്‍ തങ്ങള്‍ ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇന്‍മൊബിയുമായുള്ള പങ്കാളിത്തം ആഗോളതലത്തില്‍ പ്ലാറ്റ്‌ഫോമിന്റെ വികസനത്തിനും ഇതു വരെ ചുവടുറപ്പിച്ചട്ടില്ലാത്ത ചൈന, ഏഷ്യ പസഫിക് വിപണികളില്‍ ശക്തമായ ബിസിനസ് നേടാനും സഹായിക്കുമെന്നും ഏര്‍സര്‍വ് സിഇഒ ജോഷ് സ്‌പെര്‍ പറഞ്ഞു.

Comments

comments

Tags: aerserv, inmobi