നമ്മുടെ നഗരങ്ങളിലെ മിക്ക പാര്‍പ്പിട മേഖലകളിലും ഇടത്തരം വരുമാനമുള്ളവരും ഉയര്‍ന്ന വരുമാനമുള്ളവരുമുണ്ട്
ഇന്ത്യയില്‍ റിയല്‍ എസ്റ്റേറ്റ് രംഗം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് എപ്പോഴൊക്കെ ആരായുന്നുവോ അപ്പോഴൊക്കെ ചോദ്യം കുറച്ചുകൂടി സുവ്യക്തമാക്കേണ്ടതുണ്ട്. റിയല്‍ എസ്റ്റേറ്റ് എന്നത് ഒരൊറ്റ മേഖല മാത്രം ഉള്‍ക്കൊള്ളുന്നതല്ല. വ്യത്യസ്ത വിഭാഗങ്ങള്‍/ അസറ്റ് ക്ലാസുകള്‍, എന്നിവയെല്ലാം ഇതില്‍ പെടുന്നു. റെസിഡന്‍ഷ്യല്‍, കൊമേഴ്സ്യല്‍, റീട്ടെയ്ല്‍ തുടങ്ങിയ റിയല്‍ എസ്റ്റേറ്റ് വിഭാഗങ്ങളെല്ലാം വ്യത്യസ്തമായ ഉദ്ദേശത്തോടെയുള്ളതും വേറിട്ട തരത്തിലെ ആവശ്യകതകളെ അഭിസംബോധന ചെയ്യുന്നതും വിവിധതരം നിക്ഷേപകരെ ആകര്‍ഷിക്കുന്നതുമാണ്.
വളര്‍ച്ച നേടാന്‍ പരസ്പരം ആശ്രയിക്കുന്നുവെന്നതിനാല്‍ തന്നെ ഈ മൂന്നു വിഭാഗങ്ങളും അന്യോന്യം ബന്ധപ്പെട്ടു കിടക്കുന്നുവെന്നതു സത്യമാണ്. ഭവനനിര്‍മാണ പദ്ധതികള്‍ പ്രത്യക്ഷപ്പെടുന്നത് വാണിജ്യ ഓഫീസുകള്‍ സ്ഥിതി ചെയ്യുന്ന ഇടങ്ങള്‍ക്ക് സമീപമാണ്. കാരണം, അവിടെയാണ് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്. തൊഴിലാണ് സാമ്പത്തികശേഷിയുണ്ടാക്കുന്നതും ഭവനം സ്വന്തമാക്കണമെന്നുള്ള ആഗ്രഹം വളര്‍ത്തുന്നതും. അതുപോലെ തന്നെ റെസിഡന്‍ഷ്യല്‍ കൊമേഴ്സ്യല്‍ കാച്ച്മെന്റുകള്ക്ക് സമീപം മാത്രമാണ് റീട്ടെയ്ല്‍ റിയല്‍ എസ്റ്റേറ്റ് വികസിക്കുന്നത്. കാരണം റീട്ടെയ്ലിന് റിയല്‍റ്റിക്ക് ഉപഭോക്താക്കള്‍ ആവശ്യമാണ്. ഈ മൂന്നു രംഗങ്ങളിലും നിക്ഷേപിക്കണമെങ്കില്‍ വിഭിന്നമായ ധനകാര്യശേഷി, ക്ഷമ, ഓരോ വിഭാഗത്തിലും എന്തു ഘടകമാണ് വളര്‍ച്ച കൊണ്ടുവരുന്നത് എന്നതിനേക്കുറിച്ചുള്ള ധാരണ എന്നിവയെല്ലാം വേണം.
ഈ റിയല്‍ എസ്റ്റേറ്റ് വിഭാഗങ്ങള്‍ തമ്മിലുള്ള പരസ്പര പ്രവര്‍ത്തനങ്ങള്‍ക്കിടയിലും റെസിഡന്‍ഷ്യലും റീട്ടെയ്ലുകളും തമ്മിലുള്ള ബന്ധം പ്രത്യേകിച്ചും കൗതുകകരമാണ്. ഏതു പ്രദേശത്തും പ്രത്യേകതരം ഭവനങ്ങള്‍ക്ക് അനുയോജ്യമായ റീട്ടെയ്ല്‍ റിയല്‍റ്റി പദ്ധതികളുണ്ടാകും. ഇടത്തരം കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശം, ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്ന അസംഘടിതമായ റീട്ടെയ്ല്‍ ഔട്ട്ലറ്റുകള്, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, നിരവധി മുഖ്യധാരാ ബ്രാന്‍ഡുകള്‍ ഉള്ള മാളുകള്‍ എന്നിവയെ ആകര്‍ഷിക്കും. അതുപോലെ ആഢംബര ഭവനങ്ങള്‍ ഒരുപാടുള്ള മേഖലകളില്‍ ഉന്നത നിലവാരമുള്ളതും ഉയര്‍ന്ന വിലയുള്ളതുമായ റീട്ടെയ്ലിലാകും പ്രാധാന്യം. അതേസമയം തന്നെ ഇന്ത്യയുടെ നഗര റിയല്‍ എസ്റ്റേറ്റ് രംഗം ഇടത്തരം വരുമാനമുള്ളവരുടെയും ആഢംബര ഹൗസിംഗിന്റെയും അടിസ്ഥാനത്തില്‍ വ്യക്തമായി നിര്‍വചിക്കപ്പെട്ടിട്ടില്ല. നമ്മുടെ നഗരങ്ങളിലെ മിക്ക പാര്‍പ്പിട മേഖലകളിലും ഇടത്തരം വരുമാനമുള്ളവരും ഉയര്‍ന്ന വരുമാനമുള്ളവരുമുണ്ട്. രാജ്യത്തുടനീളമുള്ള പ്രമുഖങ്ങളായ പാര്‍പ്പിട മേഖലകളിലെല്ലാം എല്ലാ വിഭാഗത്തിലുമുള്ള റീട്ടെയ്ല്‍ റിയല്‍റ്റി ലഭ്യമാകാന്‍ ഇതുവഴി സാധിച്ചിട്ടുണ്ട്. എന്നിരുന്നാലും ആഢംബരം ഇപ്പോഴും തീര്‍ച്ചയായും സൃഷ്ടിക്കുന്നത് ആഡംബരം തന്നെയാണ്. ചില ഉദാഹരണങ്ങള്‍ പരിശോധിക്കാം
ഇന്ദിരാ നഗര്‍ ബെംഗളൂരു
ഇന്ദിരാ നഗറില്‍ ഹൈ സ്ട്രീറ്റ് റീട്ടെയ്ല്‍ മേഖല സ്ഥിതി ചെയ്യുന്നത് ഉയര്‍ന്ന നിലവാരത്തിലുള്ള പാര്‍പ്പിടങ്ങളുടെ പരിസരത്തു തന്നെയാണ്. വിപണിയോടു ചേര്‍ന്നു നില്ക്കുന്ന സമ്പന്നരായ ജനതയെ ആകര്‍ഷിക്കുന്ന ഫാഷന്‍, ഭക്ഷ്യ പാനീയ റീട്ടെയ്ലുകളുടെ മികച്ച സംയോജനം ഇവിടെയുണ്ട്. ഇവിടെ റീട്ടെയ്ല്‍ വിപണിയുടെ വളര്‍ച്ചയ്ക്കുള്ള കാരണം പ്രദേശത്തിന്റെ തന്ത്രപ്രധാനമായ സ്ഥാനം തന്നെയാണ്. പ്രധാന റെസിഡന്‍ഷ്യല്‍ ഏരിയ എന്ന ഇന്ദിരാ നഗറിന്റെ സ്ഥാനം റീട്ടെയ്ല്‍ റിയല്‍റ്റി രംഗത്തിന്റെ വളര്‍ച്ചയ്ക്ക് കാരണമായി. കൂടാതെ ഇന്ദിരാ നഗറിനകത്തും പരിസരങ്ങളിലുമുള്ള പ്രധാന റെസിഡന്‍ഷ്യല്‍ മേഖലകള്‍, ഐടി പാര്‍ക്കുകള്‍, ഓഫീസുകള്‍ എന്നിവയും പ്രദേശത്തെ ഒരു ഹൈ സ്ട്രീറ്റ് ഷോപ്പിംഗ് ഡെസ്റ്റിനേഷനാക്കി മാറ്റി.
ഗലേറിയ മാര്‍ക്കറ്റ്,
ഗുഡ്ഗാവ് (ഗുരുഗ്രാം)
റെസിഡന്‍ഷ്യല്‍ കോളനികളും അപ്പാര്‍ട്ട്മെന്റ് കോംപ്ലെക്സുകളും നിറഞ്ഞ ഗുഡ്ഗാവിന് (ഗുരുഗ്രാം) സമീപം സ്ഥിതി ചെയ്യുന്ന ഷോപ്പിംഗ് ഏരിയയാണ് ഇത്. എഫ് ആന്‍ഡ് ബി കൂടാതെ ഫാഷന്‍, മുഖ്യധാരാ റീട്ടെയ്ല്‍ സ്റ്റോറുകള്‍ എന്നിവയും ഇവിടെ കാണാം. അപ്പാരല്‍, മെഡിക്കല്‍ സ്റ്റോറുകള്‍, അനുബന്ധ ഉല്‍പ്പന്നങ്ങള്‍, സ്റ്റേഷനറി, ഗിഫ്റ്റ്സ്റ്റോറുകള് എന്നിങ്ങനെയുള്ള റീട്ടെയ്ല്‍ വിഭാഗങ്ങളും ഇവിടെയുണ്ട്.
ഹിരനന്ദനി എസ്റ്റേറ്റ്, പോവൈ (മുംബൈ)
പ്രമുഖ കൊമേഴ്സ്യല്‍ ഓഫീസ് ഡെസ്റ്റിനേഷന്‍ എന്ന് പേരുകേട്ട പോവൈയുടെ സമീപ പ്രദേശത്താണ് ഹിരനന്ദനി എസ്റ്റേറ്റ് സ്ഥിതി ചെയ്യുന്നത്. മുന്തിയ നിലവാരവും ഉയര്‍ന്ന വിലയുമുള്ള റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റുകളും പോവൈ തടാകം പോലുള്ള സുപ്രധാന ലാന്‍ഡ് മാര്‍ക്കുകളും മധ്യവര്‍ഗത്തെയും ഉയര്‍ന്ന വരുമാനമുള്ളവരെയും ഒരു പോലെ ആകര്‍ഷിക്കുന്നു. എഫ് ആന്‍ഡ് ബി (ഫുഡ് ആന്‍ഡ് ബെവറേജസ്) വിഭാഗങ്ങള്‍ക്ക് ആധിപത്യമുള്ള മേഖലയില്‍ മള്‍ട്ടി കുസിന്‍ റസ്റ്റൊറന്റുകള്‍, ഐസ്ക്രീം പാര്‍ലറുകള്‍, ഏതാനും പബ്ബുകള്‍ എന്നിവയുണ്ട്.
മെഹര്‍ചന്ദ് മാര്‍ക്കറ്റ്,
ഡെല്‍ഹി
ന്യൂഡെല്‍ഹിയുടെ ഹൃദയ ഭാഗത്ത് ലോധി കോളനിക്കു സമീപമാണ് ഈ മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്നത്. സമീപവാസികള്‍ക്ക് ഇതൊരു ‘ബൊട്ടീക്’ ഷോപ്പിംഗ് ഡെസ്റ്റിനേഷന്‍ തന്നെയാണ്. ഡിസൈനര്‍ സ്റ്റോറുകള്‍, ഓര്‍ഗാനിക് ഗ്രോസറി സ്റ്റോറുകള്‍, വസ്ത്രശാലകള്‍, ചെലവുകുറഞ്ഞ ഭക്ഷണശാലകളും സ്റ്റേഷനറി ഷോപ്പുകളും ഉള്‍പ്പെടെ റീട്ടെയ്ല്‍ വിഭാഗങ്ങളുടെ ഒരു സങ്കലനം തന്നെ ഇവിടെ കാണാം. ജോര് ബാഗ്, ഡിഫന്‍സ് കോളനി, ഗോള്‍ഫ് ലിങ്ക്സ്, സുന്ദര്‍ നഗര്‍ തുടങ്ങിയ അപ്മാര്‍ക്കറ്റ് റെസിഡന്‍ഷ്യല്‍ മേഖലകളാണ് ഇതിനു ചുറ്റുമുള്ളത്.
റോഡ് നമ്പര്‍. 36, ജൂബിലി ഹില്‍സ്, ഹൈദരാബാദ്
ഹൈദരാബാദിലെ ഏറ്റവും ചെലവേറിയതും പ്രമുഖവുമായ ഷോപ്പിംഗ് മേഖലയായ ജൂബിലി ഹില്‍സിലാണ് റോഡ് നമ്പര്‍. 36 സ്ഥിതി ചെയ്യുന്നത്. പരമ്പരാഗതമായി പോഷ് ഏരിയയായ റോഡ് നമ്പര്‍. 36 ഹൈദരാബാദിലെ പ്രധാന ഹൈ സ്ട്രീറ്റായി മാറി. നിരവധി ദേശീയ, അന്താരാഷ്ട്ര ബ്രാന്‍ഡുകളെയും എക്സ്ക്ലൂസിവ് കഫേ, റസ്റ്റൊറന്റുകള്‍ എന്നിവയെയും ഇവിടേക്ക് ആകര്‍ഷിച്ചത് ഈ ഹൈ സ്ട്രീറ്റിന്റെ തന്ത്രപ്രധാനമായ സ്ഥാനം തന്നെയാണ്.
ബ്രച്ച് കാന്‍ഡി, മുംബൈ
ദക്ഷിണ മുംബൈയിലെ ഏറ്റവും പ്രധാന മേഖലയാണ് ബ്രച്ച് കാന്‍ഡി. ഉയര്‍ന്ന വിഭാഗത്തിലുള്ള റെസിഡന്‍ഷ്യല്‍ മേഖലാണ് പ്രദേശത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. പാരമ്പര്യമേറെയുള്ള ഹൈസ്ട്രീറ്റ് ബ്രാന്‍ഡുകളും ലോക്കല്‍ ഹൈ എന്‍ഡ് ഫാഷന്‍ ഡിസൈനര്‍മാരും ബ്രച്ച് കാന്‍ഡിയുടെ പ്രത്യേകതകളാണ്.
ഇന്ത്യയിലെ റിയല്‍ എസ്റ്റേറ്റ് വികസനം കൃത്യമായ ആസൂത്രണത്തോടെയല്ലെന്നാണ് സാധാരണ പറയാറുള്ളത്. എന്നാല്‍ റെഡിഡന്‍ഷ്യല്‍ റിയല്‍റ്റി വികസനവും വാണിജ്യ സ്പേസുകളുടെ വികസനവും പരസ്പരപൂരകമാകുന്നു എന്നാണ് കാണാന്‍ സാധിക്കുന്നത്.
(അനറോക് പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റ്സിന്റെ
ചെയര്‍മാനാണ് ലേഖകന്‍)