ഇന്ത്യയുടെ കുതിപ്പിന് വേഗം കൂടും

ഇന്ത്യയുടെ കുതിപ്പിന് വേഗം കൂടും

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെക്കുറിച്ച് ലോകത്തിനുള്ള പ്രതീക്ഷ കൂടുകയാണ്. നരേന്ദ്ര മോദി അധികാരമേറ്റെടുത്തിട്ട് നാലാം വര്‍ഷത്തിലേക്ക് കടക്കുമ്പോഴും ആഗോള സ്ഥാപനങ്ങള്‍ക്ക് ഇപ്പോഴും ഇന്ത്യയുടെ ഗ്രോത്ത് സ്‌റ്റോറിയില്‍ പ്രതീക്ഷയുണ്ടെന്നത് രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യും

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്റെ ബഹ്‌റൈന്‍ സന്ദര്‍ശനത്തിനിടെ കാര്യമായി പ്രസംഗിച്ചത് നാട്ടില്‍ സര്‍വത്ര കുഴപ്പങ്ങളാണെന്നാണ്. സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള ആശങ്കകളും വര്‍ഗീയതയുമെല്ലാം അന്യനാട്ടിലെ തന്റെ രാഷ്ട്രീയ പ്രസംഗത്തില്‍ രാഹുല്‍ എടുത്തുകാട്ടി. എന്തായാലും രാഹുല്‍ ഇപ്പോള്‍ വരച്ചിടുന്ന തരത്തിലല്ല ആഗോള സ്ഥാപനങ്ങള്‍ ഇന്ത്യയെ കാണുന്നത്. ഇന്ത്യയുടെ നിക്ഷേപ സ്റ്റാറ്റസിന് ഒരു കുറവും വന്നിട്ടില്ലെന്നതുതന്നെയാണ് ലോക ബാങ്കിന്റെ പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

ഇന്ത്യയുടെ വളര്‍ച്ചാ സാധ്യതകളില്‍ വലിയ ആത്മവിശ്വാസമാണ് ലോക ബാങ്ക് പ്രകടിപ്പിക്കുന്നത്. നോട്ട് അസാധുവാക്കലിനും ചരക്കു സേവന നികുതി നടപ്പാക്കിയതു മൂലമുണ്ടായ അസന്തുലിതാവസ്ഥയ്ക്കും ഒന്നും ഒരു പരിധിക്കപ്പുറത്തേക്ക് സമ്പദ് വ്യവസ്ഥയെ ഉലയ്ക്കാന്‍ സാധിച്ചില്ല എന്നതിലേക്കാണ് പുതിയ റിപ്പോര്‍ട്ടുകളും വിരല്‍ ചൂണ്ടുന്നത്.

ലോക ബാങ്കിന്റെ 2018 ഗ്ലോബല്‍ ഇക്കണോമിക്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നത് 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 7.3 ശതമാനത്തിന്റെ വളര്‍ച്ചാ നിരക്കിലേക്ക് എത്തുമെന്നാണ്. അടുത്ത രണ്ട് വര്‍ഷത്തേക്ക് 7.5 ശതമാനത്തിലേക്കും. ഘടനാപരമായ സാമ്പത്തിക പരിഷ്‌കരണം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം വലിയ കാര്യം തന്നെയാണ് ഈ വളര്‍ച്ചാ പ്രതീക്ഷയുടെ കണക്കുകള്‍.

മറ്റ് വളരുന്ന സമ്പദ് വ്യവസ്ഥകളെ അപേക്ഷിച്ച് ഇന്ത്യ അതിവേഗം വളരുമെന്നാണ് ലോക ബാങ്ക് കണക്കുകൂട്ടുന്നത്. ലോക ബാങ്കിന്റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസില്‍ ഇന്ത്യ ഈ വര്‍ഷം മികച്ച മുന്നേറ്റമാണ് നടത്തിയത്. 30 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഇന്ത്യ റാങ്കിംഗില്‍ 100ാം സ്ഥാനത്ത് എത്തിയിരുന്നു. അടുത്ത തവണത്തെ റാങ്കിംഗില്‍ ഇനിയും കുതിച്ചുചാട്ടം നടത്താന്‍ ഇന്ത്യ ആസൂത്രിതമായ ശ്രമങ്ങളും നടത്തുന്നുണ്ട്. ഇതെല്ലാം ഇന്ത്യയുടെ വളര്‍ച്ചാ സാധ്യതകള്‍ ഇനിയും കൂട്ടുകയേയുള്ളൂ.

ഇതിനോടൊപ്പം തന്നെ പരിഗണിക്കപ്പെടേണ്ട മറ്റൊരു പ്രധാന ഘടകമാണ് ഇന്ത്യ ലയനങ്ങള്‍ക്കും ഏറ്റെടുക്കലുകള്‍ക്കുമുള്ള ആഗോള ഹബ്ബായി മാറുകയാണ് എന്നതും. ഇതും ഇന്ത്യന്‍ ഗ്രോത്ത് സ്‌റ്റോറിക്ക് മുതല്‍ക്കൂട്ടാകും.

Comments

comments

Categories: Editorial, FK News