എല്ലാ മതങ്ങളോടും ബഹുമാനം കാട്ടുന്നതാണ് മതേതരത്വമെന്ന് ഡല്‍ഹി ഹൈക്കോടതി; മതചിഹ്നങ്ങളുള്ള നാണയങ്ങള്‍ പിന്‍വലിക്കണമെന്ന ഹര്‍ജി തള്ളി

എല്ലാ മതങ്ങളോടും ബഹുമാനം കാട്ടുന്നതാണ് മതേതരത്വമെന്ന് ഡല്‍ഹി ഹൈക്കോടതി; മതചിഹ്നങ്ങളുള്ള നാണയങ്ങള്‍ പിന്‍വലിക്കണമെന്ന ഹര്‍ജി തള്ളി

ന്യൂഡെല്‍ഹി : 2010 ലും 2013ലും റിസര്‍വ് ബാങ്ക് ഇറക്കിയ മത ചിഹ്നമുള്ള നാണയങ്ങള്‍ രാജ്യത്തിന്റെ മതേതര സ്വഭാവത്തിന് എതിരാണെന്നും അതിനാല്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് നല്‍കിയ പൊതു താത്പര്യ ഹര്‍ജിയാണ് ഡല്‍ഹി ഹൈക്കോടതിയിലെ രണ്ടംഗ ബെഞ്ച് തള്ളിയത്. 2010ല്‍ ഇറക്കിയ നാണയത്തില്‍ തഞ്ചാവൂര്‍ ബൃഹദീശ്വര ക്ഷേത്രത്തിന്റെയും 2013ലെ നാണയത്തില്‍ ജമ്മുവിലെ വൈഷ്‌ണോദേവി ക്ഷേത്രത്തിന്റെയും ചിത്രങ്ങളാണ് നല്‍കിയിരുന്നത്. ഏതെങ്കിലും വിശേഷ പരിപാടി പ്രമാണിച്ച് മതചിഹ്നങ്ങളുള്ള നാണയങ്ങളിറക്കുന്നതിന് മതേതരത്വം തടസമല്ലെന്ന് ആക്ടിംഗ് ചീഫ് ജസ്റ്റിസ് ഗീത മിത്തലും ജസ്റ്റിസ് സി ഹരിശങ്കറും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. 2011ലെ നാണയ നിയമം പ്രകാരം ഇത് പൂര്‍ണമായും സര്‍ക്കാരിന്റെ അധികാരത്തിലുളള വിഷയമാണെന്നും കോടതി പറഞ്ഞു. മതേതരത്വം എന്നാല്‍ എല്ലാ മതങ്ങളോടും തുല്യമായ ആദരവ് കാട്ടുകയെന്നതാണ്. നാളെ മറ്റ് മതങ്ങളുടെ വിശേഷ അവസരങ്ങളിലും അത്തരം നാണയങ്ങള്‍ ഇറങ്ങിയേക്കാമെന്നും കോടതി ഹര്‍ജിക്കാരെ ഓര്‍മിപ്പിച്ചു. ഡല്‍ഹി സ്വദേശികളായ നഫീസ് ഖാസിയും അബു സയീദുമാണ് പൊതുതാത്പര്യ ഹര്‍ജി നല്‍കിയിരുന്നത്. 2010ല്‍ ബൃഹദീശ്വര ക്ഷേത്രത്തിന്റെ 1000 വര്‍ഷം പ്രമാണിച്ചാണ് ക്ഷേത്രത്തിന്റെ ചിത്രം മുദ്രണം ചെയ്ത 5 രൂപ നാണയം റിസര്‍വ് ബാങ്ക് പുറത്തിറക്കിയിരുന്നത്.

Comments

comments

Categories: FK News, More, Politics