സിഗരറ്റ് കുറ്റികള്‍ ശേഖരിക്കാം, വരുമാനം നേടാം

സിഗരറ്റ് കുറ്റികള്‍ ശേഖരിക്കാം, വരുമാനം നേടാം

സിഗരറ്റ് മാലിന്യ നിര്‍മാര്‍ജ്ജന രംഗത്ത് ഒരു സംരംഭം പടുത്തുയര്‍ത്തിയ കമ്പനിയാണ് നോയിഡ ആസ്ഥാനമാക്കിയ കോഡ് എന്‍ര്‍പ്രൈസസ്. സിഗരറ്റ് കുറ്റികള്‍ ശേഖരിക്കാന്‍ കച്ചവടക്കാര്‍ അടക്കമുള്ളവര്‍ക്ക് ‘വി ബിന്‍സ് ‘ തയാറാക്കി നല്‍കിയും മാലിന്യം റീസൈക്കിള്‍ ചെയ്ത് ഓര്‍ഗാനിക് കംപോസ്റ്റ്, കീ ചെയ്ന്‍, കുഷ്യന്‍, കളിപ്പാട്ടങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിലും ഏര്‍പ്പെട്ടിരിക്കുകയാണിവര്‍

പുകവലി ആരോഗ്യത്തിന് ഹാനികരം. ഈ ആപ്തവാക്യം എത്ര കേട്ടു പഴകിയാലും അനുദിനം കണ്ടു മടുത്താലും തുടച്ചു നീക്കാനാവാത്ത ദുശീലമാണ് പുകവലി. ഇതിലുമേറെയാണ് സിഗരറ്റ് കുറ്റികള്‍ പൊതു സ്ഥലങ്ങളിലും മറ്റുമായി വലിച്ചെറിയുന്ന ശീലം. ബസ് സ്റ്റാന്റുകള്‍, മാര്‍ക്കറ്റുകള്‍, പൊതു സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെല്ലാം സിഗരറ്റ് മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുന്നുണ്ട്. എന്തിനേറെ ഐടി കമ്പനികള്‍ അടക്കമുള്ള മിക്ക ഓഫീസുകളിലും നിലവില്‍ സ്‌മോക്കിംഗ് ഏരിയ തന്നെ തീര്‍ത്തിരിക്കുകയാണ് പുകവലിക്കാര്‍. ഈ സിഗരറ്റ് കുറ്റികളുടെ മാലിന്യത്തില്‍ നിന്നും ജനങ്ങള്‍ക്ക് ഉപയോഗപ്രദമാകുന്ന പല ഉല്‍പ്പന്നങ്ങളും നിര്‍മിക്കാന്‍ കഴിയുമെന്ന് തെളിയിച്ച്, ഇന്ത്യയില്‍ ആദ്യമായി സിഗരറ്റ് മാലിന്യ നിര്‍മാര്‍ജ്ജന രംഗത്ത് ഒരു സംരംഭം പടുത്തുയര്‍ത്തിയ കമ്പനിയാണ് കോഡ് എന്‍ര്‍പ്രൈസസ്.

പുക വലിച്ചശേഷം വലിച്ചെറിയുന്ന സിഗരറ്റ് കുറ്റികള്‍ ശേഖരിക്കുകയും അവ റീസൈക്കിള്‍ ചെയ്ത് ഓര്‍ഗാനിക് കംപോസ്റ്റും മനോഹരമായ കീ ചെയ്‌നുകളും മറ്റ് ഉപയോഗപ്രദമായ ഉല്‍പ്പന്നങ്ങളും നിര്‍മിക്കുകയാണ് നോയിഡ ആസ്ഥാനമാക്കിയ ഈ കമ്പനി. രണ്ടു സുഹൃത്തുക്കള്‍ ചേര്‍ന്ന് 2016 ല്‍ തുടങ്ങിയ ഈ സാമൂഹ്യ സംരംഭം ഇന്ന് ഇരുപതിലധികം സംസ്ഥാനങ്ങളിലേക്ക് ദ്രുതഗതിയില്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്.

ബാച്ചിലര്‍ പാര്‍ട്ടിയിലെ സിഗരറ്റ് മാലിന്യത്തില്‍ നിന്നുദിച്ച സംരംഭക ആശയം

പാരിസ്ഥിതിക, ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമാകുന്ന വിഷലിപ്തമായ സിഗരറ്റ് മാലിന്യങ്ങളുടെ തോത് ഓരോ വര്‍ഷവും വര്‍ധിച്ചു വരികയാണ്. വിവിധ കണക്കുകള്‍ അനുസരിച്ച് വര്‍ഷംതോറും 0.85 ബില്ല്യണ്‍ കിലോ സിഗരറ്റ് അവശിഷ്ടങ്ങള്‍ പുറംതള്ളപ്പെടുന്നുണ്ട്. ഒരു സുഹൃത്തിന്റെ ബാച്ചിലര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തു മടങ്ങുമ്പോഴാണ് നമന്‍ ഗുപ്തയ്ക്കും വിശാല്‍ കെനറ്റിനും ഈ സംരംഭം തുടങ്ങുന്നതിനുള്ള ആശയം ലഭിക്കുന്നത്. ഒരു ചെറിയ ബാച്ചിലര്‍ പാര്‍ട്ടിയില്‍ കണ്ട മാലിന്യത്തിന്റെ ആളവ് അത്രത്തോളമെങ്കില്‍ ഈ രാജ്യത്തു മുഴുവന്‍ ഉണ്ടാകുന്ന മാലിന്യത്തെ കുറിച്ചുണ്ടായ ആശങ്ക അവരെ ഈ വഴിക്കു ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. സിഗരറ്റിലെ പുകയില പൊതിഞ്ഞിരിക്കുന്ന കവര്‍, പേപ്പര്‍ ആണെന്നു ചിലര്‍ക്കെങ്കിലും തെറ്റിദ്ധാരണയുണ്ട്, എന്നാലിതില്‍ പ്ലാസ്റ്റിക്കും കലര്‍ന്നിട്ടുണ്ട്. സിഗരറ്റ് കുറ്റികളില്‍ അടങ്ങിയിരിക്കുന്ന പോളിമറായ സെല്ലുലോസ് അസറ്റേറ്റിനെ വൃത്തിയാക്കാനും റീസൈക്കിള്‍ ചെയ്യാനുമുള്ള ഏറ്റവും ലളിതമായ മാര്‍ഗം കണ്ടെത്തുകയായിരുന്നു പിന്നീടുള്ള ലക്ഷ്യം. ഈ രസക്കൂട്ട് തന്നെയാണ് ഈ സംരംഭത്തിന്റെ യുഎസ്പിയും. സിഗരറ്റ് കുറ്റികള്‍ റീസൈക്കിള്‍ ചെയ്യുന്നതിനായി പല കെമിക്കലുകളും പരീക്ഷിച്ചശേഷം ഒടുവില്‍ വിജയിച്ചതോടെ, ഒരു വര്‍ഷത്തിനകം 2016 ജൂലൈയില്‍ നമനും വിശാലും കോഡ് എന്‍ര്‍പ്രൈസസ് എന്ന കമ്പനിക്കു രൂപം നല്‍കി. സംരംഭത്തിന് തുടക്കമിടുമ്പോള്‍ നമന്‍ ഡെല്‍ഹി സര്‍വകലാശാലയില്‍ ബികോം പഠനത്തിലാണ്, വിശാലാകട്ടെ യുഎസ്എയില്‍ കാര്‍ണിവല്‍ ക്രൂയിസില്‍ ഫോട്ടാഗ്രാഫറും.

പ്രാരംഭ ഘട്ടത്തിലുള്ള സംരംഭത്തെ 2020 ഓടെ ലാഭത്തിലാക്കി മാറ്റാനാണ് നമനും വിശാലും ലക്ഷ്യമിടുന്നത്. സിഗരറ്റ് കുറ്റിയിലെ റിസൈക്കിള്‍ഡ് പോളിമറായ സെല്ലുലോസ് അസറ്റേറ്റിന് വ്യാപകമായ വാണിജ്യ ഗുണങ്ങളുണ്ട്. ഭാവിയില്‍ ഇതുവഴി അടുക്കളയിലെ ചിമ്മിനികളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന വായു ശുദ്ധീകരത്തിനുള്ള സംവിധാനം വികസിപ്പിച്ചെടുക്കുന്ന ഗവേഷണങ്ങളിലാണിപ്പോള്‍ കമ്പനി

‘വി ബിന്‍സ്‘ വഴി മാലിന്യ നിര്‍മാര്‍ജ്ജനം

ഡല്‍ഹി – എന്‍സിആര്‍ മേഖല ചിരപരിചിതം ആയതിനാലാണ് നോയിഡ ആസ്ഥാനമായി സംരംഭം തുടങ്ങാന്‍ ഇരുവരെയും തീരുമാനിച്ചത്.
” സിഗരറ്റ് അവശിഷ്ടങ്ങള്‍ സംഭരിക്കുന്നതിനായി വി ബിന്‍സ് തയാറാക്കി സിഗരറ്റ് കച്ചവടക്കാര്‍ ഉള്‍പ്പെടെയുള്ള ഉപഭോക്താക്കള്‍ക്കു നല്‍കി. മൂന്നു മാസത്തെ സേവനത്തിനായി ബിന്‍ വാങ്ങുന്നതിന് 99 രൂപ അവരില്‍ നിന്നും ഈടാക്കിയിരുന്നു. ഓരോ കിലോഗ്രാം സിഗരറ്റ് മാലിന്യത്തിനും 250 രൂപ വീതം ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്താണ് സേവനം ആരംഭിച്ചത്”, നമന്‍ പറയുന്നു.

തീരെ പ്രതീക്ഷിക്കാത്ത ചില വെല്ലുവിളികളാണ് തുടക്കത്തില്‍ ഇരുവര്‍ക്കും ബിസിനസില്‍ അഭിമുഖീകരിക്കേണ്ടി വന്നത്. മാലിന്യത്തിനായി നല്‍കിയ വി ബിന്നുകള്‍ മോഷ്ടിക്കപ്പെട്ടു, ചിലര്‍ അവ ഉപയോഗിച്ചതേയില്ല. എന്നാല്‍ ശ്രമം ഉപേക്ഷിക്കാതെ മേഖലയില്‍ തുടര്‍ന്നതും തങ്ങളെ വിശ്വസിച്ച ഏതാനും ഉപഭോക്താക്കള്‍ക്കു കൃത്യമായി പ്രതിഫലം നല്‍കിയും അവര്‍ സംരംഭം മുന്നോട്ടു കൊണ്ടുപോയി. പൊതു സ്ഥലങ്ങളിലെ മാലിന്യ നിര്‍മാര്‍ജ്ജനം ഏറ്റെടുക്കുക മാത്രമായിരുന്നില്ല അവര്‍. മാലിന്യം റീസൈക്കിള്‍ ചെയ്തുകൊണ്ട് മറ്റ് ഉപോല്‍പ്പന്നങ്ങളും ഈ സംരംഭം പുറത്തിറക്കി.

സിഗരറ്റ് കുറ്റികളില്‍ നിന്നും ഓര്‍ഗാനിക് കംപോസ്റ്റ്, കീചെയ്ന്‍

ഉപേക്ഷിക്കപ്പെട്ട സിഗരറ്റ് കുറ്റികളിലെ പുകയിലയും പേപ്പറും കെമിക്കല്‍ പ്രോസസിലൂടെ റീസൈക്കിള്‍ ചെയ്ത് പ്ലാന്റേഷനിലും നഴ്‌സറികളിലും ഉപയോഗിക്കാനാവുന്ന ഓര്‍ഗാനിക് കംപോസ്റ്റ് ആക്കി മാറ്റിയാണ് ഇവര്‍ വിപണിയില്‍ ശ്രദ്ധ പിടിച്ചുപറ്റിയത്. ഇതിലെ പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍ കുഷ്യനുകള്‍, പ്ലാസ്റ്റിക് മാലകള്‍, ചെറിയ കളിപ്പാട്ടങ്ങള്‍, കീചെയ്ന്‍ തുടങ്ങിയവയുടെ നിര്‍മാണത്തിനും ഉപയോഗിക്കുന്നുണ്ട്.

സംരംഭത്തിന്റെ പ്രൊമോഷനും മറ്റുമായി സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരത്തിനാണ് ഇരുവരും മുന്‍തൂക്കം നല്‍കുന്നത്. ഇന്ന് 20 സംസ്ഥാനങ്ങളില്‍ നൂറോളം ജില്ലകളിലായി 60ല്‍പരം സഹായികളുടെ നേതൃത്വത്തിലാണ് സിഗരറ്റ് മാലിന്യങ്ങള്‍ ശേഖരിക്കുന്നത്. മാസംതോറും 200 മുതല്‍ 300 കിലോഗ്രാം സിഗരറ്റ് മാലിന്യങ്ങള്‍ കമ്പനിക്കു ലഭിക്കുന്നുണ്ട്. ഇതില്‍ ഭൂരിഭാഗവും പല സ്ഥലങ്ങളില്‍ നിന്നായി റെയ്ല്‍വെ പാഴ്‌സല്‍ സര്‍വീസായാണ് എത്തിച്ചേരുന്നതെന്നും നമന്‍ പറയുന്നു. കഴിഞ്ഞ ഒന്നര വര്‍ഷക്കാലമായി 4 ടണ്‍ സിഗരറ്റ് മാലിന്യങ്ങള്‍ കോഡ് എന്‍ര്‍പ്രൈസസ് റീസൈക്കിംളിംഗിന് വിധേയമാക്കിയിട്ടുണ്ട്. സിഗരറ്റ് കുറ്റികള്‍ ശേഖരിക്കുന്നതിനായി 10,000ല്‍ പരം വി ബിന്നുകള്‍ പല സ്ഥലങ്ങളിലായി സ്ഥാപിച്ചിരിക്കുന്നു. ഇതുവഴി 5000ത്തോളം പേര്‍ക്ക് ചെറിയ തുക പ്രതിഫലം നല്‍കാനും കഴിയുന്നുണ്ട്.

ഭാവി പദ്ധതികള്‍

പ്രാരംഭ ഘട്ടത്തിലുള്ള സംരംഭത്തെ 2020 ഓടെ ലാഭത്തിലാക്കി മാറ്റാനാണ് നമനും വിശാലും ലക്ഷ്യമിടുന്നത്. സിഗരറ്റ് കുറ്റിയിലെ റിസൈക്കിള്‍ഡ് പോളിമറായ സെല്ലുലോസ് അസറ്റേറ്റിന് വ്യാപകമായ വാണിജ്യ ഗുണങ്ങളുണ്ടെന്നും നമന്‍ ചൂണ്ടിക്കാട്ടുന്നു. ഭാവിയില്‍ ഇതുവഴി അടുക്കളയിലെ ചിമ്മിനികളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന വായു ശുദ്ധീകരത്തിനുള്ള സംവിധാനം വികസിപ്പിച്ചെടുക്കുന്ന ഗവേഷണങ്ങളിലാണ് ഇപ്പോള്‍ കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

 

Comments

comments