ഡാറ്റ്‌സണ്‍ റെഡി-ഗോ 1.0 ലിറ്റര്‍ എഎംടിയുടെ പ്രീ-ബുക്കിംഗ് ആരംഭിച്ചു

ഡാറ്റ്‌സണ്‍ റെഡി-ഗോ 1.0 ലിറ്റര്‍ എഎംടിയുടെ പ്രീ-ബുക്കിംഗ് ആരംഭിച്ചു

10,000 രൂപ നല്‍കി പ്രീ-ബുക്കിംഗ് നടത്താം. ജനുവരി 23 ന് വാഹനം ഡെലിവറി ചെയ്തുതുടങ്ങും

ന്യൂഡെല്‍ഹി : റെഡി-ഗോ 1.0 ലിറ്റര്‍ ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ (എഎംടി) വേരിയന്റിന്റെ പ്രീ-ലോഞ്ച് ബുക്കിംഗ് ഡാറ്റ്‌സണ്‍ ഇന്ത്യ ആരംഭിച്ചു. രാജ്യത്തെ ഡാറ്റ്‌സണ്‍ ഡീലര്‍ഷിപ്പുകളില്‍ 10,000 രൂപ നല്‍കി ഏതൊരാള്‍ക്കും പ്രീ-ബുക്കിംഗ് നടത്താവുന്നതാണെന്ന് കമ്പനി അറിയിച്ചു. ജനുവരി 23 ന് വാഹനം ഡെലിവറി ചെയ്തുതുടങ്ങുമെന്ന് ഡാറ്റ്‌സണ്‍ ഇന്ത്യ വ്യക്തമാക്കി.

ഉപയോക്താക്കളെ മുന്നില്‍ക്കണ്ടാണ് തങ്ങളുടെ ഓരോ പ്രവൃത്തിയുമെന്ന് നിസ്സാന്‍ മോട്ടോര്‍ ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ ജെറോം സൈഗോട്ട് പറഞ്ഞു. കഴിഞ്ഞ ഇരുപത് മാസത്തിനിടെ ഡാറ്റ്‌സണ്‍ റെഡി-ഗോയുടെ നാല് വേരിയന്റുകളാണ് പുറത്തിറക്കിയത്. ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞുള്ള തീരുമാനങ്ങളായിരുന്നു അവയെല്ലാം. അഭിഗമ്യമായ വിലയോടൊപ്പം ഈ വിഭാഗത്തിലെ മികച്ച ഗ്രൗണ്ട് ക്ലിയറന്‍സ്, മൈലേജ്, ഹെഡ് റൂം സ്‌പേസ്, ഉയര്‍ന്ന സീറ്റിംഗ് പൊസിഷന്‍, ആകര്‍ഷകമായ രൂപകല്‍പ്പന എന്നിവ പുതിയ റെഡി-ഗോ 1.0 ലിറ്റര്‍ എഎംടിയുടെ സവിശേഷതകളാണെന്ന് സൈഗോട്ട് അവകാശപ്പെട്ടു.

കൂടുതല്‍ പവര്‍ നല്‍കുന്ന ഇന്റലിജന്റ് സ്പാര്‍ക് ഓട്ടോമേറ്റഡ് ടെക്‌നോളജി (ഐസാറ്റ്) 3-സിലിണ്ടര്‍ എന്‍ജിനിലാകും റെഡി-ഗോ 1.0 ലിറ്റര്‍ എഎംടി വേരിയന്റ് വരുന്നത്. ഫീച്ചറുകളുടെ കാര്യത്തില്‍ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല. നിലവിലെ മറ്റ് വേരിയന്റുകളിലേതുപോലെ എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, ഓള്‍-ബ്ലാക്ക് കാബിന്‍, സീറ്റുകളില്‍ സ്‌പോര്‍ടി റെഡ് ആക്‌സന്റുകള്‍, എസി വെന്റുകളില്‍ സില്‍വര്‍ ഫിനിഷ്, ഹോണ്‍ പാഡ് എന്നിവ റെഡി-ഗോ 1.0 ലിറ്റര്‍ എഎംടിയില്‍ ഉണ്ടായിരിക്കും. സിഡി പ്ലെയര്‍, യുഎസ്ബി (ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ കഴിയില്ല), ഓക്‌സ്-ഇന്‍ എന്നിവയുമുണ്ടാകും. ബ്ലൂടൂത്ത് സൗകര്യം കാണില്ല. ടോപ് വേരിയന്റില്‍ ഡ്രൈവര്‍ സൈഡ് എയര്‍ബാഗ് ഓപ്ഷണലായി ലഭിക്കും.

ടി(ഒ), എസ് വേരിയന്റുകളിലാണ് 1.0 ലിറ്റര്‍ എന്‍ജിന്‍ റെഡി-ഗോ ലഭിക്കുന്നത്. ഈ രണ്ട് വേരിയന്റുകളിലായിരിക്കും എഎംടി നല്‍കുന്നത്

ടി(ഒ), എസ് വേരിയന്റുകളില്‍ മാത്രമാണ് 1.0 ലിറ്റര്‍ എന്‍ജിന്‍ ഡാറ്റ്‌സണ്‍ റെഡി-ഗോ ലഭിക്കുന്നത്. ഈ രണ്ട് വേരിയന്റുകളിലായിരിക്കും എഎംടി നല്‍കുന്നത്. മാന്വല്‍ ട്രാന്‍സ്മിഷന്‍ വേരിയന്റിനേക്കാള്‍ 25,000-30,000 രൂപ കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Comments

comments

Categories: Auto