അക്കി ഇന്നും പ്രേക്ഷക മനസിലെ ഖിലാഡി

അക്കി ഇന്നും പ്രേക്ഷക മനസിലെ ഖിലാഡി

വ്യക്തിജീവിതത്തിലായാലും പ്രൊഫഷനിലായാലും സാമാന്യബോധം അക്ഷയ് കുമാറിനെ എക്കാലവും താങ്ങിനിര്‍ത്തിയിട്ടുണ്ട്

2017ല്‍ മാത്രമല്ല, ഇത് കുറച്ചു വര്‍ഷങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്നതാണ്. ഓരോ വര്‍ഷവും കാണാന്‍ കൂടുതല്‍ ആസ്വാദ്യകരമായി തോന്നുന്ന അപൂര്‍വമായ താരങ്ങളുടെയും അഭിനേതാക്കളുടെയും നിരയെ അക്ഷയ് കുമാര്‍ പ്രതിനിധീകരിക്കുന്നത് ഇതാദ്യമല്ല. മുംതാസ്, രേഖ, ശ്രീദേവി എന്നിവരാണ് ഈ കൂട്ടത്തിലുള്‍പ്പെടുന്ന മറ്റു പ്രമുഖര്‍. ബോളിവുഡിന്റെ പരിണാമത്തിന്റെ അംബാസഡര്‍ എന്നു വിശേഷിപ്പിക്കാവുന്ന അദ്ദേഹത്തെയല്ലാതെ ഇക്കൂട്ടത്തില്‍ മറ്റു പുരുഷ താരങ്ങളെയൊന്നും എനിക്ക് കാണാന്‍ സാധിക്കുന്നില്ല. പഴകുംതോറും വീര്യം കൂടുന്ന വീഞ്ഞുപോലെ (അദ്ദേഹം ഒരിക്കലും അത് രുചിച്ച് നോക്കിയിട്ടില്ല) ഓരോ വര്‍ഷം പിന്നിടുമ്പോഴും അക്ഷയ് മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നു.

അക്ഷയ്‌യെയും, ഓരോ സിനിമയ്‌ക്കൊപ്പവും മെച്ചപ്പെടാനുള്ള അദ്ദേഹത്തിന്റെ തീരാത്ത അഭിനിവേശത്തെയും കഴിഞ്ഞ 18 വര്‍ഷങ്ങളായി എനിക്കറിയാം. ഒരു അഭിനേതാവെന്ന നിലയില്‍ അദ്ദേഹം പിച്ചവച്ചു തുടങ്ങിയ സമയത്താണ് ഞാന്‍ അക്ഷയ്‌യെ ആദ്യം കാണുന്നത്. സുശീല്‍ ദര്‍ശന്റെ ജാന്‍വര്‍ എന്ന ചിത്രമായിരുന്നു അത്. ദത്തുപുത്രനു വേണ്ടി വേദനിക്കുന്ന ഒരു പിതാവിന്റെ കഥാപാത്രത്തെയാണ് ചിത്രത്തില്‍ അക്ഷയ് അവതരിപ്പിച്ചത്. ലോകത്തിന് അറിയാത്തൊരു കാര്യം, യഥാര്‍ത്ഥ ജീവിതത്തില്‍ അക്ഷയ്‌യുടെ പിതാവ് മരണത്തിന്റെ വക്കിലായിരുന്നു.

അതുകൊണ്ടുതന്നെ മെത്തേഡ് ആക്റ്റിംഗുമായുള്ള അദ്ദേഹത്തിന്റെ ക്രൂരവും പരുഷവുമായ ആദ്യ ഏറ്റുമുട്ടലായിരുന്നു ഇതെന്ന് ഞാന്‍ ഊഹിക്കുന്നു. അതിനു ശേഷം എന്റെ പ്രിയ സുഹൃത്ത് ദീപ മേത്ത (ഇപ്പോഴല്ല) ‘ വാട്ടര്‍ ‘എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമവതരിപ്പിക്കാന്‍ അദ്ദേഹത്തെ ക്ഷണിച്ചു. ഈ കഥാപാത്രം അക്ഷയ്‌യെ ഏറെ ആവേശം കൊള്ളിച്ചിരുന്നു. കഥാപാത്രത്തിനു വേണ്ടി സംസ്‌കൃതം കലര്‍ന്ന ഹിന്ദി സംസാരിക്കണമെന്നു മനസിലാക്കിയ അദ്ദേഹം അത് പരിശീലിക്കാന്‍ തുടങ്ങി. എന്നാല്‍ അവസാനം മറ്റൊരു നടനാണ് വാട്ടറിലെ ആ കഥാപാത്രത്തെ അവതരിപ്പിച്ചത്.

അക്കാലം അക്ഷയ്‌യെ സംബന്ധിച്ച് രസകരവും അരക്ഷിതവുമായിരുന്നു. ഒരു സമയത്ത് ട്വിങ്കിള്‍ ഖന്നയെ വിവാഹം ചെയ്യണോ അതോ സ്ഥിരമായി ഡേറ്റ് ചെയ്യാറുള്ള മറ്റൊരു അഭിനേത്രിയെ ജീവിതത്തോട് ചേര്‍ക്കണോ എന്നതിനെ കുറിച്ച് പോലും അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നില്ല. ആരെ വിവാഹം ചെയ്യണം എന്നതിനെ കുറിച്ച് തീരുമാനമെടുക്കേണ്ട ഒരവസരം അദ്ദേഹത്തിനു മുന്നില്‍ വന്നു. ആ സമയത്ത് തന്റെ മനസ് ഇനിയും പാകപ്പെട്ടിട്ടില്ല എന്നു പറഞ്ഞുകൊണ്ട് ഒരു എയര്‍പോര്‍ട്ടില്‍ നിന്ന് അദ്ദേഹം എന്നെ വിളിച്ചു. കുറച്ചു ചിന്തിച്ചതിനു ശേഷം അക്ഷയ് ഒരു തീരുമാനത്തിലെത്തി. അത് മികച്ച തെരഞ്ഞെടുക്കല്‍ തന്നെയായിരുന്നു.

വ്യക്തിജീവിതത്തിലായാലും പ്രൊഫഷനിലായാലും സാമാന്യബോധം അക്ഷയ്‌യെ എക്കാലവും താങ്ങിനിര്‍ത്തിയിട്ടുണ്ട്. ട്വിങ്കിളുമായുള്ള വിവാഹ ജീവിതം നല്ല രീതിയില്‍ മുന്നോട്ടുപോയി. അവര്‍ എല്ലാം തികഞ്ഞ ദമ്പതികള്‍ ആയതുകൊണ്ടായിരുന്നില്ല അത്. കുറ്റങ്ങളും കുറവുകളും പരസ്പരം അറിയാവുന്നതുകൊണ്ടാണ് ആ ദാമ്പത്യം വിജയിച്ചത്.

കരിയറിന്റെ അടിസ്ഥാനത്തിലും അദ്ദേഹത്തെ മികച്ച സ്ഥാനത്ത് പ്രതിഷ്ഠിക്കാനാവില്ല. അക്ഷയ് കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്ന ശൈലി സാഹസികവും ധീരവുമല്ല. അദ്ദേഹത്തിന്റെ സൂപ്പര്‍ താര പരിവേഷത്തെ ഇത് തകരാറിലാക്കിയേക്കാം. ഇമേജിനെ വെല്ലുവിളിക്കുന്ന റോളുകള്‍ ചെയ്യുക എന്ന ഷാരൂഖ് ഖാന്റെ തീരുമാനം വലിയ വിജയം കണ്ടിരുന്നില്ല. എന്നാല്‍ വേഷങ്ങളുടെ കാര്യത്തില്‍ അക്ഷയ് കുമാര്‍ പ്രേക്ഷക പ്രതീക്ഷയില്‍ നിന്ന് മാറി സഞ്ചരിച്ചപ്പോഴൊക്കെ വലിയ പരിക്കേല്‍ക്കാതെ രക്ഷപെട്ടെന്നു പറയാം.

തന്റെ സമകാലികരെക്കാള്‍ കൂടുതല്‍ ബുദ്ധിശാലിയും വിവേകിയുമാണ് അക്ഷയ്. തെറ്റുകള്‍ വരുത്താന്‍ അദ്ദേഹം ഭയപ്പെട്ടില്ല. 2015ലെയും 2016ലെയും ബേബി, റുസ്തം, എയര്‍ലിഫ്റ്റ് പോലുള്ള സിനിമകള്‍ അവയുടെ സൃഷ്ടിപരമായ കണക്കുകൂട്ടലുകളില്‍ തെറ്റായി ഭവിച്ചേക്കാമായിരുന്നു. എന്നാല്‍ അക്ഷയ് അത് അതിജീവിച്ചു. സ്വന്തം താല്‍പര്യങ്ങള്‍ മാറ്റിവച്ചുകൊണ്ട് പ്രതിസന്ധികളില്‍ എങ്ങനെ മുന്നോട്ടുപോകാം എന്ന് കാണിക്കുന്ന ഒരു സംരംഭകനെയാണ് എയര്‍ലിഫ്റ്റ് എന്ന ചിത്രത്തില്‍ അദ്ദേഹം അവതരിപ്പിച്ചത്. ആ ചിത്രത്തിലെ പ്രകടനത്തിന് അദ്ദേഹത്തിന് ദേശീയ അവാര്‍ഡ് ലഭിക്കാമായിരുന്നു. എന്നാല്‍ പ്രിയദര്‍ശന്റെ നേതൃത്വത്തിലെ ജൂറി റുസ്തം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാര്‍ഡ് നല്‍കിയത്. അര്‍ഥ് പുറത്തിറങ്ങിയ വര്‍ഷത്തില്‍ അമര്‍ അക്ബര്‍ ആന്റണിയിലെ അഭിനയത്തിന് ഷബാന അസ്മിക്ക് അവാര്‍ഡ് ലഭിക്കുന്നതിനെ കുറിച്ച് ചിന്തിച്ചു നോക്കൂ.

ജോളി എല്‍എല്‍ബി 2, ടോയ്‌ലറ്റ് ഏക് പ്രേംകഥ എന്നീ സിനിമകളില്‍ സാമൂഹ്യപ്രാധാന്യമുള്ള രണ്ടു കഥാപാത്രങ്ങളാണ് പോയ വര്‍ഷം അക്ഷയ് അവതരിപ്പിച്ചത്. പോരാട്ടം നടത്തുന്ന ഒരു അഭിഭാഷകന്റെ വേഷമായിരുന്നു ജോളി എല്‍എല്‍ബി 2ല്‍ അദ്ദേഹത്തിന്. നാട്ടില്‍ ശൗചാലയങ്ങള്‍ ഉണ്ടാക്കാന്‍ പരിശ്രമിക്കുന്ന സാധാരണക്കാരനായ ഒരു മനുഷ്യനെയാണ് ടോയ്‌ലറ്റ് ഏക് പ്രേംകഥയില്‍ അക്ഷയ് അവതരിപ്പിച്ചത്. ബോളിവുഡില്‍ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത ആശയങ്ങളുടെ തമ്പുരാന്‍ എന്ന അക്ഷയ് കുമാറിനെ കുറിച്ചുള്ള വിശേഷണം ഇതോടെ ഉറപ്പിക്കപ്പെട്ടു.

(മുതിര്‍ന്ന സിനിമാ മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

കടപ്പാട്: ഐഎഎന്‍എസ്

 

Comments

comments

Categories: Branding, FK News, Life, Movies