ആധാര്‍, സര്‍ക്കാര്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണം

ആധാര്‍, സര്‍ക്കാര്‍ കൂടുതല്‍  ഉത്തരവാദിത്തം കാണിക്കണം

ആധാര്‍ സുരക്ഷയെ സംബന്ധിച്ച കാര്യങ്ങളെ സര്‍ക്കാര്‍ വികാരപരമായി കാണാതെ വിചാരപരമായി സമീപിക്കണം

ആധാര്‍ ഒരു നല്ല ആശയമാണ് എന്ന കാര്യത്തില്‍ തര്‍ക്കത്തിന് ഇടയില്ല. ലോകത്തെ ഏറ്റവും അത്യാധുനികമായ തിരിച്ചറിയല്‍ സംവിധാനമെന്നാണ് ലോക ബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് ആധാറിനെ വിശേഷിപ്പിച്ചത്. ബയോമെട്രിക് ഐഡി സംവിധാനമായ ആധാറിനെ നിരവധി സര്‍ക്കാര്‍ പദ്ധതികളുമായി ബന്ധിപ്പിച്ചതിലൂടെ സുതാര്യത ഉറപ്പുവരുത്താനും ജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാക്കാനും സാധിച്ചിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയുമായും പബ്ലിക് സബ്‌സിഡി സ്‌കീമുമായും ഇതിനെ ബന്ധപ്പെടുത്തിയത് വലിയ മാറ്റങ്ങളാണുണ്ടാക്കിയത്. എന്നാല്‍ ആധാര്‍ നടപ്പാക്കിയതില്‍, നടപ്പാക്കിക്കൊണ്ടിരിക്കുന്നതില്‍ വരുന്ന പാളിച്ചകള്‍ അവഗണിച്ച് രാജ്യത്തിന് മുന്നോട്ടുപോകാനും സാധിക്കില്ല.

ദിനം പ്രതി ആധാറുമായി ബന്ധപ്പെട്ട സുരക്ഷയുടെ കാര്യത്തില്‍ ആശങ്കപ്പെടുത്തുന്ന കാര്യങ്ങളാണ് പുറത്തുവരുന്നത്. ആധാറുമായി ബന്ധപ്പെട്ട സുരക്ഷാ പാളിച്ചകള്‍ പുറത്തുകൊണ്ടുവന്ന ഒരു റിപ്പോര്‍ട്ടര്‍ക്കെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്യുമെന്ന റിപ്പോര്‍ട്ടുകളെല്ലാം ഇന്ത്യ പോലൊരു രാജ്യത്തിന് ചേര്‍ന്നതല്ല.

ആധാര്‍ വിവരങ്ങള്‍ വില കൊടുത്ത് വാങ്ങാന്‍ സാധിക്കുമെന്ന വാര്‍ത്ത പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകയ്ക്ക് പിന്തുണയുമായി മുന്‍ സിഐഎ ഉദ്യോഗസ്ഥന്‍ എഡ്വേഡ് സ്‌നോഡന്‍ കഴിഞ്ഞ ദിവസമെത്തിയത് ശ്രദ്ധേയമാവുകയും ചെയ്തു. റിപ്പോര്‍ട്ടര്‍ക്കെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്യുകയല്ല, മറിച്ച് ആധാര്‍ കൂടുതല്‍ സുരക്ഷിതമാക്കുകയാണ് വേണ്ടതെന്നാണ് അമേരിക്കയിലെ ഏറ്റവും പ്രശസ്ത വിസില്‍ബ്ലോവര്‍ ആയി മാറിയ സ്‌നോഡന്‍ പറഞ്ഞത്.

സ്‌നോഡന്റെ ഈ വാക്കുകള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ചെവികൊടുക്കേണ്ടത്. ആധാര്‍ പോലെ വലിയ ഗുണമുള്ള പദ്ധതി നടപ്പാക്കലിലെ പാളിച്ചകള്‍ കൊണ്ട് ഇല്ലാതായി പോകരുത്. അതിനെ ക്രിയാത്മകമായി വിമര്‍ശിക്കുന്നവര്‍ക്കെതിരെ ഇത്തരത്തില്‍ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യരുത്. ആധാറിലെ സുരക്ഷാ പാളിച്ചകള്‍ ചൂണ്ടിക്കാണിക്കുന്നവര്‍ക്ക് സ്‌നോഡന്‍ അഭിപ്രായപ്പെട്ട പോലെ അവാര്‍ഡ് വല്ലതും കൊടുക്കണം. അല്ലാതെ അവരെ അടിച്ചമര്‍ത്തുന്ന തരത്തിലുള്ള നിലപാടുകള്‍ സ്വീകരിക്കുകയല്ല വേണ്ടത്.

Comments

comments

Categories: Editorial, FK News, Politics

Related Articles